UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണവകരാറില്‍ ധാരണ പ്രഖ്യാപിച്ച് മോദി-ഒബാമ സംയുക്തപ്രസ്താവന

അഴിമുഖം പ്രതിനിധി

ഇന്തോ-യുഎസ് ആണവകരാറില്‍ നിര്‍ണായക പുരോഗതി കൈവരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും തമ്മിലുള്ള ഉച്ചകോടി അവസാനിച്ചു. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ വന്‍സഹകരണത്തിനും തീരുമാനമായിട്ടുണ്ട്. ആഗോള ഭീകരത തുടച്ച് നീക്കുന്നതിന് സമഗ്ര നടപടികള്‍ ആവശ്യമാണെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു.

ഇരു നേതാക്കളും നേരിട്ട് നടത്തിയ ചര്‍ച്ചകളിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതെന്നാണ് വിവരം. വ്യാപാര, വാണീജ്യ മേഖലകളിലും ആഗോള താപനം സംബന്ധിച്ചും നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്.

വന്‍ വിട്ടുവീഴ്ചയോടെയാകും ഇന്ത്യ കരാര്‍ അംഗീകരിച്ചതെന്നാണ് സൂചന. ആണവ വിതരണ കമ്പനികളില്‍ നിന്ന് അപകടങ്ങള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കില്ല എന്ന വ്യവസ്ഥ ഇന്ത്യ അംഗീകരിച്ചു. ഇതിന് പകരം ആണവ ഇന്‍ഷുറന്‍സ് നിധി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നല്‍കിയ വിരുന്നിന് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ചര്‍ച്ചകളില്‍ നിര്‍ണായക അഭിപ്രായ ഐക്യം ഉണ്ടായതായും സൈനികേതര ആണവോര്‍ജ്ജ ഇടപാടുകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് നീങ്ങുമെന്നും ഒബാമ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സൈനീകേതര ആണവോര്‍ജ്ജ പദ്ധതികള്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ പുരോഗതിയാണ് ആണവോര്‍ജ്ജ കരാര്‍ മൂലം ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരസ്പര നിക്ഷേപ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകും. ഇരു രാജ്യങ്ങളിലേയും സാമ്പത്തിക വളര്‍ച്ച ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് അമേരിക്ക പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് ഒബാമ അറിയിച്ചു.

2005 ല്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തമ്മില്‍ ഒപ്പിട്ട ആണവ കരാര്‍ അപകട ഉത്തരവാദിത്വ പ്രശ്‌നത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ വിതരണക്കാര്‍ക്കായിരിക്കും അതിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം. എന്നാല്‍ ആഗോള നിയമപ്രകാരം ഇത് ആണവോര്‍ജ്ജശാല പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായിരിക്കും. ആഗോള നിയമം അംഗീകരിക്കണമെന്ന് ഫ്രാന്‍സ്, യുഎസ് പോലെയുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് വളരെ കാലമായി ആവശ്യപ്പെടുകയായിരുന്നു. ഇന്തോ-യുഎസ് ബന്ധങ്ങളിലും ഈ പ്രശ്‌നം വിള്ളലുകള്‍ സൃഷ്ടിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍