UPDATES

ബാര്‍ കോഴ; തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ലോകായുക്ത

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ വിവാദത്തില്‍ തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന് ലോകായുക്ത നിര്‍ദ്ദേശം നല്‍കി. അന്വേഷണ പുരോഗതി സംബന്ധിച്ച് ജൂണ്‍ 22ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം അന്വേഷണം നടത്താനെന്നും ലോകായുക്ത വ്യക്തമാക്കി. 

ബാറുടമ ബിജു രമേശിന്റെ പുറത്ത് വന്ന രഹസ്യ മൊഴിയില്‍ മന്ത്രിമാരായ കെഎം മാണി, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവരുടെ പേരുകളാണുള്ളത്. 

ബാര്‍ കോഴ കേസില്‍ ബിജു രമേശ് നല്‍കിയ രഹസ്യ മൊഴി പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നിയമോപദോശം തേടാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. ബാബുവിന് എതിരെ പുതിയ അന്വേഷണം നടത്തണമോ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ കൂട്ടത്തില്‍ നടത്തണമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുക.

എന്നാല്‍ തനിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം രാജി വയ്ക്കാന്‍ സന്നദ്ധനാണെന്ന് മന്ത്രി കെ ബാബു പാര്‍ട്ടി നേതാക്കളെ അറിയിച്ചതായി അറിയുന്നു. തനിക്കൊന്നും ഒളിക്കാനില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം പാര്‍ട്ടിയുടെ ഉന്നത് നേതാക്കളെ അറിയിച്ചതായാണ് വിവരം. ബാബു രാജി വെയ്ക്കുന്നപക്ഷം മാണിയുടെ രാജിക്കും സമ്മര്‍ദമേറുമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെ വന്നാല്‍ അത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് കാരണമാകും. 

എന്നാല്‍ മന്ത്രിമാര്‍ക്കെതിരെ തെളിവുകള്‍ പുറത്തുവന്നാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു. ബിജു രമേശിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് മന്ത്രി കെ ബാബുവും അറിയിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍