UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദാദ്രിയില്‍ കണ്ട അതേ അസഹിഷ്ണുത വീണ്ടും

Avatar

ടീം അഴിമുഖം

കഴിഞ്ഞ സെപ്റ്റംബറില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്താന്‍ ദാദ്രിയിലെ ജനക്കൂട്ടത്തെ പ്രേരിപ്പിച്ച അസഹിഷ്ണുത പുതുവര്‍ഷത്തില്‍ വീണ്ടും തലപൊക്കുകയാണ്. മധ്യപ്രദേശില്‍ ട്രെയിനില്‍ സഞ്ചരിച്ച ദമ്പതികളുടെ ബാഗില്‍ പശുവിറച്ചിയുണ്ടെന്നു ‘മണത്തറിഞ്ഞ് ‘ തിരച്ചിലിനെത്തിയ സംഘവും അവരെ ന്യായീകരിച്ച ബിജെപി സംസ്ഥാനപ്രസിഡന്റുമാണ് ഇത്തവണ രംഗത്ത്.

അസംസ്‌കൃത മാംസം, മദ്യം, സിഗററ്റ് എന്നിവ ട്രെയിനില്‍ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. ‘ഈ സംഭവത്തിലെ ദമ്പതികളുടെ പക്കല്‍ പാകം ചെയ്യാത്ത മാംസവമുണ്ടായിരുന്നു,’ ബിജെപി മധ്യപ്രദേശ് പ്രസിഡന്റ് നന്ദകുമാര്‍ സിങ് ചൗഹാന്‍ ദ് ടെലിഗ്രാഫ് പത്രത്തോടു പറഞ്ഞത് ഇങ്ങനെയാണ്.

‘നിയമവിരുദ്ധമായ’ ഒരു കാര്യത്തിന് വര്‍ഗീയ നിറം നല്‍കുന്നത് ശരിയല്ലെന്നു പറഞ്ഞ ചൗഹാന്‍ ‘മാംസവുമായി പോകുന്നത് ഹിന്ദുവാണെങ്കിലും ശിക്ഷിക്കപ്പെടണ’മെന്നും അഭിപ്രായപ്പെട്ടു.

എന്നാല്‍ ട്രെയിന്‍ യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുക എന്ന നിയമവിരുദ്ധ നടപടിക്കു തുനിഞ്ഞ പ്രാദേശിക ഗോരക്ഷാ സമിതിയെപ്പറ്റി ബിജെപി പ്രസിഡന്റിന് ഒന്നും പറയാനുണ്ടായിരുന്നില്ല. നിയമാനുസൃതമല്ലാത്ത എന്തെങ്കിലും ഉള്ളതായി സംശയം തോന്നിയാല്‍പ്പോലും ബാഗേജ് പരിശോധിക്കാനുള്ള അധികാരം പൊലീസിനുമാത്രമാണ്. ഗോരക്ഷാസമിതിയുടെ പരിശോധനയില്‍ പശുവിറച്ചിയൊന്നും കിട്ടിയില്ലെന്നതു വേറെ കാര്യം.

കുഷിനാഗര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന മുഹമ്മദ് ഹുസൈനും ഭാര്യ നസീമ ബീവിയുമാണ് ഏഴംഗ ഗോരക്ഷാ സമിതിയുടെ പീഡനത്തിനിരയായത്. മധ്യപ്രദേശില്‍ ഹാര്‍ദ ജില്ലയിലെ ഖിര്‍ക്കിയ റയില്‍വേ സ്റ്റേഷനില്‍ ജനുവരി 13നായിരുന്നു സംഭവം.

ബാഗുകള്‍ പ്ലാറ്റ്‌ഫോമിലേക്ക് എറിയുന്നതിനെ തടയാന്‍ ശ്രമിച്ച നസീമയെ ഗോരക്ഷക്കാര്‍ തള്ളിമാറ്റി.  മാംസം അടങ്ങിയ ഒരു കറുത്ത ബാഗ് പുറത്തെടുത്ത ഇവര്‍ ഹുസൈനെ മര്‍ദിച്ചു. ബാഗ് അവരുടേതല്ലെന്ന് ദമ്പതികള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു കോണ്‍സ്റ്റബിള്‍ എത്തിയാണ് ഹുസൈനെ രക്ഷിച്ചത്. ബാഗിലുണ്ടായിരുന്നത് പോത്തിറച്ചിയാണെന്ന് പിന്നീട് കണ്ടെത്തി.

ഫ്രിഡ്ജില്‍ പശുവിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ സ്മരണകളുണര്‍ത്തുന്ന ഈ സംഭവത്തെപ്പറ്റി ഡല്‍ഹിയില്‍ ബിജെപിയോ നരേന്ദ്രമോദി സര്‍ക്കാരിലെ ആരെങ്കിലുമോ പ്രതികരിച്ചില്ല. അഖ്‌ലാക്കിന്റെ ഫ്രിഡ്ജിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

നിരവധി യുക്തിവാദികളുടെ കൊലപാതകത്തിനുശേഷമുണ്ടായ അഖ്‌ലാക്കിന്റെ വധം മുന്‍പെങ്ങുമില്ലാത്തവിധം രാജ്യമൊട്ടാകെയും എഴുത്തുകാര്‍, കലാകാരന്മാര്‍, ചരിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, ചലച്ചിത്രനിര്‍മാതാക്കള്‍ തുടങ്ങിയവരില്‍നിന്നും പ്രതിഷേധമുയര്‍ത്തി. സംഭവത്തെ ‘അവാര്‍ഡ് വാപസി’ എന്നു പറഞ്ഞ് തള്ളിക്കളയാനാണ് ബിജെപി ശ്രമിച്ചത്.

അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നു പറഞ്ഞ ബിജെപിയും സര്‍ക്കാരിനും അതിന് അടിസ്ഥാനമില്ലെന്നു സ്ഥാപിക്കാനാണു ശ്രമിച്ചത്. ദാദ്രി സംഭവത്തെ അപലപിക്കാന്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായിട്ടില്ല.

കഴിഞ്ഞ ദിവസം ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് നടന്‍ ആമിര്‍ ഖാനെതിരെ ആഞ്ഞടിച്ചിരുന്നു. അസഹിഷ്ണുത പടരുന്ന സാഹചര്യത്തില്‍ രാജ്യം വിടണോ എന്ന് ഭാര്യ കിരണ്‍ റാവു ആശങ്കപ്പെട്ടതായി നവംബറില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ആമിറിനെ പേരെടുത്തു പറയാതെ ഓട്ടോ ഡ്രൈവര്‍മാരോട് പ്രസംഗിക്കുന്നതിനു മുന്‍പ് സ്വന്തം ഭാര്യയോടു സംസാരിക്കാന്‍ ആളുകള്‍ തയാറാകണമെന്നായിരുന്നു രാം മാധവ് പറഞ്ഞത്. ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ആമിര്‍ മര്യാദയില്ലാത്ത ഓട്ടോക്കാരനോട് സംസാരിക്കുന്ന ഭാഗം പരാമര്‍ശിക്കുകയായിരുന്നു മാധവ്. ആമിറിനെ ഈ പ്രചാരണത്തില്‍നിന്ന് ഈയിടെ ഒഴിവാക്കിയിരുന്നു.

ഉത്തര്‍പ്രദേശിലെ ഫത്തേപുറില്‍ മകരസംക്രാന്തി ഘോഷയാത്രയോടനുബന്ധിച്ച് സാമുദായിക ലഹളയുണ്ടായി. കേന്ദ്രമന്ത്രിയും ഫത്തേപുര്‍ എംപിയുമായി സാധ്വി നിരഞ്ജന്‍ ജ്യോതി പട്ടണത്തിലുണ്ടായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ എത്തിച്ചേരാനിരിക്കെയാണ് സംഭവം.

ദാദ്രി സംഭവത്തെത്തുടര്‍ന്ന് പശുവിറച്ചിയല്ലാതെ  വേറെ ധാരാളം ഭക്ഷ്യവസ്തുക്കളുണ്ടെന്നു പറഞ്ഞ സാധ്വി ജ്യോതി ഫത്തേപുര്‍ സംഭവത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു, ‘ അന്‍പതോളം വര്‍ഷമായി സമാധാനപരമായി നടന്നുവരുന്ന ഘോഷയാത്രയാണിത്. ഈ വര്‍ഷം പങ്കെടുത്തവരുടെ എണ്ണം കുറവായിരുന്നു. സാധാരണ ലക്ഷത്തോളം ആളുകള്‍ വരുന്നിടത്ത് ഇത്തവണ 50,000 പേരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പ്രകോപനമൊന്നുമുണ്ടായിരുന്നില്ല. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി ഘോഷയാത്രക്കാരുടെ മേല്‍ അക്രമത്തിന് പ്രേരണ നല്‍കിയതൊഴികെ’.

‘അന്വേഷണം നടക്കുകയാണ്. കുറ്റവാളികളെ ഉടന്‍ പിടികൂടും. തൊഗാഡിയ പ്രകോപനപരമായ പ്രംസംഗം നടത്തി. തിരഞ്ഞെടുപ്പിനുവേണ്ടി ബിജെപി വര്‍ഗീയത വലിയ അളവില്‍ ഉപയോഗിക്കുകയാണ്, ‘ സമാജ് വാദി പാര്‍ട്ട് വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

എന്നാല്‍ തൊഗാഡിയ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ജ്യോതി പറയുന്നു.

ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയുടെ ഹിന്ദുത്വ അജന്‍ഡയുടെ അടുത്ത ഘട്ടമാണെന്ന ആരോപണം ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് നിഷേധിച്ചു.  ‘ ഈ സംഭവങ്ങള്‍ ഒറ്റപ്പെട്ടവയാണ്. അവയെ ഒരുമിച്ചു കാണുന്നതു ശരിയല്ല, ‘ യാദവ് പറഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍