UPDATES

ബീഫ് രാഷ്ട്രീയം

ബീഫ് ഫെസ്റ്റ് മര്‍ദ്ദനം; സൂരജിന് പിന്തുണയുമായി തമിഴകം, എല്ലാം നാടകമെന്നു മനീഷ് കുമാര്‍

രാഹുല്‍ ഗാന്ധി സൂരജിനെ സന്ദര്‍ശിച്ചേക്കും

ഐഐടി മദ്രാസ് കാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തിയെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘത്തിന്റെ മര്‍ദ്ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജിന് പിന്തുണയുമായി കൂടുതല്‍ തമിഴ് പാര്‍ട്ടികള്‍ രംഗത്ത്. കോണ്‍ഗ്രസും ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണു കോണ്‍ഗ്രസ് പറഞ്ഞത്.ചെന്നൈയില്‍ എത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൂരജിനെ ആശുപത്രിയില്‍ എത്തി കാണാന്‍ ഇടയുണ്ടെന്നും അറിയുന്നു.

ഡിഎംകെ ആദ്യം തന്നെ സൂരജിന് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സ്റ്റാലിന്‍ സൂരജിനെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. സൂരജിനെ മര്‍ദ്ദിച്ചതിനെതിരേ ഐഐടി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ യുവജന വിഭാഗവും പിന്തുണയര്‍പ്പിച്ച് രംഗത്തു വന്നിരുന്നു. ഇടതുപാര്‍ട്ടികളും യുവജന സംഘടനകളും തുടക്കം മുതല്‍ കൂടെയുണ്ട്. ഇതിനു പുറമെയാണ് സീമാന്‍ നേതൃത്വം നാം തമിഴര്‍ കക്ഷിയടക്കമുള്ള ദ്രാവിഡ പാര്‍ട്ടികളും സൂരജിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്. എംഡിഎംകെ നേതാവ് വൈക്കോയും വിസികെ നേതാവ് തിരുമാവാളനും സൂരജിനു വേണ്ടി പ്രസ്താവനയിറക്കിയിരുന്നു.

സൂരജിനെ മര്‍ദ്ദിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് അംബേദ്കര്‍ പെരിയാര്‍ സറ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍. പുറത്തു നിന്നുള്ള പിന്തുണയോടെ പ്രതിഷേധം ശക്തമാക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. ബോംബെ ഐഐടിയിലും സൂരജിനെ മര്‍ദ്ദിച്ചതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പുറമെ എല്ലാ കാമ്പസുകളിലും ഇതേ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ ആലോചിക്കുന്നുണ്ട്. നടത്താത്ത ബീഫ് ഫെസ്റ്റിന്റെ പേരിലാണ് സൂരജിനു മര്‍ദ്ദനമേറ്റതെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

അതേസമയം സൂരജിനെ മര്‍ദ്ദിച്ചെന്ന ആരോപണം നിഷേധിക്കുകയാണ് ഐഐടിയിലെ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ മനീഷ് കുമാര്‍. ഇയാളാണ് സൂരജിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. കാന്റീനില്‍വച്ച് താനും സൂരജും തമ്മില്‍ വാക്കേറ്റം ഉണ്ടായതല്ലാതെ മര്‍ദ്ദനം നടന്നിട്ടില്ലെന്നാണു ദി ന്യൂസ് മിനിട്ടിനോട് സംസാരിച്ചപ്പോള്‍ മനീഷ് പറഞ്ഞത്. കാന്റീനില്‍ വച്ച് താന്‍ സൂരജിനോട്, ഈ ദിവസം നീ പറഞ്ഞത് ഗോമാതയുടെ ഇറച്ചു കഴിക്കുമെന്നാണ്, ഇവിടെ നീ ഇപ്പോള്‍ ജെയിന്‍ ഭക്ഷണം കഴിക്കുന്നു എന്നു ചോദിച്ചിരുന്നു. അതിനുള്ള മറുപടിയായി സൂരജ് പറഞ്ഞത്, ഞാന്‍ ഗോ മാതായുടെ മാംസവും കഴിക്കും നിന്നെയും കഴിക്കും എന്നായിരുന്നു. ഇതെന്നെ പ്രകോപിച്ചു. ഇതുകേട്ടപ്പോള്‍ താന്‍ കുറച്ച് പ്രകോപിതനായെന്നും എന്നാല്‍ പെട്ടെന്നു തന്നെ അവിടെയുണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചു മാറ്റിയെന്നും മനീഷ് പറയുന്നു. സൂരജിന് എങ്ങനെയാണു മര്‍ദ്ദനമേറ്റതെന്ന് അറിയില്ലെന്നും, തങ്ങള്‍ രണ്ടുപേരും നിലത്തു വീണിരുന്നതായും മനീഷ് പറയുന്നു. അന്നു തന്നെയാണ് തന്റെ വലതു കൈയ്ക്ക് പരിക്കേറ്റത്. എന്നാല്‍ ആദ്യമത് കാര്യമാക്കിയില്ല. പിന്നീട് കൈ ചലിപ്പിക്കാന്‍ കഴിയാതിരുന്നതോടെയാണു ഡോക്ടറെ കണ്ടത്. ശക്തമായ അടിയേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിനു താന്‍ ആരെയാണു കുറ്റപ്പെടുത്തേണ്ടതെന്നും മനീഷ് ചോദിക്കുന്നു. തനിക്ക് സൂരജിനെ പോലെ കരയാനോ നാടകം കളിക്കാനോ അറിയില്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു. ചില വിദ്യാര്‍ത്ഥികളും കാമ്പസിലെ ഏതാനും പ്രൊഫസര്‍മാരും മാധ്യമങ്ങളും കൂടി ഇതൊരു രഷ്ട്രീയപ്രശ്‌നമാക്കുകയാണെന്നും മനീഷ് ആരോപിക്കുന്നു. കാമ്പസില്‍ ആര് എന്തു കഴിക്കുന്നു, എന്ത് ചെയ്യുന്നൂ എന്ന് മറ്റുള്ളവര്‍ തിരക്കാറില്ലെന്നും പക്ഷേ പരസ്യമായി തങ്ങള്‍ ബീഫ് കഴിക്കുമെന്നു പ്രഖ്യാപിക്കുന്നതും അതു ചെയ്തതുമാണ് തങ്ങളെ പ്രകോപിച്ചതെന്നും എന്നാല്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് മനീഷ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍