UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ തുറന്നു നല്‍കാമെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കി, ബിജുവിന്റെ ശബ്ദരേഖ പുറത്ത്

അഴിമുഖം പ്രതിനിധി

എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ 418 ബാറുകളും തുറന്നു നല്‍കാമെന്ന് സിപിഐഎം കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചിരുന്നുവെന്ന് ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ശബ്ദ രേഖ പുറത്തുവന്നു. വി എസ് കൂടി ഉറപ്പു നല്‍കിയാല്‍ സര്‍ക്കാരിനെ ഒരാഴ്ചയ്ക്കകം താഴെ ഇറക്കാനാകുമെന്ന് ബിജു പറഞ്ഞു. കോടിയേരി അടക്കമുള്ള നേതാക്കളാണ് ഉറപ്പു നല്‍കിയത്. ഈ മന്ത്രിസഭ തുടര്‍ന്നാല്‍ നമ്മുടെ പണി തീര്‍ന്നുവെന്ന് ബാറുടമകള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

എസ് പി സുകേശന്‍ സര്‍ക്കാരിന് എതിരാണെന്നും ബിജു യോഗത്തില്‍ പറഞ്ഞു. സുകേശനെ എസ് ഐ ആയിരുന്നപ്പോള്‍ മുതല്‍ അറിയാമായിരുന്നുവെന്നും നാലു മന്ത്രിമാരുടെ പേരുകള്‍ പറയാന്‍ സുകേശനാണ് നിര്‍ദ്ദേശിച്ചിരുന്നതെന്നും ബിജു പറയുന്നു.

ശബ്ദ രേഖ എഡിറ്റ് ചെയ്തതാണെന്നും സര്‍ക്കാരാണ് പുറത്തു വിട്ടതെന്നും ബിജു രമേശ് ആരോപിച്ചു. മന്ത്രിമാര്‍ കാശുവാങ്ങിയ കാര്യം തെളിയിക്കാനാണ് കോടിയേരി ആവശ്യപ്പെട്ടതെന്നും ബിജു പറഞ്ഞു. നേരത്തെ ബാര്‍ യോഗത്തിലെ ബിജുവിന്റെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ എസ് പി സുകേശന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെ നടത്തിയ ത്വരിത അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ബാബുവിന് എതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് 13 പേരെ ചോദ്യം ചെയ്തു.

ബാബുവിന് എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജി വച്ചു കൊണ്ടുള്ള കത്ത് ബാബു മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണത്തെ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് രാജി സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍