UPDATES

വിവര്‍ത്തനം, വിവാദം, കറന്‍റ് ബുക്ക്സ്, സാറാ ജോസഫ്; ശ്രീദേവി എസ് കര്‍ത്ത സംസാരിക്കുന്നു

Avatar

ശ്രീദേവി എസ് കര്‍ത്ത/ഉണ്ണികൃഷ്ണന്‍ വി

ഒരു ലോക വിവര്‍ത്തകദിനം (സെപ്തംബര്‍ 30) കടന്നു പോയി. ലോകസാഹിത്യത്തിലെ ക്ലാസിക്കുകള്‍ പലതും നമുക്ക് ആസ്വദിക്കാനും അനുഭവിക്കാനും അവസരമൊരുക്കിയ പല വിവര്‍ത്തകരെയും ആദരിക്കാനുള്ള സുദിനം. ഓരോ രചനയ്ക്ക് പിന്നിലും ഇവര്‍ തങ്ങളുടെ സര്‍ഗ്ഗാത്മകത വിനിയോഗിക്കുന്നതിനു പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുന്നു. ദൗര്‍ഭാഗ്യമെന്നോണം ഈ സത്യം അരക്കിട്ടുറപ്പിക്കുന്നതുപോലെയാണ് വിവര്‍ത്തകയും സാഹിത്യകാരിയുമായ ശ്രീദേവി എസ് കര്‍ത്തായ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടി വന്ന അപമാനം. വിവര്‍ത്തക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും താന്‍ കടന്നുപോയ വഴികളെക്കുറിച്ച് ശ്രീദേവിയുമായി അഴിമുഖം പ്രതിനിധി  ഉണ്ണികൃഷ്ണന്‍ വി സംസാരിക്കുന്നു .

നിരവധി വിവര്‍ത്തനങ്ങള്‍ ഇന്ന് നമ്മുടെ ബുക്ക് സ്റ്റോറുകളില്‍ ലഭ്യമാണെങ്കിലും ഒരു സാഹിത്യശാഖ എന്ന നിലയില്‍ അതിന്റെ പ്രാധാന്യം മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ നിറം മങ്ങിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എന്താണ് ഒരു വിവര്‍ത്തകന്‍/വിവര്‍ത്തക നേരിടുന്ന വെല്ലുവിളി ?
വാക്കുകളിലൂടെ മാത്രം നമ്മള്‍ മനസ്സിലാക്കിയ ഒരു വ്യക്തിയുടെ ജീവിതമാണ്‌ നമുക്ക് പരിഭാഷ ചെയ്യാനായി ലഭിക്കുന്നത്. ആ വ്യക്തിയോട് അങ്ങേയറ്റം വിവര്‍ത്തകന്‍/ക നീതി പുലര്‍ത്തണം. മാര്‍ക്കേസിനെ പോലുള്ളവരുടെ രചനകള്‍

വിവര്‍ത്തനം ചെയ്തു മോശമാക്കിയാല്‍ നമ്മള്‍ ചതിക്കുന്നത് വളര്‍ന്നു വരുന്ന ഒരു തലമുറയെക്കൂടിയാണ്. വായിക്കാനുള്ള അവരുടെ ആഗ്രഹത്തെ നമ്മള്‍ തല്ലിക്കെടുത്തുകയാണ്.

മൂല കൃതി വായിക്കുന്ന വ്യക്തി അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയത്തിലൂടെ, സാഹചര്യത്തിലൂടെ യാത്ര ചെയ്യും. അതിന് അതിന്‍റെതായ സംഗീതം, ഗന്ധം എല്ലാമുണ്ടാവും. ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിയര്‍ ടു ഒറിജിനല്‍ എന്നല്ലാതെ ഒറിജിനല്‍ എന്ന് പരിഭാഷപ്പെടുത്തിയ കൃതിയെ നമുക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല.

പക്ഷേ ഒരു ധ്വനി നമുക്കതില്‍ കൊണ്ടുവരാനാകും. ഉദാഹരണത്തിന് മാര്‍ക്കേസിന്റെ മാജിക്കല്‍ ലാന്‍ഡ്‌സ്കേപ്പിനെ നമ്മുടെതായ ഒരു അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുമ്പോള്‍ എഴുത്തുകാരന്‍ ഉദ്ദേശിച്ച അതേ ഫീലിംഗ് നമുക്കുണ്ടാവണം. വിവര്‍ത്തനം ചെയ്തത് വായിക്കുമ്പോള്‍ വായനക്കാരനിലേക്ക് അതെ ഫീലിംഗ് പകര്‍ന്നു നല്‍കുമ്പോഴാണ് വിവര്‍ത്തകന്‍ വിജയിക്കുന്നത്. വിവര്‍ത്തകന്റെ ഉള്ളില്‍ ഒരു എഴുത്തുകാരന്‍ ഇല്ലെങ്കില്‍ മേല്‍പ്പറഞ്ഞ പ്രധാന ഘടകങ്ങള്‍ നഷ്ടപ്പെടും, അപ്പോള്‍ പിന്നെ നിഘണ്ടു ഉപയോഗിച്ച് അര്‍ത്ഥം മാറ്റിയെഴുതിയ വരികള്‍ മാത്രമാവും.

ദാമോദരന്‍ മാഷ്‌, മാധവന്‍ നായര്‍, ലീലാ സര്‍ക്കാര്‍ എന്നിവര്‍ ചെയ്ത ഗ്രന്ഥങ്ങള്‍ നമ്മളില്‍ പലരും വായിച്ചിടുണ്ടാവും. അന്യഭാഷാ ഗ്രന്ഥങ്ങള്‍ നമുക്ക് നല്‍കുന്നത് വിശാലമായ ഒരു ഭൂമികയാണ്. ക്ലാസിക് സിനിമകള്‍ കാണുമ്പോള്‍ സബ്ടൈറ്റില്‍ ഉപയോഗിക്കുമല്ലോ നമ്മള്‍. സിനിമയുടെ വിഷ്വലിലേക്കുള്ള വാതിലാണ് സബ്ടൈറ്റില്‍, അതുപോലെയാണ് വിവര്‍ത്തനങ്ങളും.

യഥാര്‍ത്ഥ കര്‍ത്താക്കളെക്കാള്‍ ആരാധന നേടിയെടുത്ത വിവര്‍ത്തകര്‍ മലയാളത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. ആ സ്ഥാനം നഷ്ടമായിരിക്കുന്നു. വായനക്കാരെമാത്രം ഇവിടെ പഴിക്കുന്നതില്‍ കാര്യമല്ല, കുഴപ്പങ്ങള്‍ വിവര്‍ത്തകരുടെതുകൂടിയാണ്. വിവര്‍ത്തനം വരുമാനത്തിനുള്ള വെറുമൊരു ഉപാധി മാത്രമായി മാറിയിട്ടുണ്ടോ?
പരന്ന വായന ഇല്ലാത്തതാണ് ഈ പോരായ്മകള്‍ വരാനുള്ള മറ്റൊരു കാരണം. ഒരു പുസ്തകം വിവര്‍ത്തനം ചെയ്ത ശേഷം നല്ലൊരു ഇടവേള അത്യാവശ്യമാണ്. വരുമാനത്തിനു വേണ്ടി മാത്രം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്നും പാലിക്കാന്‍ പറ്റാതെ വരും. ആഴത്തില്‍ ജീവിതാനുഭവങ്ങള്‍ ഉള്ള വിവര്‍ത്തകര്‍ ഇപ്പോള്‍ വളരെ കുറവാണ്. പുസ്തകങ്ങളുടെ ബാഹുല്യമാണ് അതിന്‍റെ ഒരു കാരണം. ആസ്വദിച്ചു വിവര്‍ത്തനം ചെയ്യാനുള്ള സമയം കിട്ടാറില്ല പലപ്പോഴും. വരുമാനത്തിനു വേണ്ടി മാത്രമുള്ള ഒരു മേഖലയാക്കി ഇതിനെ മാറ്റിയതില്‍ പ്രസാധകര്‍ക്കും  വലിയ പങ്കുണ്ട്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളുടെ എണ്ണം നോക്കിയാല്‍ ഇത് വ്യക്തമാവും. കൂടുതലും പുസ്തകങ്ങള്‍ ഇംഗ്ലീഷ് ഭാഷാ പതിപ്പില്‍  നിന്നുമാണ് വിവര്‍ത്തനം ചെയ്യേണ്ടി വരിക. മൂലഭാഷയില്‍ നിന്നും വിവര്‍ത്തനം ചെയുന്നവര്‍ വിരളമാണ്. അങ്ങനെയുണ്ടെങ്കിലും മറ്റു പല ഭാഷകളിലും പ്രാവീണ്യം നേടിക്കഴിഞ്ഞെങ്കിലും പരിഭാഷ ചെയ്യപ്പെട്ട പുസ്തകങ്ങള്‍ക്ക് എന്തുകൊണ്ട് ആവശ്യക്കാര്‍ കൂടുന്നു എന്ന ചോദ്യത്തിനും ഇപ്പോള്‍ പ്രസക്തിയുണ്ട്. മൂലഗ്രന്ഥങ്ങള്‍ വായിക്കാന്‍ ക്ഷമയില്ലാത്തതു കൊണ്ടാണോ, അറിവില്ലാത്തതു കൊണ്ടാണോ അതോ നമ്മുടെ ഭാഷയില്‍ വായിക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ടാണോ എന്നുള്ള ചോദ്യങ്ങളും ഇതിനോടൊപ്പം ഉയരും.

എഴുത്തുകാരി കൂടിയായ വിവര്‍ത്തകയാണ്. എഴുത്തു ജീവിതത്തെ കുറിച്ച് പറയാമോ?
അച്ഛന്‍ കെഎസ് കര്‍ത്ത പത്രപ്രവര്‍ത്തകനായിരുന്നു, നന്നായി വായിക്കുമായിരുന്നു. അച്ഛനാണ് വായനയുടെ വരം പകര്‍ന്നു നല്‍കുന്നത്. അച്ഛന്‍ എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കിയാല്‍ അതിനൊപ്പം ഒരു പുസ്തകം കൂടിയുണ്ടാവും. ഒറ്റ കുട്ടിയായിരുന്നു ഞാന്‍, അതുകൊണ്ടു തന്നെ എന്‍റെ ലോകം പുസ്തകങ്ങളോടൊപ്പം ആയിരുന്നു. വളര്‍ന്നപ്പോള്‍ എഴുത്തിലേക്ക്‌ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ‘വിരൂപി’ എന്ന കഥാ സമാഹാരവും ‘കണ്ടെന്നും അവള്‍ കണ്ടതേയില്ല’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ വിവര്‍ത്തനങ്ങളിലുപരി എന്‍റേതായ രചനകളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഭാഷാ പരിചയം ഉള്ളതിനാല്‍ വിവര്‍ത്തനം എളുപ്പമുള്ളതായാണ് തോന്നിയിട്ടുള്ളത്. എന്‍റെതായ രചനകള്‍ നടത്തിയതിനു ശേഷമുള്ള ഇടവേളകളിലാണ് ഞാനത് ചെയ്യാറും. അതുകൊണ്ടുതന്നെ വിവര്‍ത്തനം ചെയ്യുന്ന വിഷയത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്താന്‍ എനിക്ക് സമയം കിട്ടാറുണ്ട്. കലാമിന്‍റെ പുസ്തകം ഞാന്‍ തീര്‍ത്തത് ഒന്നര മാസം കൊണ്ടാണ്, 300 പേജുണ്ടായിരുന്നു അത്. രണ്ടാമത് തിരുത്തി ഒരു കോപ്പി എഴുതേണ്ടി വന്നില്ല.


‘കാലാതീതം’ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആദ്യമേ അറിഞ്ഞിട്ടുണ്ടാവുമല്ലോ, എന്നിട്ടും എന്തുകൊണ്ടാണ് വിവര്‍ത്തനം ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തത്?
സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ഒരു പരാമര്‍ശം പോലും കാലാതീതത്തിലില്ല. കലാമിന്‍റെ അമിത ഭക്തി കൊണ്ടാണോ അതോ അദ്ദേഹം അത് മറച്ചു വച്ചതാണോ എന്ന് എനിക്കറിയില്ല.  ലിംഗ വിവേചനപരമായ ഒരു വാക്കുപോലും അതില്‍ വരാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടായിരുന്നു. മതത്തിനെക്കുറിച്ച് സംസാരിക്കുന്ന ഇടങ്ങളില്‍ പോലും അത് ബാലന്‍സ് ചെയ്യാന്‍ കലാം ശ്രദ്ധിച്ചിരുന്നു. ഉദാഹരണമായി പരമാത്മാവിനെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്, അതില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് മദ്രസയിലെ അധ്യാപകന്‍ പരമാത്മാവിനെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് ഒരു ഹിന്ദു സന്യാസി അതെക്കുറിച്ച് സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ പ്രയാസം നേരിട്ടില്ല എന്നാണ്. ഈ സന്യാസി സമൂഹത്തിന്‍റെ  പ്രാകൃതമായ ഉച്ചനീചത്വങ്ങളെക്കുറിച്ചോ, സ്ത്രീകള്‍ ഒരു മറയ്ക്കപ്പുറമിരുന്നു വേണം സ്വാമിജിയെ കാണാന്‍ എന്നോ ഒരിടത്തെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നെങ്കില്‍ വിവര്‍ത്തനം ഞാന്‍ അവിടെവച്ച് അവസാനിപ്പിച്ചേനെ. പക്ഷേ ഗ്രന്ഥത്തില്‍ ഒരിടത്തു പോലും സന്യാസിനിമാരെക്കുറിച്ച് പരാമര്‍ശം വന്നിട്ടില്ലെന്നുള്ള കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പുസ്തകം വായിക്കുമ്പോള്‍ അത് മനസ്സിലാവും. 

കലാമിന്‍റെ അവസാനഗ്രന്ഥം വിവര്‍ത്തനം ചെയ്തപ്പോഴുള്ള അനുഭവം
കലാമിന്റെ ആത്മീയാനുഭവങ്ങള്‍ അല്ലെങ്കില്‍ അതീന്ദ്രിയാനുഭവങ്ങള്‍ എന്നുള്ള രീതിയിലാണ്‌ ഈ ഗ്രന്ഥം പ്രസക്തമാവുന്നത്.  അദ്ദേഹം രചിച്ച മറ്റു പുസ്തകങ്ങളില്‍ നിന്നും, വ്യത്യസ്തമാണിത്. രണ്ടു കാര്യങ്ങളാണ് എന്നെ ആകര്‍ഷിച്ചത്

ഒന്ന്, കലാം തന്‍റെ വിധിയെ തന്‍റെ നിയോഗത്തെ, ഈശ്വരവിശ്വാസത്തെ ശാസ്ത്രബോധം കൊണ്ട് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് കാലാതീതത്തില്‍. ലോകത്തില്‍ ആദ്യമായി നടന്ന ശാസ്ത്ര പരീക്ഷണം മുതല്‍ ഇന്നുവരെയുള്ളവ അദ്ദേഹം ശാസ്ത്രത്തിന്‍റെ പിന്തുണയോടെ അപഗ്രഥിക്കുന്നു. ഇതിനു പിന്നിലുണ്ടായിരുന്ന ശാസ്ത്രജ്ഞന്‍മാര്‍ പലരും ദൈവ വിശ്വാസികള്‍ അല്ലായിരുന്നെങ്കില്‍ പോലും ഊര്‍ജ്ജം എന്ന അസ്തിത്വത്തെ അംഗീകരിച്ചിരുന്നു എന്നത് കലാം ഈ പുസ്തകത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

രണ്ടാമത്തേത്‌, ഇന്ത്യയിലാണ് പ്രമുഖരായ തത്വചിന്തകര്‍ എന്ന് ധരിച്ചിരിക്കുന്ന സമൂഹത്തിന് ഒരു തിരിച്ചറിവ് നല്‍കുന്ന ഭാഗമാണ്. ലോകത്തെല്ലായിടത്തും സമാനമായ രീതിയില്‍ ചിന്തിച്ചിരുന്നവരും ഋഷിമാരും ഉണ്ടായിരുന്നെന്ന് കലാം ഈ ഭാഗത്തിലൂടെ വ്യക്തമാക്കുന്നു.

ഇന്ത്യന്‍സംസ്കാരത്തിലെ ആസ്ട്രോണമേഴ്സ് ഫിസിസിസ്റ്റുകള്‍  എല്ലാവരും ഋഷിമാര്‍ ആയിരുന്നു. അവരെല്ലാം ശരിക്കും ദൈവാസ്തിത്വത്തെ അംഗീകരിച്ചിട്ട്‌ സ്വന്തം ബൌദ്ധികമണ്ഡലം വച്ച് ആ തത്വത്തെ സ്ഥാപിക്കാന്‍ ശ്രമിച്ചവരാണ്. ഈ പ്രവണത ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട് എന്ന് കലാം തെളിവുകള്‍ വച്ച് കൊണ്ട് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ് ഇതില്‍. അങ്ങനെ വ്യത്യസ്തമായ ഒരു തലത്തിലുള്ള ഗ്രന്ഥമാണിത്. 

എട്ടു അധ്യായങ്ങള്‍  ഉള്ള നാല് ഭാഗങ്ങളായി ആണ് കാലാതീതം രചിക്കപ്പെട്ടിട്ടുള്ളത്‌  തന്‍റെ അതീന്ദ്രിയ അനുഭവങ്ങള്‍, ഗുരുവുമായിട്ടുള്ള കണ്ടുമുട്ടല്‍ എന്നിവയാണ് ആദ്യ അദ്ധ്യായത്തില്‍. ശാസ്ത്രത്തിന്‍റെയും ദൈവികതയുടെയും വേരുകള്‍ എന്നിവ രണ്ടാമത്തെതില്‍. അടുത്ത അദ്ധ്യായത്തില്‍ ഗുരുവിനെയും പ്രസ്ഥാനത്തിനെയും പ്രകീര്‍ത്തിച്ചിട്ടുണ്ട് കലാം. ക്രിയാത്മക നേതൃത്വത്തിനു വേണ്ട എട്ടു ഗുണങ്ങള്‍ എന്താണെന്നും ആ ഗുണങ്ങള്‍ ഉള്ള വ്യക്തിത്വങ്ങള്‍ ആരൊക്കെയാണ് എന്നും പരിചയപ്പെടുത്തുന്നുണ്ട് അവസാനത്തെ അധ്യായത്തില്‍.

പക്ഷേ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്തിന്‍റെ നേര്‍വിപരീതമായാണല്ലോ പ്രകാശന ചടങ്ങിന്‍റെ പേരില്‍ നടന്നത്?
ഗ്രന്ഥം വിവര്‍ത്തനം ചെയ്യുമ്പോള്‍ എന്‍റെ ആഗ്രഹം ഈ  ഗുരുവിനെ ഒന്ന് നേരില്‍ കാണണം എന്നു തന്നെയായിരുന്നു. അത്രയ്ക്ക് അനുകരണീയനായ ഒരു വ്യക്തിയായാണ് കലാം തന്‍റെ ഗുരുവിനെ ചിത്രീകരിച്ചിരിക്കുന്നത്‌. പുസ്തകം വായിക്കുന്ന ആളിന് അങ്ങനെ തോന്നിപ്പോവും. പക്ഷേ എന്‍റെ മനസ്സിലുണ്ടായിരുന്ന ചിത്രവും എനിക്കുണ്ടായ അനുഭവവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. എല്ലാ ഗുണങ്ങളുടെയും ഇരിപ്പിടം, കളങ്കങ്ങള്‍ ഇല്ലാത്ത അപവാദങ്ങള്‍ കേള്‍പ്പിക്കാത്ത സന്യാസിസമൂഹം എന്ന്  കലാം വാഴ്ത്തിയവരുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു നിര്‍ദേശം ഉണ്ടെന്നു പ്രസാധകര്‍ അറിയിച്ചപ്പോള്‍ ആദ്യം ഞാന്‍ ഒരു പത്തു മിനിറ്റ് ചിരിക്കുകയാണ് ചെയ്തത്. തമാശയായി തോന്നി അങ്ങനെയൊരു നിര്‍ദേശം കേട്ടപ്പോള്‍.

എഴുത്തുകാരന്‍ കഴിഞ്ഞാല്‍ സൃഷ്ടിയില്‍ അടുത്ത ഉത്തരവാദിത്തം വരുന്നത് പ്രസാധകനാണ്. ഇപ്പോള്‍ കറന്റ് ബുക്സ് എടുത്ത നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു?
എഴുത്തുകാരന്റെ ഏറ്റവും കരുത്തുള്ള പരിച എന്നത് പ്രസാധകനാണ്. എഴുതുന്നത്‌ അയാള്‍ പബ്ലിഷ് ചെയ്യും എന്ന ഉറപ്പിന്മേലാണ് ഞാന്‍ മുന്‍പോട്ടു പോകുന്നത്. എഴുതിക്കഴിഞ്ഞ കൃതിയെ സംരക്ഷിക്കുക എന്നത് പ്രസാധകന്റെ ഉത്തരവാദിത്തമാണ്. എഴുത്തുകാരനും പ്രസാധകനും തമ്മിലുള്ള ഒരു പരസ്പര പോഷണമാണിത്. നവമാധ്യമങ്ങള്‍ വന്നതുകൊണ്ട് പരസ്പര ആശ്രയത്വം കുറഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ സാഹിത്യപാരമ്പര്യം പുസ്തകങ്ങളുമായി ഇഴപിരിഞ്ഞു കിടക്കുന്നതു കൊണ്ട് പ്രസാധകര്‍ക്ക് ഇന്നും പുസ്തകങ്ങളിന്മേല്‍ മേല്‍ക്കൈയുണ്ട്. കഴിവുള്ള എഴുത്തുകാരെ കണ്ടെത്തുന്നതില്‍ അവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്‌.എജ്സ്ര പൌണ്ട് ആണ് എലിയട്ടിനെ കണ്ടെത്തുന്നത്, അതുപോലെ ഉറൂബിന്‍റെയും ബഷീറിന്റെയും കൃതികള്‍ വായനക്കാരന്  പരിചയപ്പെടുത്തിയത് എന്‍ബിഎസ് ആണ്.

ഈ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ വലിയോരുത്തരവാദിത്വം താന്‍ വഹിക്കുന്നുന്നുണ്ട്, അതിനോട് നീതി പുലര്‍ത്തണം എന്നുള്ള ചിന്ത പ്രസാധകനില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ സമൂഹവും എഴുത്തുകാരും സുരക്ഷിതരല്ല.

കാലാതീതത്തിന്‍റെ പ്രകാശനചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാറാ ജോസഫ് എടുത്ത നിലപാടിനെക്കുറിച്ച്.. ? 
കറന്റ് ബുക്സ് എടുത്തിരിക്കുന്ന നിലപാട് അവരുടെ മുഖം രക്ഷിക്കാനുള്ള അറ്റകൈയാണ്. മൂന്നില്‍ കൂടുതല്‍ പ്രാവശ്യം ചടങ്ങിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അവര്‍ എന്നെ വിളിച്ചിട്ടുണ്ട്. ഏത് ട്രെയിനില്‍ വരണം എന്നുള്ളത് പോലും സംസാരിച്ച്‌ ഉറപ്പിച്ചിരുന്നതാണ്. പിന്നീടാണ് അവര്‍ നിലപാട് മാറ്റിയത്. ഇത്തരം ചടങ്ങുകളില്‍ നിന്നും വിവര്‍ത്തകരെ ഒഴിച്ചു നിര്‍ത്തണം എന്ന് സാറാ ജോസഫ് പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ ചെയ്തിരിക്കുന്നത് അവരുടെ കൃതി വിവര്‍ത്തനം ചെയ്ത് മറ്റൊരു ഭാഷയിലെത്തിച്ച വ്യക്തിയെ അപമാനിച്ചു എന്നുള്ളതാണ്. ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ നില്‍ക്കേണ്ടത് എന്‍റെ ഭാഗത്തായിരുന്നു. ഒന്നുകില്‍ അവര്‍ സെന്‍സിറ്റിവ് അല്ല ,അല്ലെങ്കില്‍ അത്രത്തോളം ഹിപ്പോക്രൈറ്റ് ആണ് എന്നു പറയേണ്ടി വരും. ഞാന്‍ ക്രിയേറ്റ് ചെയ്ത ഒരു ഇഷ്യൂ ആണെന്ന് പോലും ആരോപണങ്ങള്‍ വരുന്നുണ്ടായിരുന്നു. അലങ്കോലപ്പെടുത്താനായിരുന്നെങ്കില്‍ എനിക്കവിടെ ചെന്നു തന്നെ ഇതിനെതിരെ പ്രതികരിക്കാമായിരുന്നു.

എന്താണ് ഇതിനെതിരെ ശബ്ദമുയര്‍ത്തണം എന്ന് തോന്നാന്‍ കാരണം?
തനിക്കു നേരെ ഇത്തരം ഒരു നടപടി ഉണ്ടാവുമ്പോള്‍ മാത്രമേ പലരും പ്രതികരിക്കാന്‍ തയ്യാറാവുന്നുള്ളൂ എന്നുള്ളത് ശരിയാണ്. മറ്റുള്ളവര്‍ക്ക് നേരെ ഉണ്ടാവുമ്പോള്‍ അത് നവമാധ്യമങ്ങളില്‍ ലൈക്കും ഷെയറും മാത്രമാവുന്നു. എനിക്ക് നേരെ ഉണ്ടായത് ഇനി പലര്‍ക്ക് നേരെയും ഉണ്ടായേക്കാം എന്നുള്ള ബോധവും കൂടി ഉണ്ടായതു കൊണ്ടാണ് ഞാന്‍ പ്രതികരിക്കാന്‍ തയ്യാറായത്.

കൂടാതെ നമ്മുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ഒരു ആത്മീയബോധമുണ്ട്. ആത്മീയതയിലേക്കുള്ള ആദ്യത്തെ ചുവട് വ്യക്തിയില്‍ നിന്നും ദ്വൈതത്തെ ഉപേക്ഷിക്കുന്നതാണ്. രമണമഹര്‍ഷി പറയുന്നത് പോലെ ജാതി, മതം, നീതി, കുലം, ഗോത്രം, നാമം, രൂപം, ഗുണം എന്നിവ പോകാതെ സന്യാസത്തിലേക്ക് ഒരു ചുവടുപോലും വയ്ക്കാന്‍ സാധിക്കില്ല. ഇപ്പോഴും ഈ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നയാള്‍ എങ്ങനെ ഒരു സന്യാസിയാവും. ആ വ്യക്തി ഇപ്പോഴും കെട്ടുപാടുകളില്‍ നിന്ന് മോചിതനായിട്ടില്ല എന്നല്ലേ മനസ്സിലാവുന്നത്. ഒരു സന്യാസി വന്ന് അവരുടെ സമൂഹത്തിന്‍റെ പ്രാകൃതമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെയുള്ള ധാര്‍മികരോഷം കൂടി പ്രതികരിച്ചതിനു പിന്നിലുണ്ട്.

ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്‌ ടൈപ്പ് ചെയ്തതിനു ശേഷം ഒരു ദിവസം എനിക്ക് മാത്രം കാണാവുന്ന രീതിയില്‍ ഒണ്‍ലി മീ എന്ന ഫീച്ചര്‍ എനേബിള്‍ ചെയ്തിരുന്നു. നന്നായി ആലോചിച്ചത്തിനു ശേഷമാണ് പോസ്റ്റ്‌ ലൈവ് ആക്കിയത്.


അടുത്തിടെയായി സാഹിത്യ-സാംസ്കാരിക മേഖലയില്‍ നിയന്ത്രങ്ങളുമായി ഫാസിസ്റ്റ് വര്‍ഗ്ഗീയ ഇടപെടലുകള്‍ നടക്കുന്നുണ്ടല്ലോ ,അതിനേക്കുറിച്ച്..   
ഇതൊരു പുതിയ കാര്യമല്ല. മനുഷ്യന്‍റെ മറൊരു മുഖമാണ് വര്‍ഗ്ഗീയ ഫാസിസ്റ്റ് ഇടപെടലുകള്‍. പരിഷ്കൃതരും സംസ്കാരചിത്തരുമായ സമൂഹം ഇതിനെ പെട്ടന്ന് തിരിച്ചറിയും. എഴുത്തുകാരാണ് ഇതിനെ ആദ്യം അനുഭവിക്കുന്നത്. സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരും അത് അനുഭവിക്കുന്നവരും എന്ന നിലയ്ക്ക് അതിന്മേലുണ്ടാവുന്ന ചെറിയ ഇടപെടലുകള്‍ പോലും അവര്‍ക്ക് പെട്ടന്നറിയാന്‍ സാധിക്കും. അതിനെതിരെ ആദ്യം പ്രതികരിക്കുകയും ചെയ്യുക എഴുത്തുകാര്‍, ചിന്തകന്മാര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരായിരിക്കും.

പെരുമാള്‍ മുരുകന്‍റെ കാര്യത്തിലും സമാനമായ ഇടപെടലുകള്‍ തന്നെയാണ് ഉണ്ടായത്. വായിക്കുന്ന ഒരാള്‍ക്ക് അര്‍ദ്ധനാരീശ്വരന്‍ എന്നു കേള്‍ക്കുമ്പോള്‍ അതിലെ ഉദാത്ത സങ്കല്പം മാത്രമേ മനസ്സില്‍ വരൂ. ഇത്തരം ഫാസിസ്റ്റുകള്‍ക്ക് ഇല്ലാത്തതും വായനയാണ്. കലയോട് എക്സ്പോസ് ആയിരിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.

പുസ്തകപ്രകാശനവിവാദത്തോടനുബന്ധിച്ചു നവമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ താങ്കളുടെ പേരിന്‍റെ അവസാനമുള്ള കര്‍ത്ത  എന്ന സര്‍നെയിം പോലും വിഷയമായിട്ടുണ്ടായിരുന്നു!
തികച്ചും സെക്കുലര്‍ ആയ ഒരു ജീവിതരീതിയാണ് എന്റേത്. എന്‍റെ ജീവിതം കൊണ്ട് അത് പ്രൂവ് ചെയ്യാനേ എനിക്ക് സാധിക്കൂ. എന്‍റെ പേരിന്‍റെ കൂടെയുള്ള കര്‍ത്ത എന്‍റെ അച്ഛന്‍ ചേര്‍ത്തതാണ്. അതൊരു ഐഡന്റിറ്റി ആയി മാറിക്കഴിഞ്ഞു. അതിനെ ഒരു ശബ്ദമായി കാണാന്‍ ശ്രമിക്കൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍