UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി ഔർ പൊണ്ടാട്ടി; ആര് പറഞ്ഞു നമ്മുടെ ക്യാമ്പസുകൾ സർഗാത്മകമല്ലെന്ന്?

Avatar

ജേക്കബ് സുധീർ 

പാരഡിയിലൂടെയും സ്ത്രീ പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാം എന്നതിനുദാഹരണം ആണ് ‘ബി ഔർ പൊണ്ടാട്ടി’ എന്ന വൈറൽ ആയ പാരഡി ഗാനം. മാട്രിമോണി കോളത്തിൽ മകന് പൊണ്ടാട്ടിയെ (ഭാര്യമാരെ) തേടുന്ന ഒരു ശരാശരി വീട്ടമ്മയുടെ എല്ലാ ചിന്തകളും എത്രമാത്രം സ്ത്രീ വിരുദ്ധമാണെന്ന് പരിഹസിക്കുകയാണ് ഈ പാരഡിയിലൂടെ ഒരു കൂട്ടം ഐ ഐ ടിയൻസ്.

ഒരാശയം എങ്ങനെ പ്രെസന്‍റബിള്‍ ആയി ആവിഷ്ക്കരിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വീഡിയോ. ഫേസ്ബുക്ക് ഉപയോഗിക്കാത്ത, ഹാഫ് ട്രൗസർ ധരിക്കാത്ത പൊണ്ടാട്ടി ആയിരിക്കണം അവളെന്നു അവകാശപ്പെടുമ്പോൾ തന്നെ പാർട്ട് ടൈം ജോലി ചെയ്യാമെന്നും എന്നാൽ വൈകീട്ട് അഞ്ചു മണിക്ക് മുൻപേ വീട്ടിലെത്തുന്നവൾ ആവണം ഒരു ടിപ്പിക്കൽ പൊണ്ടാട്ടി എന്നും വീഡിയോ പറയുന്നു. തന്റെ മകന് സാമ്പാറും വടയും ഉണ്ടാക്കി കൊടുക്കുന്നവള്‍ ആവണം,  മരുമകൾ ആവാൻ തയ്യാറുള്ളവൾ നല്ല പൊണ്ടാട്ടിയാവാനുള്ള യോഗ്യത തെളിയിക്കാൻ “റൌണ്ട് ചപ്പാത്തിയുടെ” സാമ്പിൾസ് സമർപ്പിക്കണം എന്നുകൂടി പറയുന്നതോടെ ഈ വീഡിയോ കാണുന്ന നർമ്മ ബോധമുള്ള ഏതൊരാളും ചിരിയടക്കാൻ പ്രയാസപ്പെടും.

ആറടി ഉയരവും എം ബി എ ബിരുദവും ഉള്ള, അമ്മയുടെ അരുമയായ ചെറുക്കന്റെ പൊണ്ടാട്ടിക്കു വേണ്ട ഗുണഗണങ്ങൾ വിവരിക്കുമ്പോൾ തന്നെ പൊണ്ടാട്ടിയുടെ വിഹാര കേന്ദ്രം അടുക്കളയായിരിക്കും എന്നുറപ്പായി. മാർക്കറ്റിൽ ലഭിക്കുന്ന ഓണക്കാലത്തെ ഓഫറുകൾ പോലെ കല്യാണം കഴിഞ്ഞാൽ കുട്ടി ഫ്രീ എന്ന് കൂടി പറയുമ്പോൾ കൃപാ വർഗീസ് എന്ന ഐ ഐ ടിയൻ അഭിനയിച്ചവതരിപ്പിച്ച പൊണ്ടാട്ടി വീഡിയോ യൂറ്റൂബിൽ  ഹിറ്റ് ആയില്ലെങ്കിലേ അതിശയമുള്ളൂ. എത്ര ഉന്നത ബിരുദം ഉള്ളവരാണെങ്കിലും സമൂഹത്തിൽ അവൾ  വെറും പൊണ്ടാട്ടി മാത്രമാണെന്നും അതാണ് നമ്മുടെ ആനുകാലികങ്ങളിലെ മാട്രിമോണി പരസ്യം നമ്മോടു പറയുന്നതും എന്നാണ് അവതാരകരുടെ പക്ഷം. ഒരു തമാശക്ക് വേണ്ടി ചെയ്ത ഒരു പാരഡി സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ ചിന്തകൾക്ക് നേരെ പിടിച്ച ഒരു കണ്ണാടി കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയ സംവേദനം നടത്താം എന്നതിന് ഒരു ഉത്തമ ഉദാഹരമായി മാറുകയാണ് യൂറ്റൂബിൽ 9 ലക്ഷത്തിൽ അധികം പേര് കണ്ട ഈ വീഡിയോ.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നു വരുന്നുണ്ടെങ്കിലും വിദ്യാഭ്യാസത്തിനു ശേഷം അവരിൽ എത്ര പേര്‍ പ്രൊഫഷണൽ രംഗത്ത് തുടരുന്നു എന്ന് പരിശോധിച്ചാൽ അറിയാം ഏതാണ്ട് പകുതിയോളം പേര്‍ സോ കോൾഡ് ‘വീട്ടമ്മ’മാരായി ഒതുങ്ങിക്കൂടി കഴിയുകയാണെന്ന്. സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരെ താലോലിക്കാനും വീട്ടിൽ ഭക്ഷണം പാചകം ചെയ്തു വിളമ്പാനും ഉളളവരാണെന്ന അലിഖിത നിയമം സാധൂകരിക്കുന്ന തരത്തില്‍ സ്വയം വീട്ടമ്മ വേഷം കെട്ടാൻ തയ്യാറാകുന്നവരാണ് അവരിലേറെയും. അവർക്കൊക്കെ ഉള്ള ഒരുണർത്തുപാട്ടു കൂടിയാണ് ഈ വീഡിയോ.

സാഹിത്യവും സിനിമയും സാംസ്ക്കാരിക മുന്നേറ്റവും അപചയവും എല്ലാം ചർച്ച ചെയ്യുന്ന ക്യാമ്പസ് ഇന്നും പൂർണ്ണ വളർച്ച എത്താത്ത സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് എന്നാണോ ചർച്ച ചെയ്തു തുടങ്ങുക? നമുക്കിടയിൽ ഷീ ന്യൂസും ഷീ ടാക്‌സിയും ഷീ പോലീസ് സ്റ്റേഷനും   കുടുംബശ്രീയും മറ്റു വനിതാ സഹകരണ സംഘങ്ങളും ഒക്കെ ഉണ്ടെങ്കിലും ശരിയായ അർത്ഥത്തിൽ ഉള്ള സ്ത്രീ സ്വാതന്ത്ര്യം എന്നത് ഇന്നും ഒരു അൺടച്ചബിൾ ടോപിക് ആയി നിലകൊള്ളുകയാണ്. വി ടി ഭട്ടതിരിപ്പാടിന്റെ കാലത്തേ “സ്ത്രീ” അടുക്കളയിൽ നിന്നും പുറപ്പെട്ടെങ്കിലും ശരിക്കും അവർ അരങ്ങത്ത് എത്തിയോ എന്ന ചർച്ചകൾ ക്യാമ്പസുകളില്‍ നിന്ന് തന്നെ തുടങ്ങട്ടെ. അതിനൊരു തുടക്കമാവട്ടെ മദ്രാസ് IIT യിലെ അവസാന വർഷ വിദ്യാർത്ഥികൾ ആയ കൃപ വർഗീസ്, അനുകൃപ ഇളങ്കോ, അമിതാ ഘോഷ് എന്നിവർ ചേർന്ന് നിർമിച്ച ‘ബി ഔർ പൊണ്ടാട്ടി’ എന്ന വീഡിയോ. 

(മാഹി സ്വദേശി. ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍