UPDATES

ബീഫ് രാഷ്ട്രീയം

കോഴിക്കോട് ബീച്ചില്‍ ബീഫ് ഇഫ്താര്‍; കേന്ദ്രസര്‍ക്കാരിനെതിരേ വനിത സംഘടനയുടെ പ്രതിഷേധം

ഇതു കോഴിക്കോടിന്റെ പ്രതിഷേധം തന്നെയെന്നു പുനര്‍ജ്ജനി ഭാരവാഹികള്‍

കന്നുകാലി വില്‍പ്പന നിയന്ത്രണത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള പ്രതിഷേധമെന്ന നിലയ്ക്ക് ഇന്ന് കോഴിക്കോട് ബീച്ചില്‍ ബീഫ് ഇഫ്ത്താര്‍. വനിത അഭിഭാഷകര്‍ നേതൃത്വം നല്‍കുന്ന ‘പുനര്‍ജ്ജനി’യുടെ നേതൃത്വത്തിലാണ് ഇന്നു വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പി ഇഫ്ത്താര്‍ വിരുന്ന് നടത്തുന്നത്.

‘ഒരു പൗരന്റെ മൗലികാവകാശങ്ങളുടെ പരസ്യമായ ലംഘനമാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയം. ഇത് നിയമപരമായും, സാമൂഹികപരമായും, രാഷ്ട്രീയപരമായും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. കേന്ദ്രഗവണ്‍മെന്റ് ഈ നീക്കത്തില്‍ നിന്ന് പിന്മാറുക തന്നെ വേണം. അതിനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇന്നു വൈകിട്ട് നടക്കുന്ന ബീഫ് ഇഫ്ത്താര്‍ വിരുന്ന്. ഞങ്ങളുടെ മാത്രമല്ല, കോഴിക്കോടിന്റെ ഒരു പ്രതിഷേധം ആയിട്ടാണ് ഞങ്ങള്‍ ഈ വിരുന്നിനെ കാണുന്നത്.’, പരിപാടിയുടെ സംഘാടകയായ അഡ്വക്കറ്റ് സ്വപ്ന അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ആറുവര്‍ഷമായി സാമൂഹിക രാഷ്ട്രീയരംഗത്ത് ഇടപെടല്‍ നടത്തുന്ന വനിത കൂട്ടായ്മയാണ് പുനര്‍ജ്ജനി. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശസംരക്ഷണം മുഖ്യലക്ഷ്യമായി എടുത്ത സംഘടന, ബാലവിവാഹം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിവ തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശി സ്വദേശികളായ മൂന്നു കുട്ടികളുടെ ഡീപോര്‍ട്ടേഷന്‍ നടത്താനും ഈസംഘടനക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം സാമൂഹികപ്രവര്‍ത്തങ്ങളുടെ തുടര്‍ച്ചയാണ് ബീഫ് ഇഫ്താര്‍ വിരുന്ന്.

വലിയ ഒച്ചയോ ബഹളമോ ഒന്നുമില്ലാതെയുള്ള പ്രതിഷേധമാണിത്. മൈക്ക് ഉപയോഗിക്കുകയോ, വലിയ പ്രസംഗങ്ങളോ ഒന്നും ചടങ്ങിന്റെ ഭാഗമല്ല. അതുകൊണ്ട് തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് അനുമതിയുടെ പ്രശ്‌നങ്ങളും ഉണ്ടായില്ല. അതേസമയം വിവിധതുറകളില്‍ നിന്നുള്ളവരുടെ പിന്തുണ ഇന്നത്തെ പരിപാടിക്ക് ഉണ്ടെന്നും, കോഴിക്കോടുള്ള മതതേരമനസ്സുകള്‍ പരിപാടി വലിയ വിജയമാക്കും എന്ന് പ്രതീക്ഷിക്കുന്നതായും അഡ്വ.സ്വപ്ന പറഞ്ഞു.

സ്ത്രീകള്‍ നടത്തുന്ന ചടങ്ങ് എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ആളുകള്‍ ഇന്നതെ ഇഫ്ത്താര്‍ വിരുന്നിനെ കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ-ലിംഗ-ജാതിവ്യത്യാസമില്ലാതെ എല്ലാവരേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്നാണു സംഘാടകര്‍ പറയുന്നത്.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍