UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ണാബിന്റെ ഏകാംഗ കോടതി നിര്‍മ്മിച്ചെടുക്കുന്ന ‘മുസ്ലിം തീവ്രവാദികള്‍’

Avatar

അസദ് അഷ്‌റഫ്
മൊഴിമാറ്റം: ബച്ചു മാഹി

 

2008ലെ ബട്‌ല നഗര്‍ ‘ഏറ്റുമുട്ടല്‍’ ഉണ്ടായത് മുതല്‍, പോലീസ് കഥകളിലെ പഴുതുകളും വൈരുദ്ധ്യങ്ങളും മുന്‍നിര്‍ത്തി അതൊരു വ്യാജ ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുകയും അന്വേഷണാത്മകതയോടെ അതിന്റെ ഉള്ളുകള്ളികളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത ഒരു പത്രപ്രവര്‍ത്തകനാണ് ഞാന്‍. അക്കാരണത്താല്‍ തന്നെയാണ് അതെക്കുറിച്ചുള്ള സംവാദത്തിലേക്ക് ടൈംസ് നൗ എന്നെ വിളിച്ചതും. സ്വതന്ത്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനായി പല മുറവിളികളും ഉയര്‍ന്നിരുന്നതില്‍ ഞാനും ഭാഗഭാക്കായിരുന്നു എന്നത് കൂടിയായപ്പോള്‍ അര്‍ണാബ് ഗോസ്വാമി എന്ന ആത്മരതിക്കാരനായ അവതാരകന്, ഒരു ‘മുസ്ലിം’ യുവാവിനെതിരെ അപകീര്‍ത്തി പ്രചാരണം തുടങ്ങാന്‍ മതിയായ ചേരുവയായി. മുന്‍പ് ഉമര്‍ ഖാലിദിനും സഹപാഠികള്‍ക്കും എതിരെ നടത്തിയത് പോലെ.

 

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ആ സംഭവത്തിലെ പഴുതുകള്‍ തുറന്ന് കാട്ടാന്‍ തുടങ്ങിയതോടെ ഉടന്‍ വന്നു അര്‍ണാബിന്റെ തീര്‍പ്പ്: ഇതാ ഇന്ത്യന്‍ മുജാഹിദീന്റെ സംരക്ഷകന്‍ എന്ന്! ആ സംഭവത്തില്‍ കൊല്ലപ്പെട്ട ആരുടെയെങ്കിലും നിരപരാധിത്വത്തെ കുറിച്ച് ഞാന്‍ ഉരിയാടിയിരുന്നില്ല, അത്തരമൊരു തീര്‍പ്പ് ജുഡീഷ്യറിയുടെ ചുമതലയാണ് എന്ന് തന്നെ ഞാന്‍ കരുതുന്നു. പക്ഷേ മറ്റൊരു പ്രധാനകാര്യം അപ്പോള്‍ മറന്ന് പോയിരുന്നു: അര്‍ണാബ് ഗോസ്വാമിയുടെ കോടതിയില്‍ ആയിരുന്നു ഞാന്‍ എന്നത്. അവിടെ അയാളാണ് ഏക ജഡ്ജിയും പ്രോസിക്യൂട്ടറും. ഒരു സാജിദ് ബദ ഇന്ത്യക്കെതിരെ യുദ്ധാഹ്വാനം മുഴക്കുന്ന, ISIS ഇറക്കിയത് എന്ന് പറയപ്പെടുന്ന വീഡിയോയുടെ ആധികാരികത ഞാന്‍ ചോദ്യം ചെയ്തു. ഇതേ സാജിദ് ബദ കൊല്ലപ്പെട്ടുവെന്ന് മൂന്ന് തവണ മാധ്യമങ്ങള്‍ പ്രഖ്യാപിച്ചിരുന്നു എന്ന വൈരുധ്യം തന്നെയാണ് വീഡിയോയുടെ ആധികാരികതയെ സംശയിക്കാന്‍ എന്റെ ന്യായം. ഉടനെ അയാള്‍ സമചിത്തത നഷ്ടപ്പെട്ട് എന്റെ നേരെ അലറാന്‍ തുടങ്ങി, അയാളുടെ സ്വയംകൃത കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്ന നികൃഷ്ടനായ ഒരു കുറ്റവാളിയോട് എന്നോണം.

 

 

അപ്പോഴാണ് പാനലിലെ ആര്‍.എസ്.എസ് പ്രതിനിധി രത്തന്‍ ഷര്‍ദ്ദ എന്നെ ‘ഭീകരസംഘടനകളുടെ മുന്‍നിര ഓട്ടക്കാരന്‍’ എന്ന് വിശേഷിപ്പിച്ചതും ഞാനതിനോട് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതും. ആ എതിര്‍പ്പിന്റെ ന്യായം ഒട്ടും ഗൗനിക്കാതെ, എന്നോട് നിശ്ശബ്ദത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഷര്‍ദക്ക് അധിക്ഷേപം ചൊരിയുന്നത് തുടരാന്‍ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ‘ജൂറിസ്റ്റ്’ അര്‍ണാബ് ചെയ്തത്. പാനലിലെ മറ്റുള്ളവര്‍ ആകട്ടെ, ആക്രമണം നടത്തുന്നതിന് മുന്‍പ് സമൂഹത്തിലൊരു ഭാഗത്തിന്റെയെങ്കിലും പിന്തുണ നേടിയെടുക്കാന്‍ ഉള്ള സ്ലീപര്‍ സെല്‍ പ്രവര്‍ത്തനരീതിയാണ് നമ്മുടേതെന്ന് ക്ഷിപ്രം വായിച്ചെടുത്തു! ഇമ്മട്ടില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉരുവിട്ട് കൊണ്ടിരുന്നതില്‍ നിന്ന് ആ മാന്യരെ വിലക്കാന്‍ മിനക്കെടാത്ത അര്‍ണാബ്, എന്നെ മ്യൂട്ട് മോഡിലാക്കി പിന്നീട് ചര്‍ച്ചയില്‍ എന്റെ ഭാഗം പറയുന്നതില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി.

 

എന്നെ സംബന്ധിച്ചിടത്തോളം അര്‍ണാബും അയാളുടെ പാനലില്‍ ഉള്ളവരും എമ്മാതിരിയെന്നതില്‍ ആദ്യാനുഭവം ആയിരുന്നു ഇത്. മുസ്ലിം എന്ന സ്വത്വത്തെ അവരുടെ ഭീകരവാദ ആഖ്യാനങ്ങളിലേക്ക് ബന്ധിപ്പിച്ച് നിറുത്താന്‍ അവര്‍ ഏത് വിതാനത്തിലേക്കും താഴും എന്നതിന്റെ നേര്‍ക്കാഴ്ച. അവരെ സംബന്ധിച്ചിടത്തോളം ബട്ട്‌ല ഹൗസ് എന്‍കൌണ്ടറിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നത് ഇന്ത്യന്‍ മുജാഹിദീനെയും ഐസിസിനെയും പിന്തുണക്കുന്നതിന് സമാനമാണ്. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. എന്റെ സുഹൃത്തുക്കള്‍ അയാളെക്കുറിച്ച് മുന്‍പ് പരാതി പറഞ്ഞത് നേരിട്ട് അനുഭവിക്കാനായല്ലോ. 

 

എന്റെ അഭിപ്രായം ഒരിക്കല്‍ക്കൂടി ഊന്നിപ്പറയട്ടെ, ‘ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലി’നെക്കുറിച്ച പോലീസ് കഥയില്‍ ധാരാളം വൈരുദ്ധ്യങ്ങളും പഴുതുകളും ഉണ്ട്, അവയാകട്ടെ നേര്‍രേഖയില്‍ ചരിക്കുന്ന ഏതൊരു മനുഷ്യനെയും അതിന്റെ അധികാരികതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കും. അത്തരം ലോജിക്ക് ഒന്നും ബാധകമല്ലാത്ത ഒരാളോട് പറഞ്ഞിട്ടും കാര്യമില്ല.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍