വിലകൂടിയ ബ്രാന്റഡ് ഉത്പന്നങ്ങളാണ് സെലിബ്രിറ്റികളുടെ സൗന്ദര്യരഹസ്യത്തിനു പിന്നിലെന്ന് കരുതരുതേ…
എഴുത്തുകാരി, നിര്‍മാതാവ്, ഇന്റീരിയര്‍ ഡിസൈനര്‍, മുന്‍ ബോളിവുഡ് നായിക ട്വിങ്കിള്‍ ഖന്നക്ക് വിലാസങ്ങള്‍ അനവധിയാണ്. വേറിട്ട് നില്‍ക്കുന്ന സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റുകള്‍ കൊണ്ടും താരം ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്് ട്വിങ്കിളിന്റെ ഏറ്റവും പുതിയ ട്വീറ്റാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ച. ബ്രാന്റഡ് ഷാംപുകളും കേശ സംരക്ഷണ ഉല്‍പന്നങ്ങളും വാങ്ങുമ്പോള്‍ തന്നെയും, മുടിയുടെ കാര്യം വരുമ്പോള്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന പൊടിക്കൈകളുടെ പിന്നാലെ പോകാത്തവരില്ല. ഹോം റെമഡികളുടെ ആരാധകയായ ട്വിങ്കിള്‍ പങ്കുവെക്കുന്നതും ഒരു പൊടിക്കയ്യാണ്.
ഇതാദ്യമായല്ല ട്വിങ്കിളിന്റെ സ്വര്‍ണ്ണച്ചുരുള്‍ മുടി വാര്‍ത്തകളിലെത്തുന്നത്. താരത്തിന്റെ ഹെയര്‍ സ്‌റ്റൈല്‍ ഫാഷന്‍ ലോകത്ത് ട്രെന്‍ഡുകള്‍ സൃഷ്ടിക്കാറുണ്ട്.
2018 ന്റെ ആദ്യ ആഴ്ച മുടിച്ചുരുളുകളുടെ മായികത കാണിക്കുന്ന ഒരു ഫോട്ടോ ട്വിങ്കിള്‍ പോസ്റ്റ് ചെയ്തിരുന്നു. ട്വിറ്ററിലെ ആരാധകരെല്ലാം മുടിയെ കുറിച്ചാണ് സംസാരിക്കുന്നത്. കൗതുകം സഹിക്ക വയ്യാതെ ഒരാള്‍ ഈ മുടിയുടെ രഹസ്യം ചോദിക്കുകയും ചെയ്തു. Mrs funnybones അതിനുള്ള മറുപടിയും കൊടുത്തു. മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉള്ളി നീര് ഉപയോഗിക്കാനായിരുന്നു ട്വിങ്കിള്‍ നിര്‍ദ്ദേശിച്ചത്. സെലിബ്രിറ്റികളുടെ സൗന്ദര്യ സംരക്ഷണത്തില്‍ നാട്ടറിവുകളുമുണ്ടെന്നത് യുവാക്കളെ വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ഉള്ളി നീരിലെ പ്രധാന ഘടകം സള്‍ഫറാണ്. ഇത് തലയോട്ടിക്ക് കരുത്ത് നല്‍കുകയും മുടിയെ ആരോഗ്യകരമാക്കുകയും ചെയ്യും. തലയോട്ടിയില്‍ പുരട്ടുമ്പോള്‍ ഉള്ളിയിലെ സള്‍ഫര്‍ രക്തയോട്ടത്തെ സഹായിക്കുന്നു. ഇങ്ങനെ മുടി നന്നായി വളരും. മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഉള്ളി.
എന്തായാലും അടുത്ത തവണ മുടിയെ കുറിച്ചുള്ള ആകുലത വരുമ്പോള്‍, ഫാഷന്‍ ലോകം നേരെ ട്വിങ്കിളിന്റെ ടിപ്‌സിനായി ചെല്ലുമെന്ന് കരുതാം.