UPDATES

നിലപാടിലുറച്ച് ദീപ നിശാന്ത്; ഫാസിസത്തെ പ്രതിരോധിക്കേണ്ടത് ഏവരുടെയും കടമ

Avatar

ദീപ നിശാന്ത്

 

നന്ദി …..
കാണാത്തിടങ്ങളിലെ കൂട്ടുകാര്‍ക്ക്… 
രാഷ്ട്രീയഭേദമന്യേ കൂടെ നിന്നവര്‍ക്ക്…
എന്റെ കുട്ടികള്‍ക്ക്…..

 

കേരള വര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ എന്ന പ്രതീകാത്മക പ്രതിഷേധ സമരത്തിന്റെ സംഘാടനത്തില്‍ ഞാന്‍ ഒരു പങ്കും വഹിച്ചിട്ടില്ലെങ്കിലും ആശയപരമായി ആ സമരത്തെയും സമകാലിക സാഹചര്യങ്ങളിലുള്ള അതിന്റെ പ്രസക്തിയേയും ഞാന്‍ പിന്തുണക്കുന്നു. ഒരു വ്യക്തി എന്ത് ഭക്ഷണം കഴിക്കണം എന്ന കാര്യത്തില്‍പ്പോലും മതവര്‍ഗീയതയും അതിന് അമിതമായ സ്വാധീനമുള്ള ഭരണകൂടവും അനാശാസ്യമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടി വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സംഘടിക്കാനും പ്രതികരിക്കാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ഇത്തരം സാര്‍ത്ഥകമായ പ്രയോഗങ്ങളാണ് ഫാസിസത്തെ പ്രതിരോധിക്കാന്‍ ഏറ്റവും അനുയോജ്യമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

 

ഭക്ഷണ ഫാസിസത്തേക്കുറിച്ച് എന്റെ ഒരു വിദ്യാര്‍ത്ഥി അമല്‍ ലാല്‍ ഫേസ്ബൂക്കില്‍ നടത്തിയ ഒരു ചര്‍ച്ചയിലിടപെട്ട് ഞാന്‍ നടത്തിയ ഒരു കമന്റിന്റെ പേരിലാണ് എന്റെ പേരിലുള്ള വിവാദവും എന്നെ പുറത്താക്കണമെന്ന കോലാഹലങ്ങളും ചില തത്പരകക്ഷികള്‍ ഉയര്‍ത്തിയത്. അഭിപ്രായസ്വാതന്ത്യവും ആവിഷ്‌ക്കര സ്വാതന്ത്ര്യവും പരമമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരമൊരു വിവാദം അനാവശ്യവും ദൗര്‍ഭാഗ്യകരവുമായിരുന്നു. കേരളത്തില്‍ വ്യത്യസ്ത മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് സ്‌കൂള്‍/കോളേജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സജീവ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനും പരസ്യമായി അഭിപ്രായം പറയാനും മാത്രമല്ല, വേണമെങ്കില്‍ ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനും ഏത് തലത്തിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ വേണമെങ്കിലും മത്സരിക്കാനും പോലുമുള്ള അവകാശം എന്നെപ്പോലുള്ളവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ഓരോ അഭിപ്രായപ്രകടനങ്ങള്‍ക്കും പുറകെ വിശദീകരണം നല്‍കേണ്ടി വരിക എന്നത് എന്റെ സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.

 

ഒരു അധ്യാപിക എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്ത നിര്‍വ്വഹണത്തെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാണ് രാഷ്ട്രീയ, സാമൂഹിക, സാഹിത്യ മേഖലകളിലുള്ള ഇടപെടലുകളെ ഞാന്‍ രൂപപ്പെടുത്താറുള്ളത്. കക്ഷിരാഷ്ട്രീയ, ജാതിമത, സാമ്പത്തിക പരിഗണനകള്‍ക്കതീതമായി വിദ്യാര്‍ത്ഥികളെ ഒരുപോലെ കാണാനും അവരോട് ഒരുപോലെ ഇടപെടാനും നൂറ് ശതമാനം എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ടവര്‍പ്പോലും ഇതംഗീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

 

സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ ഭയപ്പെടുകയും എന്ത് വിധേനയും അതിനെ അടിച്ചമര്‍ത്തുകയും ചെയ്യുക എന്നത് ഫാസിസ്റ്റുകളുടേയും മത, വര്‍ഗീയ, സങ്കുചിതവാദികളുടേയും പതിവ് രീതിയാണല്ലോ. ഇന്ന് നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രവണതകള്‍ വളര്‍ന്നു വരുന്നു എന്നത് കാണാതിരിക്കാന്‍ കഴിയില്ല. പ്രബുദ്ധ ചിന്തക്കും പുരോഗമന രാഷ്ട്രീയത്തിനും മതസൗഹാര്‍ദ്ദത്തിനും പേരുകേട്ട കേരളത്തിലും ഈ മട്ടിലുള്ള സമീപനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടോ എന്നത് ഏവരും ഗൗരവതരമായി ചര്‍ച്ച ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കേസുകളിലും കോടതി നടപടികളിലും ഉള്‍പ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തി ഏവരേയും നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയാനും അതിനെ അവഗണിച്ച് സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും പക്ഷത്തെ ശക്തിപ്പെടുത്താനും ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നത് ആഹ്ലാദകരമാണ്.

 

ആരോടും പരിഭവമോ പരാതിയോ ഇല്ല. സ്‌നേഹത്തിന്റെ ഇടയ്ക്കുയര്‍ന്ന മതിലുകളെല്ലാം തകര്‍ന്നു വീഴട്ടെ എന്നു തന്നെയാണ് ഞാനാശിക്കുന്നത്. 

 

ആത്മാര്‍ത്ഥതയോടെ,
ദീപ നിശാന്ത്‌

 

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: https://www.facebook.com/deepa.nisanth/posts/439790796227622?fref=nf

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍