UPDATES

ട്രെന്‍ഡിങ്ങ്

എന്‍ഡിഎ സീറ്റ് തന്നില്ലെങ്കില്‍ യുഡിഎഫില്‍ പോകാന്‍ ബിഡിജെഎസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എട്ടു സീററുകളാണ് ബിഡിജെഎസ് ആവശ്യപ്പെടുന്നത്

തങ്ങള്‍ ചോദിക്കുന്ന സീറ്റുകള്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തരാത്ത പക്ഷം മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന താക്കീതുമായി ബിഡിജെഎസ്. ജൂണ്‍ 2 നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ കേരളത്തില്‍ ചേരുന്ന എന്‍ഡിഎ, ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗങ്ങള്‍ക്കു മുന്നെ തന്നെയാണു സീറ്റ് പ്രശ്‌നം ബിഡിജെഎസ് ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ തങ്ങള്‍ ലഭിക്കണമെന്ന ആവശ്യം പാര്‍ട്ടി ഉയര്‍ത്തിയത്.

ആലപ്പുഴ, ആറ്റിങ്ങല്‍, പത്തനംതിട്ട, വയനാട്, ചാലക്കുടി, മാവേലിക്കര, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണു ബിഡിജെഎസ് പ്രധാനമായും കണ്ണുവച്ചിരിക്കുന്നത്. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകളായ ആറ്റിങ്ങലോ പത്തനംതിട്ടയോ വിട്ടുകളയാന്‍ അവര്‍ ഒരുങ്ങില്ല. കൊല്ലം കൊടുക്കാമെന്നാണെങ്കിലും അതിനോട് ബിഡിജെഎസിനു താത്പര്യവുമില്ല. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിജെപിക്കു ബുദ്ധിമുട്ടായിരിക്കും. ബിഡിജെഎസ് ആവശ്യപ്പെടുന്ന പല മണ്ഡലങ്ങളിലും സീറ്റ് പ്രതീക്ഷയുള്ള ബിജെപി നേതാക്കള്‍ പരസ്യമായിട്ടല്ലെങ്കിലും തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ ഈ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കുന്നതില്‍ അവര്‍ പ്രതിഷേധിക്കും.

ചോദിക്കുന്ന സീറ്റുകളും മണ്ഡലങ്ങളും തരാത്ത പക്ഷം മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനം എടുക്കുമെന്നാണു തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകളില്‍ മത്സരിക്കുമെന്നും ഇക്കാര്യം എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുമെന്നും ചേര്‍ത്തലയില്‍ തുഷാര്‍ വ്യക്തമാക്കിയിരുന്നു.അര്‍ഹിക്കുന്ന പരിഗണന തരാതിരിക്കുകയും ആവശ്യങ്ങളോടു മുഖം തിരിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ എന്‍ഡിഎ വിടുമെന്നു തന്നെ ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കുന്നത്. എന്‍ഡിഎ വിട്ട് യുഡിഎഫുമായി സഹകരിക്കാനാണു ബിഡിജെഎസ് ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ തങ്ങള്‍ക്ക് മുന്നണി പ്രവേശം സാധ്യമാകുമെന്നും ബിഡിജെഎസ് കണക്കുകൂട്ടുന്നു.

എന്നാല്‍ ഈ തീരുമാനങ്ങളില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു പങ്കുള്ളതായി വ്യക്തമല്ല. എന്‍ഡിഎ വിട്ടാലും യുഡിഎഫിലേക്കു പോകുന്നതിനോടു വെള്ളാപ്പള്ളി യോജിക്കുമോയെന്നു അറിയില്ല. നിലവില്‍ എല്‍ഡിഎഫ് ചായ്‌വാണ് വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരത്തെ തന്നെ പുകഴ്ത്തി പറഞ്ഞുകൊണ്ടിരുന്ന വെള്ളാപ്പള്ളി കഴിഞ്ഞദിവസം വിഎസ്സിനെപ്പറ്റിയും അനുകൂലമായാണ് സംസാരിച്ചത്. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ തുഷാര്‍ തന്നെയാണ് എടുക്കുന്നുവെന്നതിനാല്‍ ഇവിടെ വെള്ളാപ്പള്ളിയുടെ നിര്‍ദേശങ്ങള്‍ നടപ്പാകണമെന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍