UPDATES

കേരള കോണ്‍ഗ്രസില്‍ മാണിക്കെതിരെ പട

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് മാണിയുടെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ മുറവിളിക്ക് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നു. മുന്‍ എംഎല്‍എയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പിസി ജോസഫിന്റെ നേതൃത്വത്തിലാണ് മാണിക്കെതിരെ നീക്കം നടക്കുന്നത്. ധനമന്ത്രി 25 ലക്ഷം രൂപ കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി ജഡ്ജിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമവകുപ്പ് എങ്കിലും ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് കെ എം മാണിക്കും പി ജെ ജോസഫിനും കത്ത് നല്‍കാനാണ് ഇവര്‍ ഒരുങ്ങുന്നത്. ബാര്‍ കോഴ വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. 

എന്നാല്‍ സ്റ്റിയറിങ് കമ്മിറ്റി കൂടണമെന്ന ആവശ്യം മാണി തള്ളി. പാര്‍ട്ടി യോഗം ആവശ്യം വരുമ്പോള്‍ വിളിക്കാമെന്നും ബാര്‍ കോഴ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം വിളിക്കില്ലെന്നും മാണി പറഞ്ഞു. താന്‍ കോഴ ചോദിച്ചിട്ടും വാങ്ങിയിട്ടുമില്ലെന്ന് മാണി പറഞ്ഞു. തനിക്കെതിരെ തെളിവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 

പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലുതും ഗുരുതരവുമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് പിസി ജോസഫ് അഭിപ്രായപ്പെട്ടു. മാണിക്ക് നിലപാട് തിരുത്തേണ്ടി വരുമെന്ന് ജോസഫ് മുന്നറിയിപ്പ് നല്‍കി. യോഗം വിളിക്കില്ലെന്ന നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ഇത് കുടുംബ കാര്യമല്ലെന്നും പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമാണെന്നുമാണ് പിസി ജോസഫിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ നിലപാട്. കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയ്യാറെടുക്കുകയാണ്. ആ സാഹചര്യത്തില്‍ നിയമ വകുപ്പ് മാണി കൈവശം വയ്ക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍