UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പടക്കളമൊരുങ്ങുന്നു: ഇനി പോരാട്ടം ബി ജെ പിയും കോണ്‍ഗ്രസിതര കക്ഷികളും

Avatar

ടീം അഴിമുഖം

കണക്കുകളും ഫലങ്ങളും വ്യക്തമായിക്കഴിഞ്ഞ സ്ഥിതിക്ക് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്നും എത്താവുന്ന പ്രധാന നിഗമനമെന്താണ്? ഒന്ന്, വിവിധ കാരണങ്ങളാല്‍ ഇന്ത്യയിലെ പ്രാദേശിക കക്ഷികള്‍ വലിയ തിരിച്ചുവരവിന്റെ പാതയിലാണ്. രണ്ട്, ബി ജെ പിയാണ് ഇപ്പോള്‍ ശരിക്കുള്ള ഏക ദേശീയകക്ഷി. 2019-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളായിരിക്കും ബി ജെ പിയുടെ പ്രധാന എതിരാളികള്‍.

ഞങ്ങളുടെ പ്രവചനം: നിലവിലെ തെരഞ്ഞെടുപ്പ് സൂചനകള്‍ വെച്ചാണെങ്കില്‍ നിതീഷ് കുമാര്‍, മമത ബാനര്‍ജീ, മായാവതി, അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ തമ്മില്‍ പ്രധാനമന്ത്രിയാകാന്‍ തര്‍ക്കമുണ്ടാകാം.

90-കളിലേക്കുള്ള മടങ്ങിപ്പോക്ക്

ഇന്ത്യ 1990-കളിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലേക്ക് മടങ്ങുകയാണ്. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള രാജ്യം സാക്ഷ്യം വഹിച്ച, തിളച്ചുമറിഞ്ഞ രാഷ്ട്രീയ കാലഘട്ടം ബി ജെ പിയുടെ ഉയര്‍ച്ചയിലാണ് എത്തിനിന്നത്. അതിലും പ്രധാനമെന്ന് പറയാവുന്ന കാര്യം രാജ്യം ഒരു രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പിടിയിലായി എന്നതാണ്. തീര്‍ത്തും അപ്രതീക്ഷിതമായ വഴികളിലൂടെ കര്‍ണാടകത്തിലെ ഒരു കര്‍ഷകനായ എച്ച് ഡി ദേവഗൌഡയും ഡല്‍ഹിയിലെ ഒരു ബുദ്ധിജീവി രാഷ്ട്രീയക്കാരനായ ഐ കെ ഗുജ്റാലും ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി. രാജ്യത്താകെ പടര്‍ന്ന വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്കിടയില്‍ വളര്‍ന്ന ബി ജെ പി അണിയറയില്‍ ചുരമാന്തിനിന്നു. ആദ്യം 13 ദിവസത്തേക്കു അധികാരം കയ്യാളിയ അവര്‍ പിന്നീട് തിരിച്ചുവരവില്‍ അഞ്ചുകൊല്ലം ഇന്ത്യ ഭരിച്ചു. 2004-ല്‍ അധികാരം തിരിച്ചുപിടിച്ച കോണ്‍ഗ്രസും സഖ്യകക്ഷികളും ഒരു പതിറ്റാണ്ടു ഭരണത്തിലിരുന്നു. നാമിപ്പോള്‍ അടുത്ത ദശാബ്ദത്തിലേക്ക് കടന്നിരിക്കുന്നു.

താഴെ തട്ടില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് 2017-ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയകമായി സ്വാധീനിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബി എസ് പി വലിയ മുന്നേറ്റത്തിനൊരുങ്ങുകയാണ് എന്നാണ്. സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പി സകലശ്രമവും നടത്തുമെങ്കിലും 2014-ല്‍ അവര്‍ക്ക് കിട്ടിയ ജനപിന്തുണയുടെ ആഘോഷാവേശം അസ്തമിക്കുകയാണ്. ബി ജെ പി ഉത്തര്‍പ്രദേശിനെ എത്ര ഗൌരവത്തോടെയാണ് കാണുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനായി മോദി തെരഞ്ഞെടുത്തത് രണ്ട് വര്‍ഷം മുമ്പ് ബി എസ് പിയില്‍ നിന്നും ബി ജെ പി പിടിച്ചെടുത്ത ലോക്സഭ മണ്ഡലമായ, ഗംഗയ്ക്കും യമുനയ്ക്കും ഇടയില്‍ കിടക്കുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹ്റാന്‍പൂരാണ്. ഒരുകാലത്ത് മായാവതിയുടെ ശക്തികേന്ദ്രമായിരുന്നു സഹ്റാന്‍പൂര്‍.

അധികാരമേറ്റതിന്റെ ഒന്നാം വാര്‍ഷികം ഉത്തര്‍പ്രദേശിലെ മഥുരയിലാണ് മോദി ആഘോഷിച്ചത്. രണ്ടാം വാര്‍ഷികത്തിനും മോദി യു.പിയിലെത്തുന്നു. ഉത്തര്‍പ്രദേശില്‍ വിജയിക്കുക എന്നത് ബി ജെ പിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത ആവശ്യമാണ്.

അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു നിര്‍ണായക സംസ്ഥാനം പഞ്ചാബാണ്. നിലവില്‍ ആം ആദ്മി പാര്‍ടി കോണ്‍ഗ്രസിനും ബി ജെ പി-അകാലിദള്‍ സഖ്യത്തിനും മേലെ മുന്‍തൂക്കം നേടിക്കഴിഞ്ഞു. ഈ മുന്‍തൂക്കം AAP നിലനിര്‍ത്തിയാല്‍ ഡല്‍ഹിക്ക് പിറകെ ആം ആദ്മി കക്ഷി ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും പഞ്ചാബ്.

പഞ്ചാബില്‍ അങ്ങനയൊരു ജയം ഉണ്ടായാല്‍ അത് കേജ്രിവാളിനെ ഒരു ദേശീയ നേതാവാക്കും. ഗോവയിലും അവര്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. പക്ഷേ സകലരെയും ഞെട്ടിക്കാവുന്ന ഒരു ഫലം ഒരുപക്ഷേ ഗുജറാത്തില്‍ നിന്നായിരിക്കും. ഡല്‍ഹിയിലെപ്പോലെ ഒരു അട്ടിമറിജയം തങ്ങളവിടെ നേടും എന്ന ആത്മവിശ്വാസത്തിലാണ് AAP. അങ്ങനെ സംഭവിച്ചാല്‍ മോദി വിരുദ്ധ സഖ്യത്തിന്റെ നായകസ്ഥാനത്തേക്ക് കേജ്രിവാള്‍ ന്യായമായും അവകാശമുയര്‍ത്തും.

കോണ്‍ഗ്രസിനെന്താണ് സംഭവിക്കുക? നിലവിലെ പ്രവണതകള്‍ നോക്കിയാല്‍ പ്രതിപക്ഷകക്ഷികളുടെ ഇടയില്‍ രണ്ടാം നിരയിലേക്ക് അവര്‍ക്ക് ഒതുങ്ങേണ്ടിവരും. എന്തായാലും ഇനിയും മൂന്നുകൊല്ലം കൂടി കഴിയേണ്ടതുണ്ട്. രാഷ്ട്രീയത്തില്‍ അത് നീണ്ട കാലയളവാണ്. അതുകൊണ്ടു ആ കക്ഷിക്ക് നാടകീയമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ തിരക്കഥ ഇനിയും മാറ്റാവുന്നതാണ്. ഉദാഹരണത്തിന്, പ്രിയങ്ക ഗാന്ധി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ എന്താണ് സംഭവിക്കുക? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍