UPDATES

ബാര്‍ കോഴ കേസ്‌ തുടരന്വേഷണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് സുധീരന്‍

Avatar

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് കെ.പി.സി സി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യം ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ. അനന്തരനടപടി യു.ഡി.എഫ് ആലോചിച്ച് തീരുമാനിക്കും. ബാര്‍ വിഷയം ഇതിനേക്കാള്‍ കത്തിനിന്നപ്പോഴാണ് അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍വിജയം നേടിയതെന്ന് ഇടുക്കി പ്രസ് ക്ലബിന്റെ നേതാവ് നിലപാട് മുഖാമുഖം പരിപാടിയില്‍ സുധീരന്‍ പറഞ്ഞു.

കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിയില്ല. അത് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജിലന്‍സ് ഡി.ജി.പിക്ക് ഇക്കാര്യത്തില്‍ തെറ്റു പറ്റിയോ എന്നതിന് സുധീരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അംഗീകരിക്കുക യു.ഡി.എഫിന്റെ വികസനവും സമാധാനവും എന്ന മുദ്രാവാക്യം തന്നെയായിരിക്കും.

കൊലക്കേസ് പ്രതികളെ സ്ഥാനാര്‍ഥികളാക്കിയത് സി.പി.ഐഎമ്മില്‍ അങ്ങനെയല്ലാത്തവര്‍ ഇല്ലാത്തതുകൊണ്ടാണെന്ന് സുധീരന്‍ പരിഹസിച്ചു. ക്രിമിനലുകളെ തളളിക്കളഞ്ഞാല്‍ പിന്നെ സി.പി.ഐ. എം ഉണ്ടാകില്ല. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയവും സി.പി.ഐ.എമ്മിന്റെ അക്രമരാഷ്ട്രീയവും നാടിന് ഒരു പോലെ ഭീഷണിയാണ്. ഇരുകൂട്ടരും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന രീതി ഒരു പോലെയാണ്. ടി.പി വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച പാര്‍ട്ടി ഗ്രാമമായ കണ്ണൂരിലെ മുഴുക്കുന്ന പഞ്ചായത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഉഗ്രശേഷിയുളള ബോംബുകളാണ് കണ്ടെടുത്തത്.

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തോട് പല വട്ടം കൂട്ടുകൂടിയവരാണ് സി.പി.ഐ.എം. ബി.ജെ.പി വിരോധത്തില്‍ ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജനതാദള്‍ മഹാസഖ്യത്തിനൊപ്പം അവര്‍ നില്‍ക്കുമായിരുന്നു.ബി.ജെ.പിയുടെ മൂന്നാം മുന്നണി നീക്കം കേരളത്തില്‍ വിലപ്പോകില്ല. വര്‍ഗീയ വിഷം ആളിക്കത്തിച്ച് ഇഷ്ടമില്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കാത്ത ബി.ജെ.പിയുടെ തനിനിറം രാജ്യം തിരിച്ചറിഞ്ഞ് കഴിഞ്ഞതായും സുധീരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് റോയ്.കെ.പൗലോസ്, പ്രസ് ക്ലബ് പ്രസിഡന്റ് ഹാരീസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് സംഗീത് മോഹന്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍