UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ ബീഫ് ശ്രീകൃഷ്ണാ കോളേജിൽ വേവും!

Avatar

ഷിഫാസ് എസ്

മഹാരാഷ്ട്രയില്‍ ബീഫ് നിരോധനവും അതിനുപുറകെ ഇന്ത്യയൊട്ടാകെ ബീഫ് നിരോധനം എന്ന സംഘപരിവാർ ആശയവുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. സവർണ ഹൈന്ദവതയുടെ മതം ദളിതരിലും, മറ്റു പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളിലും ബലമായി തിരുകി വെക്കാന്‍ നോക്കുന്നതാണു ” ബീഫ് നിരോധനം ” എന്നത് പകല്‍പോലെ വ്യക്തമാണ്. ഇത്തരം സംഘപരിവാർ ആശയങ്ങൾ പൌരന്റെ ഭക്ഷണ ശീലങ്ങളിൽ വരെ കൈ കടത്തുമ്പോൾ കൈ കെട്ടി മാറി നിൽക്കുന്നത് ഡി വൈ എഫ് ഐ, എസ് എഫ് ഐ തുടങ്ങിയ പുരോഗമന പ്രസ്ഥാനങ്ങൾക്ക് യോജിച്ചതല്ല. അതുകൊണ്ടു തന്നെയാണ് ബീഫ് നിരോധനത്തിനെതിരേ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ബീഫ് ഫെസ്റ്റിവൽ പോലുള്ള പരിപാടികൾ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണാ കോളെജിലും എസ് എഫ് ഐയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.

എന്നാൽ, ഈ ഫെസ്റ്റിവലും വർഗീയമായി മുതലെടുക്കാനാണ് സംഘപരിവാറിന്റെ ശ്രമം. “വിശ്വാസികളുടെ പണം കൊണ്ട് പ്രവർത്തിക്കുന്ന, ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന കോളേജില്‍ ബീഫ് വിളമ്പി ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തെ അവഹേളിച്ചിരിക്കുകയാണ് ” എന്ന രീതിയിലാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഇതിലെ സത്യം എന്താണ് ?

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ എയ്ഡഡ് കോളെജ് ആണ് ശ്രീകൃഷ്ണാ കോളെജ്. അതേ, ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും സർക്കാർ ശമ്പളം കൊടുക്കുന്ന, ചിലവുകളെല്ലാം സർക്കാർ നടത്തുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം. ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്നും ഏകദേശം ആറു കിലോമീറ്ററോളം മാറി അരിയന്നൂർ എന്ന പ്രദേശത്താണു കോളേജ് സ്ഥിതി ചെയ്യുന്നത്. അല്ലാതെ സംഘപരിവാറുകാർ പ്രചരിപ്പിക്കുന്നതു പോലെ ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്നൊന്നുമല്ല . 1964-ൽ സ്വകാര്യ ട്രസ്റ്റിന്റെ കീഴില്‍ ആരംഭിച്ച കോളേജ് 1976-ൽ മാത്രമാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ വരുന്നതു തന്നെ. എയ്ഡഡ് കോളേജില്‍ ചിലവു നടത്തുന്നത് മാനേജ്മെന്റായ ദേവസ്വം ആണെന്നും, അതു വിശ്വാസികളുടെ പണം കൊണ്ടാണെന്നും പ്രചരിപ്പിക്കുന്നത് തന്നെ ശുദ്ധ കളവാണ്. 

നമ്മളെ പോലുള്ള നികുതിദായകരുടെ ചിലവിൽ കേരള സർക്കാർ നടത്തുന്ന കൊളേജില്‍ , എന്തു കഴിക്കണം എന്ന് അവിടത്തെ വിദ്യാർഥികളാണു തീരുമാനിക്കുന്നത്, സംഘപരിവാരം അല്ല.

പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള സ്ഥലം കൂടിയാണ് ശ്രീകൃഷ്ണാ കോളെജ്. കോളെജ് യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ ആണ്. മിക്കവാറും സീറ്റുകളും എസ് എഫ് ഐയുടെ കൈയിലാണ്. കോളെജിൽ ചിലവാകാത്ത സംഘപരിവാർ രാഷ്ട്രീയം കോളെജിനു പുറത്തെങ്കിലും ചിലവാകുമോ എന്നു നോക്കാൻ ഇറങ്ങിയിരിക്കുകയാണ് എസ് എം എസ്സിലൂടെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ആയവരുടെ ആശയക്കാർ.

ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കലാമണ്ഡലം ഹൈദരാലിയെ, ജീവിച്ചിരുന്നപ്പോള്‍ ഒരിക്കൽ പോലും ഗുരുവായൂർ ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിപ്പിക്കാതിരുന്നപ്പോള്‍, ഗുരുവായൂരപ്പന്റെ ഭക്തനായ അനുഗ്രഹീത കലാകാരന്‍ യേശുദാസിനെ ഇതുവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാതിരുന്നപ്പോള്‍ സംഘപരിവാറുകാർക്ക് തോന്നാത്ത വേദന 6 കിലോമീറ്റർ ദൂരെ, സർക്കാർ പണം കൊണ്ട് പ്രവർത്തിക്കുന്ന കോളേജില്‍ ബീഫ് വിളമ്പിയപ്പോള്‍ തോന്നിയെങ്കിൽ , അതിനു ചികില്‍സ വേറെയാണ്. 

വാല്‍കഷണം: ഗുരുവായൂർ ക്ഷേത്രം നില്‍ക്കുന്ന ഗുരുവായൂർ ടൌണിലൊക്കെ ഒരുപാട് ബീഫ് സ്റ്റാളുകളും, ബീഫ് റോസ്റ്റ് കിട്ടുന്ന ഹോട്ടലുകളും ഉണ്ട്. അതിനെതിരെ സംഘപരിവാറുകാർ പ്രതിഷേധിക്കാത്തത് അവരുടെ തന്നെ ” ബീഫ് ” തീറ്റ മുട്ടുമെന്നതുകൊണ്ടാണെന്നാണ് ഗുരുവായൂരുകാർ പറയുന്നത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍