UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ വിവാദം മാണിയുടെ വാട്ടര്‍ലൂ? വരുംദിനങ്ങള്‍ നിര്‍ണായകമാകും

Avatar

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ വിവാദം ധനമന്ത്രി കെഎം മാണിയുടെ വാട്ടര്‍ലൂവാകുമെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇന്നലെ അന്വേഷണ വാര്‍ത്തകള്‍ ചോരുന്നതിനെതിരെ മാണി നടത്തിയ അസ്വസ്ഥത പ്രകടമായ പ്രതികരണവും രാത്രിയിലെ ചാനല്‍ ചര്‍ച്ചകളില്‍ കാര്യകാരണങ്ങള്‍ ന്യായീകരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ അനുഭവിച്ച ബുദ്ധിമുട്ടുമൊക്കെ ചുവട്ടില്‍ നിന്നും മണ്ണൊലിച്ച് പോകുന്നത് അനുഭവിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളായി.

എന്നാല്‍ മാണിയുടെ വികാരവിസ്‌ഫോടനവും ഇന്ന് രാവിലെ തന്റെ പേര് കുറ്റപത്രത്തില്‍ വന്നാല്‍ വന്‍പ്രത്യാഘാതം ഉണ്ടാകുമെന്ന വിരട്ടലുമൊന്നും ഫലം കണ്ടില്ലെന്ന് വേണം കരുതാന്‍. ഇന്നലെ വാര്‍ത്ത ചോരുന്നതിനെ കുറിച്ച് മാണി അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് സെക്രട്ടറി തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്ത ചോരുന്നതിനെതിരെ ഇന്നലെ മന്ത്രി കെസി ജോസഫും ഇന്ന് രാവിലെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും മാണി ഉദ്ദേശിക്കുന്ന ഫലം മാത്രം കാണുന്നില്ല. ഇന്ന് വിഷയത്തില്‍ മാണി മന്ത്രിസഭ യോഗത്തില്‍ ഇടപെട്ടതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ച വാര്‍ത്തയാണ് ചോര്‍ന്നിരിക്കുന്നത്. ഇതാകട്ടെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന രീതിയിലാണ് താനും. അതായത് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ടിനെക്കാള്‍ മുഴുത്തത് അളയില്‍ ഇരിക്കുകയാണെന്ന് ഓരോ നിമിഷവും ആരൊക്കെയോ മാണിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് സാരം.

2014 മാര്‍ച്ച് 26ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള എക്‌സൈസ് വകുപ്പിന്റെ തീരുമാനത്തിനെതിരെ നിയമമന്ത്രി എന്ന നിലയില്‍ മാണി എതിര്‍ത്തിരുന്നു എന്നാണ് ബിജു രമേശ് ആരോപിച്ചത്. ഇത് തങ്ങള്‍ മാണി ചോദിച്ച പണം നല്‍കാത്തത് കൊണ്ടാണെന്നും തുടര്‍ന്ന് അടുത്ത മന്ത്രിസഭ യോഗം നടന്ന ഏപ്രില്‍ 2ന് രാവിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി തന്റെ കാറില്‍ മാണിയുടെ ഔദ്ധ്യോഗിക വസതിയിലെത്തി പണം കൈമാറിയെന്നും ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതിനെ ന്യായീകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചിരിക്കുന്നതെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്നണിയിലെ മുഖ്യകക്ഷിയില്‍ നിന്നും പിന്തുണ ലഭിക്കുമ്പോഴും സ്വന്തം പാര്‍ട്ടിയിലെ അടിയൊഴുക്കുകളും മാണിയുടെ കാല്‍ക്കീഴിലെ മണ്ണൊലിപ്പിന്് കാരണമാകുന്നു എന്നാണ് ചാനല്‍ റിപ്പോര്‍ട്ടുകള്‍ മുഖവിലയ്ക്ക് എടുക്കാമെങ്കില്‍ ലഭിക്കുന്ന സൂചന. മാണിക്കെതിരെ കുറ്റപത്രം വന്നാല്‍ മന്ത്രി സ്ഥാനം മാത്രമല്ല പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം ഒഴിയണം എന്ന് പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നിലപാടെടുത്തു എന്നാണ് സൂചനകള്‍. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ തല്‍ക്കാലം സിഎഫ് തോമസിനെ ഡമ്മി മന്ത്രിയാക്കി പിടിച്ചു നില്‍ക്കാം. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയുക എന്നാല്‍ മാണിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരിക്കില്ല. കാരണം, ജോസ് കെ മാണിയെ ഇപ്പോള്‍ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ആജ്ഞാശക്തി മാണിക്ക് ഇല്ലെന്നത് പരസ്യമാണ്. പാര്‍ട്ടിക്കുള്ളിലെ ജോസ് കെ മാണി വിരുദ്ധ എതിര്‍പ്പ് പരസ്യമായതാണല്ലോ ജയരാജനെ യുഡിഎഫ് മേഖലാ ജാഥയുടെ ക്യാപ്ടനാക്കാന്‍ മാണിയെ നിര്‍ബന്ധിതമാക്കിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ പിജെ ജോസഫ് ആ സ്ഥാനത്തേക്ക് വരില്ല.

ജോസഫില്‍ നിന്നുള്ള ഭീഷണി മാണിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു വലിയ പ്രശ്‌നമാവുകയില്ലെങ്കിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരെ പേടിക്കേണ്ടതായി തന്നെ വരും. അതായത് പുതിയ ചെയര്‍മാനായി പാര്‍ട്ടിയിലെ അടുത്ത തലമുറയിലുള്ള ഒരാളെ പ്രതിഷ്ഠിച്ചാല്‍ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ആശാസ്യമല്ലാത്ത രീതിയില്‍ ബാധിക്കും. മാത്രമല്ല, പുതുതായി നിയമിക്കപ്പെടുന്ന ആള്‍ എത്ര വിശ്വസ്തനായാലും പിന്നീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് നിര്‍ബന്ധമില്ല എന്നുറപ്പ്. മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനേക്കാള്‍ ഈ പ്രതിസന്ധിയാവും കെഎം മാണിക്ക് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുക. 

ഇന്ന് ഉയര്‍ന്ന് വന്ന മറ്റൊരു സംഭവ വികാസമാവും കെഎം മാണിയെ സംബന്ധിച്ചിടത്തോളം ആകെ ആശ്വാസമാവുക. അത് മന്ത്രി കെ ബാബു കൈക്കൂലി വാങ്ങുന്നത് കണ്ടു എന്ന് സാക്ഷി പറഞ്ഞിട്ടുള്ള റസീഫ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതാണ്. ബാബുവിനെതിരെ അങ്ങനെയൊരു മൊഴി വരുന്നത് മന്ത്രിസഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നുറപ്പ്. അതുകൂടി പുറത്തുവന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ കോണ്‍ഗ്രസില്‍ നടക്കുന്ന പടയൊരുക്കങ്ങള്‍ ശക്തമാവും. ഐ ഗ്രൂപ്പിന് മികച്ച ഒരു ആയുധമാകും അത്. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്റിനും ആവില്ല. അങ്ങനെയൊരു സ്ഥിതിഗതിയുണ്ടായാല്‍ പുതുതായി വരുന്ന മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ ആരോപണ വിധേയനായ മാണിയെ ഉള്‍പ്പെടുത്തുമോ അതോ ഉമ്മന്‍ചാണ്ടി 2004ല്‍ ബാലകൃഷ്ണപിള്ളയുടെ നേരെയെടുത്ത സമീപനം തന്നെ എടുക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഏത് തീരുമാനം വന്നാലും അത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാകും എന്ന കാര്യത്തില്‍ സംശയമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍