UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളി ബിജിമോള്‍ക്ക് വിധിച്ചത് നാട്ടുകാര്‍ നടേശന് വിധിക്കുമോ?

Avatar

കെ എ ആന്റണി

തോന്നുന്നതെന്തും വിളിച്ചു കൂവുന്ന ആളാണ് നമ്മുടെ വെള്ളാപ്പളളി നടേശന്‍. വെറും നടേശനില്‍ നിന്നും ആദ്യം നടേശന്‍ മുതലാളിയായും പിന്നീടങ്ങോട്ട് നടേശ ഗുരുവും നടേശന്‍ജിയുമൊക്കെയായി വളര്‍ന്ന അദ്ദേഹത്തിന്റെ നാവില്‍ നിന്നും പുറത്തേക്ക് വീഴുന്ന വാക്കുകള്‍ പലപ്പോഴും സഭ്യതയുടെ സകലസീമകളും ലംഘിക്കുന്നതാണ്. പീരുമേട് എംഎല്‍എ ബി എസ് ബിജിമോള്‍ക്കും സിപിഐഎം നേതാവ് എംഎം മണിക്കുമൊക്കെ വെള്ളാപ്പള്ളി അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ സത്യത്തില്‍ അടി ചോദിച്ചു വാങ്ങാന്‍ പ്രാപ്തമാണ്.

മണിയാശാനെ കരിംകുരങ്ങെന്നും കരിംപൂതമെന്നും വിശേഷിപ്പിച്ച വെള്ളാപ്പള്ളി ബിജി മോളെ കുറിച്ചു പറഞ്ഞത് സ്ത്രീ പീഡന നിയമം നിലവില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആരെങ്കിലും ബിജി മോളെ അടിച്ചു കൊട്ടയില്‍ കയറ്റിയേനേ എന്നാണ്. മുമ്പ് ഒരിക്കല്‍ കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്റെ പിതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്തയാളാണ് നമ്മുടെ വെള്ളാപ്പള്ളി. അപ്പോള്‍ പിന്നെ ആ നാവില്‍ നിന്നും ഇതിലും വലുത് ഇനിയും പ്രതീക്ഷിക്കാം.

ഉഗ്രപ്രഹര ശേഷിയുള്ള ഒന്നാണ് തന്റെ നാവെന്ന് സ്വയം അഹങ്കരിക്കുന്ന നടേശന് ആ നാവൊരു പൊന്‍നാവായിരിക്കാം. കൈയ്യടിക്കുന്ന, ചിരിച്ചാര്‍ത്തലയ്ക്കുന്ന ശിങ്കിടികള്‍ക്കും ആ നാവിന്റെ മഹിമയെ കുറിച്ചേ പാടി പുകഴ്ത്താനുണ്ടാകുകയുള്ളൂ. എന്നാല്‍ നടേശന്റെ വിശ്വവിഖ്യാതമായ ഈ നാവിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പെട്ടെന്ന് രണ്ട് കഥാപാത്രങ്ങളെ ഓര്‍മ്മ വരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയിലെ മൂക്കനേയും ജയിംസ് തെര്‍ബറുടെ ദി ഗ്രേറ്റസ്റ്റ് മാന്‍ ഇന്‍ ദ വേള്‍ഡ് എന്ന കഥയിലെ ജാക്ക് സ്‌മേര്‍ജ് എന്ന അപരിഷ്‌കൃതനായ മെക്കാനിക്കിനേയും. മൂക്കന്റെ മൂക്കിനോളം നീളമുണ്ട് വെള്ളാപ്പള്ളിയുടെ നാവിന്. അതേസമയം തന്നെ സ്‌മേര്‍ജിന്റെ നാവ് പോലെ കേള്‍വിക്കാര്‍ക്ക് ചൊറിച്ചിലുണ്ടാക്കുന്ന ഒരു നാവ് ആണ് ഇദ്ദേഹത്തിന്റേത്.

മൂക്കന്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മൂക്കിന്റെ പേരില്‍ പ്രശസ്തനായപ്പോള്‍ സ്‌മേര്‍ജ് ലോക പ്രശസ്തനായത് ഒരു കൊച്ചു വിമാനം എവിടെ ഇറക്കാതെ ലോകം മുഴുവന്‍ ചുറ്റി പറത്തിയതിലൂടെയാണ്. ബഷീറിന്റെ മൂക്കനേയും തെര്‍ബറുടെ സ്‌മേര്‍ജിനേയും പ്രശസ്തരാക്കുന്നതില്‍ പത്രക്കാര്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. വെള്ളാപ്പള്ളിയിലേക്ക് എത്തുമ്പോള്‍ പത്രക്കാര്‍ക്ക് ഒപ്പം ചാനലുകാര്‍ കൂടിയുണ്ട് എന്ന ഒറ്റ വ്യത്യാസമേയുള്ളൂ. മൂക്കന്റെ പ്രശസ്തി മുതലെടുക്കാന്‍ ഇടതുപക്ഷക്കാര്‍ അയാളെ സ്വന്തമാക്കുമ്പോള്‍ വെളളാപ്പള്ളിയുടെ നാവ് വിലയ്ക്ക് എടുത്തിരിക്കുന്നത് രാജ്യം ഭരിക്കുന്ന ബിജെപിയും ആര്‍ എസ് എസും ചേര്‍ന്നാണ്.

വിമാനം പറത്തി പ്രശസ്തനായ സ്‌മേര്‍ജിനെ കാത്തിരുന്നത് ദാരുണമായ മരണമാണ്. സ്വീകരിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിനോട് പോലും പരുഷമായി പെരുമാറിയ സ്‌മേര്‍ജിനെ പ്രസിഡന്റിന്റെ അംഗ രക്ഷകരില്‍ ഒരാള്‍ ഒരു വലിയ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ജനാലയിലൂടെ താഴേക്ക് എറിയുകയാണ് ഉണ്ടായത്. സ്വീകരണ ചടങ്ങിന് ആര്‍ത്തിരമ്പിയെത്തിയ ജനാവലിക്ക് മുന്നില്‍ വീണ് മരിച്ച സ്‌മേര്‍ജിന് പക്ഷേ അമേരിക്കന്‍ ഭരണകൂടം അതിഗംഭീരമായ സംസ്‌കാര ചടങ്ങ് നടത്തിയെന്നാണ് തെര്‍ബര്‍ പറഞ്ഞു വയ്ക്കുന്നത്.

ഒറ്റനാള്‍ കൊണ്ട് ലോകത്തിലെ ഏറ്റവും പ്രശസ്തനായി മാറിയ സ്‌മേര്‍ജിന് ഇങ്ങനെയൊരു അന്ത്യം സമ്മാനിച്ചത് അയാളുടെ ചൊറിയുന്ന നാവും അപരിഷ്‌കൃതമായ പെരുമാറ്റവുമായിരുന്നു. കടിഞ്ഞാണില്ലാത്ത നാവുമായി മുന്നോട്ടു പോകുന്ന വെള്ളാപ്പള്ളിക്കും സ്‌മേര്‍ജിന്റെ ഗതി തന്നെ വന്നു കൂടായ്കയില്ല. ബിജി മോള്‍ക്ക് വെള്ളാപ്പള്ളി വിധിച്ച ഗതികേട് അയാള്‍ക്ക് തന്നെ വരാതിരുന്നാല്‍ കൊള്ളാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍