UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസം: നമ്മുടെ എഴുത്തുകാര്‍ എവിടെ നില്ക്കുന്നു?

Avatar

എസ് എ ഷുജാദ്

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യനെ നന്നായി വിലയിരുത്തിയ ശേഷമാണ് നരേന്ദ്ര മോദിയെന്ന രാഷ്ട്രീയനേതാവ് തന്റെ പുതിയ അജണ്ടയുമായി രംഗപ്രവേശം ചെയ്യുന്നത്. ബാബറി മസ്ജിദ് തകര്‍ക്കല്‍ പ്രക്രിയ പൂര്‍ണ്ണമാക്കിയത് മുന്‍ഗാമികളുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ മോദി ഒരുപടികൂടി കടന്ന് ജൈവമനുഷ്യന്റെ ജനിതകമായ എല്ലാ ശേഷികളെയും തകര്‍ത്തുകൊണ്ട് ആധുനിക ലോകക്രമത്തിനനുസരിച്ച് ജീര്‍ണ്ണമായ പാതകളിലേക്ക് വഴിതിരിച്ചുവിട്ടു. മുന്‍കാലങ്ങളിലെ ഏകാധിപതികള്‍ ചെയ്തതിന്റെ തുടര്‍ച്ചയാണിത്. അത് ജനാധിപത്യം ശക്തമായി നില നില്ക്കുന്നു എന്ന്  പ്രചാരമുള്ള ഒരു രാജ്യത്ത് സാധ്യമാക്കിയെന്നതാണ് മോദിയുടെ വിജയത്തിന്റെ ആദ്യഘട്ടമെന്നത് ലളിതമായി മനസ്സിലാക്കാനാകും.

ഒരു സുഹൃത്തിന്റെ പരാമര്‍ശം കടമെടുത്തു പറഞ്ഞാല്‍ വെള്ളക്കാരില്‍ നിന്നും കൊള്ളക്കാരിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ട വേളയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥ തന്നെയാണ് ഇന്നും നിലവിലുള്ളത്. മോദിയെ തെരഞ്ഞെടുക്കുക വഴി സവര്‍ണ്ണരുടെ പ്രതിനിധിയായി ഒരു അവര്‍ണനെ നിയോഗിച്ചുകൊണ്ട് സവര്‍ണതാല്പര്യം സംരക്ഷിക്കാനും സാമൂഹ്യ സാഹചര്യം സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഘട്ടത്തിലേക്കുതന്നെ മടക്കിക്കൊണ്ടുപോകാനും സംഘപരിവാറിനു കഴിയുകയും ചെയ്തിരിക്കുന്നു.

സംവരണത്തിന്റെ കാര്യത്തില്‍ സംഘപരിവാര്‍ തങ്ങളുടെ നയം വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോഴും തങ്ങള്‍ സവര്‍ണ്ണതാല്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണെന്ന് ഉറപ്പിക്കുന്നു. ന്യൂനപക്ഷത്തെ ലാക്കാക്കിയുള്ള ബീഫ് അജണ്ടയോടൊപ്പം ചാതുര്‍വര്‍ണ്യം ഉറപ്പിക്കലും തങ്ങളുടെ അജണ്ടയാണെന്ന് ദലിതര്‍ക്ക് നേരേയുള്ള ആക്രമണ പരമ്പരയിലൂടെ സംഘപരിവാര്‍ വെളിപ്പെടുത്തിയിരി ക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ധാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി വധങ്ങളും ന്യൂനപക്ഷ ദലിത് കൊലപാതക പരമ്പരകളും സംബന്ധിച്ച് മലയാളത്തിലെ സാംസ്‌കാരികപ്രവര്‍ത്തകരും എഴുത്തുകാരും സ്വീകരിച്ചിരിക്കുന്ന നിലപാടിനെക്കുറിച്ച് ചര്‍ച ചെയ്യേണ്ടത്. ഏറ്റവുമൊടുവില്‍ ചേതന തീര്‍ത്ഥഹള്ളിയുടെ മേലുള്ള ബലാത്സംഗ ഭീഷണി, ഹുഛാംഗി പ്രസാദ് നേരിടുന്ന വധ ഭീക്ഷണി, കേരളാ ഹൗസ് റെയ്ഡ്…. അവര്‍ ഇങ്ങനെ ദിനംപ്രതി ഓരോ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനു  സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തില്‍ വേദനിക്കുന്നവരാണ് അധികവും. ഇവരില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നുള്ളവരുമുണ്ട്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരും അതിപ്രശസ്തരുമൊക്കെ സജീവമായി ഇടപെടുന്ന കേരളത്തില്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ എന്തു നിലപാട് സ്വീകരിക്കുന്നുവെന്ന് ഉറ്റുനോക്കുന്ന സാംസ്‌കാരിക സമൂഹമാണ് നമുക്കുള്ളത്. ഇവിടെയും ഇത് സംബന്ധിച്ച് രണ്ടുപക്ഷം രൂപപ്പെടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തരിമ്പും രാഷ്ട്രീയബോധമോ സാമൂഹ്യബോധമോ ഇല്ലാത്ത വലിയൊരു വിഭാഗം എഴുത്തുകാരും കലാകാരന്മാരും നമുക്കുണ്ട് എന്നത് നിഷേധിക്കാനാവില്ല. ഇക്കൂട്ടര്‍ മൗനം പാലിക്കുന്നതിനു പല കാരണങ്ങളുണ്ട്. ഭീതിയാണ് ഒരു പക്ഷത്തെ പ്രശ്‌നമെങ്കില്‍ ഭരണകൂടത്തിന്റെ കിരീടത്തിലെ തൂവലുകള്‍ അലങ്കരിക്കാന്‍ വെമ്പുന്നവരാണ് മറ്റൊരു വിഭാഗം. ഇവരില്‍ നേരത്തെ ഇടതുപക്ഷസഹയാത്രികരായിരുന്ന ചിലര്‍ ഉള്‍പ്പെട്ടതില്‍ പലരിലും ആശ്ചര്യചിഹ്നം ഉയര്‍ന്നിട്ടുണ്ട്.

കല്‍ബുര്‍ഗി വധത്തിനുശേഷം മലയാളത്തിലെ എഴുത്തുകാര്‍ പെട്ടെന്ന് ആശങ്കയിലായി. പക്ഷേ ആ അവസ്ഥ തരണംചെയ്ത് സാവധാനം പ്രതികര ണങ്ങളിലേക്കു വന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെ എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും ചിന്തകള്‍ക്ക് വിലങ്ങുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ തെരുവിലിറങ്ങിയിരിക്കുന്ന സംഘപരിവാര്‍ കേവലം മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അപ്പടി പിന്തുടരുക എന്ന നയമല്ല നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മറിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വാഭാവികമായി രൂപംകൊള്ളുന്ന പ്രശ്‌നങ്ങളെ സജീവമാക്കിക്കൊണ്ടുവരികയും അതിനെ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഇന്ന് പയറ്റുന്ന തന്ത്രം. രാമക്ഷേത്രത്തില്‍നിന്ന് ബീഫിലേക്ക്ചാടിയതിനു മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ബഹുഭൂരിപക്ഷം വന്ന എഴുത്തുകാരില്‍ ഭൂരിഭാഗവും സസ്യാഹാരികളായതുകൊണ്ട് മാംസഭുക്കുകളുടെ അവകാശത്തെ ഹനിക്കുമ്പോള്‍ അവര്‍ പിന്തുണക്കുമെന്ന് സംഘപരിവാര്‍ കണക്കുകൂട്ടി. അതിലും പിഴവു സംഭവിച്ചിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തതോടെ മറ്റൊരു പിടിവള്ളിയെക്കുറിച്ച് തലപുകച്ച സംഘപരിവാര്‍ നേതൃത്വത്തിന് വീണുകിട്ടിയ നല്ലൊരായുധമായി ഗോമാതാവും ബീഫും.

ഫാസിസത്തിന്റെ ഭിന്നരൂപങ്ങള്‍ സാര്‍വ്വത്രികമായ ഈ വേളയില്‍ കേരളത്തില്‍നിന്നും പരസ്യമായി പ്രതികരിച്ചുകൊണ്ട് സക്കറിയ, സേതു, ആനന്ദ്,  സചിദാനന്ദന്‍, സാറാ ജോസഫ്, എന്‍. എസ് മാധവന്‍, ടി. പി. രാജീവന്‍, പി. കെ. പാറക്കടവ് തുടങ്ങിയവര്‍ രംഗത്ത് വന്നു. പേര് വിട്ടുപോയവര്‍ ഇനിയുമുണ്ട്. മറുചേരിയില്‍ അക്കിത്തവും മാടമ്പും നേരത്തെ നിലയുറപ്പിച്ചിട്ടുണ്ട്. നമ്മെ ഞെട്ടിച്ചുകൊണ്ട്, പ്രിയ കവയിത്രി (പരസ്യനില പാടില്ലെങ്കിലും) സുഗതകുമാരി, വല്‍സല തുടങ്ങിയ നിരയുമുണ്ട്…..ലിസ്റ്റ് ഇനിയും നീളുമോയെന്നറിയില്ല. ഇതു സാംസ്‌കാരിക കേരളത്തിന്റെ അധ:പതനത്തെ സൂചിപ്പിക്കുന്നു. വിവേകവും തിരിച്ചറിവുമുള്ള ഒരാള്‍ക്കും വര്‍ണ്ണവ്യവസ്ഥയെയും കീഴാളര്‍ക്ക് നേരേയുള്ള ഉന്മൂലനത്തെയും പിന്തുണയ്ക്കാന്‍ കഴിയില്ലെന്നിരിക്കെ ദുര്‍ബലവിഭാഗത്തെ ആശങ്കയിലാഴ്ത്തി ക്കൊണ്ട് സാംസ്‌കാരികനേതൃത്വത്തിലുള്ളവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് അപായസൂചനയാണ്.

സോഷ്യല്‍ മീഡിയ ശക്തിപ്പെട്ട കാലമായതുകൊണ്ട് മതേതരവാദികളായ എല്ലാ ജനാധിപത്യവിശ്വാസികളും സ്വന്തം അഭിപ്രായങ്ങള്‍ ധീരമായി രേഖപ്പെടു ത്തുന്നുണ്ട്. ദലിത് എഴുത്തുകാരും ആക്ടിവിസ്റ്റുകളും തങ്ങളുടെ ആശയങ്ങള്‍ പ്രകാശിപ്പിക്കുമ്പോള്‍ മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളിലുള്ള എഴുത്തുകാരും മനുഷ്യാവകാശപ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും തങ്ങളുടെ അഭിപ്രായം തുറന്നെഴുതാന്‍ മടിക്കുന്നു. 

ഇവിടെ സ്വത്വവാദചര്‍ച്ച ഉയര്‍ന്ന ഘട്ടത്തില്‍ പലരും തങ്ങളുടെ ആശങ്കകള്‍ മറച്ചുവെയ്ക്കുകയും വിവിധജാതി-മതവിഭാഗങ്ങളില്‍പ്പെടുന്ന ഇടതുസഹയാത്രികര്‍  ജാതി-മതങ്ങളെ നിരാകരിക്കുകയും കുടുംബത്തിനുള്ളില്‍  ആ നിലപാട് തുടരാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലെത്തുകയും ചെയ്യുന്ന കാഴ്ച നാം കാണേണ്ടിവരുന്നു. മതം അനുശാസിക്കുന്ന പാഠങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്നയാള്‍ തന്നെയാണ് ഇതെഴുതുന്നയാളും. ഞാനുള്‍പ്പെടുന്ന സമൂഹത്തിന്റെ പ്രശ്‌നം അവതരിപ്പിച്ചാല്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന ഭയം ഒട്ടുമില്ല. ഇതിനു വിശ്വാസവുമായി ഒരു ബന്ധവുമില്ല. ഒരു മതേതരരാജ്യത്ത് ദലിത്, മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളിലെ എഴുത്തുകാര്‍ ഒന്നടങ്കം രംഗത്തുവരണം. 

ജാതി/മതനിരാകരണചിന്ത പുരോഗമനപരമാണ്. പക്ഷെ ഇത് ഒറ്റമൂലി പ്രായോഗികമല്ല. ജാതിയുടെയും മതത്തിന്റെയും തലപ്പാവുകളേന്തിയ അവസാനത്തെ മനുഷ്യനും അത് നിരാകരിക്കുന്നതുവരെ ജാതി/മതചിന്ത നിലനില്ക്കും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇനിയും വൈകുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയേയുള്ളൂ. അതുകൊണ്ട് മോദിമാര്‍ക്കും വെള്ളാപ്പള്ളിമാര്‍ക്കും മതപുരോഹിതര്‍ക്കും സവര്‍ണ്ണ വ്യാപാരികള്‍ക്കും സമ്പത്തും അധികാരവും ഉണ്ടാക്കിക്കൊടുക്കുന്നതിന് ജാതിയെ/മതത്തെ വിട്ടുകൊടുക്കാതെ അത് പിടിച്ചെടുത്ത് നവോത്ഥാനത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് വേണ്ടത്. ആ പ്രക്രിയ പൂര്‍ണമാകുമ്പോഴേക്കും,  മനുഷ്യനു സാക്ഷരത/ചരിത്രബോധമുണ്ടാകുമ്പോഴേക്കും ജാതി/മതങ്ങള്‍ സ്വാഭാവികമായും അപ്രത്യക്ഷമാകും.

(എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍