UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്ലാമറസായ പ്രസിഡന്‍റ് ഒബാമയുടെ ജീവിതം

Avatar

അഴിമുഖം പ്രതിനിധി

രാഷ്ട്രീയക്കാരുടേത് ഗ്ലാമറസായ ജീവിതമാണ് എന്നത് ഒരു രഹസ്യമൊന്നുമല്ല. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കാര്യം വരുമ്പോഴോ? ജീവിതത്തിലെ ഏറ്റവും മേല്‍ത്തരമായതില്‍ ചിലത് അവര്‍ക്കാണ് കിട്ടുക. എന്താണ് ഒബാമയ്ക്ക് സ്പെഷ്യലായി കിട്ടുന്നത്? പ്രസിഡന്റിന്റെ ആഡംബരങ്ങള്‍ വിലക്കുറവില്‍ വരുന്നവയല്ല, അനാവശ്യമായി നികുതിപ്പണം ചെലവാക്കുന്നതിനെപ്പറ്റി ആളുകള്‍ പലതും പറയാറുമുണ്ട്‌. ആ ആഡംബരങ്ങളെപ്പറ്റി അറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ? ഓവല്‍ ഓഫീസില്‍ ജോലിചെയ്യുന്നതുകൊണ്ട് ഒബാമയ്ക്ക് ലഭിക്കുന്ന ആറ് സുഖസൌകര്യങ്ങള്‍ ഇതാ.

1. എയര്‍ഫോഴ്സ് 1 എയര്‍ക്രാഫ്റ്റ്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വിമാനമായിരിക്കും എയര്‍ഫോഴ്സ് 1. 1954ല്‍ ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്‌ ആണ് പ്രസിഡന്‍റുമാര്‍ അങ്ങേയറ്റം സുരക്ഷിതമായ ഈ വിമാനത്തില്‍ യാത്ര ചെയ്യുകയെന്ന പതിവുണ്ടാക്കിയത്. പ്രസിഡന്റിനെ ഒരിടത്തുനിന്നും മറ്റൊരിടത്തെയ്ക്ക് അതിവേഗമെത്തിക്കാനുള്ള ഒരു നടപടിയായി തുടങ്ങിയ ഈ വിമാന ഉപയോഗം പിന്നീട് അമേരിക്കന്‍ പ്രസിഡന്റിന്റെ സകല ആവശ്യങ്ങള്‍ക്കും ചലിക്കുന്ന ഒരു ആഡംബര ജെറ്റ് ആയി മാറി.

എയര്‍ഫോഴ്സ് 1 സത്യത്തില്‍ പറക്കുന്ന ഒരു വൈറ്റ്ഹൌസ് തന്നെയാണ്. ഓഫീസുകളും സ്വീകരണമുറിയും നിരവധി ടിവികളും പ്രസിഡന്റ് ഒബാമയുടെ ഉപയോഗത്തിനായുണ്ട്. അടുത്ത സ്ഥലത്ത് എത്തുന്നതിനുമുന്‍പ് വിശ്രമിക്കാന്‍ കിടക്കകളുണ്ട്, ഉറങ്ങുമ്പോള്‍ സുരക്ഷയെപ്പറ്റി പേടിക്കുകയും വേണ്ട, എയര്‍ഫോഴ്സ് 1 മിസൈലുകളെ പോലും തടഞ്ഞുനിറുത്തും.

2. ടാങ്ക് പോലുള്ള ആഡംബരകാര്‍


പ്രസിഡന്റിന് ആഡംബരവിമാനമുണ്ടെങ്കിലും ചിലപ്പോള്‍ കരമാര്‍ഗം യാത്ര കൂടിയേതീരൂ. അതിനുവേണ്ടിയാണ് ‘ദി ബീസ്റ്റ്’. ഓരോ പ്രസിഡന്റിനും ഓരോ ലിമോ ലഭിക്കുമെങ്കിലും പ്രസിഡന്റ് ഒബാമയ്ക്കുവേണ്ടി 2009ല്‍ നിര്‍മ്മിച്ച വാഹനം തകര്‍ക്കാന്‍ പറ്റാത്തതും അതിശയകരമായ രീതിയിലുള്ള സന്നാഹങ്ങളോടുകൂടിയതുമാണ്. ജനറല്‍ മോട്ടോര്‍സ് ഡിസൈന്‍ ചെയ്ത ഈ വാഹനത്തില്‍ ടര്‍ബോ ബൂസ്റ്റ്‌, തീ പ്രതിരോധിക്കാനുള്ള സംവിധാനം, ഫസ്റ്റ്എയിഡ് കിറ്റ്‌, ഒപ്പം ഒബാമയ്ക്ക് ഉപയോഗിക്കേണ്ടിവന്നാല്‍ ചേര്‍ച്ചയുള്ള രക്തം എന്നിവയുണ്ട്. ബുള്ളറ്റ്പ്രൂഫ്‌ കതകുകളും ജനലുകളും ധാരാളം ആയുധങ്ങളുമുള്ള ഈ വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ ഒബാമയ്ക്ക് ഫസ്റ്റ്എയിഡ് ഒരിയ്ക്കലും ഉപയോഗിക്കേണ്ടിവരില്ല. ബീസ്റ്റിന്റെ നിര്‍മ്മാണച്ചെലവ്‌ ഏകദേശം ഒന്നരമില്യണ്‍ ഡോളറാണ്. ഒരു ഗ്യാലന് (3.79 ലിറ്റര്‍) മൂന്നര മൈല്‍ ആണ് മൈലേജ്. കുറച്ച് ഇന്ധനമുപയോഗിച്ച് ദേശത്തെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരാള്‍ ഇത്രയും പരിസ്ഥിതിവിരുദ്ധ വാഹനമുപയോഗിക്കുന്നതില്‍ ഒരു വിരോധാഭാസം കാണാം.

3. ഹവായി അവധിക്കാലം


ബരാക് ഒബാമ വളര്‍ന്നത് ഹവായിയിലാണ്. വര്‍ഷത്തിലോരിക്കല്‍ കുടുംബത്തെ ഒബാമ ഹവായിയില്‍ അവധിക്കാലമാഘോഷിക്കാന്‍ കൊണ്ടുപോകാറുണ്ട്. പലപ്പോഴും ഈസ്റ്റ്കോസ്റ്റിലെ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ കൊടുംശൈത്യത്തിലാണ് ഈ അവധി. കൈലുവയിലേയ്ക്കാണ് ഒബാമ കുടുംബം സ്ഥിരമായി യാത്ര പോകാറ്. എഡി വെഡ്ഡറിന്റെ (പേള്‍ ജാം മ്യൂസിക് ബാന്‍ഡ് ഫെയിം) അടുത്തും ഹവായിയിലുള്ള മറ്റുപല ഗോള്‍ഫ് കോഴ്സുകളിലും അവര്‍ നിര്‍ത്താറുണ്ട്. നിങ്ങള്‍ മികച്ച റെസ്റ്റോറന്റുകളില്‍ തനിച്ചു ഭക്ഷണം കഴിക്കുമ്പോഴും കളിക്കാനായി ഗോള്‍ഫ് കോഴ്സുകള്‍ അടച്ചിടുമ്പോഴും ഉണ്ടാകുന്ന ചിലവ് കോടിക്കണക്കിന് ഡോളറുകളാണ്.

4. ബ്ലെയര്‍ ഹൌസ്


വൈറ്റ്ഹൌസില്‍ നിന്ന് പെന്‍സില്‍വാനിയ അവന്യുവിലേയ്ക്ക് പോകുന്ന വഴിയിലാണ് ബ്ലെയര്‍ ഹൌസ്. 1842ല്‍ നിര്‍മ്മിക്കപ്പെട്ട ഈ വീട് അമേരിക്കന്‍ സര്‍ജന്‍ ജനറലിന്റെ സ്വകാര്യഭവനമായിരുന്നു. നൂറു വര്‍ഷം മുന്‍പാണ് പ്രസിഡന്‍റിന്റെ അതിഥികള്‍ക്ക് താമസിക്കാനായി ഗവണ്‍മെന്‍റ് ഇത് വാങ്ങിയത്. പല വിദേശനേതാക്കളും അമേരിക്കയില്‍ തങ്ങിയപ്പോള്‍ ബ്ലെയര്‍ ഹൌസില്‍ താമസിച്ചിട്ടുണ്ട്. ഇവിടെ ഒരു അതിഥി താമസിക്കുമ്പോള്‍ അവരുടെ രാജ്യത്തിന്റെ കൊടി ഉയര്‍ത്തി ഈ വീടിനെ വിദേശപ്രദേശമായി പോലും പരിഗണിക്കാറുണ്ട്‌. 2008ല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒബാമയും കുടുംബവും കുറച്ചുനാള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. വൈറ്റ്‌ഹൌസിനെക്കാള്‍ വലിയ ബ്ലെയര്‍ ഹൌസില്‍ സലൂണ്‍, പൂക്കളുടെ കട, മൂന്നുഡസന്‍ ബാത്ത്റൂമുകള്‍, പതിനാല് ബെഡ്റൂമുകള്‍ എന്നിവയുണ്ട്.

5. ക്യാമ്പ് ഡേവിഡ്


വൈറ്റ്‌ഹൌസില്‍ നിന്ന് ഒരു മണിക്കൂര്‍ ദൂരത്താണ് തര്‍മോണ്ടിലെ നേവല്‍ സപ്പോര്‍ട്ട് ഫെസിലിറ്റിയായ ക്യാമ്പ് ഡേവിഡ്. ഗവണ്‍മെന്‍റ് പ്രതിനിധികള്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ കൊണ്ടുപോകാവുന്ന ഒരിടമായാണ്‌ ഇത് പണികഴിച്ചത്. എന്നാല്‍ 1938ല്‍ പൂര്‍ത്തിയായപ്പോള്‍ ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റ്‌ ക്യാമ്പ് ഡേവിഡ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഒരു വിശ്രമകേന്ദ്രമായിരിക്കും എന്ന് തീരുമാനിച്ചു. എവിടെയാണ് ഈ ക്യാമ്പ് ഡേവിഡ് എന്ന് പൊതുജനത്തിന് അറിയില്ല, കാരണം ഒരു ഭൂപടത്തിലും അത് അടയാളപ്പെടുത്തിയിട്ടില്ല.

ക്യാമ്പ് ഡേവിഡ് ആദ്യം ഷാന്ഗ്രിലാ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ കുറച്ചുകൂടി പ്രായോഗികമായ ഒരു പേര് പിന്നീട് ഉപയോഗത്തില്‍ വരികയായിരുന്നു. നിബിഡവനമുള്ള ഈ പ്രദേശത്തില്‍ പ്രസിഡന്‍റിന് ലോകത്തെപ്പറ്റിയുള്ള ചിന്തകളില്‍ നിന്ന് മാറി പ്രകൃതിയെ ആസ്വദിക്കാനാകും. ആര്‍ക്കെങ്കിലും ക്യാമ്പില്‍ താമസിക്കണമെങ്കില്‍ ഒന്നുകില്‍ പ്രസിഡന്‍റാകണം അല്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ പ്രത്യേകക്ഷണം വേണം.

6. വൈറ്റ്‌ഹൌസ്‌


ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തവും തിരിച്ചറിയാവുന്നതുമായ വീട് വാഷിംഗ്‌ടണ്‍ ഡിസിയിലെ പെന്‍സില്‍വാനിയ അവന്യുവിലെ ഈ വീടാണ്. 1800ല്‍ ജോണ്‍ ആദംസ് മുതല്‍ ഇങ്ങോട്ട് അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ താമസസ്ഥലമാണ് ഇത്. ഇവിടത്തെ ചെറിയ ജോലികള്‍ നടക്കുന്ന ഇടങ്ങളില്‍ ചില ആളുകള്‍ക്ക് സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഒരുപാടിടങ്ങളുണ്ട് വൈറ്റ്ഹൌസില്‍. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടമാണ് പ്രസിഡന്റിന്റെ ഓവല്‍ ഓഫീസ്. 55000 ചതുരശ്രഅടിയുള്ള ഈ കെട്ടിടത്തിലെ ഒരു മുറി മാത്രമാണിത്. മൂന്നുഡസന്‍ ബാത്ത്റൂമുകള്‍, 28 നെരിപ്പോടുകള്‍, 130ലേറെ മുറികള്‍ എന്നിവ ഇതിലുണ്ട്. പ്രസിഡന്‍റ് ഒബാമയ്ക്ക് വിശ്രമിക്കാന്‍ സമയം കിട്ടാറില്ലെങ്കിലും അത് കിട്ടിയാല്‍ ഉപയോഗിക്കാന്‍ ആഡംബരമുറികളും ബൌളിംഗ് ആലിയും സിനിമാ തിയേറ്ററും ഒക്കെ വൈറ്റ്‌ഹൌസ്‌ സമുച്ചയത്തിലുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍