UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊള്ളാം ഇന്ത്യാ, ഈ അസഹിഷ്ണുതയില്‍ നീ അഭിമാനിച്ചേ മതിയാവൂ

Avatar

ടീം അഴിമുഖം

ബീഫ് നിരോധനം, കാശ്മീരില്‍ മസ്രത് ആലത്തിനെ മോചിപ്പിച്ചതിനെതിരെയുള്ള രോഷം, നിര്‍ഭയയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി നിരോധിക്കാനുള്ള തീരുമാനം തുടങ്ങിയ നടപടികളിലൂടെ, വിവരമില്ലാത്ത യാഥാസ്ഥിതികത്വത്തിലേക്ക് ഇന്ത്യ ചായുന്നതില്‍ നാം അഭിമാനം കൊള്ളേണ്ടിയിരിക്കുന്നു. അതേ, ഈ രോഷം അത്രമേല്‍ മികച്ചതാണ്. അതില്‍ ഇന്ത്യ തീര്‍ച്ചയായും അഭിമാനം കൊള്ളേണ്ടിയിരിക്കുന്നു.

പൊതു സുരക്ഷ നിയമ (PSA) പ്രകാരം തടവില്‍ കഴിയുകയായിരുന്ന കടുത്ത വിഘടനവാദിയായ മസ്രത് ആലത്തിന്റെ മോചനത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം വരെ. ആലത്തെ ഒരു തീവ്രവാദി എന്ന് വിളിക്കുന്ന അവര്‍, പാക് അനുകൂല രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് മുഫ്തി മുഹമ്മദ് സെയ്ദിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

നിങ്ങളുടെ നേതാക്കള്‍ രോഷാകുലരാണെന്ന് മാത്രമല്ല, ഒരു മനുഷ്യക്കുഞ്ഞ് പോലും ജീവനോടെയില്ലാത്ത ഒരു വരണ്ട ഭൂമിയാണ് കാശ്മീര്‍ എന്ന പോലെയാണ് അവര്‍ സംസാരിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി കാശ്മീര്‍ ചെയ്യുന്ന ത്യാഗത്തിന് യാതൊരു വിലയുമില്ലാത്തത് പോലെയാണ് അവര്‍ സംസാരിക്കുന്നത്. അവരുടെ വാക്കുകള്‍ കേട്ടാല്‍ ലോകത്തുള്ള എല്ലാ തീവ്രവാദികളും നമുക്കെതിരെ ഇരമ്പി വരിയാണെന്ന് തോന്നും.

സംഘഗാനത്തില്‍ പങ്കാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റുള്ളവരെ പോലെ രോഷാകുലനാവുകയും വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പാര്‍ലമെന്റും രാജ്യവും ഒറ്റക്കെട്ടും രോഷാകുലവുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിഡിപിയും ബിജെപിയും തമ്മില്‍ ഒരു സഖ്യമുണ്ടാക്കിയപ്പോള്‍ എന്തിലേക്കാണ് താന്‍ പോകുന്നതെന്ന് നരേന്ദ്ര മോദിക്ക് ധാരണയുണ്ടായിരുന്നില്ലേ? കാശ്മീര്‍ താഴ്വരയുടെ പിന്തുണയോടെയാണ് പിഡിപി ജയിച്ചതെന്നും അവിടുത്തെ മുറിവുണക്കാന്‍ ശ്രമിക്കുക എന്നത് അവരുടെ പ്രാഥമിക ചുമതലയാണെന്നും നമ്മുടെ പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നോ? കാല്‍ നൂറ്റാണ്ടിലേറെയായി അരങ്ങേറുന്ന സായുധകലാപത്തില്‍ ഒരു ലക്ഷത്തിലേറെ ജീവന്‍ നഷ്ടപ്പെട്ട ഒരു സംസ്ഥാനത്താണ് തങ്ങള്‍ അധികാരത്തിലേറുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നോ? നിങ്ങളെയും എന്നെയും പോലെ തന്നെ സമാധാനവും മൈത്രിയും അര്‍ഹിക്കുന്ന ജനങ്ങളാണ് കാശ്മീരികളും എന്ന കാര്യം അദ്ദേഹം മറന്നതാവുമോ?

നിയമത്തിന്റെ സ്വാഭാവിക വഴികളെ തടസപ്പെടുത്തുന്ന തരത്തില്‍ ‘നിയമരഹിത നിയമം’ നടപ്പിലാക്കാന്‍ അധികാരികളെ സഹായിക്കുന്നതാണ് പൊതു സുരക്ഷ നിയമം പോലുള്ളവയെന്ന് ഈ രാജ്യത്തെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് പ്രധാനമന്ത്രിയും ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളും പരാമര്‍ശിക്കില്ല. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ 8000- ത്തിനും 20000- ത്തിനുമിടയില്‍ കാശ്മീരികളെയാണ് ഈ നിയമപ്രകാരം തടങ്കലിലാക്കിയതെന്ന് അതിന്റെ 2011- ലെ റിപ്പോര്‍ട്ടില്‍ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ കണക്കാക്കിയിരുന്നു.

1978ല്‍ പാസാക്കുകയും പല തവണ ഭേദഗതി ചെയ്യുകയും ചെയ്ത ഈ നിയമം, പൊതു ജീവിതത്തെ തടസപ്പെടുത്തുന്ന തരത്തില്‍ പെരുമാറുന്നതില്‍ നിന്നും ആളുകളെ തടയുന്നതിനായി അവരെ തുറങ്കലിലടയ്ക്കാന്‍ ജമ്മു-കാശ്മീര്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. കസ്റ്റഡിയില്‍ എടുത്ത ആളെ വിചാരണ കൂടാതെ 12 മാസം തടവിലിടാനും അത് രണ്ട് വര്‍ഷം വരെ നീട്ടാനും നിയമം അധികാരികളെ അനുവദിക്കുന്നു.

നൂറോളം പേരുടെ മരണത്തിന് ഇടയാക്കുകയും തെരുവില്‍ സുരക്ഷസേനകളും പൊതുജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കുകയും ചെയ്ത കലാപം നടന്ന 2010-ലെ വേനല്‍ക്കാലത്തിന് ശേഷം എട്ട് തവണയാണ് ആലത്തിനെതിരെ പിഎസ്എ ചുമത്തിയത്. പ്രതിഷേധത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനപ്പെട്ട ഒരാള്‍ ആലം ആണെന്നാണ് കരുതപ്പെടുന്നത്.

ആലത്തിന്റെത് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. എന്തെങ്കിലും കൃത്യമായ നീതിനിര്‍വഹണ പ്രക്രിയയ്ക്ക് വിധേയരാവാത്ത നൂറുകണക്കിന് കാഴ്മീരികളാണ് പിഎസ്എ പ്രകാരം തടവില്‍ കഴിയുന്നത്. മാത്രമല്ല, ഇന്ത്യന്‍ പൊതുജീവിതം ഉള്ളില്‍ കൊണ്ടുനടക്കുന്ന കൂടുതല്‍ വൈക്ലബ്യങ്ങളുടെ ഉദാഹരണമാണ് ഇപ്പോഴുള്ള നമ്മുടെ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതികരണങ്ങള്‍. സായുധകലാപം തീക്ഷ്ണമാകുന്ന നമ്മുടെ രാജ്യത്തിന്റെ വലിയ ഒരു ഭൂവിഭാഗത്തെ കുറിച്ച് നമ്മള്‍ മറന്നുപോകുന്നു. ഏത് തരത്തിലുള്ള പ്രതിഷേധങ്ങളെയും തീവ്രവാദം എന്ന് മുദ്രകുത്തുകയും പിന്നീട് അത് നമ്മള്‍ എളുപ്പത്തില്‍ മറക്കുകയും ചെയ്യുന്നു.

1987 മുതല്‍ കാശ്മീര്‍ കത്തുകയാണ്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ തടവിലായി. എന്നിട്ടും ഒരവസാനവുമില്ലാതെ അത് തുടരുന്നു. കലാപങ്ങള്‍ നാടകീയമായി കുറഞ്ഞിട്ടും, കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സഹായകമായ ഒരു രാഷ്ട്രീയ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാനുള്ള ഔദാര്യം ന്യൂഡല്‍ഹി പ്രദര്‍ശിപ്പിക്കുന്നില്ല. പകരം, ആലത്തെയും പ്രതിഷേധം പ്രകടിപ്പിക്കുന്ന മറ്റുള്ളവരെയും തീവ്രവാദികള്‍ എന്ന് വിളിക്കാനും കാശ്മീരിനെ ഒരു പാഴ്‌നിലം പോലെ പരിഗണിക്കാനുമാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തയ്യാറാവുന്നത്.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തെ സ്ഥിതിഗതികളും വ്യത്യസ്തമല്ല. 1950-കള്‍ മുതല്‍ നാഗാ സായുധകലാപം അരങ്ങേറുന്നു. മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദശാബ്ദങ്ങളായി ഇടയ്ക്കിടെ കത്തിയെരിയുന്നു. പക്ഷെ ആര്‍ക്കും ഇതിനെ കുറിച്ച് ഒരു വേവലാതിയുമില്ല. രാജ്യത്തെ അസംതൃപ്തരും അസ്വസ്ഥരുമായ ഭാഗങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ മധ്യഭാഗങ്ങളും അണിചേരുന്നു. മാവോയിസ്റ്റ് കലാപം ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു.

നമ്മളെ വിമര്‍ശിക്കുന്ന ആരെയും തീവ്രവാദികള്‍ എന്ന് മുദ്രകുത്തുകയും അവര്‍ക്കെതിരെ സുരക്ഷ സേനകളെ നിയോഗിക്കുകയും ചെയ്യുക എന്ന ജോര്‍ജ് ബുഷിന്റെ നയം അനുകരിക്കാന്‍ എളുപ്പമാണ്. പക്ഷെ, സഹാനുഭൂതി എന്ന മഹാത്മ ഗാന്ധിയുടെ വലിയ വാഗ്ദാനം സാക്ഷാത്കരിക്കാന്‍, നമ്മുടെ രാഷ്ട്രീയ വര്‍ഗ്ഗങ്ങള്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഒരു നല്ല ലോകം എന്ന ലക്ഷ്യത്തിന് വേണ്ടി ആദ്യ ചുവട് വയ്ക്കാനുള്ള സഹാനുഭൂതിയോ ദീര്‍ഘവീക്ഷണമോ അവര്‍ക്കുണ്ട് എന്നതിന്റെ ഒരു സൂചനയും ദൃശ്യമല്ല. അസംതൃപ്തരും രോഷാകുലരുമായ ജനവിഭാഗങ്ങളോട് സഹാനുഭൂതിയോടെയുള്ള സംവാദങ്ങള്‍ സാധ്യമാകാതിരിക്കുന്നിടത്തോളം കാലം ഈ രാജ്യം ഒരു അപൂര്‍ണ ദൗത്യമായി തന്നെ തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍