UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഖാക്കളേ, പ്രായം ചെന്ന എന്റെ അച്ഛനേയും അമ്മയേയും മര്‍ദ്ദിച്ചത് ഏത് വിപ്ലവപ്രവര്‍ത്തനമാണ്?

Avatar

ശൂരനാട് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീടുകയറി എഐഎസ്എഫ് നേതാവിന്റെ അമ്മയെയും അച്ഛനെയും മര്‍ദിച്ചതിനെക്കുറിച്ച് സഹോദരി ചിത്ര എഴുതുന്നു

മറ്റൊരാളുടെ തല്ല് കൊണ്ട് വേദന സഹിക്കാനാകാതെ അമ്മ കരയുന്നത് നിസ്സഹായമായി കേട്ടിരുന്നിട്ടുണ്ടോ നിങ്ങള്‍? ബാത്‌റൂമിലേക്ക് പോലും നടന്നു പോകാന്‍ കഴിയാതെ നിസ്സഹായനായി ഇരിക്കുന്ന അച്ഛനെ? ഇതിനെല്ലാം കാരണം താനാണ് എന്ന കുറ്റബോധം കൊണ്ട് തല കുനിച്ചിരിക്കുന്ന സഹോദരനെ? ഇപ്പോള്‍ മനസിലാക്കുന്നു സഖാവ് ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തെ, അദ്ദേഹത്തിന്റെ ഭാര്യ സഖാവ് കെകെ രമയെ, മകന്റെ മാനസികാവസ്ഥയെ, ചന്ദ്രശേഖരന്റെ അമ്മയെ. എന്തെന്നാല്‍ ഇന്നലെ വരെ ഞാന്‍ ഒരു കാഴ്ച്ചക്കാരി ആയിരുന്നു. ഇന്ന് ഞാന്‍ ഇരയാണ്. ഇപ്പോള്‍ എനിക്ക് ഇരകളുടെ രാഷ്ട്രീയം മനസ്സിലാകും.

 

ഇന്ന് സംഭവിച്ചത് എന്റെ അപ്പയ്ക്കാണ്, അമ്മയ്ക്കാണ്, എന്റെ അമ്പുവിനാണ്… അറിയാന്‍ പറ്റുന്നുണ്ട് ഇരകളുടെ ദുഃഖം. ഇതൊരു വല്ലാത്ത അവസ്ഥയാണ്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും വായിക്കാനും പറ്റാത്ത അവസ്ഥ.

 

തലേന്ന് രാത്രി ഫോണിലൂടെ കേട്ട അമ്മയുടെ നിലവിളി, ജീവിതത്തില്‍ ഒരിക്കല്‍പോലും പതറിയിട്ടില്ലാത്ത എന്റെ അപ്പയുടെ ഭയം നിറഞ്ഞ ശബ്ദം ഇതൊക്കെ കേട്ടിട്ടാണ് വെള്ളിയാഴ്ച ഉച്ചക്ക് ഞാന്‍ എറണാകുളത്ത് നിന്ന് വീട്ടിലെത്തിയത്.

 

വീട്ടിലെത്തിയ ഞാന്‍ കണ്ടത് എന്റെ വീടിന്റെ പൊട്ടിയ ജനലുകള്‍, അലങ്കോലമായി കിടക്കുന്ന മുറ്റം, കണ്ണില്‍ സങ്കടവും നെഞ്ചില്‍ തീയും നിറച്ച് നടക്കാനാകാതെ നീര് വന്ന കാലുമായി നിരങ്ങുന്ന അപ്പ, കണ്ടപാടെ പൊട്ടിക്കരഞ്ഞ് എനിക്കൊന്നും പറ്റിയില്ല എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച അമ്മ, ശവദാഹം കഴിഞ്ഞ വീട് പോലെ അയലത്തുകാരുടെ നോട്ടം. അതുവരെ കണ്ടത് പോലെയായിരുന്നില്ല എന്റെ വീടും അമ്മയും അപ്പയും സഹോദരനും ഒന്നും. അപ്പ ഇത്രയും പതറി ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. മുറുക്കിപ്പിടിച്ച പ്രത്യയശാസ്ത്രത്തിന്റെ സഹോദരന്മാര്‍ എന്ന് അപ്പ തന്നെ പറഞ്ഞു പഠിപ്പിച്ചു തന്ന ഒരു കൂട്ടം ആളുകളുടെ കടന്നാക്രമണം എന്റെ അപ്പയുടെ ശരീരത്തേക്കാള്‍ തളര്‍ത്തിക്കളഞ്ഞത് ആ മനസ്സിനെയാണ്. ഞാന്‍ പഴയ കമ്മ്യൂണിസ്റ്റുകാരന്‍ അല്ലേ മോളെ, പുതിയ കാലത്തെ അടിതടയൊക്കെ അവരെനിക്ക് കാട്ടിത്തരികയായിരുന്നു. എന്റെ വിഷമം കുറയ്ക്കാന്‍ വേണ്ടി അപ്പ തമാശ പറയാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴും അപ്പയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പഴയ കമ്മ്യുണിസ്റ്റിനെ പുതിയ കാലത്തെ രക്ഷാബന്ധന്‍ സഖാക്കള്‍ ചേര്‍ന്ന് അടിച്ചു അവശനാക്കിയിരിക്കുന്നു.

 

‘ഏതു പട്ടിയുടെ മോനായാലും എസ്എഫ്‌ഐ സഖാവിന്റെ ദേഹത്ത് തൊട്ടാല്‍ അവന്റെ വീട്ടില്‍ അവന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കയറി അടിക്കും. അത് എഐഎസ്എഫ് ആയാലും ആര്‍എസ്എസ് ആയാലും.’ ഇത് ഒരു എസ്എഫ്‌ഐ നേതാവ് എന്റെ അനുജന് നേരേ കൊലവിളി നടത്തിക്കൊണ്ട് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണ്. പോസ്റ്റിട്ട നേതാവിനോടും അതിനു ശേഷം അത് ഷെയര്‍ ചെയ്തും അതേ പോസ്റ്റ് എഴുതിയും ഒക്കെ കൊലവിളി നടത്തിയ സഖാക്കളോടായി പറയട്ടെ, എന്റെ അമ്മക്ക് ഗര്‍ഭപാത്രം ഇല്ല. 2005-ല്‍ അമ്മയ്ക്ക് അതു നഷ്ടപ്പെട്ടു. അതിനെ തുടര്‍ന്നുണ്ടയ ആരോഗ്യ പ്രശ്‌നങ്ങള്‍, രണ്ട് പ്രസവം അടക്കം മൂന്ന് ഓപ്പറേഷനുകള്‍, സന്ധിവാതം മൂലമുള്ള തളര്‍ച്ച, ഈ 45 വയസ്സിനുള്ളില്‍ ഒരു ജന്മം അനുഭവിക്കേണ്ടതില്‍ കൂടുതല്‍ ശാരീരിക വേദനകള്‍ അനുഭവിച്ചതാണ് എന്റെ അമ്മ. ഇപ്പോളും ഏന്തി വലിഞ്ഞാണ് നടക്കുന്നത്. ആ അമ്മയെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അടിച്ച് അവശയാക്കിയത്.

ശൂരനാട് നടന്ന ഡിവൈഎഫ്‌ഐ ആക്രമണത്തിന്റെ സത്യാവസ്ഥ ഇതാണ്. ഇത് വായിച്ചിട്ട് ഒരു വിഭാഗം ആളുകള്‍ എന്റെ അമ്മയുടെ ഗര്‍ഭപാത്രം കീറി മുറിച്ച് എന്നെ കൊല്ലാന്‍ മുറവിളി കൂട്ടും എന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും പറയാതിരിക്കാന്‍ കഴിയില്ല. നാഴികയ്ക്ക് നാല്‍പ്പതു വട്ടം അസഹിഷ്ണുതയ്ക്കും ഫാസിസത്തിനും എതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു സംഘടന തങ്ങളുടെ അണികളുടെ കയ്യൂക്കിന്റെ ബലത്തില്‍ എന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട്. കേവലം സിപിഐ – സിപിഎം പോരായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം, സിപിഐക്കാരുടെ അസൂയയായി കാണുന്നവര്‍ക്ക് അങ്ങനെയും കാണാം. എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല.

 

എം സ്വരാജ് എംഎല്‍എയുടെ പ്രസ്താവനകളെ വിമര്‍ശിച്ച് എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ആദില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതിനെതിരെ ഫേസ്ബുക്കില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കൂട്ടമായ അക്രമം ഉണ്ടായിരുന്നു. പിറ്റേന്ന് ആദിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. അന്നുതന്നെ സിപിഎം അനുഭാവികള്‍ അടക്കമുള്ള സ്‌കൂള്‍ പിറ്റിഎ കമ്മിറ്റി മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ പുറത്താക്കി.

 

തുടര്‍ന്ന് ഇതില്‍ പ്രധാന പ്രതിയായി പിറ്റിഎ കണ്ടുപിടിച്ച അനുരാജിനെ അച്ഛനൊപ്പം വീട്ടിലേക്കു പറഞ്ഞയച്ചു. സ്‌കൂളിന് പുറത്ത് ആദിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അനുരാജുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. അത് സംഘര്‍ഷത്തിലേക്ക് പോകാതെ തടഞ്ഞത് എന്റെ അനുജന്‍ അഖിലും കൂട്ടുകാരും കൂടിയാണ്. അവിടുന്ന് അവരെ വണ്ടിയില്‍ കയറ്റി വീട് വരെ അനുരാജിനൊപ്പം പോകുകയും ചെയ്തു അവര്‍.

 

ഇനിയൊരു സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ അനുരാജിന്റെ അച്ഛനുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ത്താണ് അഖിലും കൂട്ടുകാരും തിരികെ പോരുന്നത്. ഈ സംഭവിച്ചത് മുഴുവന്‍ പകല്‍വെളിച്ചതില്‍ ജനങ്ങളുടെ മുന്നില്‍വെച്ചാണ്.

 

പിന്നീട് വൈകുന്നേരം ആയപ്പോള്‍ അറിയുന്നു വീട് കയറി ആക്രമിച്ചു എന്ന് പറഞ്ഞു അവര്‍ അഖിലിനെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട് എന്ന്. പട്ടാപ്പകല്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരുപാടുള്ള ഒരുസ്ഥലത്ത് പോയി ആരുമറിയാതെ രണ്ടുപേര്‍ ഒരു വീട് ആക്രമിച്ചു എന്ന് പറയുന്നത് തന്നെ വിശ്വസനീയമല്ല. എന്റെ വീട്ടില്‍ കയറി അക്രമം കാണിക്കാനും കേസ് ആയാല്‍ കൌണ്ടര്‍ കേസ് ആക്കി ഒതുക്കിത്തീര്‍ക്കാനും ഉള്ള കള്ളക്കേസ് ആണ് അതെന്ന്‍ എല്ലാം കഴിഞ്ഞപ്പോഴാണ് മനസിലായത്.

 

ശേഷം 8.30-ഓടുകൂടി ബൈക്കില്‍ ഡിവൈഎഫ്‌ഐ ശൂരനാട് വില്ലേജ് സെക്രട്ടറിയും ആറു കൊല്ലം എന്റെ സഹാപാഠിയുമായിരുന്ന മിഥുന്‍, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അരുണ്‍ കൃഷ്ണന്‍, ചാരുംമൂട് പറയന്‍കുളം സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപകനും ഡിവൈഎഫ്‌ഐ നേതാവുമായ ആദര്‍ശ്, മറ്റു രണ്ട് ഗുണ്ടകള്‍ എന്നിവര്‍ വീടിനടുത്തുള്ള മറ്റൊരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ശരണ്‍ ജിത്തിന്റെ വീട്ടില്‍ എത്തി. പുറത്തുനിന്നു വഴിയറിയാത്ത ഒരാള്‍ക്കും അത്ര പെട്ടെന്നു എത്തിച്ചേരാന്‍ ആകില്ല എന്റെ വീട്ടിലേക്ക്. പുറത്തേക്കു രക്ഷപ്പെടാന്‍ മറ്റു വഴികളില്ല. കൃത്യമായി അവരുടെ വീട്ടില്‍ ഇരുന്നു പ്ലാന്‍ ചെയ്ത ശേഷം കമ്പിവടികളും വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായിഅവര്‍ എന്റെ വീട്ടില്‍ എത്തുകയായിരുന്നു.

 

എന്റെ അറുപത്തഞ്ച് വയസ്സുള്ള അച്ഛനും നാല്പത്തഞ്ച് വയസ്സുള്ള അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ക്കും പ്രായത്തിന്റെതായ എല്ലാവിധ അസുഖങ്ങളും ഉണ്ട്. അമ്മയ്ക്കാണ് രോഗങ്ങളുടെ എണ്ണം കൂടുതല്‍. വീട് വളഞ്ഞു ആക്രമിക്കാന്‍ ആയിരുന്നു ലക്ഷ്യം. ഇത് രാത്രി ആണ്, ഇപ്പോള്‍ വീട്ടില്‍ നിന്ന് പോകാന്‍ അമ്മ അവരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ മകനെ കുറച്ചു രാഷ്ട്രീയം പഠിപ്പിക്കാനുണ്ടെന്നു പറഞ്ഞ് അച്ഛനെ തള്ളി താഴെയിട്ടു, ക്രൂരമായി മര്‍ദിച്ചു. തടയാന്‍ എത്തിയ എന്റെ അമ്മയുടെ തലയില്‍ അടിച്ചു. നെഞ്ചിലും തോളിലും ചവിട്ടി. വേദന കൊണ്ട് എന്റെ അമ്മ നിലവിളിച്ചു. എഴുന്നേറ്റു നടക്കാന്‍ ത്രാണിയില്ലാത്ത എന്റെ അമ്മയെ വീണ്ടും അവര്‍ മര്‍ദ്ദിച്ചു. എന്റെ അച്ഛന്റെ മുട്ടുകള്‍ തല്ലി ഒടിച്ചു, വീടിന്റെ ജനലുകള്‍ തല്ലിപ്പൊട്ടിച്ചു. അനിയനും നാട്ടുകാരും എത്തിയപ്പോള്‍ ഓടി രക്ഷപെട്ടു. ഇതാണോ ഇവര്‍ പഠിപ്പിക്കാന്‍ വന്ന രാഷ്ട്രീയം?

 

ഇനി ആക്രമണം നടത്താന്‍ വന്ന ഡിവൈഎഫ്‌ഐ സഖാക്കളോട് (സഖാവ് എന്ന് തന്നെ ഇപ്പോഴും വിളിക്കുന്നു. കാരണം, സഖാവേ എന്ന വിളിയുടെ ശരിയായ രാഷ്ട്രീയം നിങ്ങള്‍ക്ക് അറിയില്ലെങ്കിലും ഞങ്ങള്‍ക്കതറിയാം, അത് അച്ഛന്‍ പഠിപ്പിച്ചു തന്നതാണ്.) 65 വയസുള്ള എന്റെ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ നിങ്ങള്‍ എന്തുനേടി? നടക്കാന്‍ വയ്യാത്ത അമ്മയുടെ വേദന സഹിക്കാതെയുള്ള നിലവിളി നിങ്ങളെ സന്തോഷിപ്പിച്ചോ? ഏതു നേതൃത്വമാണ് നിങ്ങള്‍ക്കു ഇതിനുള്ള ട്രെയിനിങ് തന്നത്? ആദിലിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരുപാടാളുകള്‍ പ്രതിഷേധിച്ചില്ലേ? പിന്നെന്തിന് എന്റെ വീട്ടില്‍ മാത്രം അക്രമം അഴിച്ചുവിട്ടു?

 

ശൂരനാട്ടെ ആദ്യകാല സിപിഐക്കാരില്‍ ഒരാളായിരുന്ന, എണ്‍പതാം വയസ്സിലും സിപിഐ ആക്റ്റീവ് മെമ്പറായ, അടിയുറച്ച കമ്യൂണിസ്റ്റുകാരന്റെ മകളാണ് എന്റെ അമ്മ. നിങ്ങളെക്കാള്‍ മുന്നേ ചെങ്കൊടി പിടിച്ച മനുഷ്യന്‍. അറിയില്ല എങ്കില്‍ സിപിഎമ്മിലെ തല മുതിര്‍ന്ന നേതാക്കളോട് ചോദിക്കണം അദ്ദേഹം ആരായിരുന്നു എന്ന്. അദ്ദേഹം വിളിച്ചു കൊടുത്ത മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച കുറേയധികം ആളുകള്‍ ഉണ്ടാകും സിപിഎമ്മില്‍.

 

അവിടെയാണ് എസ്എഫ്‌ഐയുടെ ശരിയായ പ്രശ്‌നം എന്ത് എന്നുള്ള ചര്‍ച്ച നടത്തേണ്ടത്. കാര്യം എന്താണ്? ആര്‍എസ്എസ്സില്‍ നിന്നും എസ്എഫ്‌ഐയില്‍ എത്തിയവര്‍ക്കായി ശൂരനാട് ഡിവൈഎഫ്‌ഐ ഏരിയ ട്രഷററുടെ നേതൃത്വത്തില്‍ രഹസ്യമായി വിപ്ലവ രക്ഷാബന്ധന്‍ നടത്തി. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ തികച്ചും നശിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവണതകളെകുറിച്ച് ചിത്രം സഹിതം എന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഒരു സിമ്പലിലും വിശ്വസിക്കുന്നവര്‍ അല്ല കമ്മ്യുണിസ്റ്റുകാര്‍ എന്ന ധാരണയാണ് അവനെ അങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. (പിന്നീടവന് മനസിലായി, കമ്മ്യുണിസ്റ്റ്കാരന് വിപ്ലവ കുറിയിടാം, വിപ്ലവ കാവി കൈലി ഉടുക്കാം, വിപ്ലവ രാഖിയും കെട്ടാം!)

 

ഡിവൈഎഫ്‌ഐ നേതൃത്വം എഐവൈഎഫ് നേതൃത്വവുമായി ബന്ധപ്പെട്ട് അവന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന്‍ അതിനു തയാറായില്ല. ശൂരനാട് പോലെ ഒരു കമ്മ്യൂണിസ്റ്റ് സ്വാധീന മേഖലയില്‍ ഡിവൈഎഫ്‌ഐ നടത്തിയ വിപ്ലവ രക്ഷാബന്ധന്‍ എല്ലാവരും അറിഞ്ഞതില്‍ ഉള്ള ദേഷ്യം തീര്‍ക്കാനാണ് എന്റെ വീട്ടില്‍ കയറി സുഖമില്ലാത്ത അച്ഛനേയും അമ്മയെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇതൊക്കെ സിപിഎം, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെ നടന്നതാണ്. ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല, കണ്ടില്ല എന്ന് പറയരുത് സഖാവേ. ഒന്നുമല്ലെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന് നേതാക്കളുടെ പിന്തുണ ഇല്ലെങ്കില്‍ മറ്റൊരാളുടെ വീട് കയറി ആക്രമിക്കാന്‍ ഉള്ള ധൈര്യം ഒന്നും ഉണ്ടാകില്ല എന്നൊക്കെ ഞങ്ങള്‍ക്കും അറിയാം.

ഞാനൊരു സാധാരണക്കാരിയാണ്. ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പ് ഇല്ല. കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നു. വിശാല ഇടത് ഐക്യത്തെ സപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം നടത്തിയ ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും തെറ്റാണെന്നു സമ്മതിച്ചിട്ടും പ്രതികരിക്കാതിരുന്നവളാണ് ഞാന്‍. ഓരോ രാഷ്ട്രീയ കൊലപാതക ഇരകള്‍ക്കും അമ്മയും ഭാര്യയും മകനും ഉണ്ടെന്നു അറിഞ്ഞിട്ടും കണ്ണടച്ചിരുന്നവള്‍. ഇന്ന് ഞാന്‍ ഇരയാണ്. ഇന്ന് എന്റെ വീട്ടില്‍ ഗുണ്ടകളെ പേടിച്ച് കൈയില്‍ മുളകുപൊടിപാത്രവുമായി ഓരോ നിഴലനക്കത്തിനും ഭീതിയോടെ കാതോര്‍ക്കുന്ന ഒരമ്മയുണ്ട്. ഇപ്പോള്‍ എന്റെ സഹോദരന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്നത് നിസ്സഹായത മാത്രമാണ്. അവനു പുറത്ത് സഖാക്കള്‍ കൂട്ടിന് ഉണ്ടാകാം. പക്ഷേ വീട്ടിലവന്‍ സ്വന്തം അമ്മയേയും അച്ഛനെയും തല്ലു കൊള്ളിച്ച മകനാണ്. നാട്ടുകാര്‍ അങ്ങനെയാണ് അവനെ നോക്കുന്നത്.

 

തെറ്റ് ചൂണ്ടിക്കാട്ടുന്നവരെയെല്ലാം അടിച്ചമര്‍ത്താന്‍ നിന്നാല്‍ നിങ്ങള്‍ക്ക് വരാന്‍ പോകുന്ന ദുരന്തം വലുതായിരിക്കും എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്ത് നേര്‍വഴിക്ക് നടത്താന്‍ മുതിര്‍ന്ന നേതാക്കള്‍ ഒരുപാട് പേരുണ്ട് കേരളത്തിലെ ഏറ്റവും വലിയ വിപ്ലവ പ്രസ്ഥാനത്തിന്. അക്രമത്തിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താന്‍ കഴിയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. പറയാനുള്ളത് 90 കഴിഞ്ഞ ആ വലിയ മനുഷ്യനോടും എപ്പോഴും ചിരിക്കുന്ന സഹിഷ്ണുത പാലിക്കുന്ന തോമസ് ഐസക്കിനോടും എംഎ ബേബിയോടും ഒക്കെയാണ്. പറഞ്ഞു മനസ്സിലാക്കി കൊടുത്തു കൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പുതു തലമുറക്കാര്‍ക്ക്? ചെഗുവേരയുടെ, ഭഗത് സിംഗിന്റെയും ചിത്രം ടീ ഷര്‍ട്ടുകളിലും ബൈക്കിന് മുന്‍വശത്തും ഒട്ടിച്ചു വച്ചാല്‍ മാത്രം വിപ്ലവകാരികള്‍ ആകില്ല. എന്താണ് സഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന് പഠിക്കണം. വായനശാലയുടെ പടി കടന്നിട്ടില്ലാത്ത അഭിനവ ഗ്രംഷിമാര്‍ പറയുന്നത് മാത്രം വേദമാക്കിക്കൊണ്ട് നടക്കുന്ന കുട്ടി സഖാക്കളോട് നിങ്ങള്‍ പറഞ്ഞു കൊടുക്കണം എന്താണ് മാര്‍ക്‌സിസം എന്നും എങ്ങനെയാകണം മാര്‍ക്‌സിസ്റ്റുകാരന്‍ എന്നും.

 

സൈദ്ധാന്തികമായോ ആശയപരമായോ യാതൊരു അടിത്തറയും ഇല്ലാത്ത താഴെക്കിടയിലും മേല്‍തട്ടിലും പ്രവര്‍ത്തിക്കുന്ന ഇത്തരം ഗുണ്ടകളെ താക്കീത് ചെയ്ത് നിലയ്ക്ക് നിര്‍ത്താനും, കേട്ടിലെങ്കില്‍ തള്ളിപ്പറയാനും സിപിഎം തയ്യാറാകണം. ആള് കുറയുമെന്ന് പേടിച്ചു ഗുണ്ടകള്‍ കാണിക്കുന്ന അക്രമങ്ങളോട് മൗനം പാലിച്ചാല്‍ പാര്‍ട്ടി അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ഞാന്‍ അടക്കമുള്ള സാധാരണക്കാര്‍ കരുതും. എന്റെ അമ്മയുടേതുപോലെ ഒരുപാടമ്മമാരുടെ കണ്ണീര്‍ ഇനിയും ഈ മണ്ണില്‍ വീഴരുത്. 

(എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ചിത്ര)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍