UPDATES

ബാര്‍ കോഴ; വിഎസ് സുപ്രീം കോടതിയിലേക്ക്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ആരോപണ വിധേയരായ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം. ഇത് സംബന്ധിച്ച് അദ്ദേഹം ഹൈക്കോടതിയില്‍ തനിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി. കേസുമായി ധൈര്യത്തോടെ മുന്നോട്ട് പോകാമെന്ന നിയമോപദേശമാണ് അവര്‍ നല്‍കിയത്.

എക്‌സൈസ് മന്ത്രി കെ.ബാബു, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 28നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് വി.എസ് നല്‍കിയ കത്ത് തള്ളിയിരുന്നു. മന്ത്രിമാരുടെ പങ്കു വെളിവാക്കുന്ന രേഖകള്‍ ഇല്ലെന്നും ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പുതിയ കേസിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഡയറക്ടര്‍ കത്ത് തള്ളിയത്.

എന്നാല്‍ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച വി.എസ് വീണ്ടും കത്തു നല്‍കിയിട്ടുണ്ട്. ഈ കത്ത് വിജിലന്‍സ് പരിശോധിക്കുകയാണ്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടോയെന്ന് ഡയറക്ടര്‍ നിയമോപദേശം തേടും.

കെ.എം. മാണിക്കെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ഇതുണ്ടായില്ല. ഇതിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത് വന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പരസ്യമായി ഉന്നയിച്ചില്ലെങ്കിലും മാണിയും പരോക്ഷമായി ഈ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു വീണ്ടും നിയമോപദേശം തേടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍