UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബു കോടിയേരിയ്ക്കുമേല്‍ എറിഞ്ഞ രാഷ്ട്രീയ ബോംബ്

കെ.ബാബുവിന്റെ രാജിയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ല. ബാബു പാര്‍ട്ടിയുടെ സമുന്നത നേതാവൊന്നുമല്ല. മാണിയുമായി താരതമ്യം ചെയ്തു നോക്കിയാല്‍ വെറും അശു.  പക്ഷെ, രാജിപ്രഖ്യാപനത്തോടൊപ്പം ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഗൂഢാലോചനയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉഗ്രന്‍ സ്‌ഫോടനശേഷിയുള്ളതാണ്. അതിനു മുന്നില്‍ 50 കൊല്ലത്തെ നിയമസഭാ പാരമ്പര്യവും ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ചതിന് ലോകറിക്കാര്‍ഡുമുള്ള കേരള കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ കെ.എം.മാണിയുടെ രാജിപ്രഖ്യാപനത്തോടനുബന്ധിച്ചു നടത്തിയ ഗൂഢാലോചന സിദ്ധാന്തം വെറും അശു.  

2014 ഡിസംബര്‍ 15 ന് മാര്‍ക്‌സിസ്റ്റ് എം.എല്‍.എ. വി.ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തുള്ള വസതിയില്‍ വച്ച് കോടിയേരി ബാലകൃഷ്ണനും ബിജുരമേശും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും തന്റെ പേരും മറ്റു ചിലരുടെ പേരുകളും ബിജുരമേശനിലൂടെ പുറത്തുപറയാനുള്ള തീരുമാനമുണ്ടായെന്നും അത് മന്ത്രിസഭ മറിച്ചിടാന്‍ ഉള്ള ഉദ്ദേശത്തോടെയായിരുന്നു ആ ഗൂഢാലോചന നടന്നത് എന്നുമാണ് ബാബു വ്യക്തമായി പറഞ്ഞത്. മൂവരുടേയും മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ കാര്യം വ്യക്തമാകും എന്നു കൂടി ബാബു പറഞ്ഞു. 

ഭരണം അട്ടിമറിക്കാന്‍ നടത്തുന്ന ഇത്തരം ഗൂഢാലോചനകള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. മൂവര്‍ക്കുമെതിരെ ഐ.പി.സി. 120- ബി പ്രകാരം ക്രിമിനല്‍ കേസെടുക്കാവുന്നതാണ്. ജാമ്യമില്ലാത്ത വകുപ്പാണ്. പക്ഷെ, കേരളത്തില്‍ ഇത്തരം ഗൂഢാലോചനകള്‍ക്ക് കേസെടുക്കാന്‍ പോയാല്‍ രാഷ്ട്രീയ-മദ്യ-റിയല്‍ എസ്റ്റേറ്റ് – ഗുണ്ടാ നേതാക്കളെല്ലാം ജയിലില്‍ കിടക്കേണ്ടി വരും. ചാരക്കേസില്‍ കരുണാകരന്റെ മന്ത്രിസഭ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയതിന് എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും എം.ഐ. ഷാനവാസും ആര്യാടന്‍ മുഹമ്മദും മാതൃഭൂമിയിലേയും മലയാള മനോരമയിലെയും കേരള കൗമുദിയിലെയും ഇന്ത്യന്‍ എക്‌സ്പ്രസിലെയും  തിരുവനന്തപുരത്തെ തലമുതിര്‍ന്ന പത്രകേസരിമാരും ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. അതൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ, ബാബുവിന്റെ ആരോപണത്തിലും അത്തരം ഒരു അന്വേഷണം ഉണ്ടാകില്ല. 

കോടിയേരിയും ശിവന്‍കുട്ടിയും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് ഉടന്‍ തന്നെ പറഞ്ഞു.  തന്റെ വീട്ടില്‍ കോടിയേരിയും പ്രകാശ് കാരാട്ടും അതുപോലെ തലമുതിര്‍ന്ന പല നേതാക്കളും ബിജുരമേശിനെപ്പോലുള്ള കച്ചവടക്കാരും വരാറുണ്ടെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍, വാസ്തവത്തില്‍, തന്നെ കാണാനല്ല മറിച്ച് ഭാര്യാപിതാവായ പി.ഗോവിന്ദപ്പിള്ളയെ കാണാനായിരുന്നു വരാറുള്ളതെന്നും ബിജുരമേശിനെപ്പോലുള്ള കച്ചവടക്കാര്‍ തന്നെയാണ് കാണാന്‍ വന്നതെന്നും തരംതിരിച്ചു പറഞ്ഞില്ല എന്നേയുള്ളു.

കോടിയേരിയുടെ രാഷ്ട്രീയ മെയ്‌വഴക്കമോ ശിവന്‍കുട്ടിയുടെ എസ്.എഫ്.ഐ. സ്വഭാവമോ ഇല്ലാത്തതുകൊണ്ടാകാം ബിജുരമേശന്‍ കൂടിക്കാഴ്ച നടന്നു എന്ന് സമ്മതിച്ചു. പക്ഷെ, അത് ബാബു പറയുന്ന തീയതിയില്‍ അല്ലത്രെ. കാരണം, അച്ഛന്‍ മരിച്ച് 41 ദിവസം താന്‍ ബിസിനസ്സ് കാര്യങ്ങളില്‍ പോലും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല എന്നും പുറത്തൊരിടത്തും പോയിട്ടില്ല എന്നും  അതുകൊണ്ടുതന്നെ 2014 ഡിസംബര്‍ 15 ന് കൂടിക്കാഴ്ച നടന്നു എന്നു പറയുന്നത് തെറ്റാണ് എന്നുമാണ് ബിജുവിന്റെ വാദം. 

ഗൂഢാലോചന നടന്നോ നടന്നില്ലയോ എന്നത് ഒരു കാര്യം. മൂവരും തമ്മില്‍ ഒരുമിച്ച് എന്തെങ്കിലും കാര്യം ചര്‍ച്ച ചെയ്‌തോ എന്നത് മറ്റൊരു കാര്യം. പക്ഷെ, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജ് വളരെ വിചിത്രമായ ഒരു കാര്യമാണ് പറഞ്ഞത്. തിരുവനന്തപുരത്തെ സുഭാഷ് നഗറിലുള്ള പി.ഗോവിന്ദപ്പിള്ളയുടെ വീടിനു തൊട്ടടുത്താണ് താന്‍ താമസിച്ചിരുന്നതെന്നും ഗോവിന്ദപ്പിള്ളയുടെ വീട്ടില്‍ ഗൂഢാലോചന നടത്താന്‍ തക്ക സൗകര്യമൊന്നും ഇല്ലെന്നും ജേക്കബ് ജോര്‍ജ് പറഞ്ഞു. ഗൂഢാലോചന നടത്തുന്നത് ഭൂഗര്‍ഭ അറയിലാണെന്നുള്ളത് പഴയ സി.ഐ.ഡി. നസീര്‍ സിനിമകളിലാണ്. അടിയന്തരാവസ്ഥകാലത്ത് തിരുവനന്തപുരത്തെ ആര്‍.എസ്.എസുകാര്‍ പല രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിരുന്നത് പഴവങ്ങാടി ഗണപതി കോവിലിന്റെ മുന്നിലും ബസ് സ്റ്റാന്റുകളിലും വച്ചായിരുന്നു എന്ന് ജേക്കബ് ജോര്‍ജ്ജിനറിയാമോ? ഗൂഢാലോചന എന്നാല്‍ ഒരു വ്യക്തിക്കെതിരെ ചിലര്‍ നടത്തുന്ന ആലോചനയാണെന്നും അതുകൊണ്ടുതന്നെ മന്ത്രിസഭ മറിച്ചിടാന്‍ ഗൂഢാലോചന നടത്തി എന്നത് ശരിയല്ല എന്നുമാണ് നിയമബിരുദധാരി കൂടിയായ ശിവന്‍കുട്ടിയുടെ വാദം. (പഠിത്തത്തില്‍ ശിവന്‍കുട്ടി എന്നും പിറകിലായിരുന്നു. ബസ്സില്‍ കല്ലെറിയാനും ബന്ദിന് റോഡില്‍ കല്ല് പെറുക്കിവയ്ക്കാനുമായിരുന്നു ആ പഴയ എസ്.എഫ്.ഐ നേതാവിന് മിടുക്ക്. ആ ശുഷ്‌കാന്തി, അതേ ഉത്സാഹത്തോടെ കണ്ടത് നിയമസഭയ്ക്കുള്ളില്‍ വച്ചായിരുന്നു.)

എന്നാല്‍, ബിജു രമേശ് മറ്റു ചില കാര്യങ്ങള്‍ പറഞ്ഞു. അതിതാണ്. ബിജു രമേശിന്റെ നാവില്‍ നിന്നു തന്നെ ചാനല്‍ വഴി ജനം കേള്‍ക്കാന്‍ പരുവത്തില്‍ കാര്യങ്ങള്‍ എത്തിച്ചു എന്നിടത്താണ് കെ.ബാബു എന്ന രാഷ്ട്രീയക്കാരന്റെ വിജയം. 

ബിജു പറഞ്ഞതിതാണ്. കോടിയേരിയും ബിജുവും ശിവന്‍കുട്ടിയും തമ്മില്‍ കണ്ടിരുന്നു. അതു പക്ഷെ, ശിവന്‍കുട്ടിയുടെ വീട്ടില്‍ വച്ചല്ല. എ.കെ.ജി. സെന്ററില്‍ വച്ചാണ്. മന്ത്രിസഭ മറിച്ചിടാനുള്ള ഗൂഢാലോചനയല്ല നടത്തിയത്. കാരണം, ബാര്‍ കോഴ കേസ് അതിനു മുമ്പുതന്നെ പുറത്തായിരുന്നു. സംസാരിച്ചത് മദ്യക്കച്ചവടക്കാരുടെ പ്രശ്‌നത്തെ കുറിച്ചാണ്. കോണ്‍ഗ്രസിലെ സുധീരന്‍ – ഉമ്മന്‍ചാണ്ടി പോരിനൊടുവില്‍ സുധീരനെ കടത്തിവെട്ടാന്‍ ഉമ്മന്‍ചാണ്ടി എടുത്ത തീരുമാനത്തെക്കുറിച്ചാണ്. അപ്പോള്‍, കോടിയേരി പറഞ്ഞു: ”നിങ്ങള്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുപറയൂ. മദ്യഷോപ്പുകള്‍ നിര്‍ത്തിയതിനു പിന്നില്‍ ഇത്തരം കാര്യങ്ങളായിരുന്നു എന്നു തെളിഞ്ഞാല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാം.” ആലോചിക്കാമെന്നേ കോടിയേരി പറഞ്ഞുള്ളു എന്ന് ബിജുരമേശ് ആവര്‍ത്തിച്ചുപറയുന്നു.

ഈ ഏറ്റുപറച്ചിലാണ്, വാസ്തവത്തില്‍, ബാബു ഉന്നമിട്ടത്. അതിന് ബാബു മന്ത്രിസഭ മറിച്ചിടാനുള്ള ഗൂഢാലോചന എന്ന രീതിയില്‍ കാര്യം അവതരിപ്പിച്ചു. ആരോപണത്തിന് വിശ്വാസ്യത കൂട്ടാന്‍ ഇന്ന വീട്ടില്‍ വച്ച് ഇന്ന രീതിയില്‍ ഇന്ന ആളുകള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നു പറഞ്ഞു. അത് ബാബുവിന്റെ രാഷ്ട്രീയ ബുദ്ധി.

ബിജു രമേശ് പറഞ്ഞത് ശരിയാണെങ്കില്‍, അതില്‍ ഗൂഢാലോചന തീരെ ഇല്ല. വാഗ്ദാനം പോലുമില്ല. ആലോചിക്കാമെന്ന ഒരു ആശ്വാസവാക്കു മാത്രം. അതെങ്ങനെ കുറ്റമാകും? ഏതു രാഷ്ട്രീയ നേതാവും ഏതു ജനപ്രതിനിധിയും ആവലാതിക്കാരനോടു പറയുന്ന ആ പഴയ കാമരാജിന്റെ ‘പാക്കലാം’ തന്നെയല്ലേ ഈ ആലോചിക്കാമെന്നതും?

പക്ഷേ ഒന്നു മനസ്സിലാക്കുക. ഇന്നു നമ്മള്‍ കേട്ടതിനേക്കാള്‍ എത്രയോ ഇരട്ടി പണമിടപാടിന്റെ ബാര്‍ കോഴ രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതി തുടങ്ങി.

കേരളത്തിലെ സകലമാന പ്രശ്‌നങ്ങളില്‍ക്കുമുള്ള ഒറ്റമൂലിയാണ് സാമ്പത്തിക വൈദ്യന്‍ തോമസ് ഐസക്ക് കേരള പഠന കോണ്‍ഗ്രസിനെ കാണുന്നത്. എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട, ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന, മദ്യനയത്തെ, കുറിച്ച് ഒരു വാക്കു പോലും പഠനകോണ്‍ഗ്രസില്‍ ഇല്ല.  374 കോടി രൂപയുടെ ലാവ്‌ലിന്‍ അഴിമതിയിലെ പ്രതിപട്ടികയില്‍ പേരുള്ള പിണറായി വിജയന്റെ അഴിമതി വിരുദ്ധ ജാഥയിലും അഴിമതിയുടെ കൂത്തരങ്ങായ മദ്യവ്യവസായത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് പറയുന്നില്ല.

നിലവിലെ സ്ഥിതിയനുസരിച്ച് കേരളത്തില്‍ 5 സ്റ്റാര്‍ ഒഴിച്ച് മറ്റൊരിടത്തും ബാര്‍ അനുവദിക്കില്ല. ബിവറേജസിന്റെ എണ്ണം കുറയ്ക്കുന്നു. ഘട്ടംഘട്ടമായ മദ്യ ലഭ്യത ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. (സുധീരന് കോള്‍മയിര്‍ കൊള്ളാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?) ഇത് സര്‍ക്കാരിന്റെ മദ്യനയമാണ്. ആ നയത്തില്‍ സര്‍ക്കാര്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്നതൊക്കെ  ചരിത്ര കുതുകികള്‍ക്കു വിട്ടുകൊടുത്തേക്കു.

ഈ നയത്തെ ചോദ്യം ചെയ്തുകൊണ്ട് മദ്യ മുതലാളിമാര്‍ സുപ്രീംകോടതി വരെ യുദ്ധം ചെയ്തു. അവിടെയെല്ലാം സര്‍ക്കാരിന്റെ വക്കീലന്‍മാര്‍ മദ്യനയത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. യുദ്ധങ്ങള്‍ക്കൊടുവില്‍ മദ്യമുതലാളിമാര്‍ തോറ്റു. സര്‍ക്കാര്‍ ജയിച്ചു. (അതു പക്ഷെ, സര്‍ക്കാരിന്റെ ആത്യന്തികമായ പതനത്തിലേക്ക് വഴി തെളിക്കാന്‍ സാധ്യതയുണ്ട്.) മദ്യനയം ഇനി ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. മാറ്റാനേ കഴിയൂ. ഏതായാലും യു.ഡി.എഫിന് അതിനൊക്കില്ല. സുധീരന്‍ തടയും. അപ്പോള്‍ മദ്യനയം മാറ്റാന്‍ സാധിക്കുന്നത് ആര്‍ക്കാണ്? അവിടെയാണ് കോടിയേരിയുടെ പ്രസക്തി.

അടുത്ത സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റേതാണെങ്കില്‍ കോടിയേരി നിര്‍ണ്ണായകശക്തിയായിരിക്കും. ഒന്നുകില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍. അല്ലെങ്കില്‍ മുഖ്യമന്ത്രി എന്ന നിലയില്‍. (പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ പ്രതിപട്ടികയിലെ 9-ാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്ത്  – രണ്ടു പ്രതികള്‍ മരിച്ചുപോയി – എത്തപ്പെടുമെന്നും പ്രായാധിക്യം കാരണം വി.എസിനെ സുഖ ചികിത്സയ്ക്ക് പാര്‍ട്ടി വിടുമെന്നും അങ്ങനെ വന്നാല്‍ അടുത്ത മുഖ്യമന്ത്രിയായി താന്‍ വരുമെന്നും പാര്‍ലമെന്ററി വ്യാമോഹം തീരെയില്ലാത്ത മറ്റേതൊരു മാര്‍ക്‌സിസ്റ്റ് നേതാവിനേയും പോലെ കോടിയേരിയും കരുതുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്ത്വം!)

അപ്പോള്‍, മദ്യനയം പുനരവലോകനം ചെയ്യുന്നതില്‍ കോടിയേരിക്ക് നിര്‍ണ്ണായക പങ്കുണ്ടാകും. പുനരവലോകനം എന്നുവച്ചാല്‍ മദ്യനയം മാറ്റുക എന്നാണര്‍ത്ഥം. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് നയം തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്കുണ്ട്. നയത്തില്‍ മാറ്റം വരുത്താനും സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയില്ല. വിധിന്യായം ഇങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. – ഈ മദ്യനയം മാറ്റി മദ്യലഭ്യത ഉറപ്പാക്കുന്ന പുതിയ മദ്യനിയമം വന്നാല്‍ അതിനേയും കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. അതായത് അടച്ച ഷാപ്പുകള്‍ തുറക്കാന്‍ അനുമതി കൊടുത്താല്‍ മതി.

പക്ഷേ, അതിന് ജനത്തെ ബോധ്യപ്പെടുത്താന്‍ ഒരു ആയുധം വേണം. ഒരു ന്യായീകരണം. അത്രതന്നെ. ബിജുരമേശന്റെയും കൂട്ടരുടേയും  കൂടുതല്‍ വെളിപ്പെടുത്തലുകള്‍ – മദ്യനയത്തിലേക്ക് യു.ഡി.എഫിനെ നയിച്ചതിനു പിന്നിലുള്ള വെളിപ്പെടുത്തലുകള്‍; പണം കൊടുത്തതിന്റെ തെളിവു സഹിതം – ഉണ്ടായാല്‍ മന്ത്രിസഭ വീഴില്ല എന്ന് കോടിയേരിയ്ക്കും ബിജുരമേശിനും അറിയാം. കാരണം, മന്ത്രിസഭയുടെ തലവന്‍ ഉമ്മന്‍ചാണ്ടിയാണ്. പക്ഷെ, അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ മദ്യനയം മാറ്റാനുള്ള കാരണമായി ഈ വെളിപ്പെടുത്തലുകള്‍ തീര്‍ച്ചയായും ഉപയോഗിക്കാം.

ആ വഴിക്കുള്ള ചിന്തകള്‍ പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ തോമസ് ഐസക്ക് പറഞ്ഞതാണ് തെളിവ്. ”മദ്യനിരോധനം പാര്‍ട്ടിയുടെ നയമല്ല. ഈ മദ്യനയം തെറ്റെന്ന് ബോധ്യമായാല്‍ അതു മാറ്റും.” 

അപ്പോള്‍ അതാണ് കാര്യം. ഈ മദ്യനയത്തിന്റെ ആയുസ് – അടുത്തത് എല്‍.ഡി.എഫ്. സര്‍ക്കാരാണെങ്കില്‍ – 2016 മെയ് മാസം വരെ മാത്രമേ ഉണ്ടാകുകയുള്ളു. അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ 25 കോടി രൂപ ബാറുടമകള്‍ക്കു പിരിക്കാമെങ്കില്‍, സര്‍ക്കാരിന്റെ മദ്യനയം തന്നെ മാറ്റി മദ്യലഭ്യത ഉറപ്പുവരുത്തുന്ന പുതിയ മദ്യനയം ഉണ്ടാക്കിയെടുക്കാന്‍ അതിന്റെ പത്തിരട്ടിയെങ്കിലും ആവശ്യപ്പെടാം. അതില്‍ ഒരന്യായവുമില്ല. മദ്യനയം മാറ്റുന്നതിന്റെ കാരണമായി നിലവിലുള്ള മദ്യനയത്തിന്റെ ജന്മപാപത്തെക്കുറിച്ചും അതു വഴി തൊഴില്‍രഹിതരായ  മദ്യതൊഴിലാളികളെക്കുറിച്ചും കേരളം മദ്യലഭ്യതയുള്ള സംസ്ഥാനമായില്ലെങ്കില്‍ ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരാതാകുമെന്നും ടൂറിസ്റ്റുകളുടെ യഥാര്‍ത്ഥ പ്രശ്‌നം കേരളത്തിലെ മാലിന്യമല്ലെന്നും ഒക്കെ പി.ബി സഖാക്കള്‍ തൊട്ട് എല്‍.സി സഖാക്കള്‍ വരെ തട്ടിവിടാം. മദ്യമുതലാളിയുടെ പെട്ടിയും പാര്‍ട്ടിയുടെ നേര്‍ച്ചപ്പട്ടിയും സഖാക്കളഉടെ കീശയും നിറയും. ഒരു ജനതയ്ക്കുവേണ്ടി ചെയ്ത പുണ്യപ്രവര്‍ത്തനത്തിന് ആശിയ്ക്കാതെ കിട്ടിയ ദക്ഷിണയായി ഇതിനെ കണക്കാക്കുകയും ചെയ്യാം.

വാസ്തവത്തില്‍, യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യേണ്ടത് ഇതാണ്. മദ്യനയം അവര്‍ തന്നെ തിരുത്തുക. അതിനു വേണ്ടി ഒരു ഗഡു കോഴ കൂടി വെളിപ്പെടുത്താത്ത രീതിയില്‍ ബാര്‍ മുതലാളിമാരോട് ആവശ്യപ്പെടുക. കള്ളിനോടല്ലാതെ മറ്റൊന്നിനോടും കടപ്പാടില്ലാത്ത കള്ളുകച്ചവടക്കാര്‍ക്ക് അത് കൃത്യമായി എത്തിച്ചുകൊള്ളും. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാന്‍ മൊബൈല്‍ കൈവശം വയ്ക്കാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം കൊടുക്കണമെന്നേയുള്ളു. അടുത്ത സര്‍ക്കാര്‍ വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. അടുത്ത മാസം തന്നെ മദ്യനയം മാറ്റാം. മദ്യനയം കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു മണിക്കൂറും ഒരു തുണ്ടു പേപ്പറും മതിയെങ്കില്‍ ആ നയം മാറ്റാന്‍ അര മണിക്കൂറും അരക്കഷണം പേപ്പറും മതി. മാത്രമല്ല, മദ്യലഭ്യത ഉറപ്പാക്കുന്ന പുതിയ മദ്യനയത്തെ എതിര്‍ത്തതുകൊണ്ട് ആരും കോടതിയില്‍ പോവുകയും ഇല്ല. മദ്യമുതലാളിമാര്‍ പോകില്ല. അവര്‍ക്കു വേണ്ടത് കിട്ടി. ഇടതുപക്ഷം പോകില്ല. കാരണം, മദ്യ ലഭ്യതയാണ് തങ്ങളുടെ നയമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയാതെ പറഞ്ഞു കഴിഞ്ഞു. കേരളത്തിലെ മദ്യസ്‌നേഹികളായ ജനത പോകില്ല. പ്രാണപ്രേയസിയെ തിരിച്ചുകിട്ടിയ ആനന്ദത്തില്‍ അവര്‍ നീരാടും. ന്യൂജനറേഷന് സ്ത്രീകളും പരാതി പറയില്ല. കാരണം gender equality അവര്‍ നിലനിര്‍ത്തുന്നത് പുരുഷനെപ്പോലെ മദ്യപിക്കുന്നതിലാണ്.

മാത്രമല്ല, കോടിയേരിയും കൂട്ടരും കൈക്കലാക്കാന്‍ പദ്ധതി ഇട്ട പണം ഉമ്മന്‍ചാണ്ടിയുടേയും  മാണിയുടെയും പെട്ടിയില്‍ കിടക്കും. മറ്റൊരു നേട്ടം കൂടി ബാര്‍ മുതലാളിമാര്‍ക്കുണ്ടാകും. ആവശ്യപ്പെടുന്ന തുകയുടെ പത്തുശതമാനം കുറച്ച് ബാര്‍ഗയിന്‍ ചെയ്യാം. അതിന് സൗകര്യമൊക്കെ ഉണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനുള്ളില്‍ തന്നെ CCTV ക്യാമറകണ്ണെത്താത്ത സുതാര്യമേഖലകള്‍ ഉണ്ട്. എല്ലാരും ഒന്ന് ഉത്സാഹിച്ചേ. പുതിയ മദ്യനയം പുതിയ ചാനല്‍ ചര്‍ച്ചകള്‍. ഇളിഭ്യരായ ഇടതുപക്ഷം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍