UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണക്കാര്‍ കുടിച്ചു മരിക്കട്ടെ; പാവങ്ങളെ സര്‍ക്കാര്‍ രക്ഷിച്ചു

Avatar

കൃഷ്ണകുമാര്‍ കെ.കെ.

സംസ്ഥാനത്ത് ഇന്ന് മുതലിനി ഫൈവ്സ്റ്റാറുകളല്ലാത്ത ബാറുകളൊന്നും തുറക്കുകില്ല. മധുരമനോജ്ഞമായ ഒരു ക്ഷേമരാഷ്ട്രത്തില്‍ ശീതീകരണ സൗകര്യങ്ങളിലിരിക്കാന്‍ യോഗ്യതയുള്ളവന്‍ മാത്രം ഇനി മദ്യപിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരും കോടതിയും വ്യക്തമാക്കുന്നത്. ഇന്നലെയാണ് സര്‍ക്കാരിന്റെ മദ്യനയത്തിന് അംഗീകാരം നല്‍കിക്കൊണ്ട് കോടതി വിധി പ്രഖ്യാപിച്ചത്. നിരവധി ചോദ്യങ്ങള്‍ ബാക്കിവച്ചുകൊണ്ടാണ് ഹൈക്കോടതി സര്‍ക്കാരിനനുകൂലമായ വിധി പ്രസ്താവിച്ചത്. കോടതി വിധി ഒരുഭാഗത്ത് സര്‍ക്കാരിന് ആശ്വാസമാകുമ്പോള്‍ മറുഭാഗത്ത് ക്രിയാത്മകമായ പല വിമര്‍ശനങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

മദ്യനയം ക്രിയാത്മകമായും, നിഷ്പക്ഷമായും, നീതിയുക്തമായും നടപ്പിലാക്കണമെന്ന കെപിസിസി അദ്ധ്യക്ഷന്‍ വി. എം സുധീരന്റെ ആഗ്രഹം മാനിക്കപ്പെടുമോ? എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. ‘ചരിത്രപരമായ വിധി’ എന്നാണ് ഈ ഹൈക്കോടതി വിധിയെ സുധീരന്‍ വിശേഷിപ്പിച്ചത്. എന്താണ് ചരിത്രപരമാകാന്‍ പോകുന്നതെന്ന് കാലം തെളിയിക്കും.

ഭരണഘടനാപരമായ കര്‍ത്തവ്യമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും, ഭരണഘടനയുടെ 47-ാം അനുച്ഛേദപ്രകാരമുള്ള നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സുധീരന്‍ പ്രസ്താവിച്ചു കണ്ടു. (47-ാം അനുച്ഛേദം: ആരോഗ്യത്തിന് ഹാനികരമായ ലഹരി പാനീയങ്ങളും മയക്കുമരുന്നുകളും ചികിത്സക്കല്ലാതെ ഉപയോഗിക്കുന്നത് തടയുവാനുമുള്ള ബാധ്യത രാഷ്ട്രത്തിന് ഉണ്ടായിരിക്കും.)

47-ാം അനുച്ഛേദം ഉള്‍പ്പെടുന്ന ഭരണഘടനയുടെ ഭാഗം നാലിലെ നിര്‍ദ്ദേശക തത്വങ്ങളിലെ 36 മുതല്‍ 51 വരെയുള്ള എല്ലാ അനുച്ഛേദങ്ങളും ചില പ്രത്യേക കാര്യങ്ങള്‍ നിറവേറ്റുവാന്‍ രാഷ്ട്രത്തെ ചുമതലപ്പെടുത്തുന്നു. എന്നാല്‍ മൗലികാവകാശങ്ങളെപ്പോലെ നീതിയുക്തമല്ലാത്തതിനാല്‍ നിര്‍ദ്ദേശക തത്വങ്ങള്‍ പാലിക്കപ്പെടണമെന്ന നിര്‍ബന്ധവും നിലവിലില്ല.

ഉദാഹരണത്തിന് നിര്‍ദ്ദേശക തത്വങ്ങളിലെ 48-ാം വകുപ്പ്. ഈ വകുപ്പ് പ്രകാരം മൃഗസമ്പത്ത് സംരക്ഷിക്കുകയും കന്നുകാലികളെ കൊല്ലുന്നത് തടയുകയും വേണം. ഇത് നീതിയുക്തമാണെന്നും സംസ്ഥാനത്ത് നടപ്പിലാക്കും എന്ന് പറയുവാനുള്ള ആര്‍ജ്ജവം സുധീരനോ, സുധീരന്റെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോ ഉണ്ടോ?

ഈ കോടതി ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ ഒരുവിഭാഗം പൗരന്മാരുടെ മാന്യമായ തൊഴിലവകാശം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ നിര്‍ദ്ദേശക തത്വങ്ങളിലെ 41-ാം വകുപ്പ് വ്യക്തികള്‍ക്ക് ജീവിക്കുന്നതിനുള്ള വേതനവും, തൊഴില്‍ അവസരങ്ങളും, സാഹചര്യങ്ങളും നല്‍കാന്‍ രാഷ്ട്രത്തോട് ഭരണഘടന നിര്‍ദ്ദേശിക്കുന്നു എന്ന വസ്തുത വിസ്മരിച്ചുകൂട. അന്യായമായ ഈ മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബാര്‍ തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും ഉപജീവനവും നിലനില്‍പും സര്‍ക്കാര്‍ ഏറ്റെടുക്കുമോ?

ഇനി നിര്‍ദ്ദേശക തത്വങ്ങളിലെ 39-ാം അനുച്ഛേദം നോക്കാം. നിയമവ്യവസ്ഥ തുല്യമായ അവസരങ്ങളൊരുക്കി കൊണ്ട് നീതിന്യായം വളര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നാണ് ആവശ്യപ്പെടുന്നത്. തീര്‍ത്തും അപക്വമായ ഈ മദ്യനയം മദ്യനിരോധനമാണോ അതോ ബാര്‍ നിരോധനമാണോ? ഏത് തരം നീതിയാണ് ഈ നയം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നുകൂടി അറിയേണ്ട ചുമതല ഇവിടുത്തെ പൗരന്മാര്‍ക്കുണ്ട്. കാശുള്ളവന്‍ മാത്രം കള്ള് കുടിക്കുകയും കാശില്ലാത്തവന്‍ കുടിക്കണ്ട എന്നതാണോ സര്‍ക്കാരിന്റെ തുല്യ നീതി?

പൂട്ടുന്ന ബാറുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുവദിക്കുമെന്ന എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ പ്രസ്താവനയും അതിന്റെ ന്യായീകരണവും ആരേയും അത്ഭുതപ്പെടുത്തും. ബാര്‍ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ന്യായമായ മറുപടി ഇതാണോ? ബിയറും വൈനും കുടിക്കാന്‍ വേണ്ടിയാണോ വിദേശികളായ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നത്? എങ്കില്‍ കേരള ടൂറിസത്തിന്റെ ലോഗോയും, ക്യാപ്ഷനും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

ഏതായാലും യുക്തിയും യാഥാര്‍ത്ഥ്യബോധവുമില്ലാത്ത ഒരു നയം കൊണ്ടുവന്ന് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സുധീരചാണ്ട്യാധിബാബുമാര്‍ ഒന്നോര്‍ക്കണം. പൊതുജനം  എല്ലായ്പ്പോഴും കഴുതകളല്ല എന്ന്…

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍