UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള ഹൗസ് ബീഫ് റെയ്ഡ്: ദല്‍ഹി പൊലീസ് നിയമലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്‌

അഴിമുഖം പ്രതിനിധി

കഴിഞ്ഞ മാസം ദല്‍ഹി പൊലീസ് ബീഫ് റെയ്ഡ് നടത്താന്‍ കേരള ഹൗസില്‍ പ്രവേശിച്ചത് നിയമവിരുദ്ധമായാണെന്ന് റിപ്പോര്‍ട്ട്. ദല്‍ഹി മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ രാജീവ് ഘോസ്ലയാണ് ദല്‍ഹി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള പരാമര്‍ശം നടത്തിയത്.

കേരള ഹൗസില്‍ ബീഫ് വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 26-ാം തിയതി റെയ്ഡിനെത്തിയ പൊലീസ് സംഘം റസിഡന്റ് കമ്മീഷണറെ അറിയിക്കുകയോ കേരള ഹൗസില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങിക്കുകയോ ചെയ്തിട്ടില്ല. പൊലീസ് സംഘം 1994-ലെ ഡിഎസിപി നിയമത്തിലെ സെക്ഷന്‍ 2(ബി) പ്രകാരം ബന്ധപ്പെട്ട അധികൃതരെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല. ഈ വകുപ്പ് പ്രകാരം ദല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്തിന്റെ സര്‍ക്കാരിലെ മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറാണ് ബന്ധപ്പെട്ട അധികാരി. കൂടാതെ കാന്റീനില്‍ നിന്നും പശുവിന്റെ മാംസം എന്ന് സംശയമുള്ള മാംസത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ തെളിവ് നല്‍കുന്നതിനും അവരുടെ ഭാഗം വിശദീകരിക്കുന്നതിനും വേണ്ടി ദല്‍ഹി പൊലീസ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അതിന് തയ്യാറായില്ലെന്നും പൊലീസിന്റെ ഈ മനോഭാവം ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിനും വിവിധ നിയമങ്ങളും ചട്ടങ്ങളും താഴെത്തട്ടില്‍ നടപ്പിലാക്കുന്നതിനും നല്ലതല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

1994-ലെ നിയമം ദല്‍ഹി പൊലീസ് ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന പശുക്കളെ കടത്തുന്ന വാഹനങ്ങളെ പിടിച്ചെടുക്കാന്‍ മാത്രമേ സബ്ഇന്‍സ്‌പെക്ടര്‍ തലത്തിനും മുകളിലുള്ള ഉദ്യോഗസ്ഥന് ഈ നിയമം അധികാരം നല്‍കുന്നുള്ളൂ. ഈ നിയമത്തിന്റെ ലംഘനം നടന്ന ഇടത്തും നടക്കുമെന്ന് സംശയമുള്ള ഇടത്തും പ്രവേശിക്കാനും പരിശോധന നടത്താനും പിടിച്ചെടുക്കാനും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്കും വെറ്റിനറി ഓഫീസര്‍ക്കും മാത്രമേ അവകാശമുള്ളൂവെന്ന് റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നു. കാന്റീനില്‍ പ്രവേശിച്ച് ബീഫ് വില്‍പന നടത്തിയോ എന്ന് പരിശോധിക്കാന്‍ അധികാരമില്ലാത്ത ദല്‍ഹി പൊലീസ് 1994-ലെ നിയമത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്.

നിയമപരിപാലനത്തിനായാണ് ദല്‍ഹി പൊലീസ് കേരള ഹൗസില്‍ പ്രവേശിച്ചത് എന്നും സ്ഥാപിക്കാനാകില്ല. കേരള ഹൗസില്‍ ബീഫ് വില്‍ക്കുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

പൊലീസ് ആദ്യം നടത്തിയ പരിശോധനയില്‍ തന്നെ ബീഫ് വില്‍ക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ 15-20 മിനുട്ടുകള്‍ക്ക് ശേഷം വീണ്ടും കേരള ഹൗസിലെത്തിയത് അധാര്‍മ്മികമാണ്. ആദ്യ സന്ദര്‍ശനത്തിലെ കണ്ടെത്തല്‍ തൃപ്തികരമല്ലെങ്കില്‍ അവര്‍ വെറ്റിനറി ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായിരുന്നു. അങ്ങനെ പരാതി യഥാവിധം അന്വേഷിക്കാമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

1994-ലെ നിയമത്തെ കുറിച്ച് ദല്‍ഹിയിലെ ജനങ്ങള്‍ക്കും പൊലീസിനും ഇടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഈ നിയമ പ്രകാരം പരിശോധന നടത്തുന്നതിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡ്യര്‍ ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍