UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളി ഓര്‍ക്കേണ്ട ചില പഴയകാല പാര്‍ട്ടിക്കഥകള്‍

Avatar

സനകന്‍ വേണുഗോപാല്‍

ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി) ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. ഭാരത് ധര്‍മ്മ ജന സേന (ബി.ഡി.ജെ.എസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കേരളത്തിലെ പ്രബലമായ ഭൂരിപക്ഷ സമുദായ സംഘടനയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ് എന്നതാണ് ശ്രദ്ധേയം. കേരളത്തില്‍ അഞ്ച് വര്‍ഷം ഇടവിട്ട് അധികാരത്തില്‍ വരുന്ന ഇരു മുന്നണികള്‍ക്കും പുറമേ ബി.ജെ.പിയും മത്സരരംഗത്ത് സജീവമായിരിക്കുകയും അവര്‍ക്ക് പരോക്ഷമായ പിന്തുണയുമായി ബി.ഡി.ജെ.എസ് രംഗത്തുവരികയും ചെയ്തതോടെ ഇടത്, വലത് മുന്നണി നേതാക്കള്‍ നേരിടുന്ന പ്രധാന ചോദ്യം പുതിയ പാര്‍ട്ടിയുടെ വരവിനെ എങ്ങനെ വിലയിരുത്തുന്നുവെന്നതാണ്. പലരും ഒറ്റശ്വാസത്തില്‍ എസ്.ആര്‍.പിയുടെ ഗതിയാകും ബി.ഡി.ജെ.എസിന് എന്ന് പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അദ്ദേഹവും ഇതേ കാര്യമാണ് ഓര്‍മ്മിപ്പിച്ചത്. എസ്.ആര്‍.പിയുടെ ഗതി ഓര്‍മ്മയുണ്ടല്ലോയെന്ന് അദ്ദേഹം ചോദിച്ചു. ബി.ഡി.ജെ.എസിന്റെ പിറവിക്കൊപ്പം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറി 38 വര്‍ഷം മുന്‍പ് പിറവിയെടുത്ത എസ്.ആര്‍.പി എന്ന രാഷ്ട്രീയ പാര്‍ട്ടി. പുതിയ സാഹചര്യത്തില്‍ കേരളത്തില്‍ നാല് പതിറ്റാണ്ട് മുന്‍പ് പിറന്ന രണ്ട് ഭൂരിപക്ഷ സമുദായങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളെ വളര്‍ച്ചയും തളര്‍ച്ചയും ഒരിക്കല്‍ കൂടി വിലയിരുത്തുന്നത് നന്നായിരിക്കും.

1970കളുടെ മധ്യത്തില്‍ പിറന്ന രണ്ട് കക്ഷികളാണ് നാഷണലിസ്റ്റ് ഡെമോക്രാട്ടിക് പാര്‍ട്ടിയും (എന്‍.ഡി.പി) സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും (എസ്.ആര്‍.പി). കേരള രാഷ്ട്രീയത്തിനുള്ള നായര്‍ സമുദായത്തിന്റെ സംഭാവനയായിരുന്നു എന്‍.ഡി.പിയെങ്കില്‍ എസ്.എന്‍.ഡി.പിയുടെ മുതല്‍മുടക്കായിരുന്നു എസ്.ആര്‍.പി. 1969ല്‍ ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവന്നതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ നഷ്ടം നേരിടേണ്ടിവന്നത് നായര്‍ സമുദായത്തിനായിരുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കളത്തില്‍ വേലായുധന്‍ നായരുടെയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ എന്‍.ഡി.പി രൂപം കൊള്ളുന്നത്. ഇതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. ഗംഗാധരന്‍, ആര്‍.പ്രകാശം, എന്‍. ശ്രീനിവാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എസ്.ആര്‍.പിയും പിറന്നു.

അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977ലെ പൊതു തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് കെ.കരുണാകരന്‍ എന്‍.ഡി.പിയെ ഒപ്പം കൂട്ടി. എ.കെ. ആന്റണിയുടെയും യുവനേതാക്കളുടെയും എതിര്‍പ്പുകളെ ഇന്ദിരാഗാന്ധിയുടെ അനുവാദം തേടി മറികടന്നുകൊണ്ടായിരുന്നു കരുണാകരന്റെ കരുനീക്കം. കേരളാ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താമെങ്കില്‍ എന്‍.ഡി.പിക്ക് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന കരുണാകരന്റെ നിലപാട് വിജയം കണ്ടു. അങ്ങനെ ഐക്യമുന്നണിയുടെ ഭാഗമായി 1977ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പിയും മത്സരിച്ചു. എന്‍.ഡി.പിയുടെ പേരില്‍ മത്സരിച്ച അഞ്ച് പേരും വിജയിച്ചു. തിരുവനന്തപുരം ഈസ്റ്റ്, നോര്‍ത്ത് മണ്ഡലങ്ങള്‍ക്ക് പുറമേ നെയ്യാറ്റിന്‍കരയും നായര്‍ മേധാവിത്ത മണ്ഡലങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവയുമാണ് എന്‍.ഡി.പി നേടിയത്.

1977ലെ തെരഞ്ഞെടുപ്പില്‍ എസ്.ആര്‍.പിയും മത്സരിച്ചിരുന്നു. എല്ലായിടത്തും കെട്ടിവച്ച കാശ് നഷ്ടമായി. ഈഴവ സമുദായത്തിന്റെ സാമൂഹ്യപരമായ പുരോഗതി ലക്ഷ്യം വച്ചാണ് എസ്.ആര്‍.പി പിറന്നത്. എന്നാല്‍ എസ്.ആര്‍.പിയുടെ ഇതേ വാദങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നത്. അതിന്മേല്‍ അവര്‍ വേരുറപ്പിക്കുകയും ചെയ്തിരുന്നു. സംവരണം അടക്കം അവര്‍ ഉന്നയിച്ചിരുന്ന വിഷയങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉന്നയിച്ചിട്ടുള്ളതാണ്. അതും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി.

നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് എന്‍.ഡി.പിക്കാരും ഐക്യമുന്നണി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരെ സര്‍ക്കാരിന്റെ കൂടെക്കൂട്ടിയില്ല. ഇതൊക്കെയാണെങ്കിലും കരുണാകരനൊപ്പം തന്നെ കിടങ്ങൂര്‍ നിലയുറുപ്പിച്ചു. കെ. കരുണാകരന്‍ ഐക്യജനാധിപത്യ മുന്നണി എന്ന യു.ഡി.എഫ് രൂപീകരിക്കുമ്പോഴും എന്‍.ഡി.പി അതിന്റെ ഭാഗമായി. 1978ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോള്‍ എന്‍.ഡി.പിക്ക് ആ സീറ്റ് നഷ്ടമായി. തുടര്‍ന്ന് എന്‍.ഡി.പി രണ്ടായി പിളരുന്നു.

1977ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന്‍ കരുണാകരന്‍, ആന്റണി മന്ത്രിസഭകള്‍ക്ക് പിന്നാലെ പി.കെ. വാസുദേവന്‍ നായര്‍ മന്ത്രിസഭയും രാജിവച്ചതോടെ സി.എച്ച്. മുഹമ്മദ് കോയ സര്‍ക്കാര്‍ ഉണ്ടാക്കി. ഈ മന്ത്രിസഭയിലാണ് എന്‍.ഡി.പി ആദ്യമായി ഭാഗമാകുന്നത്. മാവേലിക്കര മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ അഭിഭാഷകനും എന്‍.എസ്.എസ് നേതാവുമായ എന്‍.ഭാസ്‌കരന്‍ നായര്‍ അങ്ങനെ എന്‍.ഡി.പിയുടെ ആദ്യ മന്ത്രിയായി. ആരോഗ്യ, ധനകാര്യ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. സി.എച്ച് മന്ത്രിസഭ തകര്‍ന്നതോടെ തെരഞ്ഞെടുപ്പ് വന്നു.

1980ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പി മാത്രമല്ല എസ്.ആര്‍.പിയും കരുണാകരന്റെ ഐക്യജനാധിപത്യ മുന്നണി സംവിധാനത്തിന്റെ പങ്കാളികളായി. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു. എന്‍.ഡി.പിക്കും എസ്.ആര്‍.പിക്കും ഓരോ സീറ്റുകള്‍ വീതും നല്‍കിയിരുന്നു. മാവേലിക്കര സീറ്റില്‍ എന്‍.ഡി.പി സ്ഥാനാര്‍ത്ഥിയും മുകുന്ദപുരം മണ്ഡലത്തില്‍ സി.ജി. കുമാരനും പരാജയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പിയുടെ പ്രഥമ മന്ത്രിയായ ഭാസ്‌കരന്‍ നായര്‍ മാവേലിക്കരയില്‍ തോറ്റപ്പോള്‍ മൂന്ന് സീറ്റുകള്‍ നായര്‍ പാര്‍ട്ടി നിലനിര്‍ത്തി. എസ്.ആര്‍.പിയാകട്ടെ 1977ലേത് പോലെ തന്നെ വീണ്ടും പൂജ്യത്തിലൊതുങ്ങി.

80 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന 1981ലെ കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭാ കാലത്തും എന്‍.ഡി.പി അധികാരത്തിന്റെ മധുരം നുകരാന്‍ പോയി. ആര്‍.സുന്ദരേശന്‍ നായര്‍ ഇത്തവണ മന്ത്രിയായത്. ആരോഗ്യം തന്നെയായിരുന്നു വകുപ്പ്.

1982ലെ പൊതു തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പിയും എസ്.ആര്‍.പിയും ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി തന്നെ നിന്നു. എന്‍.ഡി.പിയുടെ മുന്‍ മന്ത്രിമാരായ ഭാസ്‌കരന്‍ നായരും സുന്ദരേശന്‍ നായരും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുന്‍ എം.എല്‍.എമാര്‍ എന്ന പദവിയിലൊതുങ്ങി. ഇരുവരും പരാജിതരായി. പക്ഷേ നാല് പേരെ എന്‍.ഡി.പി സഭയിലെത്തിച്ചു. മുന്‍ മന്ത്രിമാര്‍ പരാജയപ്പെട്ടതോടെ തൃപ്പൂണിത്തുറയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.ജി.ആര്‍. കര്‍ത്തയ്ക്കായിരുന്നു മന്ത്രിപദത്തിലെത്താന്‍ നറുക്ക് വീണത്. വകുപ്പ് ആരോഗ്യം തന്നെ. മികച്ച രീതിയിലുള്ള തന്റെ ഭരണനിര്‍വഹണം കൊണ്ട് കര്‍ത്താ ഒരുവര്‍ഷത്തിന് ഇപ്പുറം 1983 ആഗസ്റ്റ് 29ന് രാജിവച്ചു. സെപ്തംബര്‍ ഒന്നിന് എന്‍.ഡി.പിയുടെ കെ.പി. രാമചന്ദ്രന്‍ നായര്‍ മന്ത്രിയായി. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അദ്ദേഹം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയതെന്ന ഖ്യാതിയാണ് കെ.പി. രാമചന്ദ്രന്‍ നായരെ ശ്രദ്ധേയനാക്കിയത്. ആരോഗ്യ വകുപ്പിനെ ഉന്നതങ്ങളിലെത്തിച്ചതുകൊണ്ടാകണം ഒന്നര കൊല്ലത്തിന് ശേഷം 1985 മേയില്‍ അദ്ദേഹത്തിനും രാജിവയ്‌ക്കേണ്ടി വന്നു. എന്‍.ഡി.പിയില്‍ മന്ത്രിസ്ഥാനത്തേക്കെത്താന്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെങ്കിലും ആരെയും പരിഗണിച്ചില്ല. അഥവ ആരും മുന്നോട്ട് വന്നില്ല.

1982ല്‍ ചരിത്രം തിരുത്തിയെഴുതാനായിരുന്നു എസ്.ആര്‍.പിയുടെ നിയോഗം. ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച എസ്.ആര്‍.പി രണ്ട് പേരെയാണ് വിജയിപ്പിച്ചെടുത്തത്. 1977ലെയും 1980ലെയും തോല്‍വിക്ക് പിന്നാലെയായിരുന്നു ഈ വിജയം. കോട്ടയത്ത് നിന്ന് എന്‍. ശ്രീനിവാസനും കരുനാഗപ്പള്ളിയില്‍ നിന്ന് ടി.വി. വിജയരാജനുമാണ് വിജയിച്ചത്. കരുണാകരന്‍ മന്ത്രിസഭയില്‍ ശ്രീനിവാസന്‍ എക്‌സൈസ് മന്ത്രിയായി. എസ്.ആര്‍.പിയുടെ ആദ്യ മന്ത്രി. ജില്ലാ ജഡ്ജിയായി വിരമിച്ച ശ്രീനിവാസന്‍ ആറ് വര്‍ഷം എസ്.എന്‍.ഡി.പി യോഗം അദ്ധ്യക്ഷനായിരുന്നു. എസ്.ആര്‍.പിയുടെ സ്ഥാപക ചെയര്‍മാനും അദ്ദേഹമായിരുന്നു. സി.ജി. ജനാര്‍ദ്ദനന്‍ എം.എല്‍.എയും എസ്.ആര്‍.പിയില്‍ ചേര്‍ന്നെങ്കിലും അധികം വൈകാതെ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഒടുവില്‍ 1986 മേയില്‍ അഴിമതി നിരോധന കമ്മിഷന്റെ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ശ്രീനിവാസന്‍ മന്ത്രിസ്ഥാനം രാജിവച്ചു. വൈപ്പിന്‍ മദ്യദുരന്തമുണ്ടായതും ശ്രീനിവാസന്‍ മന്ത്രിയായിരിക്കെയാണ്.

ഇതിനിടെ 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം ലോക്‌സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെുപ്പില്‍ എസ്.ആര്‍.പിക്കും എന്‍.ഡി.പിക്കും ഓരോ സീറ്റുകള്‍ നല്‍കിയെങ്കിലും ഇരു കക്ഷികള്‍ക്കും വിജയിക്കാനായില്ല.

1987ലെ തിരഞ്ഞെടുപ്പില്‍ എസ്.ആര്‍.പി നിലം തൊട്ടില്ല. ഇതോടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് അവര്‍ മാഞ്ഞു. എന്‍.ഡി.പിക്ക് ആകട്ടെ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നാല് വര്‍ഷത്തിനിപ്പുറം 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.പി രണ്ട് സീറ്റുകള്‍ നേടി. ചെങ്ങന്നൂറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍. രാമചന്ദ്രന്‍ നായരാണ് ഇത്തവണ മന്ത്രിയായത്. ആരോഗ്യമായിരുന്നു ഇത്തവണയും എന്‍.ഡി.പി പിടിച്ചത്. മുന്‍ഗാമികളെ പോലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതു കൊണ്ടാകാം 1994ല്‍ നായര്‍ക്കും രാജിവയ്‌ക്കേണ്ടിവന്നു. ഇതിനിടെ കരുണാകര വരം നേടിയ കിടങ്ങൂര്‍ സിംഗപ്പൂര്‍ ഹൈക്കമ്മിഷണറായി പോയി കറങ്ങി വന്നു. എന്നാല്‍ അപ്പോഴേക്കും എന്‍.ഡി.പിയുടെ കഥ കഴിഞ്ഞിരുന്നു. ഇനിയൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍.ഡി.പി ബാക്കിയുണ്ടായിരുന്നുമില്ല. എന്‍.ഡി.പിയും എസ്.ആര്‍.പിയും അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി.

ഇതൊക്കെയാണെങ്കിലും അന്നത്തെ എസ്.ആര്‍.പിക്കും ഇന്നത്തെ ബി.ഡി.ജെ.എസിനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് പറയേണ്ടിവരും. അന്ന് ഈഴവ സമുദായത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടിയാണ് എസ്.ആര്‍.പി രംഗത്തിറങ്ങിയതെങ്കില്‍ ഇന്ന് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഗണനയാണ് ബി.ഡി.ജെ.എസ് ഉയര്‍ത്തിക്കാട്ടുന്നത്. ബ്രാഹ്മണ സമുദായത്തെയും കെ.പി.എം.എസിലെ ഒരു വിഭാഗത്തെയും അടക്കം ഭൂരിപക്ഷ സമുദായങ്ങളിലെ മിക്ക സംഘടനകളെയും വെള്ളാപ്പള്ളി നടേശന്‍ തന്റെ യാത്രയില്‍ ഒപ്പം കൂട്ടിയെന്നതും ഇരു മുന്നണികളെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. ഇതൊക്കെയാണെങ്കിലും എസ്.ആര്‍.പിയുടെ ഗതി ഓര്‍മ്മപ്പെടുത്തി ആശ്വസിക്കുകയാണ് നേതാക്കള്‍.

(ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍