UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ പാമ്പുകള്‍; വ്യാജനും ഇന്ത്യന്‍ മെയ്ഡ് ഫോറിനും

Avatar

ശരത് കുമാര്‍

കോട്ടയം ജില്ലയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വന്‍ മദ്യദുരന്തമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ചങ്ങനാശ്ശേരി മേഖലയിലെ കള്ള് ഷാപ്പുകളില്‍ വ്യാപകമായി സ്പിറിറ്റ് ഒഴുകുന്നുണ്ടെന്നും ഇത് വന്‍ മദ്യദുരന്തത്തിന് വഴി വച്ചേക്കാമെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടാണ് ചര്‍ച്ചയ്ക്ക് ആധാരം. 

മദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരളത്തില്‍ സജീവ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടാവുന്നു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത് നിലവാരമില്ലാത്ത അഞ്ഞൂറോളം വരുന്ന ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ട എന്ന സര്‍ക്കാരിന്റെ നിലപാടാണ്. ലോക്‌ സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വിവാദമായി മാറിയ വിഷയത്തില്‍, സര്‍ക്കാരിന് ഇപ്പോഴും വ്യക്തമായ നിലപാട് പ്രഖ്യാപിക്കാനോ നടപടിയെടുക്കാനോ സാധിച്ചിട്ടില്ല. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിലെ മദ്യ ലോബിയെ അനുകൂലിക്കുന്നവരും മദ്യ വിരുദ്ധരും തമ്മിലുള്ള തര്‍ക്കം മൂലമാണ് തീരുമാനം നീളുന്നത് എന്നാണ് കാരണമായി പറഞ്ഞു കേള്‍ക്കുന്നത്. 

വൃത്തിയില്ലായ്മയാണ് ബാറുകള്‍ പൂട്ടുന്നതിനുള്ള പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ നിലവാരം ഇല്ലായ്മ. എന്താണ് ഈ നിലവാരത്തിന്റെ മാനദണ്ഡം? ത്രീ സ്റ്റാര്‍ നിലവാരമാണ് ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനം. അതില്‍ താഴെ ഉള്ളതൊന്നും നടത്താന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല. 

നല്ലത് തന്നെ. മനുഷ്യന്‍ നിലവാരമുള്ള ബാറുകളില്‍ നിന്ന് മാത്രമേ മദ്യപിക്കാന്‍ പാടുള്ളു. പക്ഷെ അത്ര നിലവാരം ഇല്ലാത്തവരും അത്രയും സാമ്പത്തികം ഇല്ലാത്തവരും മദ്യപിക്കേണ്ട എന്നാണോ ഇതിന്റെ വിവക്ഷ എന്ന ചോദ്യം ബാക്കിയാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു ചോദ്യമുണ്ട്. കുടിക്കുന്ന ചുറ്റുപാട് മാത്രം വൃത്തിയായാല്‍ മതിയോ? കുടിക്കുന്ന സാധനത്തിനും വേണ്ടേ സാര്‍ ഒരു വൃത്തി? പക്ഷെ ഇവിടുത്തെ ബാറുകളില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ റീട്ടെയില്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്ന മദ്യത്തിന്റെ നിലവാരം അളക്കാന്‍ എന്ത് സംവിധാനമാണ് സര്‍ നിങ്ങളുടെ പക്കല്‍ ഉള്ളത്? അവര്‍ക്ക് ഇഷ്ടമുള്ള മദ്യം അവര്‍ വില്‍ക്കുന്നു. 250 ശതമാനത്തിനപ്പുറം നികുതി നല്‍കി സാധാരണക്കാരന്‍ അതു വാങ്ങി കുടിക്കാന്‍ നിര്‍ബന്ധിതനാകുന്നു. പിന്നെ എന്തു വൃത്തിയും നക്ഷത്ര ചിഹ്നവും ഉണ്ടായിട്ട് എന്ത് കാര്യം സാര്‍? 

നേരത്തെ കള്ള്, ചാരായ ഷാപ്പുകള്‍ക്ക് കൃത്യമായ ക്വാട്ട നിശ്ചിയിച്ചിരുന്നു. അതിനപ്പുറം വിറ്റാല്‍ അബ്കാരി കുറ്റമായി കണക്കാക്കിയിരുന്നു. ഇന്ന് ബാറുടമയ്ക്ക് എവിടെ നിന്നും എന്ത് സാധനവും എത്ര വേണമെങ്കിലും വാങ്ങാം. സര്‍ക്കാരിന് നികുതി കൊടുക്കണം എന്ന് മാത്രം. മദ്യ നികുതി വേണ്ടെന്ന് വയ്ക്കും എന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രിക്ക് കേരളത്തില്‍ എത്തുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ?

ആരാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത് എന്ന് ചോദ്യമാണ് പ്രധാനം. ഇന്നത്തെ പോലെ കേരളത്തെ മുഴുക്കുടിയന്മാരുടെ സംസ്ഥാനമാക്കി മാറ്റിയതിന്റെ പ്രധാന ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? 1995 ഏപ്രില്‍ ഒന്നിന് മുമ്പുള്ള കേരളത്തെ കുറിച്ച് നമുക്കൊന്ന് ആലോചിച്ചു നോക്കി കൂടെ? കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട രണ്ട് വാര്‍ത്തകള്‍. ഒന്ന് കൊടകരയിലാണ്. സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ തല്ലുന്ന മകനെ അച്ഛന്‍ തലയ്ക്കടിച്ചു കൊന്നു. രണ്ടാമത്തെ സംഭവം പാരിപ്പള്ളിയിലാണ്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി നോക്കുമ്പോള്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ഭക്ഷണത്തിന് മുന്നില്‍ ചവിട്ടി നില്‍ക്കുകയാണ് ഗൃഹനാഥന്‍. അയാളുടെ കാലിനടിയിലെ ഭക്ഷണത്തില്‍ നിന്നും കൈക്കുഞ്ഞിന് ഭക്ഷണം പൊട്ടിച്ചു കൊടുക്കുകയാണ് അമ്മ. ഇത്തരം വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ദിവസം പോലും കേരളത്തില്‍ ഇല്ലാതായി എന്ന് നിസംശയം പറയാം. 

ബെസ്റ്റ് ഓഫ് അഴിമുഖം

കാണേണ്ടത് ഞങ്ങളുടെ കണ്ണീര്‍, ബാറുടമകളുടേതല്ല

ബാര്‍ ലൈസന്‍സ്: ആരുടെ പോക്കറ്റാണ് ഇനിയും നിറയാനുള്ളത്?

ന്യൂസ് ഇറോട്ടിക്ക അഥവാ ഫേസ്ബുക്കിലെ നവമാധ്യമങ്ങള്‍

സദാചാര മലയാളിയും ഇരട്ടത്താപ്പുകാരുടെ കേരളവും

കേരളത്തിനു നന്നാവാന്‍ 12നിര്‍ദേശങ്ങള്‍

1996ന് മുമ്പ് ഇത്തരത്തിലുള്ള എത്ര വാര്‍ത്തകള്‍ നിങ്ങള്‍ വായിച്ചുകാണും? മദ്യ ലഭ്യത ഇന്നത്തെക്കാള്‍ അധികമായിരുന്നു അന്ന്. നാട് നീളെ ചാരായ, കള്ള് ഷാപ്പുകള്‍. മാത്രമല്ല നാടന്‍ വാറ്റും സുലഭമായി ലഭിച്ചിരുന്നു. എന്നിട്ടും ഫിറ്റായി വഴിയില്‍ കിടക്കുന്നവരുടെ എണ്ണം ഇന്നത്തേതിലും എത്ര കുറവായിരുന്നു ആ സമയത്ത്? മദ്യപാനം മൂലമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അന്ന് കുറവായിരുന്നു എന്ന് വേണം അനുമാനിക്കാന്‍ (ഇതിനെ കുറിച്ച് കൃത്യമായ കണക്കുകള്‍ ആരെങ്കിലും എടുത്തിട്ടുണ്ടോ എന്ന് നിശ്ചയമില്ല. ചാരായ നിരോധനത്തിന് ശേഷം ആളോഹരി മദ്യ ഉപഭോഗം എത്ര കൂടി അല്ലെങ്കില്‍ കുറഞ്ഞു എന്നതിനും കണക്കില്ല. ഒരു സര്‍ക്കാര്‍ നയം നടപ്പാക്കിയ ശേഷം അതിന്റെ ഗുണദൂഷ്യങ്ങളെ കുറിച്ച് കണക്കെടുക്കുന്ന ഒരു നാള്‍ വരുമായിരിക്കും!). അതായത് മലയാളികള്‍ ചാരായ നിരോധനത്തിന് ശേഷം കുടിക്കുന്നത് മദ്യമല്ല എന്ന് വേണം അനുമാനിക്കാന്‍. കുടിക്കുന്നവന്‍ മരിക്കില്ല എന്നുറപ്പുള്ള എന്തും കലക്കി മദ്യത്തിന്റെ പേരില്‍ വില്‍ക്കുകയാണ് ഇവിടെ. ഇതിന് തടയിടാന്‍ പക്ഷെ ഇമ്മിണി പുളിയ്ക്കും. കാരണം പരുന്ത് പലതിനും മുകളില്‍ പറക്കില്ല എന്നത് തന്നെ.

ഓരോ ബാറില്‍ നിന്ന് കുടിക്കുന്ന ഒരേ ബ്രാന്‍ഡിലുള്ള മദ്യത്തിനും ഓരോ രുചി. ഓരോ തരം ഫിറ്റ്. ഓരോ റീടെയില്‍ ഷോപ്പില്‍ നിന്നും വാങ്ങുന്ന മദ്യത്തിനും ഓരോ രുചി. അതായത് മദ്യമല്ലാത്ത മറ്റെന്തോ ആണ് മദ്യം എന്ന പേരില്‍ നമുക്ക് ലഭിക്കുന്നത്. ഒരു പാനീയം എന്ന നിലയില്‍ മദ്യക്കുപ്പിക്ക് മുകളില്‍ അതില്‍ അടങ്ങിയിരിക്കുന്ന സാധനങ്ങള്‍ രേഖപ്പെടുത്തേണ്ടതല്ലെ? കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മദ്യത്തിന്റെ ലേബലില്‍ അങ്ങനെ വല്ലതും രേഖപ്പെടുത്തിയാല്‍ കെമിക്കല്‍ ലാബുകള്‍ തോറ്റു പോകും. ഇങ്ങനെ സ്ഥിരമായി ഏതെന്നറിയാത്ത കെമിക്കല്‍ ഉള്ളില്‍ ചെന്നാല്‍ ഏത് മനുഷ്യനാണ് വയലന്റ് ആകാതെ ഇരിക്കുക? 

ഇനി നമ്മുടെ നാടന്‍ ചാരായത്തിന്റെ കാര്യം എടുക്കാം. സ്വന്തം അയല്‍ക്കാരന്‍ അല്ലെങ്കില്‍ ബന്ധു നാട്ടില്‍ വളരുന്ന സസ്യങ്ങളും ധാന്യങ്ങളും പറിച്ചടുത്ത് വാറ്റിയെടുക്കുന്ന സാധനം. ഓരോ നാട്ടിലും ഓരോ ആസ്ഥാന വാറ്റുകാര്‍ ഉണ്ടായിരുന്നു അന്ന്. അവരുടെ അടുത്ത് കുടിക്കാന്‍ വരുന്നവരെ ഏല്ലാം അടുത്തറിയുന്നവര്‍. (നാട്ടിന്‍പുറങ്ങളിലെ കള്ള്, ചാരായ ഷാപ്പുകള്‍ക്കും ഇത് ബാധകമാണ്). ഓരോരുത്തരുടേയും കപ്പാസിറ്റിയും ക്വാട്ടയും വ്യക്തമായി അറിയാം. അതിനപ്പുറം ഒരു തുള്ളി പുള്ളിയുടെ അടുത്ത് നിന്നും ലഭിക്കില്ല. അവിടെ ഒരു മനുഷ്യനന്മ ഉണ്ടായിരുന്നു. പക്ഷെ ഇതിനെ ഇപ്പോള്‍ വ്യാജ ചാരായം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തമായി കുടിക്കാനായി നമുക്ക് വിശ്വാസമുള്ള നമ്മുടെ നാട്ടില്‍ കിട്ടുന്ന വസ്തുക്കള്‍ വച്ച് ഉത്പാദിപ്പിക്കുന്ന വസ്തു വ്യാജന്‍. എവിടെ നിന്നോ എന്താണെന്നറിയാത്ത ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കി കൊണ്ടു വരുന്ന സാധനം ഒറിജിനല്‍. ഇതാണ് നമ്മുടെ യുക്തി. 

ഇനി ഒരു എം പി നാരായണപിള്ള ലൈനില്‍ ആലോചിക്കാവുന്ന ഇതിന്റെ ഒരു വാണിജ്യ വശമുണ്ട്. കേരളത്തില്‍ പല സ്ഥലങ്ങളില്‍ നിന്നായി വ്യത്യസ്ത തരത്തിലുള്ള പതിനഞ്ചിനം വാറ്റു ചാരായങ്ങളെങ്കിലും കുടിച്ചുള്ള ഒരാളാണ് ഇതെഴുതുന്നത്. അപ്പോള്‍ എന്തായാലും അതില്‍ കൂടുതല്‍ ഇനങ്ങള്‍ ഉണ്ടാവും എന്ന് വ്യക്തം. ഇത്രയും വ്യത്യസ്ത തരം മദ്യം സര്‍ക്കാര്‍ ചിലവില്‍ ഉത്പാദിപ്പിച്ച് കയറ്റി അയച്ചാല്‍ പോരെ സ്‌കോട്ട്‌ലന്റിനെക്കാള്‍ സമ്പന്നമായ ഒരു രാജ്യമായി നമുക്ക് മാറാന്‍? ഗള്‍ഫില്‍ നിന്നും വന്ന ഒരു സുഹൃത്ത് കൊളംബോയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങിയ ഒരു ശ്രീലങ്കന്‍ മദ്യത്തെ കുറിച്ച് പറഞ്ഞത് ഓര്‍ക്കുന്നു. നമ്മുടെ തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഉത്പാദിപ്പിച്ചത് എന്ന് വ്യക്തമായി അതില്‍ എഴുതിയിരിക്കുന്നു. അല്ലെങ്കിലും സ്വയം നട്ട് വളര്‍ത്തിയ തെങ്ങില്‍ നിന്നും എള്ളോളം കള്ള് ചെത്തിക്കുടിക്കാന്‍ ഭാഗ്യമില്ലാത്തവനാണല്ലോ മലയാളി! അവന് വിഷം തന്നെ രക്ഷ. 

ചാരായ നിരോധനം എന്ന ആഭാസം വഴി ആരുടെ സദാചാരമാണ് രക്ഷിക്കപ്പെട്ടത് എന്ന് അറിയില്ല. കേരളത്തെ ഒരു സമൂഹമദ്യപാന മനോരോഗ കേന്ദ്രമാക്കാന്‍ അത് നിര്‍ണായക പങ്ക് വഹിച്ചു എന്ന് അറിയാം. കൂടാതെ വലിയ കുഴപ്പമില്ലാത്ത മദ്യം ഉണ്ടാക്കിക്കൊണ്ടിരുന്ന മന്നം ഷുഗര്‍ മില്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ മുച്ചൂടും മുടിക്കാന്‍ സഹായിച്ചു എന്നും അറിയാം. എന്നിട്ട് നമ്മള്‍ വിജയ് മല്യയെ പോലുള്ളവര്‍ ഉണ്ടാക്കുന്ന എന്തോ വാങ്ങി കുടിച്ച് സംതൃപ്തരാവേണ്ടി വരുന്നു. അതും മുന്നൂറോളം ശതമാനം നികുതി നല്‍കി. എന്നിട്ട് അത് നടപ്പാക്കി കേരളത്തെ രക്ഷിച്ചു എന്നു കരുതുന്ന, അത്ര മദ്യവിരോധിയായ ഒരാള്‍ പത്ത് വര്‍ഷം പ്രതിരോധ മന്ത്രി ആയിരുന്നിട്ടും പട്ടാളക്കാരുടെ ക്വാട്ടയില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അപ്പോള്‍ മദ്യവിരോധം അല്ലായിരുന്നു കേരളത്തിലെ ചാരായത്തിന്റെ ലക്ഷ്യം. പിന്നെ ആര്‍ക്കു വേണ്ടി ആയിരുന്നു അത്? ചാരായ നിരോധനത്തിന് ശേഷം കേരളത്തിലെ അബ്കാരികളുടെ വരുമാനത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ ഒരു കണക്കെടുക്കാന്‍ സാധിച്ചാല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമാവും. ഇപ്പോള്‍ മദ്യനിരോധനം വഴി കേരളത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നതെന്നും കൂട്ടി വായിക്കാന്‍ അഭ്യര്‍ഥന.

പുതിയ മദ്യനയം രൂപീകരിക്കുന്നതിന് മുമ്പ് കേരള സര്‍ക്കാരിന് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ചാരായ നിരോധനം നടപ്പിലാക്കുന്നതിന് മുമ്പും അതിന് ശേഷവുമുള്ള കേരളത്തിന്റെ മദ്യപാന ശീലങ്ങളെ കുറിച്ച് സമഗ്രമായ ഒരു പഠനം നടത്തണം. അതിന്റെ ഗുണദോഷങ്ങളുടെ കണക്ക് അറിഞ്ഞിട്ടു പോരെ ബാറ് വൃത്തിയാക്കലും സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കലും മറ്റും?

മൂന്ന് മഹദ്വചനങ്ങള്‍

1. ‘ചേച്ചീ, ചാരായ നിരോധനത്തിന് ശേഷം ചേട്ടന്‍ എങ്ങനെയുണ്ട്’? , ‘ഓ എന്തോ പറയാനാ മോനെ, ഇതിന് മുമ്പ് അങ്ങേര്‍ക്ക് കിട്ടുന്നതില്‍ പകുതി ഷാപ്പിലും ബാക്കി വീട്ടിലും തരുമായിരുന്നു. ഇപ്പോള്‍ എനിക്ക് കിട്ടുന്നത് കൂടി കൊടുത്താലും അങ്ങേര്‍ക്ക് കുടിക്കാന്‍ തികയുന്നില്ല’. 

2. 1996ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറമ്പില്‍ പണിയെടുത്തുകൊണ്ടിരുന്ന ഒരു കര്‍ഷക തൊഴിലാളിക്ക് നോട്ടീസ് നല്‍കി. നോട്ടീസില്‍ കര്‍ശനമായി നോക്കിയ ശേഷം തൊഴിലാളി, ‘ഓട്ടൊക്കെ തരാം. എന്റെ ചാരായം തിരിച്ചു കൊണ്ടു വന്നേക്കണം’. 

3. മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ക്രൈസ്തവ സഭകളോട് നടന്‍ ജോയി മാത്യുവിന്റെ ഫേസ്ബുക്ക് ചോദ്യം: ‘ഇതിലും എളുപ്പം മദ്യം വില്‍ക്കുന്ന വിശ്വാസികളോട് അത് ചെയ്യരുതെന്ന് ആവശ്യപ്പെട്ടാല്‍ പോരെ?’. ഗുരുദേവ, ഗാന്ധി ശിഷ്യന്മാരോട് എന്ത് പറയും എന്നറിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍