UPDATES

വിദേശം

കറ്റാലന്‍ സ്വാതന്ത്ര്യത്തിന് ബാര്‍സലോണ ക്ലബ്ബിന്റെ പന്തുരുട്ടല്‍

Avatar

അലക്‌സ് ഡഫ്
(ബ്ലൂബര്‍ഗ് ന്യൂസ്)

സ്‌പെയിനില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്രമാകാനുള്ള കാറ്റലോണിയന്‍ ഹിതപരിശോധനയെ പിന്തുണയ്ക്കാന്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബിന്റെ തീരുമാനം. നാലുതവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ, കറ്റാലന്‍ ദേശീയതയുടെ പ്രതീകമായ ബാഴ്‌സയുടെ ഈ തീരുമാനത്തിന് പിന്നില്‍ ക്ലബിന്റെ വാണിജ്യതാല്‍പര്യങ്ങളും കാരണമാണ്.

ക്ലബ്ബിന്റെ 99,000 പേര്‍ക്കിരിക്കാവുന്ന മൈതാനത്ത് പന്തുകളികള്‍ ദേശീയവാദ പ്രകടനങ്ങളാക്കി മാറ്റുകയാണ് ആരാധകര്‍. വിഭജനം ആവശ്യപ്പെടുന്ന പ്രകടനങ്ങളില്‍ ചില കളിക്കാരും പങ്കുചേരുന്നു. ഹിതപരിശോധന ആവശ്യപ്പെട്ടുള്ള പ്രചാരണത്തില്‍ ക്ലബ്ബും ഒപ്പുവെച്ചു. ഇതൊക്കെയായാലും ക്ലബ്ബിന്റെ വാണിജ്യവിജയം സ്പാനിഷ് ലീഗിലെ പങ്കാളിത്തവും റയല്‍ മാഡ്രിഡുമായുള്ള അതിന്റെ ചരിത്രപരമായ മാത്സര്യവുമാണ്.

‘അവര്‍ വളരെ ശ്രദ്ധിച്ചു നീങ്ങേണ്ടതുണ്ട്’, Barca: A People’s Passion എന്ന പുസ്തകമെഴുതിയ ജിമ്മി ബേണ്‍സ് പറയുന്നു. ‘സ്വയം നാശത്തിലേക്കുള്ള വഴിയിലൂടെ നീങ്ങാന്‍ അവര്‍ ഒരുമ്പെടുമോ?’

‘ഒരു ക്ലബ്ബിലുമധികം’ എന്ന ബാര്‍സയുടെ ലക്ഷ്യം, 2005നും 2013നും ഇടക്ക് മൂന്നു യൂറോപ്യന്‍ കിരീടങ്ങളും ആറ് സ്പാനിഷ് കിരീടങ്ങളും എന്ന ചരിത്രനേട്ടത്തിലൂടെ അവര്‍ സാധൂകരിച്ചു. അക്കാലത്ത് സ്‌പെയിന്‍ സര്‍ക്കാര്‍ നിഷേധിച്ച ഹിതപരിശോധനക്കായുള്ള ആവശ്യം കാറ്റലോണിയയില്‍ അതിശക്തമായി.

രാജ്യം വിഘടിക്കുകയും, തുടര്‍ന്ന് സ്പാനിഷ് ലീഗില്‍ നിന്നും ബാര്‍സലോണയെ പുറത്താക്കുകയും ചെയ്താല്‍; ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ആരാധകരെ ക്ലബ്ബിന് നഷ്ടപ്പെടും. ഇതവരുടെ 680 ദശലക്ഷം ഡോളറിന്റെ വാര്‍ഷിക വില്‍പ്പനയെ ബാധിക്കുമെന്നും ബേണ്‍സ് പറയുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

കാല്‍ നൂറ്റാണ്ടു കൊണ്ട് ജര്‍മ്മനി യൂറോപ്പിനെ കീഴടക്കിയ വിധം
ബെന്‍ ബ്രാഡ്ലീ : ഇതിഹാസം ഈ പത്രാധിപര്‍
ബര്‍ലിന്‍ പുതിയ നഗരമാണ്
ഹോങ്കോങ്ങ് പ്രതിഷേധം; തോല്‍വിയുടെ 4 കാരണങ്ങള്‍ (തോല്‍ക്കാഞ്ഞതിന്റെയും)
സ്കോട്ടിഷ് സ്വാതന്ത്ര്യ വാദം തുറന്നു വിട്ട ഭൂതം യു കെയെ ബാധിക്കുമ്പോള്‍- ഇഷാന്‍ തരൂര്‍ എഴുതുന്നു

നവംബര്‍ 9നുള്ള ഹിതപരിശോധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പോയതോടെ കാറ്റലോണിയയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനിടെ ഇരുടീമുകളും ഏറ്റുമുട്ടുകയും ചെയ്യുന്നു.

2004നു ശേഷം ബാര്‍സലോണയുടെ വരുമാനം മൂന്നിരട്ടിയോളമാക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സും നൈകും അടക്കമുള്ള പ്രായോജകര്‍ഏറെ സഹായിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന വരുമാനമുള്ള സംഘമാണ് ബാര്‍സലോണ. അവരുടെ ലീഗ് കളികള്‍ കാണിക്കാന്‍ മീഡിയപ്രോ എന്ന ടെലിവിഷന്‍ കമ്പനിയുമായി ഒരു വര്‍ഷത്തേക്ക് 135 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ക്ലബ്ബ് ഏര്‍പ്പെട്ടിരിക്കുന്നത്.

193 ബില്ല്യണ്‍ യൂറോയുടെ വാര്‍ഷിക ഉത്പാദനമുള്ള 74 ദശലക്ഷം ജനസംഖ്യയുള്ള കാറ്റലാനുകള്‍ സ്‌പെയിനിലെ ഏറ്റവും വലിയ സാമ്പത്തിക ഭൂപ്രദേശമാണ്. കഴിഞ്ഞ മാസം ബ്രിട്ടന്റെ കൂടെ നില്ക്കാന്‍ ഒടുവില്‍ ആളുകള്‍ തീരുമാനിച്ച സ്‌കോട്‌ലണ്ടിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഉത്പാദനത്തിന്റെ കാര്യത്തില്‍ കാറ്റലോണിയയുടെ വടക്കുകിഴക്കു ഭാഗത്ത് പ്രതിശീര്‍ഷ ഉത്പാദനം യൂറോപ്യന്‍ യൂണിയന്‍ ശരാശരിയെക്കാള്‍ 17% മുകളിലാണ്. സ്‌പെയിന്‍ മൊത്തമെടുത്താല്‍ ഇത് 5% താഴെയും.

ഹിതപരിശോധന നടത്താനായി മേഖല പ്രസിഡണ്ട് ആര്‍തര്‍ മാസ് മാഡ്രിഡിലെ സര്‍ക്കാരുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ഗുസ്തി പിടിക്കുകയാണ്. ഇതിന് തടയിടാന്‍ പ്രധാനമന്ത്രി മറിയാനോ റക്‌സോയ്ക്ക് ഒരു കോടതി ഉത്തരവിന്റെ പിന്‍ബലമുണ്ടെങ്കിലും പ്രാദേശിക ഐക്യം ഉണ്ടാക്കി മറികടക്കാനാണ് കാറ്റലന്‍ നേതാവ് ശ്രമിക്കുന്നത്.

ഈ വര്‍ഷം ആദ്യം പ്രാദേശിക സര്‍ക്കാര്‍ നടത്തിയ ഒരു അഭിപ്രായ കണക്കെടുപ്പ് പ്രകാരം 47 ശതമാനം കാറ്റലന്‍കാര്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നു. വിഭജനത്തെ എതിര്‍ത്തു വോട്ട് ചെയ്യുമെന്നു പറഞ്ഞവര്‍ 28 ശതമാനമാണ്.

കാമ്പ് നൂവിലെ കളികളില്‍ ഇപ്പോള്‍ രാഷ്ട്രീയ സംഘര്‍ഷം കിനിഞ്ഞിറങ്ങുന്നുണ്ട്. അവിടുത്തെ കളികളില്‍ 17:14 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചില ആരാധകര്‍ ‘സ്വാതന്ത്ര്യം’ എന്നു ആര്‍ത്തുവിളിച്ചു. ചിലരതിനെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചു. ഇവിടുത്തെ പാര്‍ലമെന്റ് അടച്ചുപൂട്ടിക്കൊണ്ടു, സ്പാനിഷ് പിന്തുടര്‍ച്ചാവകാശ യുദ്ധത്തില്‍ സ്‌പെയിനിലെ ഫെലിപ് അഞ്ചാമന്‍ കാറ്റലന്‍ സൈന്യത്തെ തോല്‍പ്പിച്ച 1714 എന്ന വര്‍ഷത്തിന്റെ ഓര്‍മ്മക്കായാണ് ഈ സമയം തെരഞ്ഞെടുത്തത്.

‘കാറ്റലോണിയ സ്‌പെയിനല്ല’ എന്നെഴുതിയ ശീലയും ആരാധകര്‍ ഉയര്‍ത്തി. സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന നീല നക്ഷത്രമുള്ള ചുവപ്പും മഞ്ഞയും നിറങ്ങളിലെ കാറ്റലാന്‍ പതാകയും അവര്‍ വീശി. 

സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനക്കായി പ്രചാരണം നടത്തുന്ന ദേശീയ ഉടമ്പടിയില്‍ മറ്റ് കാറ്റലാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 10നു ക്ലബ്ബും പങ്കാളികളായി. മിഗ്വെല്‍ പ്രിമോ റിവേരയുടെയും ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെയും സ്വേച്ഛാധിപത്യഭരണകാലത്ത് കാറ്റലോണിയയുടെ വ്യതസ്തമായ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച ഒരു പ്രതീകമായിരുന്ന ക്ലബ്ബിന്റെ പഴയ കാലത്തെയാണ് ഈ നീക്കം അനുസ്മരിപ്പിക്കുന്നതെന്ന് ബാര്‍സലോണ വൈസ് പ്രസിഡണ്ട് കാര്‍ലോസ് വിലാറൂബി പറഞ്ഞു.

ബാര്‍സലോണയുടെ കളിയുടെ അച്ചുതണ്ട് അര്‍ജന്റീനയുടെ മെസ്സിയും, പിന്നെ ഇപ്പോള്‍ വന്ന ബ്രസീലിന്റെ നെയ്മറുമാണെന്നു പറയാം. 2008നു ശേഷം രണ്ട് യൂറോപ്യന്‍ കിരീടങ്ങളും, ഒരു ലോകകപ്പും നേടിയ സ്പാനിഷ് ടീമിന്റെ നട്ടെല്ലായിരുന്നു ബാര്‍സലോണയെന്നതും പ്രസക്തമാണ്. ഇവരില്‍ പല കളിക്കാരും ഇപ്പോള്‍ ഹിതപരിശോധനയെ പിന്തുണക്കുകയാണ്.

കാറ്റലന്‍ ദേശീയദിനമായ സെപ്റ്റംബര്‍ 11നു മധ്യനിര കളിക്കാരന്‍ ചാവി ഹെര്‍ണാണ്ടെസ് ചുമലില്‍ കാറ്റലന്‍ പതാകയും ചുറ്റി ബാര്‍സലോണയിലെ തെരുവില്‍ അഞ്ചുലക്ഷം പേരുടെ സ്വാതന്ത്ര്യാനുകൂല ജാഥയില്‍ ചേര്‍ന്നു. ഈ പ്രദേശത്തുനിന്നുള്ള പ്രതിരോധനിര കളിക്കാരന്‍ ജെറാഡ് പിക് അതേദിവശം തന്നെ കാറ്റലന്‍ നിറങ്ങളണിഞ്ഞ തന്റെ കുഞ്ഞുമൊത്ത് ഒരു ചിത്രം പരസ്യപ്പെടുത്തി. 

മറുവശത്ത്, ബ്രസീലുകാരനായ പ്രതിരോധനിര കളിക്കാരന്‍ ഡാനി ആല്‍വേസ് ഒരു പത്രത്തോടു പറഞ്ഞത് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന മിക്ക കാറ്റലാന്‍കാര്‍ക്കും സ്‌പെയിനില്‍ നിന്നും വിട്ടുപോന്നാല്‍ പിന്നെ എന്ത് എന്ന കാര്യത്തിനെക്കുറിച്ച് വലിയ പിടിയില്ല എന്നതാണ്. എഴുത്തുകാരനായ മിറാവിട്‌ലസ് പറയുന്നത്: സ്വാതന്ത്ര്യമുന്നേറ്റത്തെ പിന്തുണക്കുന്നവരുടെ ബഹളം ക്ലബ്ബിലെ അഭിപ്രായവ്യത്യാസങ്ങളെ മൂടിവെക്കുന്നു എന്നാണ്.

‘ഇന്നത്തെപ്പോലെ ബാര്‍സലോണ ക്ലബ്ബ് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല,’ മിറാവിട്‌ലസ് പറയുന്നു. ‘ലോകത്തിലെത്തന്നെ ഏറ്റവും രാഷ്ട്രീയവത്കരിക്കപ്പെട്ട ക്ലബ്ബാണിത്.’വിഘടനവാദികള്‍ വിജയിച്ചാല്‍ ഇത് തിരിച്ചടിയായേക്കും. സ്‌പെയിനിലെ നിയമമനുസരിച്ച് കാറ്റലോണിയ സ്വതന്ത്രമായാല്‍ ബാര്‍സലോണക്കും ഇവിടെനിന്നുള്ള മറ്റൊരു ക്ലബ്ബായ എസ്പാന്യോലിനും സ്പാനിഷ് ലീഗില്‍ കളിക്കാനാകില്ലെന്ന് ലീഗ് അദ്ധ്യക്ഷന്‍ ജാവിയര്‍ ടെബാസ് പറഞ്ഞു.

എന്നാലിതൊന്നും ക്ലബ്ബിനെ അലോസരപ്പെടുത്തുന്നില്ല എന്നു വിലാറൂബി പറയുന്നു. ഫെയ്‌സ്ബുകില്‍ 70 ദശലക്ഷം ആരാധകരും 500 ദശലക്ഷം യൂറോ വരുമാനവും, പിന്നെ മെസ്സിയും നെയ്മറുമുള്ളപ്പോള്‍ എതിരെ കളിക്കാന്‍ ആരെയെങ്കിലും കണ്ടെത്താന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ക്കെതിരെ കളിക്കാന്‍ ആളുകള്‍ തിക്കിത്തിരക്കും.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍