UPDATES

കേരളം

രാജി വയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ മാണിയെ ചവിട്ടിപ്പുറത്താക്കണം: വിഎസ് സുനില്‍ കുമാര്‍

Avatar

വി എസ് സുനില്‍കുമാര്‍

ബാര്‍ കോഴക്കേസിലെ കോടതി വിധി സ്വാഗതാര്‍ഹമാണ്. നേരത്തെ സര്‍ക്കാര്‍ ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കുകയാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്‍ തയ്യാറാക്കിയ  ഫാക്ച്വല്‍ റിപ്പോര്‍ട്ടില്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ എല്ലാ തെളിവുകളും ഉണ്ടെന്നിരിക്കെ ആ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കൊടുക്കേണ്ട അന്തിമ റിപ്പോര്‍ട്ടില്‍ അട്ടിമറി നടത്തിയത് സര്‍ക്കാര്‍ അനുമതിയോടുകൂടിയാണ്.

ഫാക്ച്വല്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കോടതിവിധി വന്നിരിക്കുന്നത്. കോഴവാങ്ങിയ കെഎം മാണിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിക്കൊണ്ട് കൊടുത്ത റിപ്പോര്‍ട്ട് കോടതി തള്ളിയിരിക്കുകയാണ്‌. കോഴ വാങ്ങുക എന്ന കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതില്‍ കെ എം മാണിക്കു പങ്കുണ്ടെന്നും അതില്‍ അന്വേഷണം ആവശ്യമാണെന്നും ഇപ്പോള്‍ ലഭ്യമായ തെളിവുകളേക്കാള്‍ കൂടുതല്‍ ഇനിയും പുറത്തു വരാനുണ്ടെന്നുമാണ് ഫാക്ച്വല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.

ഈ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ മാണിക്ക് അര്‍ഹതയില്ലെന്നും മാത്രമല്ല അദ്ദേഹം രാജി വയ്ച്ചുകൊണ്ടുള്ള പുനരന്വേഷണമാണ് ഇപ്പോള്‍ അഭികാമ്യം. അങ്ങനെയുള്ള അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാറിന്റെ യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളോ നിയന്ത്രണങ്ങളോ അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴില്‍ വേണം അന്വേഷണം നടക്കാന്‍. അങ്ങനെ വരുമ്പോള്‍ കെഎം മാണി രാജിവച്ചുകൊണ്ടുള്ള അന്വേഷണമാണ് ആവശ്യമായി വരിക.

രാജി വയ്ക്കില്ല എന്നുള്ള അദ്ദേഹത്തിന്റെ നിലപാട് ജനങ്ങള്‍ അംഗീകരിക്കുന്നതല്ല. രാജി വയ്ക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ചവിട്ടിപ്പുറത്താക്കണം. സമൂഹത്തിനു നേരെയുള്ള  ക്രിമിനല്‍ കുറ്റമാണ് അഴിമതി എന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. അത്തരം ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായി എന്ന് തെളിവുകളോടെ റിപ്പോര്‍ട്ടില്‍ പേരുള്ള ഒരു വ്യക്തി കേരളത്തിന്റെ നിയമകാര്യമന്ത്രി ആയിരിക്കുന്നത് മാണിക്ക് സന്തോഷമുള്ളതാണെങ്കിലും കേരള സംസ്ഥാനത്തിനു യോജിക്കുന്ന ഒരു അവസ്ഥയല്ല. മാണിയുടെ നിലപാട് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മാണി എന്തു നിലപാട് സ്വീകരിക്കുന്നു എന്നുള്ളതല്ല , അയാളെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക്‌ കഴിയണം.

(തയ്യാറാക്കിയത്: ഉണ്ണികൃഷ്ണന്‍ വി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍