UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എട്ടു കോടിയിലേറെ ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നു; അതില്‍ ഒന്നേകാല്‍ കോടി ഹിന്ദുക്കള്‍

Avatar

അഴിമുഖം പ്രതിനിധി

ഗോമാംസം സൂക്ഷിച്ചെന്നും കഴിച്ചെന്നും ആരോപിച്ച് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ഒരു മുസ്ലിമിനെ തല്ലിക്കൊന്നതിനെ തുടര്‍ന്നാണ് ഗോമാംസ നിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ചൂടുപിടിച്ചത്. പ്രതീക്ഷിച്ചതു പോലെ ഇവിടെയും മതത്തിന്റെ പേരിലാണ് ഇരു ചേരികള്‍ രൂപപ്പെട്ടത്. എന്നാല്‍ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫിസ് (എന്‍ എസ് എസ് ഒ) പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത് മറ്റൊന്നാണ്. 13 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ എട്ടു കോടിയിലേറെ ഇന്ത്യക്കാര്‍ പശുവിന്റെയോ പോത്തിന്റെയോ മാംസം കഴിക്കുന്നുവെന്നാണ് ഈ കണക്ക്. ജര്‍മ്മനിയുടെ മൊത്തം ജനസംഖ്യയോളം വരുന്ന ഇവര്‍ക്കിടയില്‍ ഒരു മതഭേദവുമില്ല. മാത്രവുമല്ല എല്ലാ സംസ്ഥാനക്കാരുമുണ്ട്.

ഗോമാംസം ഭക്ഷിക്കുന്ന ഏറ്റവും വലിയ വിശ്വാസി സമൂഹം മുസ്ലിങ്ങളാണെന്ന് എന്‍എസ്എസ്ഒ കണക്കുകള്‍ പറയുന്നു. 63.4 ദശലക്ഷം മുസ്ലിങ്ങള്‍ ഗോമാംസം ഭക്ഷിക്കുന്നു. ഇത് മൊത്തം മുസ്ലിം ജനസംഖ്യയുടെ 40 ശതമാനം മാത്രമെ വരൂ. ഗോമാംസം ഭക്ഷിക്കുന്ന ക്രൈസ്തവര്‍ 26.5 ശതമാനവും. വെറും രണ്ടു ശതമാനം ഹിന്ദു വിശ്വാസികളെ ഗോമാംസം കഴിക്കുന്നുള്ളൂവെങ്കിലും മൊത്തം ജനസംഖ്യയില്‍ മുസ്ലിങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ഗോമാംസം ഭക്ഷിക്കുന്നവര്‍ ഹിന്ദുക്കളാണ്. 12.5 ദശലക്ഷത്തിലേറെ ഹിന്ദു വിശ്വാസികള്‍ ഗോമാംസം/മാട്ടിറച്ചി ഭക്ഷിക്കുന്നുവെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കണക്കുകള്‍ മിന്റിന് എങ്ങിനെ ലഭിച്ചു?

എന്‍എസ്എസ്ഒ അവസാനമായി ഉപഭോക്തൃ ധനവ്യയ സര്‍വേ നടത്തിയത് 2011-12-ലാണ്. ഇതിനായി പശു/പോത്ത് വിഭാഗത്തില്‍ വിവര ശേഖരണം നടത്തിയത് രണ്ടു രീതിയിലാണ്. ഒന്ന് 30 ദിവസത്തെ നിശ്ചിത കാലാവധിയെ അടിസ്ഥാനമാക്കിയും രണ്ടാമത്തേത് ഏഴു ദിവസത്തെ നിശ്ചിത കാലാവധി അടിസ്ഥാനമാക്കിയുമായിരുന്നു. യഥാര്‍ത്ഥ ബീഫ് ഉപഭോഗത്തിന്റെ കണക്കുകള്‍ ഉറപ്പു വരുത്താനായി കാലാവധിയുടെ ദൈര്‍ഘ്യം പരിഗണിച്ച് ഒന്നാമത്തെ രീതിയാണ് ഇവിടെ അവലംബിച്ചത്.

സര്‍വേയില്‍ ഉള്‍പ്പെട്ട 1,01,000 കുടുംബങ്ങളില്‍ 9,711 കുടുംബങ്ങളും ഗോമാംസം/മാട്ടിറച്ചി ഭക്ഷിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. എന്‍ എസ് എസ് ഒയുടെ ജനസംഖ്യ അളവുകോലുകള്‍ പ്രകാരം ഈ കണക്കുകള്‍ മൊത്തം ജനസംഖ്യയുടെ ആനുപാതികമായി തിട്ടപ്പെടുത്തുമ്പോള്‍ 1.1 ശതകോടി ഇന്ത്യക്കാരില്‍ 83.5 ദശലക്ഷം പേരും ഗോമാംസം/മാട്ടിറച്ചി കഴിക്കുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 7.35 ശതമാനം മാത്രമെ വരുന്നുള്ളൂ.

വിവിധ മതസ്ഥരുടെ കാര്യമെടുത്താല്‍ ഇവര്‍ക്കിടയിലെ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ട്. മുസ്ലിങ്ങള്‍ക്കു പുറമെ ഗോമാംസം കഴിക്കുന്നവരില്‍ ഭൂരിപക്ഷവും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗമാണ്. ഹിന്ദുക്കളില്‍ ഗോമാംസം കഴിക്കുന്ന 70 ശതമാനത്തിലേറെ പേരും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗമാണ്. 21 ശതമാനം മറ്റു പിന്നാക്ക ജാതികളും ഏഴു ശതമാനം ഉയര്‍ന്ന ജാതിക്കാരുമാണ്.

വിവിധ സംസ്ഥാനങ്ങളിലെ ഉപഭോഗ രീതിയിലും വ്യത്യാസങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ ഗോമാംസം/മാട്ടിറച്ചി കഴിക്കുന്നവര്‍ ഉള്ളത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിലല്ല, മേഘാലയത്തിലാണ്. ഇവിടെ ജനസംഖ്യയുടെ 80 ശതമാനവും മാട്ടിറച്ചി ഭക്ഷിക്കുന്നു. വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ജമ്മു കശ്മീര്‍, കേരളം, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനക്കാരാണ് ഗോമാംസം/മാട്ടിറച്ചി ഭക്ഷിക്കുന്നവരില്‍ മുന്നിലുള്ളത്.

യഥാര്‍ത്ഥ മാട്ടിറച്ചി ഉപഭോഗ കണക്കുകള്‍ എന്‍ എസ് എസ് ഒ കണക്കുകളില്‍ നിന്നും വ്യത്യസ്തമാണെന്നും ഇതിലേറെ വരുമെന്നും ചില തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ട്. നിശ്ചിത കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ലഭിച്ച കണക്കുകള്‍ എന്‍ എസ് എസ് ഒ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് മാസാന്ത്യ മാട്ടിറച്ചി ഉപഭോഗം കണക്കാക്കുകയാണെങ്കില്‍ ഇന്ത്യയിലൊട്ടാകെ 36,800 ടണ്‍ മാട്ടിറച്ചിയാണ് ഉപഭോഗം ചെയ്യപ്പെടുന്നത്. ഏകദേശ വാര്‍ഷിക ഉപഭോഗം 4,41,000 ടണ്ണും ആയിരിക്കും.

ഇന്ത്യയിലെ ഗോമാംസ/മാട്ടിറച്ചി ഉല്‍പാദനം, ഉപഭോഗം, കയറ്റുമതി എന്നിവ സംബന്ധിച്ച് യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ചര്‍ (യുഎസ്ഡിഎ) തുടര്‍ച്ചയായ വിവിധ കാലയളവുകളിലെ കണക്കുകള്‍ നല്‍കുന്നുണ്ട്. 2011-ലെ യുഎസ്ഡിഎ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആഭ്യന്തര ഗോമാംസ/മാട്ടിറച്ചി ഉല്‍പ്പാദനം 3.3 ദശലക്ഷം ടണ്‍ ആയിരുന്നു. ഇതില്‍ രണ്ടു ദശലക്ഷം ടണ്ണും ആഭ്യന്തരമായി ഉപഭോഗം ചെയ്യപ്പെട്ടു. 2015-ല്‍ എത്തിയപ്പോള്‍ ഉത്പാദനം 4.2 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. എന്നാല്‍ ആഭ്യന്തര ഉപഭോഗം 2.2 ദശലക്ഷം ടണ്ണായി മാത്രമെ ഉയര്‍ന്നിട്ടുള്ളൂ. ഇത് കയറ്റുമതി കുത്തനെ ഉയരാനും കാരണമായി.

എങ്ങനെവന്നാലും ഇന്ത്യയില്‍ ഗോമാംസം/മാട്ടിറച്ചി ഭക്ഷിക്കുന്ന ശീലം ഏതെങ്കിലും ഒരു മത വിഭാഗത്തിന്റേതു മാത്രമായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് എന്‍എസ്എസ്ഒ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും മുസ്ലിങ്ങള്‍ അല്ലാത്ത വലിയൊരു ജനവിഭാഗം മാട്ടിറച്ചി ഭക്ഷിക്കുന്നുണ്ട് എന്നതാണ് വസ്തുത.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍