UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റിന്റെ നന്മയ്ക്ക് വേണ്ടിയെങ്കിലും ബി സി സി ഐ കുറേക്കൂടി മാന്യമായി പെരുമാറണം

Avatar

അഴിമുഖം പ്രതിനിധി

പഴഞ്ചൊല്ല് അനുസരിച്ചാണെങ്കില്‍ ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. ഇന്ത്യയില്‍ കളിക്കാനെത്തുന്ന ഇംഗ്ലീഷ് സംഘത്തിന്റെ ചെലവുകള്‍ വഹിക്കാന്‍ ബി സി സി ഐ ആവശ്യപ്പെട്ടതിനോട് ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് സമിതികള്‍ മാന്യമായി പ്രതികരിച്ചത് അതുകൊണ്ടായിരിക്കാം. ഇ സി ബിയുടെ ഉദാരതകൊണ്ട് ഏറെ കാത്തിരുന്ന ആ പര്യടനവുമായി മുന്നോട്ടുപോകാനായി. അതേസമയം രാജ്ക്കോട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള 58.66 ലക്ഷം അനുവദിക്കാന്‍ സുപ്രീം കോടതി ബി സി സി ഐക്ക് ഇന്നലെ അനുവാദം നല്‍കി.  എല്ലാ ചെലവുകളും ലോഥ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക എന്നും കോടതി പറഞ്ഞു. 

താത്ക്കാലികമായി അനുകൂല വിധി ഉണ്ടായെങ്കിലും പക്ഷേ ബി സി സി ഐ വീണ്ടും അപഹാസ്യരായിരിക്കുകയാണ്. സമിതിയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച ഒക്ടോബറിലെ സുപ്രീം കോടതി വിധി കാരണം ലോകത്തിലെ ഏറ്റവും ധനികമായ ക്രിക്കറ്റ് സമിതിക്ക് ഒരു സന്ദര്‍ശക സംഘത്തിന്റെ ചെലവുപോലും വഹിക്കാന്‍ കഴിയുന്നില്ലെന്ന അസാധാരണ സാഹചര്യം ഒരു പ്രതിരോധമായി ബി സി സി ഐ ഉയര്‍ത്തിയേക്കാം. പക്ഷേ സ്വന്തം കയ്യിലിരിപ്പുകൊണ്ടാണ് ബി സി സി ഐ ഈ കുഴിയില്‍ വീണത്. സുപ്രീം കോടതി തന്നെ നിയമിച്ച എം.എല്‍ ലോഥ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കില്ലെന്ന കടുംപിടിത്തമാണ് കാര്യങ്ങള്‍ ഇത്രയ്ക്ക് വഷളാക്കിയത്. അതുകൊണ്ടാണ്, പണം നല്‍കുന്നതിനുള്ള- സാധാരണഗതിയില്‍ ആതിഥേയ രാഷ്ട്രത്തിലെ ക്രിക്കറ്റ് സമിതി സന്ദര്‍ശക സംഘത്തിന്റെ ചെലവ് വഹിക്കേണ്ടതാണ്- അനുമതിക്കായി ലോഥ സമിതിയോട് ആവശ്യപ്പെട്ടപ്പോള്‍ കര്‍ക്കശമായ മറുപടി ലഭിച്ചത്.

ബി സി സി ഐയും ഇ സി ബിയും തമ്മിലുള്ള ധാരണ തങ്ങളുടെ പരിധിയില്‍ വരുന്നില്ലെന്നും സമിതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ പണം നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും ലോഥ സമിതി ഓര്‍മ്മിപ്പിച്ചു. ആവശ്യമായ രേഖകളെല്ലാം സമര്‍പ്പിച്ചു എന്നാണ് ബി സി സി ഐ പറയുന്നത്. എന്നാല്‍ പരിഷ്കരണങ്ങള്‍ നടപ്പില്‍ വരുത്തണമെന്നുള്ള കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ ബി സി സി ഐ നടപ്പാക്കാത്തിടത്തോളം  ഈ പ്രതിസന്ധി തുടരും എന്നുതന്നെയാണ് കരുതേണ്ടത്.

തമിഴ്നാട് സൊസൈറ്റീസ് രെജിസ്ട്രേഷന്‍ നിയമം അനുസരിച്ച് രൂപീകൃതമായ ഒരു സ്ഥാപനം എന്ന നിലയ്ക്ക് തങ്ങളുടെ സ്വന്തമായ ഭരണഘടനയനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്  ബി സി സി ഐയുടെ വാദം. പക്ഷെ ഭരണ സമിതികള്‍ക്ക് സ്വന്തമായി നിയമാവലിയുണ്ടെങ്കിലും രാജ്യത്തെ പരമോന്നത കോടതിയുടെ നിര്‍ദേശങ്ങളെ ധിക്കരിക്കാനാകില്ല.

ഈ തര്‍ക്കത്തില്‍ ശരിക്കും നഷ്ടം നേരിടുന്നത് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കാണ്. ലോഥ സമിതിയും ബി സി സി ഐയും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തിന്റെ കളികളുടെ സമയപ്പട്ടികയില്‍ അനിശ്ചിതത്വം വരികയാണ്. ബി സി സി ഐ എത്രയും വേഗം തങ്ങളുടെ രീതികള്‍ മാറ്റിയെ തീരൂ. കാരണം കോടതിയോട് മാത്രമല്ല, ഈ രാജ്യത്തെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന പൌരന്മാരോടും അതിന് ഉത്തരവാദിത്തമുണ്ട്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍