UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് ഒരു ലക്ഷ്യമല്ല, അതൊരു മാര്‍ഗം മാത്രമാണ്

Avatar

ജിനേഷ് ദേവസ്യ

ബീഫുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്കിടയില്‍ നടന്നത് മൂന്ന് കൊലപാതകങ്ങളാണ്. ഹിന്ദുമതവിശ്വാസപ്രകാരം പശുവിന് കല്‍പ്പിച്ചുകൊടുത്ത വിശുദ്ധപദവി മാത്രം മതി, ആ മതത്തില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഗോക്കള്‍ക്കെതിരെയുള്ള ഏതൊരു അതിക്രമവും പൊറുക്കാനാവാത്ത തെറ്റ് എന്ന പൊതുബോധത്തില്‍ എത്തിച്ചേരാന്‍. ഹിന്ദുമതത്തിന്റെ കുത്തക കാവിധാരികള്‍ ഹൈജാക്ക് ചെയ്ത് അവരുടെ താലിബാന്‍ അജണ്ട നടത്തുന്നിടത്ത് ഇക്കാര്യത്തില്‍ സാധാരണ വിശ്വാസികളെ കുറ്റപ്പെടുത്തുന്നതില്‍ ഏറെ അര്‍ഥമില്ല. കോണ്‍ഗ്രസ് മുന്നണികള്‍ തുടര്‍ന്നുവന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ തണലില്‍ മൂര്‍ച്ച കൂട്ടിവെച്ച ആയുധങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് ഇന്ന് തങ്ങളുടെ സ്വന്തം സര്‍ക്കാര്‍ വന്നതിന്റെ ഗര്‍വില്‍ സംഘപരിവാര ശക്തികള്‍ ബീഫിന്റെ പേരില്‍ മനുഷ്യക്കുരുതി നടത്തുമ്പോള്‍, അതിനെ കേവലം വിശ്വാസം എന്ന കള്ളിയില്‍ അടയാളപ്പെടുത്തുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതികേടാവും. പശു ഗോമാതാവായി ഉയര്‍ത്തപ്പെടുന്നത് എന്നായാലും അതിനോട് ബന്ധപ്പെട്ട് തീവ്രമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് അടുത്ത കാലത്താണ് എന്നതുകൂടി വായിക്കപ്പെടേണ്ടതാണ്.

യഥാര്‍ഥത്തില്‍ പശു എന്നത് ഇന്ന് ഹിന്ദുത്വഭീകരര്‍ക്ക് വംശീയ ഉന്മൂലനത്തിനുള്ള ഒരു ഉപകരണം മാത്രമാണ്, അതിന് വിശ്വാസവുമായി പുലബന്ധമില്ലെന്നതു തന്നെയാണ് വാസ്തവം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ‘ഗോമാതാവ്’ എന്നത് അന്യമതസ്ഥരെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ ടാര്‍ഗറ്റ് ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമാണ്. ബിജെപി സര്‍ക്കാര്‍ ഭരണം തുടങ്ങിയ നാള്‍ മുതല്‍ സംഘപരിവാര്‍ ശക്തികള്‍ മുസ്ലീം വെറുപ്പിന്റെ ഏറ്റവും വലിയ രൂപങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. അവര്‍ വിഭാവനം ചെയ്യുന്ന ആര്‍ഷഭാരത സംസ്‌കാരം അനുസരിക്കാത്തവരെ പാക്കിസ്ഥാനിലേക്കും ഇറ്റലിയിലേക്കുമൊക്കെ നാടുകടത്താന്‍ ആഹ്വാനം ചെയ്യുന്നിടത്തൊന്നും ബീഫിന് റോളില്ലല്ലോ, മറിച്ച് അന്യമതവിദ്വേഷവും അസഹിഷ്ണുതയുമാണ് പ്രകടമായത്.

ബീഫിന്റെ രാഷ്ട്രീയം കേവലം ഒരു വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് മറ്റൊരു വിഭാഗത്തിന്റെ ഉന്മൂലത്തിനുള്ള കാരണമാണെന്നുമറിയാന്‍ സമീപകാലത്ത് ബീഫുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ മതം പരിശോധിക്കുന്നത് നന്നാവും. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ബീഫ് കൂടുതലായി കഴിക്കുന്നത് മുസ്ലീങ്ങളും ദളിതരുമാണ്. അതാണ് വംശഹത്യക്ക് തുനിഞ്ഞിറങ്ങിയവര്‍ക്ക് ബീഫ് ഒന്നാന്തരം ആയുധമാകുന്നത്. ബീഫ് നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ‘നിയമപാലകരായി’ ഇറങ്ങി ചിലര്‍ മോബ് ജസ്റ്റിസ് നടത്തുന്നത് വിശ്വാസം സംരക്ഷിക്കാനാണെന്ന് ഹിന്ദുമതത്തിലെ സാധാരണക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനാവുന്നതാണ് സംഘപരിവാരങ്ങളുടെ മിടുക്ക്.

അതേസമയം, ഹിന്ദുവിനെ ഉണര്‍ത്താന്‍ നാലുനേരവും ആഹ്വാനം ചെയ്യുന്ന സവര്‍ണമേധാവിത്വ സംഘപരിവാര ശക്തികളൊന്നും ചാതുര്‍വര്‍ണ്യത്തെ തള്ളിപ്പറയുന്നില്ല, മറിച്ച് അതിനെ സമീപകാലത്ത് കൂടുതല്‍ ആശ്ലേഷിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെയാണ് ഒരു ഹിന്ദുരാഷ്ട്രം ആക്കാനായി ഇളക്കിമറിച്ച മണ്ണിലും തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും പേരില്‍ ഇന്നും ദളിത് വിഭാഗങ്ങള്‍ കൊല്ലപ്പെടുന്നത്.

ഇനി ഗുജറാത്ത് കലാപത്തിലേക്ക് വരാം. കലാപത്തിന്റെ ഇരയായ ബില്‍ക്കീസ് ബാനുവിനെപ്പോലുള്ളവര്‍ സ്ത്രീകള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പറയുകയുണ്ടായി. ബീഫ് കഴിച്ചെന്നോ കടത്തിയെന്നോ ആരോപിച്ച് നിരപരാധികളെ കൊല്ലുന്നിടത്ത് ഹിംസ മാത്രമാണ് ആവശ്യമെങ്കില്‍ ഗുജറാത്ത് കലാപത്തിന്റെ മറവില്‍ കാവിക്കാരുടെ കാമവെറി തീര്‍ക്കാനും കൂടി ശ്രമമുണ്ടായെന്നത് കാണാതെ പോകരുത്. നിഴലടിച്ചെന്നും കണ്‍വെട്ടത്ത് കണ്ടെന്നും പറഞ്ഞ് ദളിതുകളെ കൊല ചെയ്ത സംഭവങ്ങളില്‍ പലതിലും ലൈംഗിക അതിക്രമവുമുണ്ടായി. അതായത് തൊട്ടുകൂടായ്മ ഉള്ളവരെപ്പോലും കാമവെറി തീര്‍ക്കാന്‍ ഉപയോഗിക്കുന്ന ഇരട്ടത്താപ്പ്.

മറ്റൊന്ന് ഗോമാതാവിന് മാത്രം വിശുദ്ധ മൃഗമെന്ന പദവി നല്‍കുന്നതിലെ കാപട്യമാണ്. എലി, അണ്ണാന്‍, നായ, പന്നി തുടങ്ങിയ നിരവധി മൃഗങ്ങള്‍ ഹിന്ദുപുരാണങ്ങളില്‍ ഉണ്ടെങ്കിലും ‘ഗോമാതാവ്’ മാത്രം വിശുദ്ധയാകുന്നത് അത് ചിലരുടെ ഭക്ഷണമാകുന്നതുകൊണ്ടുമാത്രമാണ്.

എന്നാല്‍ ബിഫിന്റെ പേരില്‍ ഇരകളാകുന്നവര്‍ക്ക് (ഇനി ഇരകളാകാന്‍ സാധ്യതയുള്ളവര്‍ക്കും) ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതാനാകില്ല. കാരണം രാജ്യത്തെ പ്രധാനമന്ത്രിക്ക് പോലും ഇത്തരം സംഭവങ്ങളെ വെറും ഹിന്ദു-മുസ്ലിം സൗന്ദര്യപ്പിണക്കങ്ങളായി കാണാനാണ് താത്പര്യം. ഭരണം കൈയാളുന്ന പലരും ഈ ഏകപക്ഷീയമായ അതിക്രമങ്ങളൊക്കെക്കണ്ട് സന്തോഷിക്കുന്നവരുമാണ്.

ചുരുക്കത്തില്‍ അന്യമതവിശ്വാസികളുടെ ഉന്മൂലനമെന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ് ബീഫ്. ഇന്ന് ബീഫാണെങ്കില്‍ നാളെ അത് മറ്റൊന്നാകാം. ഭീഷണമായ ഒരു കാലത്തിന്റെ തുടക്കം മാത്രമായേ ബീഫുമായി ബന്ധപ്പെട്ട കൊലപാതകങ്ങളേ കാണാനാവൂ.

(ലേഖകന്‍ തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയില്‍ കണ്ടന്റ് റൈറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍