UPDATES

വിദേശം

മുങ്ങിത്താഴുമ്പോഴും തന്റെ പ്രിയപ്പെട്ട വയലിന്‍ മാറോട് ചേര്‍ത്ത് കുര്‍ദ്ദിഷ് വയലിനിസ്റ്റ് ബാരിസ് യാസ്ഗി

യൂറോപ്പില്‍ അഭയം പ്രാപിക്കാനുള്ള ശ്രമത്തിനിടയില്‍ ഏജിയന്‍ കടലില്‍ വച്ചാണ് ദുരന്തം ഉണ്ടായത്

ലോക മനഃസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി മറ്റൊരു അഭയാര്‍ത്ഥി ബോട്ട് ദുരന്തം കൂടി. 22 കാരനായ കുര്‍ദ്ദിഷ് വയലിനിസ്റ്റ് ബാരിസ് യാസ്ഗിയുടെ മുങ്ങിമരണമാണ് ലോകം ഞെട്ടലോടെ ശ്രവിച്ചത്. മുങ്ങിത്താഴുമ്പോഴും തന്റെ പ്രിയപ്പെട്ട വയലിന്‍ അദ്ദേഹം മാറോട് ചേര്‍ത്ത് വെച്ചിരുന്നു. ബല്‍ജിയത്തില്‍ സംഗീതം പഠിക്കാനായുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹം ദുരന്തത്തിന് ഇരയായത്. ടര്‍ക്കിഷ് തീരസംരക്ഷണ സേനയാണ് ദുരന്തം ലോകത്തെ അറിയിച്ചത്.

ചിത്രങ്ങളില്‍ നിന്നും ബാരിസ് യാസ്ഗിയാണ് മരിച്ചതെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞതായി സഹോദരന്‍ സെന്‍ഗിസ് യാസ്ഗി പറഞ്ഞു. തന്റെ വയലിന്‍ യാസ്ഗിയ്ക്ക് അത്രയും പ്രിയപ്പെട്ടതായതിനാല്‍ മുങ്ങിമരിക്കുമ്പോള്‍ പോലും അത് ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സഹോദരന്‍ പറയുന്നു. എങ്ങനെയും യൂറോപ്പില്‍ അഭയം പ്രാപിക്കാനുള്ള വ്യര്‍ത്ഥശ്രമത്തിനിടയില്‍ ഏജിയന്‍ കടലില്‍ വച്ചാണ് ദുരന്തം ഉണ്ടായത്. ഏപ്രില്‍ 23ന് നടന്ന അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മറ്റ് 16 പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമാണ് സാധിച്ചത്. ഈ വര്‍ഷം ഇതുവരെ 1100 അഭയാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു എന്നാണ് കണക്ക്.

കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു ബാരിസ്. ഒമ്പത് സഹോദരങ്ങളാണ് അദ്ദേഹത്തിനുള്ളത്. സിറിയക്കാരും ഇറാക്കികളും അഫ്ഗാന്‍കാരുമായ അഭയാര്‍ത്ഥികള്‍ മുങ്ങിമരിക്കുന്നത് സാധാരണമായ തുര്‍ക്കിയില്‍ പക്ഷെ ബാരിസിന്റെ മരണം വലിയ ഞെട്ടലോടെയാണ് ശ്രവിച്ചത്. ബാരിസ് പഠിച്ചിരുന്ന സ്‌കൂളിലെ കൂട്ടുകാരൊക്കെ ഇപ്പോഴും ഞെട്ടലില്‍ ആണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ കൂട്ടുകാരി പറഞ്ഞു. ഇസ്താംബൂളിലെ കഫേകളിലും തെരുവുകളിലും ബാരിസ് വയലിന്‍ വായിച്ചിരുന്നു. ഔദ്ധ്യോഗികമായ സംഗീതം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. യൂറോപ്പിലേക്ക് പോകുന്നതിനായി ഇംഗ്ലീഷ് പഠനവും ആരംഭിച്ചിരുന്നു. പക്ഷെ, തൊഴിലും ഇന്‍ഷുറന്‍സും പണവും ഇല്ലാതിരുന്ന ബാരിസിന് യൂറോപ്പ് വിസ ലഭിക്കുക അസാധ്യമായിരുന്നു.

കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്തുകാരുടെ ബോട്ടില്‍ ബാരിസ് ഗ്രീസിലേക്ക് പോയിരുന്നു. എന്നാല്‍ അവിടെ സഹോദരന്റെ അടുത്തേക്ക് പോയെങ്കിലും തീരെ ചെറുപ്പമായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ തുര്‍ക്കിയിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു ബല്‍ജിയത്തിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചത്. അവിടെ ധാരാളം സംഗീത വിദ്യാലയങ്ങള്‍ ഉണ്ട് എന്നതായിരുന്നു ആകര്‍ഷണം. ജൂലൈ 15ന് തുര്‍ക്കി പ്രസിഡന്റ് റെസെപ് തായിപ്പ് എര്‍ദോഗനെതിരെ കലാപം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബാരിസ് ഇസ്താംബൂളില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് ഒരു ലക്ഷത്തിലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുര്‍ദ്ദിഷ് വംശജര്‍ക്കെതിരെ സംശയം ബലപ്പെട്ടു. അതുകൊണ്ട് തന്നെ മടങ്ങിപ്പോന്നതില്‍ ബാരിസ് അത്യധികം നിരാശനായിരുന്നു. പക്ഷെ വീണ്ടും ഒരു യാത്ര ശ്രമം കൂടി നടത്തരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി സെന്‍ഗിസ് പറയുന്നു.

പക്ഷെ ഒടുവില്‍ മനുഷ്യക്കടത്തുകാരുടെ പ്രലോഭനത്തില്‍ വീണുപോയ ബാരിസ് തന്റെ അവസാനയാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ബാരിസിന്റെ മൃതദേഹം ഇസ്താംബൂളില്‍ സംസ്‌കരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍