UPDATES

ഹൈന്ദവ ഇടതുപക്ഷത്തിന്റെ ബീഫ് തീറ്റ ഉത്സവങ്ങള്‍

Avatar

ശ്രീജിത്ത്

“ഇത് കേരളമാണ്”
“കേരളത്തില്‍ നിന്നുകൊണ്ടിത് പറയാം”

യു പി യിലെ ‘ബീഫ് കൊലപാതക’ത്തിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന രണ്ടു വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ജാതിയുടേയും മതത്തിന്റെയും വംശീയതയുടെയും അതിര്‍വരമ്പുകളെ മായ്ച്ചുകളഞ്ഞ സംസ്ഥാനമാണെന്ന ഒരു കാല്‍പ്പനികചിന്തയാണ് ആദ്യം പറഞ്ഞ വാക്കിലെങ്കില്‍, അതേ ആശയത്തെ തന്നെ വ്യത്യസ്തമായ അല്ലെങ്കില്‍ ബീഫ് തീറ്റ എന്ന പ്രവര്‍ത്തനത്തെ (അത് തീര്‍ത്തും രാഷ്ട്രീയമാണ്/ആവും)  നിസാരവല്‍ക്കരിച്ചു കാണാനുള്ള ഒരു ത്വരയാണ്‌ രണ്ടാമത്തേത്. തങ്ങള്‍ നടത്തിയ വിപ്ലവങ്ങളുടെയും സമരങ്ങളുടെയും ഓര്‍മയില്‍ മൂര്‍ച്ഛിച്ചു നടക്കുന്ന വിപ്ലവപാര്‍ട്ടിയുടെ യുവജന സംഘടനയുടെ ഭാഗത്ത് നിന്നാണ് “ഇത് കേരളമാണ്”എന്നുള്ള സുരേഷ്ഗോപി ലൈന്‍ പൊളപ്പന്‍ ഡയലോഗ് കണ്ടു വരുന്നത്. എന്നാല്‍ ഇടതുപക്ഷം എത്രമേല്‍ ഹൈന്ദവമാണെന്നുള്ളത് ഇന്ന് തുറന്നു കാട്ടപ്പെട്ട ഒരു വസ്തുതയാണ്.

ബീഫിന് ഇന്ത്യന്‍ ചരിത്രത്തില്‍ അഭേദ്യമായ സ്ഥാനമാണുള്ളത്. ഇന്ത്യന്‍ സമൂഹത്തെ ഒരുമിച്ചു നില്‍ക്കാൻ ഒരിക്കലും അനുവദിക്കാത്ത ജാതിവ്യവസ്ഥയുടെ  ഉയിരും മെയ്യും ഇതേ മാട്ടിറച്ചി തന്നെയാണ്‌. ആദ്യ കാലങ്ങളിൽ ബ്രാഹ്മണസമൂഹവും മാട്ടിറച്ചി ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ബുദ്ധമതത്തിന്നു മുന്നില്‍ പിടിച്ചു നില്‍ക്കാൻ ജൈനരുടെ സസ്യാഹാര ഭക്ഷണ രീതി അനുകരിക്കുകയും ബലികർമങ്ങള്‍ക്കുപയോഗിച്ചിരുന്ന പശുവിനെ ദിവ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ബുദ്ധമതം പിന്തുടര്‍ന്നവരെയും ഭക്ഷണത്തിൽ മാട്ടിറച്ചി ഉപയോഗിച്ചിരുന്നവരെയും ഹിംസാത്മകമായിത്തന്നെ പൊതുസമൂഹത്തിൽ നിന്ന് അകറ്റി നിർത്തുകയും അവരെ അവർണരും തൊട്ടുകൂടാത്തവരും ആക്കുകയും ചെയ്യുകയാണുണ്ടായത്. കൊളോണിയൽ കാലഘട്ടത്തെ മാട്ടിറച്ചി എന്ന ഈ ആയുധം മുസ്ലീമുകൾക്കെതിരെ ഉപയോഗിക്കുകയും അത് പൂർണമായും വിജയിക്കുകയും ചെയ്തു. (ഗോ രക്ഷിണി സഭ മുതലായവ)


ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നടന്ന ബീഫ് ഫെസ്റ്റില്‍

ബീഫിന്റെ ഈ രാഷ്ട്രീയ ചരിത്രം തിരിച്ചറിഞ്ഞുകൊണ്ടാണ് ഉസ്മാനിയ യൂണിവേഴ്സിറ്റി  തുടങ്ങിയ കാമ്പസുകളില്‍  ബീഫ് ഫെസ്റ്റിവലുകള്‍ അരങ്ങേറിയത്. അതിനെതിരെ സംഘപരിവാര്‍ ശക്തമായി രംഗത്ത് വരികയുണ്ടായി. എന്നാല്‍ ഈ സമയത്തൊന്നും “ഇത് കേരളമാണ് “എന്ന് കോള്‍മയിര്‍ കൊള്ളുന്ന സഖാക്കളുടെ ഒരു നിഴലുപോലും ആ വഴിക്ക് കണ്ടില്ലെന്നു മാത്രമല്ല സംഘപരിവാരിന്റെ ആശയങ്ങള്‍ക്ക് മൌനപിന്തുണ നല്‍കുകയും ചെയ്തിരുന്നു ഇവര്‍. കേരളത്തിലെ ഈ കപട സമത്വവാദികള്‍ക്കു ബീഫിന്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും ബോധോദയം ഉണ്ടായത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബീഫ് നിരോധനത്തിന് ശേഷമാണ് എന്ന് തോന്നുന്നു. എന്നാല്‍ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ദളിത്- മുസ്ലിം വിദ്യാര്‍ഥികള്‍ ഏറെ കാലങ്ങളായി ഈ സവര്‍ണ മേല്‍ക്കോയ്മയ്ക്കെതിരെ സമരം ചെയ്തത് വരികയാണ്‌. മാത്രമല്ല കേരളത്തില്‍ എത്ര സവര്‍ണ കുടുംബങ്ങളുടെ ഭക്ഷണമെനുവില്‍ ബീഫിനു കോഴി, ആട് എന്നി മാംസാഹാരം പോലെ സ്ഥാനം കിട്ടിയിട്ടുണ്ടെന്നും, ബീഫെന്നു കേട്ടാല്‍ മുഖം ചുളിക്കാത്ത എത്ര കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നും അന്വേഷിക്കുന്നത് നന്നായിരിക്കും. പിന്നെ ഒരു നായരോ സവര്‍ണ ക്രിസ്ത്യാനിയോ പോത്തിറച്ചി കഴിക്കുമ്പോള്‍ നോക്കിക്കാണുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ഒരു ദളിതനോ മുസ്ലീമോ അത് ചെയ്യുമ്പോള്‍. ആദ്യം പറഞ്ഞ കൂട്ടര്‍ അത് ചെയ്യുമ്പോള്‍ ഒരു വിപ്ലവ പ്രവര്‍ത്തിയായി കാണും . മറ്റു വിഭാഗക്കാര്‍ ചെയ്യുമ്പോള്‍ ആ ഭക്ഷണം മൂലമാണ് അവരുടെ ഇടയില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ കൂടുന്നതെന്ന ചില മുരട്ട് വാദങ്ങളായിരിക്കും മറുപടി. ഈ ഒരു പശ്ചാത്തലത്തില്‍ ഇത്തരം കാല്‍പ്പനികതയ്ക്ക് എന്തു സ്ഥാനമാണുള്ളത്.  

ഹൈന്ദവ  സമൂഹത്തിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ഇറക്കിവയ്ക്കാനുള്ള ഒരത്താണിയാണ് സംഘപരിവാര്‍. അല്ലാതെ പലരും കരുതുന്നതുപോലെ ആ സംഘടനയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം എന്ന് വിചാരിക്കുന്നത് സമൂഹത്തെപ്പറ്റിയുള്ള ധാരണയില്ലായ്മയാണ്. മറിച്ച് സവര്‍ണ പൊതുമന:സാക്ഷിയുടെ ആഗ്രഹ സഫലീകരണമാണ് അവര്‍ ചെയ്യുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ വിപ്ലവ പാര്‍ടികളില്‍ എത്ര പേര്‍ ഇത്തരം സവര്‍ണ ചിന്താഗതിയുമായി നടക്കുന്നുണ്ടെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ശ്രീജിത്തിന്‍റെ ലേഖനം

കേരളത്തില്‍നിന്നു ബുദ്ധമതത്തെ തകര്‍ത്തെറിഞ്ഞ ഹൈന്ദവാധിപത്യം

(പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ശ്രീജിത്ത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍