UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോമാതാവിനെ രക്ഷിക്കാന്‍ നെറ്റിയില്‍ ഗാന്ധി ചിത്രം പതിക്കുന്നവരോട്

Avatar

അരുണ്‍ നാരായണന്‍

“ഗോമാതാവിനെ രക്ഷിക്കാനായി ബീഫ് നിരോധിക്കണമെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ് ആവശ്യപ്പെട്ടത്”, “ മുഗള്‍ രാജാവായ അക്ബറാണ് ഇന്ത്യയില്‍ ആദ്യം ബീഫ് നിരോധിച്ചത്”
-ഇങ്ങനെ ബീഫ് നിരോധനത്തിനായി മഹാത്മാഗാന്ധിയെയും മുഗള്‍ ചക്രവര്‍‍ത്തിയായ അക്ബറിനെയും കൂട്ട് പിടിക്കുന്നതാണല്ലോ സംഘപരിവാറിന്‍റെ പുതിയ നീക്കം.

ഇതിലൂടെ രണ്ട് കാര്യങ്ങളാകും സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അമീര്‍ഖാന്‍ സിനിമയില്‍ പ്രതിരോധത്തിനായി ദൈവങ്ങളെ മുഖത്തൊട്ടിക്കുന്നതുപോലെ ഗോമാതാവിനെ രക്ഷിക്കാന്‍ നെറ്റിയില്‍ ഗാന്ധിജിയുടെ ചിത്രം പതിക്കുക. രണ്ട് മുസ്ലീമായ അക്ബര്‍ ചക്രവര്‍ത്തി പോലും നിരോധിക്കാന്‍ തയ്യാറായ ബീഫ് ഇപ്പോള്‍ നിരോധിക്കുന്നത് എങ്ങനെ ന്യൂനപക്ഷ വിരുദ്ധമാകുമെന്ന് സ്ഥാപിക്കുക.

സ്വന്തം നിലപാടുകളെ സധൂകരിക്കാന്‍ പുരാണങ്ങളെ വളച്ചൊടിക്കുന്ന പരിവാറുകാര്‍ പക്ഷെ ചരിത്രത്തെ കൈ വക്കുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്. കാരണം ഇത്തരം വളച്ചൊടിക്കുകളുടെ യഥാര്‍ഥ വശം ചരിത്രത്തില് ‍നിന്ന് കണ്ടെത്താന്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടി വരില്ല.

ആദ്യം രാഷ്ട്രപിതാവിലേക്ക് പോകാം. ഗ്രാമങ്ങളാണ് ഇന്ത്യയുടെ ആത്മാവെന്ന് പറഞ്ഞ ഗാന്ധിജി അവയുടെ സ്വയം പര്യാപ്തതയുടെ ആവശ്യകതെക്കുറിച്ചും സ്വരാജില്‍ പറയുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് സ്വയം പര്യാപ്തതയില്‍ ഗോക്കളുടെ അനിവാര്യതയെക്കുറിച്ച് പറയുന്നതും അവയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും വിശദീകരിക്കുന്നതും. ഇത് വ്യാഖ്യാനിച്ചാണ് സംഘപരിവാര്‍ ഗാന്ധിജി ഗോ വധത്തിന് എതിരായിരുന്നുവെന്ന് പറയുന്നത്. തീര്‍ച്ചയായും അഹിംസ ആശയമാക്കിയ മഹാത്മാഗാന്ധി ഗോവധത്തെ അനുകൂലിക്കുമെന്ന് ആരും പ്രതീക്ഷിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ ഗോവധ നിരോധനമെന്ന ആശയത്തെ ഗാന്ധിജി തന്നെ എതിര്‍ത്തിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

1947 ജൂലൈയില്‍ പ്രാര്‍ഥനായോഗത്തില്‍ പരസ്യമായി ഗോവധ നിരോധനത്തിനെതിരായ തന്‍റെ നിലപാട് മഹാത്മാഗാന്ധി തുറന്ന് പറഞ്ഞിരുന്നു. അന്ന് ഇടക്കാല സര്‍ക്കാറിലെ ഭക്ഷ്യകൃഷിമന്ത്രിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിന് വന്ന കത്തുകള്‍ ചൂണ്ടിക്കാടിയായിരുന്നു രാഷ്ട്രപിതാവിന്‍റെ പ്രസ്താവന. മുപ്പതിനായിരത്തോളം കത്തുകളാണ് ഗോവധം ആവശ്യപ്പെട്ട് രാജേന്ദ്രപ്രസാദിന് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ മഹാത്മാഗാന്ധി, ഗോവധം നിരോധിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി. ഹിന്ദുക്കള്‍ക്ക് പശു മാതാവായിരിക്കാം.എന്നാല്‍ പശുവിനെ ഭക്ഷിക്കുന്നവര്‍ കൂടി ഉള്‍പ്പെട്ട നാടാണ് ഇന്ത്യ. ഗോവധം നിരോധിക്കാന്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല. അങ്ങനെ നിരോധിച്ചാല്‍ അത് ന്യൂനപക്ഷവിരുദ്ധമാകും.ഹിന്ദുക്കള്‍ക്ക് ഇഷ്ടമല്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ ഗോമാംസം നിരോധിച്ചാല്‍ പാകിസ്ഥാനില്‍ മുസ്ലീം മതക്കാര്‍ക്ക് ആവശ്യമില്ലാത്തതിനാല്‍‍ അമ്പലങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഗാന്ധിജി ചോദിച്ചു. ഇന്ത്യ ഹിന്ദുരാജ്യമല്ല. അങ്ങനെ വിചാരിക്കുന്നവരാണ് ഗോവധം വേണമെന്ന് ആവശ്യപ്പെടുന്നത്.

ഗാന്ധിജിയുടെ ഈ മറുപടി സംഘപരിവാര്‍ ഇന്ന് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാന്‍ പര്യാപ്തമാണ്.

മറ്റൊന്ന് അക്ബറിന്‍റെ ബീഫ് നിരോധനമാണ്.ജെയ്ന മതത്തിലെ അഹിംസ ചിന്തയില്‍ ആകൃഷ്ടനായ അക്ബര്‍ ഗോവധത്തിന് ചില കാലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതായി സുപ്രീം കോടതി വിധിയില്‍ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍വ്വാധികാരങ്ങളോടെയും ചക്രവര്‍ത്തിയായിരിക്കെ അക്ബര്‍ മനസ്സ് വച്ചിരുന്നെങ്കില്‍ ഇന്ന് ഹിന്ദു എന്ന് പറയാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നിരിക്കില്ലെന്ന് വേണണമെങ്കില്‍ കരുതാം. ചുരുങ്ങിയ പക്ഷം എല്ലാ ഹിന്ദുക്കളെകൊണ്ടും ഗോമാംസം കഴിപ്പിക്കാനെങ്കിലും അക്ബറിന് കഴിഞ്ഞേനെ. ഇതൊന്നും ചെയ്യാതെ ജൈനരെ പോലെ തികച്ചും ന്യൂനപക്ഷമായ മതത്തിന്‍റെ ആശയങ്ങളോടും പോലും അക്ബര്‍ പുലര്‍ത്തിയ സഹിഷ്ണുതയല്ലേ ശരിക്കും മാതൃക ആക്കേണ്ടത്.അതല്ലാതെ അക്ബര്‍ ഗോവധം നിരോധിച്ചെന്ന മാതൃകയാണോ സ്വീകരിക്കേണ്ടതെന്ന് ചിന്തിക്കുന്നതും നല്ലതാകും.

പൊറോട്ടയും ബീഫും ദേശീയ ഭക്ഷണമാക്കിയ  മലയാളികളിലും ഗോമാതാവ് സങ്കല്‍പ്പത്തിന് വേരുറപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഭീതിജനകമാണ്. കാരണം ഗോമാതാവിന്‍റെ തോലിട്ട് മനസ്സിലേക്ക് ഇറങ്ങിയിരിക്കുന്നത് വര്‍ഗ്ഗീയതയാണ് എന്നതിനാല്‍ തന്നെ. പശുവിറച്ചി തിന്നതിന്‍റെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് പുത്തനുടുപ്പിടുന്നവര്‍ സ്വയം ശുദ്ധീകരിക്കുന്നുവെന്ന് കരുതുന്നെങ്കില്‍ അത് വ്യക്തിസ്വാതന്ത്ര്യമാണ്. പക്ഷെ അടുത്തവന്‍റെ ഭക്ഷണത്തെ നിയന്ത്രിക്കുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് തിരിച്ചറിയാനുള്ള വിവേകം കൂടി അവരില്‍ നിന്ന് ഈ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ആ വിവേകം ഉണ്ടായില്ലെങ്കില്‍ ഈ രാജ്യം ഹിന്ദുരാജ്യമാക്കാനുള്ള ശ്രമമാകില്ല വിജയിക്കുക. മറിച്ച് ഇന്ന് കേ.ട്ടുകേള്‍വി മാത്രമുള്ള പല ഭീകരതയും അടിച്ചമര്‍‍ത്തപ്പെടുന്നവരുടെ മനസ്സില്‍ ആഴത്തിലിറങ്ങും. അവര്‍ അവര്‍ക്കാകും വിധം പ്രതികരിക്കും. കാരണം ഈ ഭൂമിയില‍്‍ ഒരു മണ്ണും ഒരു വംശത്തിന്‍റെയും സ്വന്തമല്ല.

സഹിഷ്ണുത മറന്ന് വച്ച്, സംസ്കാരത്തില്‍ നിന്ന് ഉപേക്ഷിച്ച അല്ലെങ്കില്‍ തുടച്ച് നീക്കിയെന്ന് വിശ്വസിച്ചിരുന്ന ജീര്‍ണ്ണിച്ച വ്യവസ്ഥകളെ വീണ്ടും പരിഷ്കാരമാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നശിപ്പിക്കുന്നത് ഒരിക്കല്‍ ചീഞ്ഞളിഞ്ഞ സംസ്കാരത്തില്‍ നിന്ന് രാജാറാം മോഹന്‍ റോയിയും വിവേകാനന്ദനും തുടങ്ങിവച്ച നവോത്ഥാനത്തിന്‍റെ നേട്ടങ്ങളെയാണ്.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി വിധിയെ ഈ സാഹചര്യത്തില്‍ പഴയ ഒരു വിധിയുമായി താരതമ്യം ചെയ്യാനും ആഗ്രഹിക്കുന്നു. ബീഹാറിലെ ഗോമാംസ നിരോധനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട് പശുമാസം കഴിക്കണമെന്ന് ഇസ്ലാം ഉള്‍പ്പടെ ഒരു മതവും നിര്‍ദ്ദേശിക്കുന്നില്ലെന്നാണ്. അതേസമയം അടുത്തിടെ ദീപാവലിക്ക് പടക്കം ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി സ്വീകരിച്ച നിലപാട് മുന്‍പത്തേതില്‍ നിന്ന് വിഭിന്നമാണ്.പടക്കം പൊട്ടിക്കുന്നത് ദീപാവലി ആഘോഷങ്ങളുടെ ഒഴിവാക്കാനാകാത്ത ഭാഗമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഏത് ഹിന്ദു മത ഗ്രന്ഥത്തിലാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ നിര്‍ദ്ദേശിക്കാത്ത സാഹചര്യത്തില്‍ പടക്കം പൊട്ടിക്കുന്നത് എങ്ങനെ ദീപാവലി ആഘോഷങ്ങളുടെ ഒഴിവാക്കാനാകാത്ത ഭാഗമാകും.

സുപ്രീംകോടതിയില്‍ വിവിധ കാലഘട്ടങ്ങളിലായി ഒരേ വിഷയത്തില്‍ നിലപാടുകള്‍ മാറുന്നത് ഇതിന് മുന്‍പും കണ്ടിട്ടുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ നിലപാട് ഒരു മാറ്റത്തിന്‍റെ ഭാഗമാണെന്ന് കരുതിനാകില്ല. മറിച്ച് ഭൂരിപക്ഷ ആഘോഷം സൃഷ്ടിക്കുന്ന പൊതുബോധത്തിന്‍റെ മറയാകാം. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍