UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒബാമ വന്നു, കച്ചവടം ഉറപ്പിച്ചു, തിരിച്ചുപോയി; നമ്മള്‍ വിളിച്ചു അമേരിക്ക, കി ജയ്

ഒബാമ വന്നു. കച്ചവടം ഉറപ്പിച്ചു. തിരിച്ചുപോയി. ഒറ്റനോട്ടത്തില്‍ ഒബാമയുടെ രണ്ടാമത്തെ ഇന്ത്യന്‍ സന്ദര്‍ശനം ഇത്രമാത്രമേയുള്ളു. ഒരര്‍ത്ഥത്തില്‍ ഗാമ മുതല്‍ ഒബാമ വരെ ചെയ്തത് ഒരേ കാര്യം തന്നെയാണ്.

എന്നാല്‍, ഒബാമയുടെ ഈ സന്ദര്‍ശനം മറ്റു കച്ചവടക്കാരില്‍ നിന്നും വ്യത്യസ്തമാകുന്നത് മറ്റൊരു കാരണത്താലാണ്. ഇന്ത്യയുടെ 60-ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ തന്നെ, ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്കാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു.

റിപ്പബ്ലിക് ദിന പരേഡു കണ്ടുകൊണ്ടിരുന്ന ഒബാമ ചില കളിപ്പിള്ളേരെപ്പോലെ ചൂയിംഗം ചവച്ചുകൊണ്ടിരുന്നതും, ഇടയ്ക്ക് പഴയ ചൂയിംഗം തുപ്പിക്കളഞ്ഞതും, പുതിയത് ചവച്ചു  തുടങ്ങിയതും അസ്വസ്ഥമായ ചില ചിന്തകള്‍ ഉണര്‍ത്തുന്നു.

ഒബാമ വരുന്നതിന് മുമ്പു തന്നെ ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അതിലൊന്നാണ് എല്‍.ഐ.സി.യുടെ എഫ്.ഡി.ഐ. ക്യാപ് 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തിയത്. ഇതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനായിരുന്നു തീരുമാനം. സഭ നടത്തിക്കൊണ്ടുപോകാന്‍ വയ്യാത്ത സാഹചര്യത്തില്‍ സഭാസമ്മേളനം തീര്‍ന്ന അടുത്ത ദിവസം തന്നെ ഇതിനുള്ള  ഓര്‍ഡിനന്‍സ് ഇറക്കി.

2011 ല്‍ ഇതേ നിര്‍ദ്ദേശം വന്നപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തത് അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി. ആയിരുന്നു. സ്വന്തം പാര്‍ട്ടിയുടെ എതിര്‍പ്പ് സ്വയം തള്ളിനീക്കിയാണ്  നരേന്ദ്ര മോദി അമേരിക്കന്‍ കച്ചവട താല്‍പര്യത്തിന് ചുവപ്പുപരവതാനി വിരിച്ചത്.

അമേരിക്കയില്‍ പൊട്ടിപാളീസായിക്കൊണ്ടിരിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് കച്ചവടം നടത്താന്‍ ഇന്ത്യയില്‍ കൗണ്ടറുകള്‍ വേണം. അതിന് എല്‍.ഐ.സി.യ്ക്ക് കടിഞ്ഞാണ്‍ ഇടണം. വിദേശ സ്വകാര്യ കമ്പനികള്‍ എല്‍.ഐ.സി.യില്‍ നിര്‍ണ്ണായക സ്ഥാനത്തെത്തുന്നതോടെ എല്‍.ഐ.സിയില്‍ നിന്ന് സര്‍ക്കാരിന് നാളിതുവരെയായി ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായത്തില്‍ പോലും വന്‍ ഇടിവ് സംഭവിയ്ക്കാം. ഇതുവരെയായി 13,320 കോടി രൂപ ഡിവിഡന്റായും 18,02,226 കോടി രൂപ പഞ്ചവത്സരപദ്ധതിയായും എല്‍.ഐ.സി. കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട് എന്ന കണക്കിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കത്തെ നോക്കിക്കാണേണ്ടത്.

ഈ മുന്നൊരുക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ആണവബാധ്യതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ വഴങ്ങിക്കൊടുക്കല്‍. Compensation for Nuclear Liability and Danger Law 2010 എന്ന ഇന്ത്യന്‍ നിയമത്തിന്റെ 17 (ബി) വകുപ്പ് ഇങ്ങനെ പറയുന്നു: The operator of the nuclear installation, after paying compensation of the nuclear installation, after paying compensation for nuclear damages in accordance with section 6, shall have a right of recourse where the nuclear incident has resulted is a consequence of an act of supplier or his employee, which includes supply of equipment of material with patent or latent defects of substandard services.

ആണവ ദുരന്തത്തിന് കാരണം വില്‍പ്പനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ എന്തെങ്കിലും കുറ്റം കാരണമാണെങ്കില്‍ നഷ്ടപരിഹാരത്തുക അയാളില്‍ നിന്നും ഈടാക്കാം എന്നു ചുരുക്കം. ഇതിനര്‍ത്ഥം അങ്ങനെ ഒരു ദുരന്തമുണ്ടായാല്‍, അത് ന്യൂക്ലിയര്‍ പ്ലാന്‍റ് ഇന്ത്യയ്ക്ക് വില്‍ക്കുന്ന അമേരിക്കന്‍ കമ്പനികളായ ജി.ഇ.ഹിറ്റാച്ചിയുടെയോ വെസ്റ്റിംഗ്ഹൗസിന്റെയോ ഭാഗത്തുനിന്നുണ്ടായ പിഴ കാരണമെങ്കില്‍, നഷ്ടപരിഹാരത്തിന്റെ ബാധ്യത, ആത്യന്തികമായി ഈ കമ്പനികളില്‍ എത്തിച്ചേരും.

1984 ലെ ഭോപ്പാല്‍ വാതകദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വകുപ്പ് 2010ലെ നിയമത്തില്‍ ഇടംപിടിച്ചത്. എന്നാല്‍ ആണവദുരന്തബാധ്യതയുടെ കാര്യത്തിലുള്ള ഈ നിര്‍ണ്ണായക വകുപ്പിനെ നിയമം അപ്പാടെ നിലനിര്‍ത്തിക്കൊണ്ട് ഷണ്ഢീകരിക്കുകയാണ്, യഥാര്‍ത്ഥത്തില്‍, ഒബാമ-മോദി ചര്‍ച്ച ചെയ്തത്.

അതിങ്ങനെയാണ്. കമ്പനികള്‍ ബാധ്യത ഏറ്റെടുക്കേണ്ടതില്ല. എന്നാല്‍ ദുരന്തത്തെത്തുടര്‍ന്ന് നഷ്ടമുണ്ടാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. അതിനുവേണ്ടി 1500 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് പൂള്‍ ഉണ്ടാക്കണം. അതിലേക്കായി 750 കോടി രൂപ ഇന്ത്യയിലെ സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളും 750 കോടി രൂപ സര്‍ക്കാരും കണ്ടെത്തും. സര്‍ക്കാരിന്റെ പണവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പണവും ഇന്ത്യാക്കാരായ നികുതിദായകരുടെ പണമാണെന്ന വസ്തുത ഇവിടെ വിസ്മരിക്കപ്പെട്ടുപോകുന്ന കാര്യമാണ്.

ഇതൊരു ചതിയാണ്. ഇന്ത്യന്‍ ഭരണകൂടം ഇന്ത്യന്‍ ജനതയോട് കാണിക്കുന്ന ചതി. പാര്‍ലമെന്റിനേയും പാര്‍ലമെന്റ് പാസാക്കിയ നിയമത്തെയും നോക്കുകുത്തിയാക്കിയശേഷം ഇന്ത്യക്കാരന്റെ മണ്ണിലേക്ക് മണ്ണുവാരിയിട്ടിട്ട് അവനെ കൊള്ളയടിക്കുന്ന ചതി.

പാര്‍ലമെന്റില്‍ ആദ്യമായി കയറുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ പടികളെ മുട്ടുകുത്തി നമസ്‌കരിച്ച മോദിയുടെ ചിത്രത്തിന് ഇവിടെ പുതിയൊരു മാനം വരുന്നു. 

ആണവദുരന്തം ഒരു രാജ്യത്തെ  എങ്ങനെയാണ് ബാധിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് ചെര്‍ണോബില്‍ ദുരന്തം. നാലു റിയാക്ടറുകളുണ്ടായിരുന്ന ചെര്‍ണോബില്‍ പവര്‍ സ്റ്റേഷന്‍ ഉക്രയിനിലായിരുന്നു. പഴയ സോവിയറ്റ് യൂണിയനിലെ ഒരു റിപബ്ലിക്കായിരുന്നു ഉക്രയിന്‍. ഓരോ റിയാക്ടറിനും ഒരു ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഉക്രെയിന് ആവശ്യമായ വൈദ്യുതിയുടെ പത്തുശതമാനം ലഭിച്ചിരുന്നത് ഈ റിയാക്ടറുകളില്‍ നിന്നായിരുന്നു.

1986 ഏപ്രില്‍ 26 ന് നാലാമത്തെ റിയാക്ടറില്‍ പൊട്ടിത്തെറിയുണ്ടായി. അപകടവുമായി ബന്ധപ്പെട്ട് 2005 വരെ 60 പേര്‍ മരിച്ചുവെന്നാണ് കണക്ക്. എന്നാല്‍,ബെലാറസ് നാഷണല്‍ അക്കാഡമി  ഓഫ് സയന്‍സസിന്റെ രേഖകളെ അടിസ്ഥാനമാക്കി ഗ്രീന്‍ പീസ് നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 93,000 പേര്‍ പല ഘട്ടങ്ങളിലായി, ഈ അപകടത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഏറ്റ്, മരണപ്പെട്ടേക്കുമെന്ന് പറയുന്നു.

അപകടം ദശലക്ഷം കോടി ഡോളറിന്റെ ബാധ്യതയാണ് ഉണ്ടാക്കിയത്. നഷ്ടപരിഹാരത്തുക,  അപകടം ഉണ്ടായ റിയാക്ടര്‍ കോണ്‍ക്രീറ്റ് ഉറകൊണ്ട് പൊതിയുക; സമീപപ്രദേശമുള്‍പ്പെടെ എക്‌സ്‌ക്ലൂസീവ് സോണ്‍ ആക്കി മാറ്റുക; 3,30,000 പേരെ മാറ്റിപാര്‍പ്പിക്കുക; ആരോഗ്യപരിരക്ഷ;  ആണവപ്രസരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനുള്ള ഗവേഷണചെലവ്; ഉപയഗോശൂന്യമായിപ്പോയ കൃഷിയിടങ്ങളുടെയും കത്തിയമര്‍ന്നുപോയ വനപ്രദേശങ്ങളുടെയും ഓപ്പര്‍ച്ചുണിറ്റി കോസ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് ഇത്രയും ഭീമമായ തുക കണക്കാക്കപ്പെടുന്നത്. (ചെര്‍ണോബില്‍ ഫോറം റിപ്പോര്‍ട്ട്: 2003-2005)

ചെര്‍ണോബില്‍ ദുരന്തത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത ആ രാജ്യത്തിന് വലിയ ക്ഷീണമുണ്ടാക്കി. സോവിയറ്റ് യൂണിയന്റെ പതനത്തിന് ആക്കം കൂട്ടിയത് ചെര്‍ണോബില്‍ ദുരന്തത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണെന്നു പോലും ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍, ചെര്‍ണോബില്‍ ദുരന്തത്തിന് രണ്ടു വര്‍ഷം മുമ്പുണ്ടായ ഇന്ത്യയിലെ ഭോപ്പാല്‍ വാതകദുരന്തത്തില്‍ പതിനായിരത്തിലേറെ പേര്‍ മരിച്ചിട്ടും നാലുലക്ഷത്തിലേറെ ആളുകള്‍ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായി മരിച്ചു ജീവിക്കുമ്പോഴും ആ ദുരന്തം ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെ തളര്‍ത്തിയില്ല.

രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഭോപ്പാല്‍ ദുരന്തം ഇന്ത്യയുടെ സാമ്പത്തികനില തകര്‍ക്കാതിരുന്നത്. ഒന്ന്, നഷ്ടപരിഹാരം നല്‍കിയത് അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയായിരുന്നു. രണ്ട്, ഇന്ത്യയും അമേരിക്കന്‍ കമ്പനിയും ചേര്‍ന്ന് ഇരകളായ് തീര്‍ന്ന ഇന്ത്യക്കാരെ വഞ്ചിക്കുകയായിരുന്നു.

1984 ഡിസംബര്‍ രണ്ടാം തീയതി രാത്രിയാണ് വാതകചോര്‍ച്ചയുണ്ടായത്. ഫാക്ടറിയില്‍ നിന്ന് 40 ടണ്‍ മീതൈല്‍ ഐസോ സെനറ്റ് ചോര്‍ന്നു. ഈ ദുരന്തം ലോകത്തിലെ മഹാദുരന്തങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. മൃതശരീരങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചു. ‘ഇന്ത്യാ ടുഡേ’യുടെ ഫോട്ടോഗ്രാഫര്‍ രഘുറായ് പകര്‍ത്തിയ ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രങ്ങള്‍ ഭയപ്പെടുത്തുന്ന ഓര്‍മ്മകളായി ഇന്നും ഇന്ത്യാക്കാരെ വേട്ടയാടുന്നു.

നഷ്ടപരിഹാരത്തിനായി നീണ്ട നിയമയുദ്ധം നടന്നു. 3.3 ബില്യണ്‍ ഡോളറായിരുന്ന നഷ്ടപരിഹാരത്തുകയായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. അതിന് അമേരിക്കന്‍ കമ്പനി തയ്യാറായില്ല. പ്രശ്‌നം കോടതിയ്ക്കു പുറത്തു വച്ച് പരിഹരിക്കാന്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എസ്.പഥക് താല്‍പ്പര്യമെടുത്തു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവില്‍ തുക 3.3 ബില്യണില്‍ നിന്ന് 470 കോടി ഡോളറായി കുറഞ്ഞു. ഇതോടെ കമ്പനിക്കെതിരെയുള്ള ക്രിമിനല്‍ ലയബലിറ്റിയും ഇല്ലാതായി. റിട്ടയര്‍ ചെയ്ത് മൂന്നുമാസത്തിനകം ഹെയ്ഗിലെ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിലെ അംഗമായി ജസ്റ്റിസ് പഥക് നിയമിതനായി. യൂണിയന്‍ കാര്‍ബൈഡിന് അനുകൂലമായ സാഹചര്യം ഒരുക്കിയതിന് പ്രത്യുപകാരമായിട്ടായിരുന്നു ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും ജസ്റ്റിസ് പഥകിനെ തിരഞ്ഞെടുത്തത് എന്ന ആരോപണം ശക്തമായി ഇന്നും നിലനില്‍ക്കുന്നു. (ദി ഹിന്ദു, മേയ് 14, 2012)

ഏറെ വിചിത്രം കമ്പനിയുടെ ചെയര്‍മാന്‍ അന്‍ഡേഴ്‌സന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ തിടുക്കമായിരുന്നു. 1984 ഡിസംബര്‍ ഏഴാം തീയതി ഭോപ്പാലിലെത്തിയ അന്‍ഡേഴ്‌സനെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിട്ടയയ്ക്കാനുള്ള ഉത്തരവായി. ആരെങ്കിലും അത് കോടതിയില്‍ ചോദ്യംചെയ്താലോയെന്ന് ഭയന്ന് ഉടന്‍ തന്നെ അന്‍ഡേഴ്‌സനെ ഇന്ത്യയ്ക്ക് പുറത്തുകടത്തി.  VT-EID King Air -200C എന്ന വിമാനത്തിന്റെ ലോഗ് ബുക്കില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എന്നാണ് പൈലറ്റ് രേഖപ്പെടുത്തിയത്. അര്‍ജ്ജുന്‍ സിംഗായിരുന്നു അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി. സിംഗിന് നിര്‍ദ്ദേശം കിട്ടിയത് പ്രധാനമന്ത്രി രാജീവ്ഗാന്ധിയില്‍ നിന്നും. പൈലറ്റിന് നിര്‍ദ്ദേശം നല്‍കുമ്പോള്‍ അര്‍ജ്ജുന്‍സിംഗ് ഭോപ്പാലിന് വെളിയിലായിരുന്നു. വാതകദുരന്തം ഉണ്ടായ വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ സിംഗ് ഭോപ്പാലിന് പുറത്തേക്ക് വിമാനത്തില്‍ കടക്കുകയായിരുന്നു.

ഭോപ്പാല്‍ ദുരന്തത്തിന്റെ 30-ാം വാര്‍ഷികത്തില്‍ ആണവ റിയാക്ടര്‍ പൊട്ടിയാലുണ്ടാകുന്ന ബാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റോ പത്രങ്ങളോ ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചോ മരിയ്ക്കാതെ ജീവിക്കുന്ന ലക്ഷക്കണക്കിനുള്ള ഭോപ്പാല്‍ ഇരകളെക്കുറിച്ചോ പറഞ്ഞില്ല.

പക്ഷെ, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഒബാമയ്ക്കും മോദിയ്ക്കുമെതിരെ ഒരു തുറന്ന കത്തെഴുതി. ”ഭോപ്പാലിലെ ദുരന്തം ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു. അത് തടയാന്‍ കഴിയാതിരുന്ന ആള്‍ക്കാരെ ദുരന്തത്തിന്റെ ഉത്തരവാദികളായി പ്രഖ്യാപിക്കണം. ദുരന്തത്തിന്റെ കേന്ദ്രകഥാപാത്രമായ യൂണിയന്‍ കാര്‍ബൈഡ് നിയമത്തിന്റെ കണ്ണില്‍ നിന്ന് 20 വര്‍ഷമായി ഒളിച്ചുനടക്കുന്നു. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യന്‍ കോടതികളെ ഇനിയെങ്കിലും ബഹുമാനിയ്ക്കണം എന്ന കാര്യം അമേരിക്ക ഉറപ്പുവരുത്തണം.”

ഒന്നും സംഭവിയ്ക്കില്ല എന്ന് എല്ലാപേര്‍ക്കും അറിയാം. രാജീവ്ഗാന്ധിയും മന്‍മോഹന്‍സിംഗും  നരേന്ദ്ര മോദിയും, അമേരിക്കയോടുള്ള വിധേയത്വത്തിന്റെ കാര്യത്തിലെങ്കിലും, ഒട്ടും വ്യത്യസ്തരല്ല എന്ന് ആര്‍ക്കാണ് അറിയാത്തത്?

ഭാവിയില്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ് ഒബാമയുടെ ആവശ്യം. അങ്ങനെ ഒരു ബുദ്ധിമുട്ട് ഒരുകാരണവശാലും ഉണ്ടാകില്ലെന്ന് മോദി ഉറപ്പുകൊടുത്തു. അതായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട ചര്‍ച്ചയുടെ യഥാര്‍ത്ഥ ഫലം. (ആണവദുരന്തമുണ്ടായാല്‍ ഇന്ത്യയ്ക്ക് പുറത്തുകടക്കാന്‍ മോദിക്കുവേണ്ടി ഒരു പ്രത്യേക വിമാനം ഒബാമ സമ്മാനിക്കുന്നുണ്ടത്രേ.)

ലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ ജീവന്‍ കൊടുത്തും അമേരിക്കന്‍ കമ്പനിയെ രക്ഷിക്കും എന്നതാണ് പുതിയ മുദ്രാവാക്യം. ഓരോ ഇന്ത്യാക്കാരനും അത് ഏറ്റുപറയണം. അങ്ങനെ പറഞ്ഞില്ലെങ്കില്‍ അത് ദേശദ്രോഹമാണ്. ദേശദ്രോഹം വലിയ കുറ്റമാണ്. 

കാര്യങ്ങള്‍ ഇതായിരിക്കെയാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ നരേന്ദ്ര മോദിയുടെ സ്വന്തം പേര് പ്രിന്റ് ചെയ്ത സ്യൂട്ടിനെക്കുറിച്ചും മിഷെലിനു വേണ്ടി തയ്യാറാക്കിവച്ച, അവര്‍ ഒരിക്കലും ഉടുക്കാന്‍ സാധ്യതയില്ലാത്ത, പട്ടുസാരികളെക്കുറിച്ചും മോദിയുടെ ഭാര്യ യശോധാ ബെന്നിന്റെ കാത്തിരിപ്പിനെക്കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്തത്.

ദില്ലിയിലെ മാധ്യമങ്ങള്‍ ഇതൊക്കെ ചെയ്യുമ്പോള്‍ പാവം കേരളത്തിലെ ചാനലുകള്‍ എന്തു ചെയ്യും? ‘ഒബാമയുടെ പ്രസംഗത്തില്‍ കേരളത്തിന് പ്രശംസ’ എന്ന് ചാനലുകള്‍ വാര്‍ത്ത സ്‌ക്രോള്‍ ചെയ്തു. എന്തൊരു അംഗീകാരം!

വാസ്തവത്തില്‍ ഒബാമ പറഞ്ഞതെന്തായിരുന്നു? ”കേരളം മുതല്‍ ഗംഗവരെയുള്ള കായല്‍ ഭംഗിയായി സൂക്ഷിക്കണം.” ഇതിനര്‍ത്ഥം ഇപ്പോള്‍ കേരളത്തിലെ കായലുകള്‍ ഉള്‍പ്പെടെ, വൃത്തികേടാണ് എന്നല്ലേ? അതാണോ പ്രകീര്‍ത്തിക്കല്‍? അതോ ഒബാമ കേരളത്തിനെ കുറിച്ച് എന്തു പറഞ്ഞാലും, അത് രണ്ട് തെറിയാണെങ്കിലും, മലയാളിക്ക് അഭിമാനത്തിന് വകയുണ്ടെന്നാണോ?

സായിപ്പ് വണ്ടര്‍ഫുള്‍ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ‘പരമബോറ്’ എന്നാണെന്നിരിക്കെയാണ്  സായിപ്പ് വൃത്തികേട് എന്നു പറഞ്ഞതുപോലും പ്രകീര്‍ത്തിക്കലാകുന്നത്.

എന്തൊരു നാണക്കേട്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍