UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എത്രകാലം നമ്മളിങ്ങനെ ബീഫ് ഫ്രൈ ഉണ്ടാക്കിക്കളിക്കും?

Avatar

രഞ്ജിത് കല്യാണി

പുതുതായി എന്താണ് പറയാനുള്ളത്? ശുന്യത. നിശബ്ദത. കുറേ സുഹൃത്തുക്കള്‍ ചാറ്റ് ബോക്‌സില്‍ അവരുടെ ആശങ്കകള്‍ പറയുന്നു. കുടുതലും മുസ്ലിം നാമധാരികള്‍. അസ്വസ്ഥത, ആശങ്ക തുടങ്ങിയ പതിവ് വാക്കുകള്‍ മതിയോ എന്നാണാലോചിക്കുന്നത്. ഇന്നലെ വരെ നമ്മള്‍ ഭക്ഷിച്ചിരുന്ന, പാകം ചെയ്തിരുന്ന, ഒരു ആഹാരം ഇന്നുമുതല്‍ നിയമവിരുദ്ധമാകുകയാണ്. ബീഫ് വരട്ടിയതും ബീഫ് ഉലത്തിയതും ബീഫ ്കട്ട്‌ലറ്റും ബീഫ് ഫ്രൈയും ബീഫ് കറിയും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഇനി മുതല്‍ ഒരു ക്രിമിനല്‍ കുറ്റമാകുന്നു, മയക്കുമരുന്നും കഞ്ചാവും കൈവശം വയ്ക്കുന്ന പോലെ. ഒരര്‍ത്ഥരത്തില്‍ ഇതില്‍ വലിയ പുതുമയൊന്നും തോന്നുന്നില്ല. ഗോവധം ഈ നാട്ടില്‍ പണ്ടേ നിരോധിച്ചതാണ്. ഭരണകുടം നിരോധിക്കാതെ തന്നെപോത്തിറച്ചി ഇവിടത്തെ ഹോട്ടലുകളില്‍ നിരോധിതമാണ്. അഥവാ കിട്ടുന്ന കടകളില്‍ പോത്തിറച്ചി മട്ടനാണ്. ഈ വിധി കാളകളെയും പശുവിന്റെ കൂട്ടത്തില്‍ കൂട്ടുന്നു എന്നതിനപ്പുറം എന്ത് തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ഇനിയും പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ പശു ഒരു പുതിയ വിഷയമല്ലല്ലോ. ഒരു പക്ഷെ ബ്രിട്ടീഷ്‌കാര്‍ക്കെതിരായ ആദ്യ എതിര്‍പ്പുകള്‍ ഉണ്ടാകുന്നത് പശുവിന്റെ പേരിലായിരുന്നില്ലേ? പശുമാംസം എന്നത് പലപ്പോഴും മുസ്ലിം ജനവിഭാഗങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഒരു ആയുധമായിരുന്നു എന്നത് നമുക്കൊരു പുതിയ അറിവല്ല.

ചിലര്‍ ഇതിനെ ഖുറേഷി മുസ്ലിങ്ങളുടെ പ്രശ്‌നമായി പറയുന്നു. അതായത് ഒരു സാമ്പത്തിക പ്രശ്‌നം. ചിലര്‍ കാഞ്ചാ എലയ്യയുടെ എരുമ ദേശീയതാവാദം ഉയര്‍ത്തുന്നു. ചിലര്‍ ഡി എന്‍ ഝായെ കോട്ട് ചെയ്ത് ആര്‍ഷഭാരതത്തില്‍ ഉണ്ടായിരുന്ന ബീഫ് വിഭവങ്ങളെപ്പറ്റി പറയുന്നു. നമുക്കെല്ലാവര്‍ക്കും അറിയുന്നതുപോലെ ഇതൊരു രാഷ്ട്രീയ വിഷയമാണ്. എങ്ങനെയൊക്കെയാണ് ഇതൊരു രാഷ്ട്രീയ വിഷയമാകുന്നത് എന്ന് പലരും പറഞ്ഞു കഴിഞ്ഞു. ഭരണകുടം പൗരന്റെ വ്യക്തിപരതയില്‍ ഇടപെടുന്നത്തിന്റെ വിഷയമാണ് ഇതെന്ന ലിബറല്‍ ഡെമോക്രാറ്റ് വാദം പലരും മുന്നോട്ട് വെയ്ക്കുന്നു. ഈ വാദത്തെ അംഗീകരിക്കാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല. നിരോധനം എന്നത് ഭരണകുടം അതിന്റെ sovereigtny ഉറപ്പിക്കാന്‍ ചെയ്യുന്ന പലപരിപാടികളില്‍ ഒന്നാണ് എന്ന പഴയ വാദവും കേള്‍ക്കുന്നു. പല കാരണങ്ങളാല്‍ അതിനോടും യോജിക്കുന്നുണ്ട്. ലോകത്തിലെ നിരോധനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് മറ്റുപല കാരണങ്ങളും കണ്ടെത്താവുന്നതാണ്. ഉദാഹരണത്തിന് പുകവലി. ഈ പരിപാടിയുടെ നിരോധനത്തിന്റെ ചരിത്രം തുടങ്ങുന്നത് നാസി ജര്‍മനിയില്‍ നിന്ന് കുടിയാണല്ലോ. ഹിറ്റ്‌ലര്‍ പുകവലിയെ കണക്കാക്കിയത് ‘വെളുത്ത മനുഷ്യരെ നശിപ്പിക്കാന്‍ ചുവന്ന മനുഷ്യര്‍ നടത്തുന്ന ഗുഢാലോചന’ ആയിട്ടായിരുന്നു. ലോകത്തിലെ ഏറ്റവും മുന്തിയവര്‍ പുകവലിക്കാത്തവര്‍ എന്ന സമവാക്യത്തിന് വംശീയ വെറിയുടെ ചരിത്രം കുടിയുണ്ട്. നിരോധനങ്ങള്‍ പൗരന്റെ കേവലാരോഗ്യത്തിലുള്ള ഉത്ക്കണ്ഠ കൊണ്ടാണെന്ന് കരുതാനാവില്ല.

ഏറ്റവും പ്രധാനമായി കേള്‍ക്കുന്നത് ഈ നിരോധനം അപരവത്കരണത്തിന്റെ ആയുധമാണ് എന്നതാണ്. നിരോധനത്തെ സംബന്ധിച്ച ഏറ്റവും മികച്ചത് എന്ന് കണക്കാക്കപ്പെടുന്ന വിശദീകരണം ഇതാണല്ലോ. മുസ്ലിങ്ങളുടെയും ദളിതരുടെയും ഒരു പ്രധാന ഭക്ഷണവിഭവമായ ഒന്നിനു മുകളില്‍ സവര്‍ണു ഹിന്ദുക്കള്‍ ശുദ്ധി, പവിത്രത തുടങ്ങിയവ ആരോപിക്കുകയും ഹിന്ദുക്കള്‍-മുസ്ലീങ്ങള്‍ എന്ന ദ്വന്ദം രൂപപ്പെടുത്തി എടുക്കുകയും ചെയ്യുന്നു. ഇതോടുകുടി ഹിന്ദു എന്ന പൊതുബോധം സാധ്യമാകുകയും അതൊരു മുസ്ലിം അപരത്വത്തെ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇവിടെ പശു മാംസം ഭക്ഷിക്കുന്നത് ഒരു വെറും അദര്‍ അല്ല, മറിച്ച് ഒരു inferior അദര്‍ ആണ്. ഈ inferiortiy ഉണ്ടാക്കുന്നത് ശുദ്ധി എന്ന സങ്കല്‍പ്പവുമാണ്. അതായത് വളരെയെളുപ്പം ചില സാമൂഹികതകളും സാംസ്‌കാരികതകളും ശ്രേഷ്ഠതയുടെ ഒരു ശ്രേണിയില്‍ ഏറ്റവും താഴേക്ക് ഊര്‍ന്നു പോകുന്നു. ഈ നിരോധനം ചില പെരുമാറ്റ മാനദണ്ഡം, മാതൃക തുടങ്ങിയവ ഉണ്ടാക്കുന്നു. അതായത് ഒന്ന് നിരോധിക്കപ്പെടുന്നതോടെ അതിന്റെ ഉപയോഗം വെറും നിയമ വിരുദ്ധം മാത്രമല്ല ആകുന്നത്. അത് അപരിഷ്‌കൃതവും പ്രാകൃതവും ആക്കാന്‍ ഇത്തരം നിരോധനത്തിന് കഴിയും. അപ്പോള്‍ ഒരു ജനവിഭാഗം നിത്യേന ഉപയോഗിക്കുന്ന ഒരു വസ്തുവിനെ ഇപ്രകാരം നിരോധിക്കുന്നതോടെ ആ വസ്തുവും അത് ഉപയോഗിക്കുന്നവരും അപരിഷ്‌കൃതരും ഈ മികച്ച പുതിയ കാലത്ത് ജീവിക്കേണ്ടവരല്ലാത്തവരും ആയിത്തീരും. ഇവിടെ ഓര്‍ക്കേണ്ട പ്രധാന കാര്യം ഈ അപരത്വം ലളിതമായ ഒരു കേവലാപരത്വം അല്ല മറിച്ച് കാലസൂചകമായ രീതിയിലുള്ള അപരവത്കരണം കുടിയാണ് എന്നതാണ്. അപ്പോള്‍ പശു മാംസ നിരോധനത്തിലുടെ ഒരു കുട്ടം മനുഷ്യരെ ഒരു സമയ/ചരിത്ര നേര്‍രേഖയുടെ ഈ ഏറ്റവും അവസാന അറ്റത്തുനിന്ന് കുറെ പിന്നിലേക്ക് തള്ളിവിടാന്‍ ഇവിടുത്തെ ഭുരിപക്ഷത്തിനാകുന്നു എന്നതാണ് ഒരു വിഷയം.

അപവരവത്കരണങ്ങള്‍പോലെ ചില സാംസ്‌കാരികതകളും സാമൂഹികതകളും ഇല്ലാതാക്കുക എന്നതും ഈ നിരോധനം ഉദ്ദേശ്യമാക്കുന്നുണ്ടായിരിക്കണം. ഒന്ന് നിരോധിക്കുക എന്നാല്‍ അതിനെ അപരവത്കരിക്കുക എന്നത് മാത്രമല്ലല്ലോ. ചിലപ്പോഴെങ്കിലും നമ്മള്‍ നിരോധനത്തിന്റെ വാച്യാര്‍ത്ഥം കുടി പരിഗണിക്കേണ്ടേ! ഇന്ത്യയില്‍ തീര്‍ച്ചയായും ബീഫ് എന്നത് ഒരു ഭക്ഷണത്തിന് ഉപരിയായി മറ്റുപലതുമാണ്. ബീഫ് നിരോധിക്കുക എന്നാല്‍ ബീഫ് കേന്ദ്രമായി വരുന്ന ചില സാമുഹികതകളെയും സാംസ്‌കാരികതകളെയും നിഷേധിക്കുക/ഇല്ലാതാക്കുക എന്നുകുടിയാണ് അര്‍ത്ഥം. ഏകശിലാത്മകമായ സംസ്‌കാരികതകളും സാമുഹികതകളും മാത്രം നിലനിര്‍ത്താനുള്ള ക്രുരമായ ഒരേര്‍പ്പാട് കൂടിയാണിത്.

പലരും ഇപ്പോള്‍ ഗോവധത്തെ പന്നിയിറച്ചിയുമായി ചേര്‍ത്ത് പറയുന്നുണ്ട്. പക്ഷെ പന്നിയിറച്ചി വിഷയം ഇപ്പോള്‍ ഉന്നയിക്കേണ്ട ഒന്നാണോ? പന്നിയിറച്ചി മതഭീകരതയുമായി ബന്ധപ്പെടുന്ന ഒന്നാണ്. എന്നാല്‍ ബീഫ് നിരോധനം ഫാഷിസത്തിന്റെ പരിപാടിയാണ്. പന്നിയിറച്ചി തിന്നുമ്പോള്‍ ഇന്ത്യയില്‍ നിങ്ങള്‍ ഒരു’അദര്‍’ ആകുന്നില്ല. നിങ്ങള്‍ പ്രകൃതനാകുന്നില്ല, മറിച്ച് പരിഷ്‌കൃതന്‍/ആധുനികന്‍ ആവുകയാണ് ചെയ്യുന്നത്. അപ്പോള്‍ പന്നി മറ്റൊരു വിഷയം തന്നെയാണ്.

ഈ രാഷ്ട്രം എന്നെങ്കിലും മതേതരമായിരുന്നോ? ഇത് പ്രകാരമൊക്കെയായിരുന്നു ഒരു ഹിന്ദുരാഷ്ട്രമായി നിലനിന്നിരുന്നത് എന്നത് കൂടുതല്‍ വ്യക്തമാകുകയല്ലേ ഇപ്പോള്‍ചെയ്യുന്നത്? എന്നീ കടുത്ത ചോദ്യങ്ങള്‍ ചോദിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്.

(മുംബൈ ഐഐടിയില്‍ ഗവേഷകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍