UPDATES

അധ്യാപിക ഡസ്റ്റർ കൊണ്ട് തലക്കടിച്ചു; പത്താം ക്‌ളാസ്സുകാരന് തലച്ചോറിൽ ശസ്ത്രക്രിയ

അഴിമുഖം പ്രതിനിധി

അസുഖം കാരണം ക്ലാസ്സിൽ പോകാത്തതിന് 500 രൂപ പിഴ ശിക്ഷ അടച്ചില്ലെന്ന് ആരോപിച്ച് 14 വയസ്സുകാരനെ അദ്ധ്യാപിക ഡസ്റ്റർ കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. തലച്ചോറിനകത്ത് രക്തം കട്ടപിടിച്ച സുരേഷിനെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ടീച്ചറുടെ മുറിയിൽ നിന്ന് പുറത്ത് വന്ന കുട്ടി ഛർദ്ധിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയായിരുന്നു. ഹൈദരാബാദിലുള്ള രാജധാനി സ്കൂളിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സുരേഷ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണ് ബിഹാറിൽ നിന്ന് വരുന്ന സുരേഷിന്‍റെ കുടുംബം.  

ടീച്ചർ കുട്ടിയെ ഒന്നും ചെയ്തിട്ടില്ലെന്നും സുരേഷിന്റെ അസുഖം നേരത്തെ ഉള്ളതായിരുന്നു എന്നുമുള്ള വാദവുമായി സ്കൂൾ അധികൃതർ മുന്നോട്ട് വന്നെങ്കിലും സുരേഷിന്റെ അച്ഛൻ അത് നിരാകരിച്ചു. “എന്റെ ഭാര്യയും കൂടെ പോയിരുന്നു. എന്നാൽ ഭാര്യയെ പുറത്ത് നിർത്തി മകനെ അകത്തേക്ക് വിളിച്ചു. പുറത്ത് വന്ന സുരേഷ് ടീച്ചർ അടിച്ചെന്നും 500 രൂപ പിഴ ആവശ്യപ്പെട്ടെന്നും പറഞ്ഞു. അതിനു ശേഷമാണ് തളർന്നു വീണത്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് തല ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയ ചെയ്യണമെന്നും ഡോക്ടർമാർ പറയുന്നത്”, സുരേഷിന്റെ അച്ഛൻ രാംജനം പ്രസാദ് പറഞ്ഞു. സുരേഷ് പൂർണ്ണ ആരോഗ്യവാനായിരുനെന്നും ടീച്ചർ അടിച്ചതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യണമെന്നും ടീച്ചർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് ജഗതിഗിരുഗുട്ടാ പൊലീസ് സംഭവത്തിൽ രാമാദേവിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടീച്ചർ അടിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ രക്തം കട്ടപിടിച്ചത് അതിനാലാണോ എന്ന് പരിശോധിച്ച് വരുന്നതേ ഉള്ളൂ എന്നും ഇൻസ്‌പെക്ടർ പി. ശ്രീനിവാസൻ പറഞ്ഞു. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരം അധ്യാപകർക്ക് വടി ഉപയോഗിക്കാൻ പറ്റില്ലെന്ന നിയമം 2010 മുതൽ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. തടവ് ശിക്ഷ ഉൾപ്പടെ ഉള്ള ശിക്ഷകളാണ് നിയമം ലംഘിക്കുന്നവർക്ക് നിഷ്കര്‍ഷിച്ചിട്ടുള്ളത്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍