UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

വാഴണം, മാണിസാര്‍…രാജി വയ്ക്കരുത്!

വ്യത്യസ്തനാം ബാലനെ സത്യത്തില്‍ ആരും തിരിച്ചറിയാത്തതിനെക്കുറിച്ച് കവിയും ഗാനരചയിതാവും യു.ഡി.എഫ് സര്‍ക്കാര്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഭാരവാഹിയായി നിയോഗിക്കുകയും ചെയ്ത അനില്‍ പനച്ചൂരാന്‍ ‘കഥ പറയുമ്പോള്‍ ‘ എന്ന സിനിമക്കുവേണ്ടി എഴുതിയപ്പോള്‍ അത് ഏതെങ്കിലും വിധത്തില്‍  മാണി സാര്‍ എന്ന നമ്മുടെ ബഹുമാനപ്പെട്ട കെ.എം.മാണിക്ക് പ്രയോജനപ്പെടും എന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

കെ.എം.മാണി എന്ന റെക്കോര്‍ഡുകളുടെ കൂട്ടുകാരന്‍ ഇപ്പോള്‍ എന്തെല്ലാം ആവേണ്ടതായിരുന്നു? കേന്ദ്രമന്ത്രി സ്ഥാനം കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടപ്പെട്ടതെങ്കില്‍ മുഖ്യമന്ത്രി കിരീടം ശിരസ്സില്‍ അണിയിച്ചു തുടങ്ങിയപ്പോഴാണ് വീണുപോയത്. അങ്ങനെയുള്ള മാണി സാറാണ് പറയുന്നത് -ബാര്‍ കോഴ കേസ് അന്വേഷിക്കുന്നതിന് താനൊരിക്കലും തടസ്സം നിന്നിട്ടില്ലെന്ന്. വിന്‍സെന്‍ എം പോള്‍ എന്ന ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് ഡയറക്ടര്‍ പണ്ട് അങ്ങേഅറ്റം സത്യസന്ധനായിരുന്നു. പുള്ളിക്കാരനാണ് ബാര്‍ കേസില്‍ മാണി സാറിനെപ്പോലുള്ള ‘വ്യത്യസ്തനാം’ സാറമ്മാര്‍ക്കെതിരെ കേസും പുക്കാറുമൊന്നും വേണ്ട എന്ന് ഉത്തരവിട്ടത്. അതു കേട്ടപ്പാടെ എസ്.പി ആര്‍ സുകേശന്‍ കേസുപെട്ടി മടക്കിക്കൂട്ടാന്‍ വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അത് അവിടംകൊണ്ട് തീരേണ്ടതായിരുന്നു. അപ്പോഴതാ വരുന്നു, കോടതി എന്നു പറഞ്ഞാല്‍ ‘മൂലധന’ത്തിലോ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിലോ പറഞ്ഞിട്ടുള്ളതുപോലെ ഏതോ വലിയ കാര്യമാണെന്ന മട്ടില്‍ നമ്മുടെ തൊണ്ണൂറ്റി രണ്ടുകാരനായ ചെറുപ്പക്കാരന്‍. അതെ, സാക്ഷാല്‍ വി.എസ്! കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തായിരുന്നു വി.എസ് കൊടുത്ത കേസിന്റെ ശക്തി യു.ഡി.എഫ് ‘ശരിക്കും’ അറിഞ്ഞത്. യു.ഡി.എഫ് സ്ഥാപകനേതാക്കളിലൊരാളായ ആര്‍.ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചതോടെ അതുവരെ നാല്പത് സീറ്റ് കിട്ടിയാല്‍ ഭാഗ്യം എന്നു കരുതിയിരുന്ന എല്‍.ഡി.എഫ് പിന്നെ പിടിച്ചാല്‍ പിടികിട്ടാത്തവിധം കേറിപ്പോയതും താഴെ കൊണ്ടുവരാന്‍ സ്വന്തം മുന്നണിക്കാര്‍ പെടാപ്പാട് പെട്ടതും ചരിത്രം. അതേ ബാലകൃഷ്ണപിള്ള ഇപ്പോള്‍ എല്‍.ഡി.എഫിന്റെ ‘സൗഭാഗ്യ’മായി തുടരുന്നു!

ഈ തിരഞ്ഞെടുപ്പിനുമുമ്പ് മാണി സാറിനെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത് വി.എസ് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികള്‍ പരിഗണിച്ചാണ്. തദ്ദേശ തിരഞ്ഞെടുപ്പുഫലം എന്താവുമോ എന്തോ!

കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസിലുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ വിധിച്ചത്. അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്‍ എം പോളാണ്. പോള്‍ സാര്‍ പറഞ്ഞതൊക്കെ കോടതി തള്ളി. പകരം നമ്മുടെ എസ്.പി സുകേശന്‍ സാറ് അന്വേഷിച്ചോളാനും പറഞ്ഞു.

ഇത്രയും കേട്ടപ്പോള്‍ വിന്‍സെന്‍ എം പോള്‍ സാര്‍ ദുര്‍ബ്ബലനായതിനാല്‍ തകര്‍ന്നുപോയി. അവിടെയാണ് വ്യത്യസ്തനായ മാണി സാറിനെ കണ്ടുപഠിക്കേണ്ടത്. സാറ് പറഞ്ഞല്ലോ, ഈ കേസ് അന്വേഷിക്കുന്നതിന് ഒരു വിധത്തിലും തടസ്സം നിന്നിട്ടില്ല എന്ന്. പിന്നെ, നമ്മുടെ സംശയം ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ ആയിരിക്കും ഇതിന്റെ പിന്നിലെന്നായിരുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ – കേസ് അന്വേഷിക്കേണ്ടെന്ന നിലപാടിന് പിന്നില്‍ വിജിലന്‍സ് ഡയറക്ടര്‍ മാത്രമായിരുന്നു. എത്ര തങ്കപ്പെട്ട നേതാക്കളെ സംശയിച്ചു. ശാന്തം, പാവം!

ഐസ് ക്രീം പാര്‍ലര്‍ കേസിന്റെ തുടരന്വേഷണവും റിപ്പോര്‍ട്ടും വിന്‍സെന്‍ എം പോള്‍ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്റെ അതുവരെയുള്ള ട്രാക്ക് റെക്കോര്‍ഡിന് ചേരുന്നതല്ലെന്ന് അടക്കം പറഞ്ഞവര്‍ കുറച്ചൊന്നുമായിരുന്നില്ല. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ നിലപാട് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തെ അറിയാവുന്നവര്‍ സഹതപിച്ചു. അത്തരക്കാരുടെ പ്രതീക്ഷപോലെ അദ്ദേഹം സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് അവധിയില്‍ പ്രവേശിച്ചിരിക്കുന്നു.

ബാര്‍ കോഴക്കേസില്‍ എ.ഡി.ജി.പി ജേക്കബ് തോമസ് എന്നൊരു ഉദ്യോഗസ്ഥനും മേല്‍നോട്ട ചുമതലയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിലപാട് സത്യസന്ധമായിരുന്നു എന്നായിരുന്നു ‘ആക്ഷേപം!’. അതുകൊണ്ട് വിജിലന്‍സില്‍നിന്ന് മാറ്റി. ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് ജനറലാക്കി.സുരക്ഷിതമല്ലാത്ത ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു കൂട്ടി താമസക്കാര്‍ക്ക് നരക ജീവിതം നല്‍കുന്ന ബില്‍ഡര്‍മാര്‍ വിഹരിക്കുകയായിരുന്നല്ലോ ഇവിടെ. ഇതിന്റെ ലാഭ വിഹിതം ഭരണനേതാക്കള്‍ക്ക് ലഭിക്കുന്നതിനാല്‍ ഈ കൊള്ളക്കളിക്ക് അവര്‍ കൂട്ടുനിന്നു. അതിനെതിരെ കര്‍ശന നിലപാടെടുത്തതോടെ ജേക്കബ്‌തോമസ് അവിടെനിന്നും പുറത്തായി! പിന്നീട് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയാക്കി. അദ്ദേഹത്തിന്റെ ജൂനിയര്‍ക്ക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം നല്‍കി. ഇദ്ദേഹം സീനിയര്‍ ആയതിനാല്‍ രണ്ടുംകൂടി നല്‍കേണ്ടെന്ന് ‘ഓപ്പറേഷന്‍ കുബേര’ക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രിയദ്ദേഹം ഉത്തരവിറക്കി. പിന്നീട് മന്ത്രി മൊഴിഞ്ഞത് തെറ്റിപ്പോയെന്നാണ്. കൊച്ചുകുട്ടികള്‍ കളിക്കുമ്പോള്‍ പറയുന്നതുപോലെ ഇനി ‘അഴിച്ചാം കുഴിച്ചാം ഒന്നേന്ന് പുതിയ ഉത്തരവിറക്കുമായിരിക്കും. കോഴിക്കോര്‍പ്പറേഷന്റെയോ തേങ്ങാകോര്‍പ്പറേഷന്റെയോ എം.ഡി ആയി പോയിരിക്കാന്‍ വയ്യാത്തതിനാലാവുമോ വിന്‍സെന്‍ എം പോള്‍ മാണിസാറിനെതിരെ അന്വേഷണം വേണ്ടെന്ന് എഴുതിക്കൊടുത്തത്? സിബി മാത്യൂസിനുശേഷം വിവരാവകാശ കമ്മിഷനിലെ ചീഫ് കമ്മിഷണര്‍ സ്ഥാനം അദ്ദേഹത്തിനാണെന്നും കേട്ടിരുന്നു. അദ്ദേഹം ആ സ്ഥാനത്തെത്തിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായ കുറേ കാര്യങ്ങള്‍ ചെയ്യുമായിരുന്നു എന്നതുറപ്പാണ്. അത് അദ്ദേഹത്തിന്റെ ഭൂതകാലം വിളിച്ചുപറയുന്നുണ്ട്.

മാണിസാറിനെ ഇപ്പോള്‍ ഭയപ്പെടുത്തുന്നതും അതാവണം. ഇനി വിന്‍സെന്‍ എം പോള്‍ രാജിവച്ചാല്‍? മനസ്സാക്ഷി എന്നത് വെറുതെയല്ല എന്ന് കോടതിവിധി വന്നതിനെ തുടര്‍ന്ന് ഉടന്‍ വിന്‍സെന്‍ എം പോള്‍ സ്ഥാനത്യാഗത്തിനുള്ള കത്ത് നല്‍കിയതില്‍നിന്ന് വ്യക്തമാവുന്നു. അതായത്, കോടതിവിധി ഇങ്ങനെയായിരിക്കും എന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. ഇല്ലെങ്കില്‍ ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിയാനുള്ള കത്ത് നല്‍കി അദ്ദേഹം അവധിയില്‍ പ്രവേശിക്കില്ലല്ലോ.

അതൊന്നും കണ്ട് മാണി സാര്‍ വിരളരുത്. കേസിന്റെ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുമ്പോള്‍ മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ഉണ്ടാവും. അതുകേട്ട് വിരണ്ടുപോവുന്ന ആളല്ല എന്നറിയാം. ഇതിനേക്കാള്‍ വലിയ പെരുന്നാളിന് പള്ളീല്‍ പോയിട്ടില്ല, പിന്നാണിതിന്! ബഡ്ജറ്റ് വിലപേശി തൂക്കിവിറ്റു എന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യത്തില്‍പോലും ഈ കേളന്‍ കുലുങ്ങിയിട്ടില്ല. ബാര്‍ കോഴക്കേസ് ഒരു തവണ അന്വേഷിക്കാന്‍ പുറപ്പെട്ടപ്പോഴാണ്  ഉദ്യോഗസ്ഥര്‍ക്ക് ഈ അവസ്ഥ. അതോര്‍മ്മിപ്പിക്കാനാവണം 101 തവണ അന്വേഷിച്ചോട്ടെ എന്ന് ധനമന്ത്രി വച്ചുകാച്ചിയത്. അന്വേഷണത്തിനെ അദ്ദേഹം സ്വാഗതം ചെയ്തിട്ടുമുണ്ട്. കോടതി ഉത്തരവിട്ടാലും മന്ത്രി സ്വാഗതം ചെയ്തില്ലെങ്കില്‍ അന്വേഷണം നടക്കില്ല! ഇത് വെറും മന്ത്രിയല്ല, നിയമമന്ത്രി കൂടിയാണ്! അതെ, വ്യത്യസ്തനായൊരു മന്ത്രിയാം മാണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! പാമോയില്‍ കേസില്‍ സുപ്രീംകോടതി മുഖ്യമന്ത്രിക്കിട്ട് താങ്ങുതാങ്ങിയത് ഈയിടെയാണ്. അതില്‍ ആദ്യത്തെ താങ്ങ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കിട്ടിയത് ഇതേ കോടതിയില്‍നിന്നാണ്. അന്ന് ജഡ്ജി മാറ്റമായിരുന്നു എന്നുമാത്രം. എന്നിട്ട് മുഖ്യമന്ത്രി രാജിവച്ചോ? അതുകൊണ്ട് ധനമന്ത്രിയായി കെ.എം.മാണി സാര്‍ വാണുകൊണ്ടേയിരിക്കണം; കോടതികളില്‍ വീണുകൊണ്ടേയിരുന്നാലും!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍