UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഥകളിയെക്കുറിച്ച് പറയാനെത്തി, ബിബിസി അവതാരകന്‍ കഥാപാത്രമായി

അഴിമുഖം പ്രതിനിധി

കഥകളിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ഹെന്റി ഗോള്‍ഡിംഗ് ലണ്ടനില്‍ നിന്ന് കേരളം വരെയെത്തിയത്. പക്ഷേ ആവേശം മൂത്തപ്പോള്‍ ഈ ബിബിസി അവതാരകന്‍ വേദിയില്‍ നിറഞ്ഞാടി. ബിബിസിയുടെ പ്രശസ്തമായ ‘ട്രാവല്‍ ഷോ’ എന്ന പരിപാടിയില്‍ കേരളത്തെക്കുറിച്ച് രണ്ട് ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതിന്റെ ഷൂട്ടിംഗിനായി ആറു ദിവസത്തേക്ക് കേരളത്തിലെത്തിയ ടീമിലെ ഗോള്‍ഡിംഗ് കൊച്ചിയില്‍ കഥകളി ചിത്രീകരിക്കുന്നതിനിടെയാണ് സ്റ്റേജില്‍ കയറിയത്. നവവത്സരാഘോഷങ്ങള്‍ക്കിടെ ബിബിസി ടീമിനുവേണ്ടി നരകാസുരവധമായിരുന്നു അപ്പോള്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നത്. 

കെനിയയില്‍ ആനകള്‍ക്കൊപ്പം ജീവിക്കുകയും ഫിലിപ്പൈന്‍സിലെ ഭൂകമ്പാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തിലൊരിക്കലും കഥകളി വേഷമിടാനാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നാണ് ഗോള്‍ഡിംഗ് പറഞ്ഞത്. ഷൂട്ടിംഗിനിടെ ആവേശം കയറിയ ഗോള്‍ഡിംഗ് പരിപാടിയുടെ സംഘാടകരായ  സീ ഇന്ത്യ ഫൗണ്ടേഷന്റെ പി.കെ ദേവനോടാണ് തനിക്ക് വേദിയില്‍ കയറാമോ എന്ന് ചോദിച്ചത്. അപ്പോള്‍ വേദിയിലുണ്ടായിരുന്ന ജയന്ത, ലളിത എന്നിവരുടെ അതേ ചുവടുകളും  മുദ്രകളും ഗോള്‍ഡിംഗ് അവതരിപ്പിക്കുകയും അതൊക്കെ ബിബിസി ടീം ചിത്രീകരിക്കുകയും ചെയ്തു. സദസ് ഹര്‍ഷാരവത്തോടെയാണ് ഗോള്‍ഡിംഗിനെ എതിരേറ്റത്. ഈ ശാസ്ത്രീയ കലാരൂപത്തെ ഗോള്‍ഡിംഗ് കൂടുതല്‍ ജനകീയമാക്കുകയാണ് ചെയ്തതെന്ന് കഥകളിയുടെ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന ദേവന്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് ചാള്‍സ് രാജകുമാരനും പത്‌നി കാമിലയും കഥകളി ആസ്വദിക്കാന്‍ കൊച്ചിയിലെത്തിയിരുന്നു.

‘കേരളത്തിലെത്താന്‍ താന്‍ ഇത്ര വൈകിയതെന്താണെന്ന് അറിയില്ല’-ഗോള്‍ഡിംഗ് പറഞ്ഞു. അവിശ്വസനീയ സൗന്ദര്യമാണ് ഈ പ്രദേശത്തിനെന്ന് എട്ടു കോടിയോളം പ്രേക്ഷകരുള്ള ട്രാവല്‍ഷോയ്ക്കുവേണ്ടി ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചിട്ടുള്ള അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു ദിവസമെടുത്താണ് ഗോള്‍ഡിംഗിനൊപ്പം ട്രാവല്‍ ഷോയുടെ എഡിറ്റര്‍ മൈക്ക് ലണ്ടനും നിര്‍മാതാവ് ഡാണ്‍ ലെയ്ക്കുമടങ്ങുന്ന ടീം കഥകളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ ആലപ്പുഴയില്‍ തെങ്ങുകയറ്റം ചിത്രീകരിക്കുന്നതിനിടെ ഗോള്‍ഡിംഗ് തെങ്ങില്‍ കയറുകയും ചെയ്തിരുന്നു. പരമ്പരാഗത തെങ്ങുകയറ്റക്കാരും യന്ത്രമുപയോഗിച്ച് കയറുന്നവരും തമ്മിലുള്ള മത്സരം ക്യാമറയിലാക്കുകയായിരുന്നു ബിബിസി ടീം. കേരളത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേ പരിപാടിയെക്കുറിച്ച് മനസിലാക്കാന്‍ ഇവര്‍ കാനോ വില്ല എന്ന ഹോംസ്റ്റേയില്‍ ഒരു ദിനം ചെലവഴിക്കുകയും ചെയ്തു. 

നെഹ്‌റു ട്രോഫി വള്ളംകളി മത്സരം നടക്കുന്ന പുന്നമടക്കായല്‍ സന്ദര്‍ശിക്കാനും സംഘം മറന്നില്ല. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ കയര്‍ ഉല്പാദനവും അവര്‍ ചിത്രീകരിച്ചു. ഇത് തന്റെ അവസാന കേരള സന്ദര്‍ശനമായിരിക്കുകയില്ലെന്നു പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ഞായറാഴ്ച ഗോള്‍ഡിംഗ് ലണ്ടനിലേക്ക് യാത്ര തിരിച്ചത്. കേരളത്തെക്കുറിച്ച് ധാരാളം പരിപാടികള്‍ ചെയ്യാനുണ്ടെന്നും അവയ്ക്കായി വൈകാതെ തങ്ങള്‍ തിരിച്ചെത്തുമെന്നും ബിബിസി സംഘം പറഞ്ഞു. 

കേരളത്തിന്റെ പ്രകൃതിഭംഗിയും സമ്പന്നമായ സംസ്‌കാരവും ബിബിസി പരിപാടിയിലൂടെ ലോകരെ ആകര്‍ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീ ജി.കമലവര്‍ദ്ധന റാവു പറഞ്ഞു. ശ്രീ റാവുവാണ് ലണ്ടനില്‍ നടന്ന ഒരു ടൂറിസം റോഡ് ഷോയ്ക്കിടെ ബിബിസി സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചത്. 

ടൂറിസം വകുപ്പിന്റെ പുതിയ പരിപാടിയായ ‘ഗ്രാമീണ ജീവിതാനുഭവം’  ബിബിസി ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികള്‍ നാട്ടുകാരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പം നാടന്‍ ഭക്ഷണം കഴിക്കുകയും പ്രാദേശിക സംസ്‌കാരികവും ജീവിതരീതികളും പഠിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഈ പരിപാടിയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ ആകൃഷ്ടരാകുന്നുണ്ടെന്ന് ശ്രീ കമലവര്‍ദ്ധന റാവു പറഞ്ഞു.

രണ്ടു ഭാഗങ്ങളായാണ് കേരളത്തെക്കുറിച്ചുള്ള ട്രാവല്‍ ഷോ ബിബിസി സംപ്രേഷണം ചെയ്യുന്നത്. കഥകളിയെക്കുറിച്ചുള്ള ആദ്യ ഷോ രണ്ടാഴ്ചയ്ക്കകവും കായലുകളെക്കുറിച്ചും തെങ്ങുകയറ്റത്തെക്കുറിച്ചുമുള്ള രണ്ടാംഭാഗം ഫെബ്രുവരിയിലുമാണ് പ്രേക്ഷകരിലേയ്‌ക്കെത്തുക. ഈ വര്‍ഷാവസാനം രണ്ടു ഭാഗവും പുന:സംപ്രേഷണം ചെയ്യും. റഷ്യയിലെ സ്വകാര്യ ടിവി ചാനലായ എന്‍ടിവിയില്‍നിന്നുള്ള സംഘം ജനുവരി 15 മുതല്‍ 18 വരെ കേരളത്തിലുണ്ടാകും. ഇവിടുത്തെ പരമ്പരാഗത ഭക്ഷണരീതികളെക്കുറിച്ച് പരിപാടി തയാറാക്കുകയാണ് അവരുടെ ലക്ഷ്യം. 

​​

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍