UPDATES

ബാർ അഴിമതിയിൽ സമഗ്ര അന്വേഷണം വേണം; കോടിയേരി ബാലകൃഷ്ണൻ

അഴിമുഖം പ്രതിനിധി

ബാര്‍ അഴിമതിയുടെ ചുരുളഴിക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. 30 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. മദ്യനയത്തിന്റെ പേരിലാണ് ഈ അഴിമതിയെല്ലാം നടന്നതെന്നും കോടിയേരി വ്യക്തമാക്കി. 

എക്‌സൈസ് മന്ത്രി കെ. ബാബു കോഴ വാങ്ങിയതായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നു. അതിനാല്‍ മന്ത്രിസ്ഥാനം രാജിവച്ച് അടിയന്തരമായി അന്വേഷണം നേരിടാന്‍ ബാബു തയ്യാറാകണം. 10 കോടി രൂപയുടെ കോഴ ഇടപാടാണ് എക്‌സൈസ് മന്ത്രിയുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരിക്കുന്നത്.

കോഴ കൊടുത്തവര്‍ കോടതിയില്‍ നല്‍കിയ മൊഴി ഒരു കേട്ടുകേള്‍വിയല്ല. സംഭവവുമായി നേരിട്ട് ബന്ധമുള്ളതിന്റെ അടിസ്ഥാനത്തില്‍ ഉന്നയിച്ചിരിക്കുന്ന വന്‍ കുംഭകോണമാണ്. ഈ ആക്ഷേപത്തിന് നിയമസാംഗത്യമുണ്ട്. അതുകൊണ്ടുതന്നെ, സി.ആര്‍.പി.സി. 164ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് കോടതിക്ക് ലഭിച്ചിരിക്കുന്ന മൊഴിയിന്മേല്‍ അനന്തരനടപടി പോലീസ് അടിയന്തരമായി സ്വീകരിക്കണം. അഴിമതി നേരിട്ട് നടത്തിയ എക്‌സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി വേണം അന്വേഷണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ബാര്‍ കോഴയില്‍ മറ്റ് രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ പേരുകള്‍ നിയമപരിശോധനയ്ക്ക് വിധേയമാക്കി ഇവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണ കാലയളവില്‍ അവരും മന്ത്രിമാരായി തുടരാന്‍ പാടില്ലെന്നും കൊടിയേരി ആവശ്യപ്പെട്ടു.

30 കോടി രൂപയുടെ ബാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പങ്ക് പുറത്തുവരേണ്ടതുണ്ട്. ബാറുടമാസംഘം നേതാവ് മന്ത്രിമാര്‍ക്ക് കൊടുത്ത കോഴയെപ്പറ്റി സഹികെട്ട് വിളിച്ചുപറഞ്ഞതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രതിപക്ഷവുമായി ഗൂഢാലോചന നടത്തി ഉന്നയിക്കുന്ന ആക്ഷേപമാണെന്ന എക്‌സൈസ് മന്ത്രിയുടെ വാദം സ്വയം രക്ഷപ്പെടാനുള്ള വിദ്യയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍