UPDATES

വിദേശം

വന്‍ പ്രചാരണവുമായി തുടങ്ങിയ തിരംഗ ചാനലിൽ ആറ് മാസമായി ശമ്പളം ഇല്ല, ജീവനക്കാരെ പിരിച്ചുവിട്ടു, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ ആരോപണവുമായി ബര്‍ക്കാ ദത്ത്

പരസ്യവരുമാനം ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്ന് സൂചന

തെരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച തിരംഗ ടിവി പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ 200 ഓളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ഭാര്യയ്ക്ക് നിര്‍ണായക പങ്കാളിത്തമുളള അനലോഗ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനാണ് ചാനലിന്റെ പ്രക്ഷേപണത്തിന്റെ ഉത്തരവാദിത്തം. വീക്കോണ്‍ മീഡിയ ബ്രോഡ്കാസ്റ്റിംങുമായി സഹകരിച്ചാണ് ചാനലിന്റെ പ്രവര്‍ത്തനം.  ജീവനക്കാരെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിട്ടതിനെതിരെ ബര്‍ക്കാദത്ത് കപില്‍ സിബലിനെ വിമര്‍ശിച്ച് രംഗത്തെത്തി

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ചാനല്‍ ഡിജിറ്റല്‍ സംപ്രേഷണം തുടങ്ങിയത്. ബര്‍ക്കാ ദത്ത്, കരണ്‍ ഥാപ്പര്‍ തുടങ്ങിയ ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയിലെ പ്രമുഖരായിരുന്നു ചാനലിലുണ്ടായിരുന്നത്. ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന പ്രചാരണം കഴിഞ്ഞ കുറച്ചുദിവസമായി നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ആറുമാസമായി ശമ്പളം ഇല്ലാതെയാണ് ഇവരെ ജോലി ചെയ്യിപ്പിച്ചതെന്നാണ് ആരോപണം. ഈ ആരോപണത്തെ പിന്തുണച്ചാണ് ബര്‍ക്കാ ദത്ത് രംഗത്തെത്തിയത്. പൊതു സമൂഹത്തിന് മുന്നില്‍ വിശുദ്ധനായി അവതരിക്കുന്ന കപില്‍ സിബലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ തളളിയിട്ടതെന്ന് ആരോപിച്ച് ബര്‍ക്ക ദത്ത് ട്വീറ്റ് ചെയ്തു.

ചാനലിന്റെ യുട്യൂബ് സംപ്രേഷണത്തില്‍ പരസ്യങ്ങള്‍ ഇല്ലാത്തതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്നാണ് സൂചന.

റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ തുടങ്ങിയ ചാനലുകളുടെ പ്രവര്‍ത്തന രീതിയില്‍നിന്ന വ്യത്യസ്തമായ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമായിരിക്കുമെന്ന രീതിയിലായിരുന്നു തിരംഗ പ്രവര്‍ത്തനം ആരംഭിച്ചത്. ബര്‍ക്കാ ദത്ത്, കരണ്‍ ഥാപ്പര്‍ തുടങ്ങിയവരുടെ സാന്നിധ്യം അത്തരത്തിലൊരു പ്രതീക്ഷ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ശമ്പളം ഇല്ലാതെയാണ് ജീവനക്കാര്‍ക്ക് ജോലിചെയ്യേണ്ടി വന്നതെന്നാണ് പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നത്. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ നോട്ടീസുപോലുമില്ലാതെ പിരിച്ചുവിട്ടതിനെതിരെ കഴിഞ്ഞ ദിവസം കപില്‍ സിബലിന്റെ വീട്ടിന് മുന്നില്‍ ജീവനക്കാര്‍ ധര്‍ണ നടത്തിയിരുന്നു. കപില്‍ സിബലിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നുമായിരുന്നു ജീവനക്കാരുടെ ആക്ഷേപം.

തിരംഗ ടിവി ജനുവരി 26 മുതലാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അനലോഗ് മീഡിയ അതിന്റെ പ്രവര്‍ത്തനം ജൂണ്‍ മാസം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2018 -19 കാലത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കണക്കുകള്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നാണ സൂചന.

2017 – 18 ലെ കണക്കുപ്രകാരം കപില്‍ സിബലിന്റെ ഭാര്യ പ്രൊമീള സിബലിനാണ് അനലോഗില്‍ 99 ശതമാനം ഓഹരിയും. ഇവര്‍ക്ക് പുറമെ കപിലിന്റെ ഭാര്യ സഹോദരന്‍ അരുണ്‍ കോഷ്‌ല, നിര്‍മ്മല്‍ സിംങ് എന്നിവരാണ് കമ്പനിയുടെ മറ്റ് ഓഹരി പങ്കാളികള്‍. 2017-18 കാലത്ത് കമ്പനിക്ക് രണ്ട് കോടി രൂപയുടെ വായ്പ ബാധ്യതയുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍