UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് നിരോധനത്തില്‍ മുങ്ങിപ്പോയ മുസ്ലീം സംവരണ നിഷേധം

മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ച വാർത്ത വലിയ ചര്‍ച്ചയായി. ഈ ചർച്ചകൾ എല്ലാം തന്നെ  കേന്ദ്രീകരിച്ചത്, നാട്ടിൽ ബീഫ് തിന്നുന്നത് മുസ്ലീങ്ങൾ മാത്രമാണ് എന്നും അതുകൊണ്ട് തന്നെ അവർ ‘അന്യരാ’ണ് എന്നുമുള്ള ആശയത്തിന് ശക്തി പകരുന്ന തരത്തിലാണ്.  ഇത്തരം ഒരു സാമുഹിക അവസ്ഥയാണ് സംഘപരിവാർ സംഘടനകളും അവശ്യപ്പെടുന്നത്. അതിലൂടെ അവർ ലക്‌ഷ്യം വെക്കുന്നത് ഹിന്ദുത്വ അജണ്ടയെ മുഖ്യധാരയിൽ സജീവമായി നിലനിര്‍ത്തുക എന്നതുതന്നെയാണ്. 

എന്നാൽ ഈ ചർച്ചകൾക്കിടയിൽ ആരും ശ്രദ്ധിക്കാതെ കടന്നു പോയ ഒരു പ്രധാന വിഷയമുണ്ട്. അത് മഹാരാഷ്ട്രയിലെ ബി ജെ പി സർക്കാർ എടുത്ത മുസ്ലീം സംവരണ ബില്ലിനെതിരായ  നിലപാടാണ്.  പോത്തിറച്ചി പ്രശ്നം സജീവമായതോടെ മർമ്മപ്രധാനമായ സംവരണ പ്രശ്നം വിസ്മരിക്കപ്പെട്ടു. പലപ്പോഴും മുസ്ലീം സമുഹത്തിന്റെ പ്രശ്നങ്ങൾ തികച്ചും വൈകാരികമായി മാത്രം കാണുന്ന ഒരു സാമുഹിക അവസ്ഥ രൂപപ്പെട്ടതുകൊണ്ട് കൂടിയാണ് ഇങ്ങനെ സംഭവിച്ചത്. സംഘപരിവാറും ഒരു പരിധിവരെ ഭരണകൂടവുമാണ് ഇതിന്റെ ഗുണഭോക്താക്കൾ.

സച്ചാർ കമ്മീഷൻ അടക്കം ചൂണ്ടിക്കാണിച്ച സാമുഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാൻ തക്കതായ പദ്ധതികള്‍ ആവിഷ്കരിക്കാൻ യു പി എ സർകാരിന് കഴിഞ്ഞിരുന്നില്ല. ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഇതൊരു ‘സാമൂഹിക ആവശ്യം’ അല്ല. ഇന്ത്യൻ പാർലമെന്റിൽ നാമമാത്രമുള്ള മുസ്ലിം എം പിമാർക്ക് ഈ കാര്യത്തിൽ കാര്യമായി ഒന്നും തന്നെ ചെയ്യാനും ഇല്ല. മുസ്ലീം പ്രശ്നം എന്നാൽ ഒന്നുകിൽ തീവ്രവാദം, അല്ലെങ്കിൽ മതബോധം മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.  മുസ്ലീം മതബോധത്തെ സജീവമാക്കി നിലനിര്‍ത്തുന്നത് വഴി മാത്രമേ സംഘപരിവാർ രാഷ്ട്രീയത്തിനും നിലനില്‍പ്പുള്ളൂ.  ഈ പാശ്ചാത്തലത്തിൽ വേണം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബീഫ് നിരോധനവും സംവരണ നയങ്ങളും വിലയിരുത്തേണ്ടത്.

മുന്‍ മഹാരാഷ്ട്ര  സര്‍ക്കാരിന്റെ  പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മറാത്താ വിഭാഗത്തിന്  പതിനാറ് ശതമാനം സംവരണവും ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന മുസ്ലീങ്ങളുടെ 5 ശതമാനം  സംവരണവും. എന്നാൽ ബി ജെ പി  സർക്കാർ ഇത്  നടപ്പിലാക്കാൻ തയ്യാറായില്ല. സർക്കാർ പറഞ്ഞ കാരണം ബി ജെ പി  മത സംവരണത്തിന് എതിരാണ് എന്നാണ്.  മുസ്ലീങ്ങളുടെ സംവരണവും ബീഫ് നിരോധനവും തമ്മിൽ പ്രത്യക്ഷത്തിൽ ഒരു ബന്ധവും ഇല്ല. എന്നാൽ ബീഫ് നിരോധനവും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഒരു തരത്തിൽ ബി ജെ പി യുടെ രാഷ്ട്രീയ അജണ്ടയെ സംരക്ഷിക്കുന്ന തരത്തിൽ രൂപപ്പെട്ടു എന്നതാണ് വസ്തുത.

ജാതി സംവരണത്തിൽ വിശ്വസിക്കാത്ത ബി ജെ പി എങ്ങനെ മാറാത്ത സംവരണത്തിൽ വിശ്വസിക്കുന്നു എന്നത് ചോദ്യം ചെയ്യേണ്ട ഒന്നാണ്.  രംഗനാഥ മിശ്ര കമ്മിഷൻ സാമ്പത്തിക സംവരണം വേണം എന്ന നിര്‍ദ്ദേശം വച്ചപ്പോൾ ബി ജെ പി പിന്തുണച്ചിരുന്നു. എന്നാൽ മാറാത്ത വിഭാഗത്തിന്റെ സംവരണ വിഷയത്തിൽ ബി ജെ പി മുന്നിൽ കണ്ടത് ശിവസേനയുടെ രാഷ്ട്രീയത്തെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു. എന്നാൽ ഇത്തരം ഒരു രാഷ്ട്രീയം മഹാരാഷ്ട്രയിൽ രൂപപ്പെടണമെങ്കിൽ അതിന്  ഒരു ഹിന്ദു ദേശീയതയുടെ സ്വഭാവം ഉണ്ടാകണം. അതിനു പറ്റിയ ഏറ്റവും എളുപ്പമുള്ള മാർഗം അതിൽ ഒരു മുസ്ലീം സാന്നിധ്യം കൊണ്ടുവരിക എന്നതാണ്. അതോടൊപ്പം  സംവരണം ഒഴിവാക്കുകയും ചെയ്യാം. അതായത് ഈ സർക്കാർ ഭൂരിപക്ഷത്തിന്റേതാണ് എന്ന ആശയം നിലനിര്‍ത്തുന്ന വഴി മാത്രമേ സംഘപരിവാര്‍ രാഷ്ട്രീയം നിലനിൽക്കുകയുള്ളൂ.

ഇത്തരം അരിക് ചേര്‍ക്കലിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ആണ് മുംബൈ നഗരത്തിലെ മുസ്ലീങ്ങൾ താമസിക്കുന്ന ചേരികൾ. നഗരത്തിലെ ചവറുകൂനകളാണ് ഇത്തരം ചേരികളിൽ ഭുരിഭാഗവും. നഗരസഭയുടെ ചവർ വാരുന്ന സംവിധാനം ഇവിടങ്ങളിൽ സ്ഥിരമായി വരാറില്ല. ഏറ്റവും കുടുതൽ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ താമസിക്കുന്നതും ഈ ചേരികളിലാണ്. വിദ്യാഭ്യാസരംഗത്തും മഹാരാഷ്ടയില്‍ മുസ്ലീങ്ങളുടെ പ്രാധിനിധ്യം കുറവാണ്. ഇത്തരം കാരണങ്ങൾ പരിഗണിക്കുമ്പോൾ 5 ശതമാനം സംവരണം തികച്ചും അവശ്യമാണ്. മാത്രവുമല്ല സംവരണത്തിന് ജാതി മാത്രമല്ല മാനദണ്ഡം എന്ന സുപ്രീംകോടതിയുടെ വിധിയുടെ പാശ്ചാത്തലത്തിലും മുസ്ലീം സംവരണം അനിവാര്യമാണ്. ഈ രീതിയിൽ സംവരണ പ്രശ്നം അവതരിപ്പിക്കാൻ മഹാരാഷ്ട്രയിൽ മുസ്ലീ സംഘടനകളോ മറ്റ് രാഷ്ട്രീയ പാർട്ടികളോ തയ്യാറല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രശ്നം ഹിന്ദു വിരുദ്ധത ആരോപിക്കപ്പെടുമോ എന്നതാണ്.  അതുകൊണ്ട് തന്നെ ബീഫ് വിവാദം മുസ്ലീം പ്രശ്നം ആക്കിമാറ്റിയതൊടെ മുസ്ലീങ്ങളുടെ സാമുഹിക മുന്നേറ്റത്തിന്  അനിവാര്യമായിരുന്ന ഒരു അവസരത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ബലികൊടുത്തു എന്ന് വേണം പറയാൻ. മുസ്ലീങ്ങളുടെ പ്രശ്നം കേവലം മതം മാത്രമാണ് എന്ന ആശയത്തിന് കിട്ടുന്ന പ്രചാരണം ഒരുതരത്തിൽ മുസ്ലിങ്ങള്‍ക്കിടയിലെ തീവ്രനിലപാടുകാര്‍ക്കും  സംഘപരിവാരിനും ഗുണകരമാവുകയാണ്.

അവസരനിഷേധവും ഒറ്റപ്പെടലും സൃഷ്ടിക്കുന്ന സാമുഹിക ബോധം മുംബൈ മുസ്ലീങ്ങളെ രണ്ടാംതരം പൌരൻമാരാക്കിത്തീർത്തു എന്നതാണ് വസ്തുത. റെയിൽവേ സ്റ്റേഷനിൽ പ്രത്യേകിച്ചും തൊപ്പിയും പർധയും ധരിച്ച മുസ്ലീങ്ങളെ പ്രത്യേകമായി പരിശോധിക്കുന്ന റെയിൽവേ പോലീസിനെ ഒരു പക്ഷെ കേരളത്തിൽ ജീവിക്കുന്ന ഒരാള്‍ക്കും ചിന്തിക്കാൻ കഴിയില്ല. എന്നാൽ മുംബെ മുസ്ലീങ്ങൾക്ക് ഇത് നിത്യജീവിതത്തിന്റെ ഭാഗമാണ്.

സംവരണം എല്ലാറ്റിനും പരിഹാരം അല്ല.  എന്നാൽ ഭരണസംവിധാനത്തിന്റെ ഭാഗമാകാൻ മറ്റൊരവസരം കിട്ടാത്ത വിഭാഗത്തിനെ സംബന്ധിച്ചിടത്തോളം സംവരണം മര്‍മ്മ പ്രധാനമായ ഒന്നാണ്. അത്തരം അവസരം മഹാരാഷ്ട്രയിലെ ദരിദ്ര മുസ്ലീങ്ങൾക്ക് നിഷേധിക്കപ്പെട്ടത് ഒരു പ്രശ്നം അല്ലാതായി മാറുന്നു എന്നതാണ് ഈ വിവാദ ചര്‍ച്ചകളുടെ ആത്യന്തിക ഫലം.

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍