UPDATES

ട്രെന്‍ഡിങ്ങ്

ഗോമാംസം തിരിച്ചറിയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തിരിച്ചറിയല്‍ കിറ്റുകള്‍ നല്‍കുന്നു

മുപ്പത് മിനിറ്റുകൊണ്ട് ഗോമാംസമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന കിറ്റുകളാണ് വിതരണത്തിനൊരുങ്ങുന്നത്‌

ബീഫ് നിരോധനം നടപ്പാക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗോമാംസം തിരിച്ചറിയാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു. അടുത്തമാസം മുതലാണ് കിറ്റുകള്‍ നല്‍കുന്നത്. തങ്ങള്‍ പിടിച്ചെടുക്കുന്ന മാംസം പശുവിന്റേത് തന്നെയാണോയെന്ന് ഉറപ്പാക്കാനാണ് പോലീസിന് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കിറ്റുകളുടെ സഹായത്തോടെ മുപ്പത് മിനിറ്റുകൊണ്ട് മാംസം തിരിച്ചറിയാന്‍ സാധിക്കുമെന്ന് മഹാരാഷ്ട്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ കൃഷ്ണ കുല്‍ക്കര്‍ണി അറിയിച്ചു. അതായത് തങ്ങള്‍ പിടിച്ചെടുത്ത മാംസം നിരോധിച്ച മാംസമാണോയെന്ന് തിരിച്ചറിയാന്‍ ഇനി പോലീസിന് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ല. 45 ഫോറന്‍സിക് വാഹനങ്ങള്‍ക്കാണ് 8000 രൂപ വീതം വിലയുള്ള കിറ്റ് ലഭ്യമാക്കുക. ഒരു കിറ്റ് കൊണ്ട് 100 സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കും.

1976ലെ മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ നിയമ പ്രകാരം പശുക്കളെയും പശുക്കിടാവിനെയും കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശിവജി നഗറില്‍ പോലീസ് 700 കിലോ ഇറച്ചിയാണ് പിടിച്ചെടുത്തത്. ഇത്തരം സാഹചര്യങ്ങളില്‍ ഈ കിറ്റുകള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പന്‍വേലില്‍ നിന്നും കൊണ്ടുവന്ന മാംസം ബീഫ് ആണെന്നാണ് കരുതുന്നത്. ഇതിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബില്‍ അയച്ചിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ കിറ്റ് വരുന്നതോടെ മാംസം കൊണ്ടുവരുന്ന വാഹനങ്ങള്‍ അധികദിവസം പിടിച്ചിടുന്നത് ഒഴിവാക്കാനും ബീഫാണെന്ന് തെളിഞ്ഞാല്‍ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസിന് സാധിക്കും. കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയില്‍ മാംസം ബീഫ് ആണെന്ന് തെളിഞ്ഞാല്‍ ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുകയാണ് ചെയ്യുന്നത്. അതിലാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

നിലവില്‍ ഒരു സാമ്പിള്‍ പരിശോധനയ്ക്ക് 750 രൂപ വേണ്ടിവരുന്ന ഡിഎന്‍എ പരിശോധന വളരെ ചെലവേറിയതാണ്. ഈ ചെലവ് കുറയ്ക്കാനും പുതിയ കിറ്റ് സഹായിക്കും. നിലവില്‍ മുംബൈ, നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളില്‍ മാത്രമാണ് ഡിഎന്‍എ പരിശോധന ലഭ്യമുള്ളൂ. വരുംദിവസങ്ങളില്‍ നാസിക്, ഔറംഗബാദ് എന്നിവിടങ്ങളിലെ ഫോറന്‍സിക് ലാബുകളിലും ഈ സൗകര്യം ലഭ്യമാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍