UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് നിരോധനം; മുഖ്യമന്ത്രി പറഞ്ഞിട്ടും കുലുങ്ങാതെ ഐജി സുരേഷ് രാജ് പുരോഹിത്

Avatar

അഴിമുഖം പ്രതിനിധി 

തൃശൂര്‍ പോലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വരികയുണ്ടായി. എന്തു ഭക്ഷണം കഴിക്കണം എന്നുള്ളത് ഓരോരുത്തരുടെയും അവകാശമാണ് അക്കാദമിയില്‍ ഉണ്ടായിരുന്ന ഭക്ഷണരീതി എന്തായിരുന്നോ അത് തന്നെ തുടരണം എന്ന ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശവും തൃണവല്‍ഗണിച്ചാണ് ഐജി സുരേഷ് രാജ് പുരോഹിത് അക്കാദമിയില്‍ ബീഫ് നിരോധനം തുടരുന്നത്. നിരോധനം ലംഘിച്ചു ബീഫ് കഴിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഭീഷണിയുണ്ട്.

അക്കാദമിയിലെ ഭക്ഷണകാര്യങ്ങളില്‍ ആരും കൈകടത്തേണ്ട ആവശ്യമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം നിലവിലുള്ളപ്പോഴാണ് പുതിയ നടപടികള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആഘോഷിക്കാന്‍ ഇടത് അനുകൂല പോലീസ് ഉദ്യോഗസ്ഥര്‍ കാന്റീനില്‍ ബീഫ് വിതരണം ചെയ്തതോടെയാണ് ഐജി വീണ്ടും നടപടികള്‍ക്കൊരുങ്ങിയത്. ഐജി സംഭവം അറിയുന്നതിന് മുന്‍പു തന്നെ കാന്റീനില്‍ എത്തിയ ബീഫ് 100 ഓളം ഉദ്യോഗസ്ഥര്‍ കഴിച്ചു തീര്‍ക്കുകയും ചെയ്തു.

നിലവില്‍ പോലീസ് അക്കാദമിയില്‍ ഉള്ളത് എട്ടു കാന്‍റ്റീനുകള്‍ ആണ്. അതാത് കാന്‍റ്റീനില്‍ നിലവിലുള്ള ഭക്ഷണ കമ്മിറ്റിയാണ് മെനു തീരുമാനിക്കുക. എന്നാല്‍ സുരേഷ് രാജ് പുരോഹിത് ഐജിയായി ചാര്‍ജ്ജ് എടുത്ത ശേഷം അവിടത്തെ മെനു അടിമുടി മാറുകയായിരുന്നു. മുന്പ് ആഴ്ചയില്‍ രണ്ടു ദിവസം ചിക്കനും രണ്ടു ദിവസം ബീഫും ലഭിക്കുമായിരുന്ന കാന്റീനില്‍ ഇപ്പോള്‍ ബീഫ് അടുപ്പിക്കാറുപോലുമില്ല. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് എംബി രാജേഷ് എം.പിയാണ് ഇവിടത്തെ ബീഫ് വിലക്ക് പുറത്തെത്തിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിഷയം പുറംലോകം അറിഞ്ഞു. രണ്ടു വര്‍ഷമായി ഇവിടെ ബീഫ് നിരോധനം നിലവിലുണ്ട് എന്നും സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ തലകുനിക്കുന്നതിന്റെ തെളിവാണ് ഇതെന്നും  അദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരുന്നു. അതേത്തുടര്‍ന്ന് ഔദ്യോഗികമായി ബീഫ് നിരോധനം നിലവിലില്ല എങ്കിലും അക്കാദമിയില്‍ ബീഫ് എത്താറില്ല എന്നുള്ള വിവരം അന്ന് ചില പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു.

ബീഫ് വിഷയത്തിനു പുറമേ ട്രെയിനിംഗിന് എത്തുന്ന ജൂനിയര്‍ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നു എന്നതും വാര്‍ത്തയായിരുന്നു. അതേത്തുടര്‍ന്ന് അക്കാദമിയില്‍ മാധ്യമങ്ങള്‍ക്ക് നിരോധനം നിലവിലുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം പോലീസ് ആസ്ഥാനത്ത് ഓടിച്ച സംഭവത്തിലും അക്കാദമിയിലെത്തിയ മാതാ അമൃതാനന്ദമയിയ്ക്ക് തന്നെ കാണാന്‍ നിയമം മറികടന്ന് അനുവാദം നല്‍കിയതിലും സുരേഷ് രാജ് പുരോഹിതിനു നേരെ കേസ് നിലവിലുണ്ട്. ഐജിയുടെ മകന്‍ വാഹനം ഓടിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം പുറത്തറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന വിയ്യൂര്‍ എസ്‌ഐക്കെതിരേയും കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. മുത്തങ്ങ സമരത്തിനിടെ അന്നത്തെ കണ്ണൂര്‍ റേഞ്ച് ഡിഐജി ശങ്കര്‍ റെഡ്ഡിയുടെ എതിര്‍പ്പ് മറികടന്ന് രണ്ടു പേരുടെ മരണത്തിനിടയാക്കിയ പോലീസ് നടപടിക്ക് ഉത്തരവിട്ടതും സുരേഷ് രാജ് പുരോഹിതാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍