UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ ബീഫ് കഴിച്ചതിന് ചൈനക്കാരും ‘നിരീക്ഷണത്തില്‍’

അഴിമുഖം പ്രതിനിധി

ബീഫ് കഴിച്ചു എന്ന ആരോപണത്തില്‍ ചൈനീസ് പൌരന്മാരെ പോലീസ് നിരീക്ഷിക്കുന്നു. മധ്യപ്രദേശിലെ സിന്‍ഗ്രുളിയിലെ സാസന്‍ ഊര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനസൌകര്യം ഒരുക്കുന്നതിനായി സ്ഥലത്ത് താമസിക്കുന്ന ചൈനീസ് പൌരന്മാരെയാണ് ബീഫ് ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് പോലീസ് നിരീക്ഷിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്ന് 65 കിലോയോളം ബീഫ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത മാംസത്തിന്റെ സാംപിള്‍ പരിശോധിക്കാന്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം ബീഫ് ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദേശം ചൈനീസ് ജോലിക്കാര്‍ക്ക് നല്‍കിയിരുന്നു എന്ന് കമ്പനി അറിയിച്ചു. സാസന്‍ ഊര്‍ജ്ജ പ്രോജക്റ്റുമായി ബന്ധപ്പെട്ട ജോലിക്കാരാണ് ഇവരെല്ലാം.

ബീഫ് കച്ചവടം നടത്തി എന്ന ആരോപണത്തില്‍ ക്യാന്റീന്‍ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് ജോലിക്കാര്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ബീഫ് എത്തിച്ചിരുന്നു എന്നും ചണ്ഡീഗഡില്‍ നിന്നാണ് ബീഫ് എത്തിച്ചതെന്നും ക്യാന്റീന്‍ തൊഴിലാളി പറഞ്ഞതായി പോലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ഗോവധ നിരോധന നിയമപ്രകാരം നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്യാന്റീന്‍ ഏറ്റെടുത്ത കോണ്‍ട്രാക്റ്റര്‍മാരുടെ വിവരങ്ങള്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് കമ്പനിക്ക് പോലീസ് നോട്ടീസും അയച്ചിട്ടുണ്ട്. 

വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് സിന്‍ഗ്രുളിയിലേക്ക് ബീഫ് എത്തിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചത്. തുടര്‍ന്നു ബീഫ് എത്തിക്കുകയായിരുന്ന മൂന്നുപേരെ പിടികൂടാന്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പിടികൂടാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ രക്ഷപ്പെടുകയും ചെയ്തു. സിദ്ധി ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് റാം സാഗര്‍ ജൈസ്വാല്‍ എന്ന വ്യക്തിയെ പിടികൂടിയത്. 

പിടികൂടിയ വ്യക്തിയെ വൈദാന്‍ പോലീസിന് കൈമാറുകയായിരുന്നു. റാം ജൈസ്വാല്‍ ചണ്ഡീഗഡ് സ്വദേശിയാണ്. ക്യാന്റീനിലെ ജോലിക്കാരനാണ് താന്‍ എന്നും ബീഫ് കൊണ്ടുപോകാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ റാം സമ്മതിച്ചതായും വൈധാന്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മഹേന്ദ്രസിംഗ് പറഞ്ഞു.

അറസ്റ്റില്‍ മാത്രം തങ്ങള്‍ തൃപ്തരല്ലെന്നും കടുത്ത നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും വിഎച്ച്പി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. “ബീഫ് കച്ചവടം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. പിടികൂടിയ ആള്‍ കുറ്റം സമ്മതിക്കുകയും ഒരു ചൈനീസ് വ്യക്തിയുടെ പേരും പറഞ്ഞിട്ടുണ്ട്. കുറ്റം ചെയ്ത ആരെയും വെറുതെ വിടാന്‍ പാടില്ല. ഇപ്പോള്‍ അറസ്റ്റ് ചെയ്ത വ്യക്തി വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്. രക്ഷപ്പെട്ട രണ്ടുപേരും ബീഫ് കടത്തുകയായിരുന്നു. ചൈനീസ് പൌരന്‍മാര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണം.”- വിഎച്ച്പി ലീഡര്‍ രാജ് ബഹാദൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍