UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയില്‍ ഫുഡ് പോലീസിംഗ്; ബിരിയാണി കടകളില്‍ റെയ്ഡ്

Avatar

അഴിമുഖം പ്രതിനിധി

ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഹരിയാനയിലെ  മേവത്ത് ജില്ലയിലെ മുസ്ലിം കച്ചവടക്കാര്‍ ഭീതിയിലാണ്. സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷമുള്ള ഏകജില്ലയായ മേവത്തിലെ തെരുവോര വില്‍പ്പനക്കാരാണ് ബക്രീദ് അടുത്തതോടെ പൊലീസ് നടത്തുന്ന ബീഫ് ബിരിയാണി പട്രോളിംഗിനെ തുടര്‍ന്ന് പ്രശ്നത്തിലായിരിക്കുന്നത്.

തിങ്കളാഴ്ച്ച മുതല്‍ മേവത്തിലെ തെരുവോര ഭക്ഷണശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമൊക്കെ സാമ്പിളുകള്‍ ശേഖരിക്കാന്‍ മത്സരിക്കുകയാണ് പൊലീസ്. ബിരിയാണി ഉണ്ടാക്കാന്‍ ഗോ മാംസം ഉപയോഗിക്കുന്നുവെന്ന് പരാതി കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ് കഴിഞ്ഞ മാസം അവസാനമാണ് പോലീസ് പരിശോധന തുടങ്ങിയത്. ഗോവധവും ഗോമാംസ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഹരിയാന. ഗോവധത്തിന് പിടികൂടിയാല്‍ പത്ത് വര്‍ഷമാണ് ശിക്ഷ. ബിരിയാണി വില്‍പ്പനയുടെ മറവില്‍ മേവത്തില്‍ സുലഭമായി ബീഫ് വില്പന നടക്കുന്നുണ്ടെന്നാണ് ‘സ്‌പെഷ്യല്‍’ പട്രോളിന് പൊലീസ് പറയുന്ന ന്യായം.

പൊലീസ് പട്രോളിംഗ് കാരണം ആട്ടിറച്ചികൊണ്ടുണ്ടാക്കുന്ന പ്രദേശവാസികള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രത്യേക വിഭവം ‘ഗോഷ്ത്’പോലും വില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് മേവത്തിലെ വില്‍പ്പനക്കാരുടെ പരാതി. പൊലീസ് പട്രോളിംഗ് ആരംഭിച്ചത് മുതല്‍ കച്ചവടം 50 ശതമാനം കുറഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധന നടക്കുന്നതിനാല്‍ ബിരിയാണി വാങ്ങാന്‍ ആളുകള്‍ വരുന്നില്ല. നുഹ് മേഖലയില്‍ തിങ്കളാഴ്ച്ച വരെ 30 ഓളം പേരാണ് ബിരിയാണി വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ഇതില്‍ പകുതി കടകളും ഇപ്പോള്‍ നഷ്ടത്തിലാണ്. കച്ചവടത്തിന് ഉണ്ടാക്കിയ ബിരിയാണി വൈകുന്നേരം കളയേണ്ട അവസ്ഥയിലാണ് പലരും. ആദ്യമായാണ്‌  ഇത്തരമൊരു പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നതെന്ന് വര്‍ഷങ്ങളായി ബിരിയാണി വില്‍ക്കുന്ന കച്ചവടക്കാര്‍ പറയുന്നു.

ഡിഐജി ഭാരതി അറോറയ്ക്കാണ് പട്രോളിങ്ങിന്റെ ചാര്‍ജ്ജ്. ബക്രീദിനോട് അനുബന്ധിച്ച് പശു കടത്തോ ഗോവധമോ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനുമാണ് നിര്‍ദേശം. പൊലീസ് കടമ നിര്‍വഹിക്കുകയാണെന്നും ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം ബീഫ് ഉപയോഗം സംബന്ധിച്ചാണെന്നുമാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറയുന്നത്. ബീഫ് ഉപയോഗിക്കുന്ന വിവരം നല്‍കാന്‍ പൊലീസ് ജാഗ്രതസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പൊലീസിന്റെ ബീഫ് റെയ്ഡിനെ ന്യായീകരിക്കുന്നതാണ് ഹരിയാന പൊലീസിലെ ഗോസുരക്ഷാ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല കൂടിയുള്ള ഡിഐജി ഭാരതി അറോറയുടെ പ്രതികരണം. ബീഫ് ഉപയോഗം തടയാനുള്ള നടപടികളുടെ ഭാഗമായാണ് റെയ്ഡ്. പരാതികള്‍ വര്‍ധിച്ചതോടെയാണ് പൊലീസ് പട്രോളിങ്ങിന് ഇറങ്ങിയത്. സാമ്പിള്‍ പരിശോധനയുടെ ഫലങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ. അതിനുശേഷം എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുമെന്നും ഡിഐജി ഭാരതി അറോറ പറയുന്നു. വ്യാപാരികള്‍ ബിരിയാണിയില്‍ ബീഫ് ഉപയോഗിക്കുന്നതായി ഹരിയാന ഗോസേവ  ആയോഗ്  അധ്യക്ഷന്‍ രാം മംഗ്ളയാണ് പരാതി നല്‍കിയത്. ഹിസാറിലെ ലാലാ ലജ്പതി റായ് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലാണ് ബിരിയാണി സാമ്പിളുകള്‍ പരിശോധിക്കുന്നത്.

ഹരിയാനയില്‍ ബിജെപി അധികാരത്തില്‍ വന്നശേഷമാണ് ഗോവധനിരോധന നിയമം കൊണ്ടുവന്നത്. നിയമലംഘനത്തിന് 10 വര്‍ഷംവരെ തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അറസ്റ്റിലായാല്‍ ജാമ്യമില്ല.

പല കുടുംബങ്ങളുടെയും ഏക വരുമാന മാര്‍ഗ്ഗമാണ് ബിരിയാണി കച്ചവടം. പോത്തിറച്ചിയും കോഴിയിറച്ചിയും മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വ്യാപാരികള്‍ അറിയിച്ചു. പരിശോധനയ്ക്കു വന്നവര്‍ പാത്രങ്ങളടക്കം എല്ലാം നശിപ്പിച്ചു. പൊലീസുകാര്‍ ബിരിയാണി കളഞ്ഞ് പാത്രങ്ങള്‍ കണ്ടുകെട്ടുകയാണ്‌. പോത്തിറച്ചിയാണ് ബിരിയാണിയില്‍ ഉപയോഗിക്കുന്നതെന്ന് പറഞ്ഞാലും അതൊന്നും അവര്‍ ചെവികൊള്ളുന്നില്ല. അരിയുടെ പണം കൊടുക്കുന്നത്‌ ഒരാഴ്ച്ചത്തെ ബിരിയാണി വില്‍പ്പനയ്ക്ക് ശേഷമാണ്. പൊലീസ് റെയ്ഡ് കാരണം കടബാധ്യത നേരിടുകയാണ് തങ്ങളെന്നും കച്ചവടക്കാര്‍ പരാതിപ്പെടുന്നു.

പ്രത്യേക സമുദായത്തെ അവഹേളിക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാരിന്റേതെന്നും തൊഴിലെടുക്കാനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തെ ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്നും മേവത്തിലെ കോണ്‍ഗ്രസ് നേതാവ് അഫ്താബ് അഹ്മദ് ആരോപിച്ചു. 

സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായി മൌലവിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബലാത്സംഗകേസിലെ പ്രതികളെയും കള്ളന്മാരെയും പിടികൂടാന്‍ ഒരു താല്‍പ്പര്യവും കാട്ടാത്ത പൊലീസ് തങ്ങളെ അപമാനിക്കാന്‍ ഇഷ്ടംപോലെ സമയം കണ്ടെത്തുകയാണെന്ന് അവര്‍ ആരോപിക്കുന്നു. ബക്രീദ് വേളയില്‍ ബോധപൂര്‍വം സര്‍ക്കാര്‍ തങ്ങളെ അപമാനിക്കുകയാണെന്ന് നൂഹിലെ മൌലാന അസ്ഗര്‍ പറയുന്നു.

പൊലീസ് ആരുടെ അടുക്കളയില്‍ കയറുമെന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് മേവത്തിലെ ദോവ ഗ്രാമത്തലവന്‍ ഹാറൂണ്‍ പറയുന്നു. ട്രക്ക് അല്ലാത്ത ഏതൊരു വാഹനം കണ്ടാലും ഭയന്ന് ഇപ്പോള്‍ കടയ്ക്ക് താഴിടാറാണ് പതിവെന്ന് കച്ചവടക്കാര്‍ പറയുന്നു. രാജ്യമെങ്ങും അരങ്ങേറുന്ന സ്വയം പ്രഖ്യാപിത ഗോരക്ഷകരുടെ അഴിഞ്ഞാട്ടം കണ്ട് ഭയന്ന് മേഖലയില്‍ ആട്ടിറച്ചി ഉപയോഗവും കച്ചവടക്കാര്‍ നിര്‍ത്തിവെച്ചിരിക്കയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍