UPDATES

ശങ്കര്‍ റെഡ്ഡിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍, കേസന്വേഷണം അട്ടിമറിച്ച മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡിയെ സര്‍വ്വീസില്‍നിന്ന് മാറ്റിനിര്‍ത്തി ക്രിമിനല്‍ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

അഴിമതിക്കേസുകളുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ സംഭവമായിരിക്കും ഇത്. വിജിലന്‍സ് ഡയറക്റ്റര്‍തന്നെ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കുന്നു എന്ന ഭീകരാവസ്ഥ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂട. ഇപ്പോഴത്തെ സാഹചര്യത്തില്‍, സ്റ്റേറ്റ് ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്റ്ററായി ഈ ഉദ്യോഗസ്ഥന്‍ തുടരുന്നത് അപകടമാണ്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ബാര്‍ കോഴ അട്ടിമറിക്കേസിന്റെ സത്യാവസ്ഥകള്‍ പുറത്തുവരൂ.

ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുകയാണ് എന്ന എന്റെ ആശങ്ക ഞാന്‍ ആദ്യമേ വ്യക്തമാക്കിയതാണ്. അഴിമതിയുടെ കൂത്തരങ്ങായിരുന്ന യു.ഡി.എഫ്. ഭരണത്തിലെ കിരീടമില്ലാത്ത രാജാവായിരുന്നു കെഎം മാണി.  വിജിലന്‍സ് ഡയറക്റ്റര്‍ മാത്രം വിചാരിച്ചാല്‍ ഈ കേസ് അട്ടിമറിക്കാനാവില്ല.  ബാര്‍ കോഴ അന്വേഷണം വഴിതിരിച്ചുവിടാന്‍ ഭരണതലത്തില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. രമേശ് ചെന്നിത്തലയുടെ ഇന്നത്തെ പ്രതികരണം വിരല്‍ ചൂണ്ടുന്നത് ആ സാദ്ധ്യതയിലേക്കാണ്. അതിനാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പങ്ക് കൂടി അന്വേഷണവിധേയമാക്കണം.

മാണി അഴിമതിക്കാരനാണെന്ന് ആവര്‍ത്തിച്ച് തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാണിയും മാണിയുടെ പാര്‍ട്ടിയും കേരള രാഷ്ട്രീയത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യപ്പെടാന്‍ പോവുകയാണ്.  അഴിമതിക്കാരുമായി ഒരു തരത്തിലും സമരസപ്പെട്ടു പോവാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിയില്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍