UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ പശുവിറച്ചി രാഷ്ട്രീയത്തിന്റെ ഭാവി ബിഹാര്‍ നിര്‍ണയിക്കും

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകവും കേരള ഹൌസിലെ പരിശോധനയും പശുവിറച്ചിയുമായി ബന്ധപ്പെട്ട മറ്റ് ഭ്രാന്തുകളും സസൂക്ഷ്മം ശ്രദ്ധിക്കുന്നവരില്‍ ഏറെനാളായി തങ്ങിനില്‍ക്കുന്ന ഒരു സംശയമാണത്. പക്ഷേ ബുധനാഴ്ച്ച രാവിലെ ബിഹാറിലെ പ്രധാന ദിനപത്രങ്ങളിലെല്ലാം “ഉത്തരമില്ലെങ്കില്‍ വോട്ടുമില്ല” എന്ന അനുബന്ധ വരിയോടെ നല്‍കിയ വമ്പന്‍ പരസ്യങ്ങള്‍ ഇതിന് ഒരു അന്തിമതീര്‍പ്പുണ്ടാക്കി. മുഖ്യമന്ത്രിയെ നിതീഷ് കുമാറിന് നേരെയായിരുന്നു ചോദ്യം. എല്ലാം പശുവിനെക്കുറിച്ച്.

പരസ്യത്തില്‍ ഒരു സ്ത്രീ പശുവിനെ കെട്ടിപ്പിടിച്ചു നില്ക്കുന്നു. ഒപ്പം ഇങ്ങനെയൊരു പ്രകോപനമരായ തലക്കെട്ടും: “നിതീഷ് കുമാര്‍ജീ, ഓരോ ഭാരതീയന്റെയും മനസിലുള്ള വിശുദ്ധ പശുവിനെ നിങ്ങളുടെ സഖ്യകക്ഷികള്‍ അപമാനിച്ചുകൊണ്ടിരിക്കുമ്പോള്‍, നിങ്ങള്‍ നിശബ്ദത പാലിക്കുകയാണ്.” പരസ്യവാചകങ്ങള്‍ തുടരുന്നു, “വോട്ട് ബാങ്ക് രാഷ്ട്രീയം നിര്‍ത്തുകയും നിങ്ങള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പ്രസ്താവനകളോട് യോജിക്കുന്നുണ്ടോ എന്നതിന് ഉത്തരം പറയുകയും ചെയ്യൂ.”

ഈ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ പശുവിറച്ചി രാഷ്ട്രീയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാരമുണ്ടോ എന്ന സംശയം ബാക്കിനിന്നിരുന്ന നിരീക്ഷകര്‍ക്ക്  മോദിയുടെ അനുമതി ഉണ്ടായിരുന്നു എന്നതിന് മാത്രമല്ല, ഒരു പരിധിവരെ രാജ്യത്ത് പരക്കുന്ന പശുവിറച്ചി രാഷ്ട്രീയത്തിന്റെ സൂത്രധാരനും അയാളാണ് എന്നതിന്നും ഈ പത്ര പരസ്യങ്ങള്‍ തെളിവ് നല്കിയിരിക്കുന്നു.

മോദിയും അമിത് ഷായും പശുവിറച്ചി രാഷ്ട്രീയത്തിന്റെ മഹാമുനികളാകുന്നതിന്  ഒട്ടും ക്ലിഷ്ടമല്ലാത്ത രാഷ്ട്രീയ യുക്തിയുണ്ട്. വെറുപ്പിന്റെയും പിന്തിരിപ്പന്‍ വാദത്തിന്റെയും ഈ രാഷ്ട്രീയം അവര്‍ക്ക് മറ്റൊരു തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുമോ എന്ന് ഞായറാഴ്ച്ച നമുക്ക് വ്യക്തമാകും. ബിഹാറില്‍ ബി ജെ പി വിജയിക്കുകയാണെങ്കില്‍ മോദി ഈയിടെ പൊക്കിക്കൊണ്ടുവന്ന പശുവിറച്ചി രാഷ്ട്രീയം ഇവിടെ നിലനില്‍ക്കാന്‍ പോവുകയാണെന്ന് ഉറപ്പാക്കാം. പിന്നെ മുഹമ്മദ് അക്ലാഖുമാര്‍ക്ക് ഭയത്തിലും ആശങ്കയിലും കഴിയാം. ബിഹാറില്‍ ബി ജെ പി വിജയിച്ചാല്‍ ഒട്ടും വൈകാതെ മോദി അയാളുടെ രാഷ്ട്രീയത്തിന്റെ മറുവശം പൊക്കിയെടുക്കും; വികസനം. കൂടുതല്‍ മുദ്രകള്‍, പ്രഖ്യാപനങ്ങള്‍, സാങ്കേതികവിദ്യയേയും നിക്ഷേപത്തെയും കുറിച്ചുള്ള ഭാഷണങ്ങള്‍. പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ അയാളുടെ സംഘം വീണ്ടും പശുവിന്റെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകും. മൃദു ഹിന്ദുത്വവും വികസനവും എന്ന ഈ ഇരട്ട തന്ത്രമാണ് സാമ്പത്തിക വികസനത്തില്‍ ദത്തശ്രദ്ധനായ, കരുത്തനായ നേതാവെന്ന ആഗോള ധാരണ സൃഷ്ടിക്കുന്നതിനൊപ്പം അവരെ തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കുന്നതും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ മോദിയുടെ പ്രസംഗം സൂക്ഷ്മമായി നോക്കിയാലറിയാം  ‘Pink Revolution’എന്നു വിളിക്കുന്ന ഇറച്ചി കയറ്റുമതിയുടെ ഏറ്റവും മുന്‍പന്തിയിലുള്ള എതിരാളി അയാള്‍ തന്നെയാണെന്ന്.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘ഇളം ചുവപ്പ് വിപ്ലവം’ അഥവാ ‘ഗുലാബി ക്രാന്തി’ പ്രോത്സാഹിപ്പിക്കുക വഴി ഇന്ത്യന്‍ ഗ്രാമങ്ങളിലെ പശുക്കള്‍ ഇല്ലാതാവുകയാണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ പശു. ഗായ്, മട്ടന്‍ തുടങ്ങിയ വാക്കുകളൊക്കെ മാറ്റിമറിച്ച് മോദി തോന്നുമ്പടി ഉപയോഗിച്ചിരുന്നു.

“ഹരിത വിപ്ലവമെന്നും ധവളവിപ്ലവമെന്നും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഈ ഇളം ചുവപ്പ് പശുവിനെ കശാപ്പു ചെയ്യുന്നതാണ്. നിങ്ങള്‍ നോക്കൂ, മട്ടന്‍ നിറം ഇളം ചുവപ്പാണ്. അവര്‍ അത് കയറ്റുമതിചെയ്യുന്ന പാപം ചെയ്തിട്ട് വിപ്ലവം കൊണ്ടുവരുന്നു…ഇതുമൂലം നമ്മുടെ മൃഗസമ്പത്ത് കശാപ്പു ചെയ്യപ്പെടുന്നു, പശുക്കള്‍ കശാപ്പു ചെയ്യപ്പെടുന്നു, അല്ലെങ്കില്‍ കശാപ്പ് ചെയ്യാനായി വിദേശത്തേക്ക് അയക്കുന്നു…എന്നിട്ടിപ്പോള്‍ കോണ്‍ഗ്രസ് പറയുന്നതു, ‘ഞങ്ങള്‍ക്ക് വോട്ട് ചെയ്താല്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് പശുക്കളെ കൊല്ലാന്‍ അനുമതി തരാം എന്നാണ്.”

ഈയടുത്ത് ബിഹാറില്‍ നടത്തിയൊരു പ്രസംഗത്തില്‍ മോദി ചോദിച്ചത്, എങ്ങനെയാണ് യദുവംശത്തിന്റെ-യാദവന്മാരുടെ- നേതാക്കളായ ലാലുവിനും മുലയത്തിനും കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ കഴിയുന്നത് എന്നാണ്. “ഞാനവരോടു ചോദിക്കുന്നത് ഇളം ചുവപ്പ് വിപ്ലവം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആളുകളെ നിങ്ങള്‍ക്കെങ്ങിനെ പിന്തുണക്കാനാകും എന്നാണ്? ഒരു പശുവിനെ വെട്ടുമ്പോള്‍ കാണുന്ന അതിന്റെ ഇറച്ചിയുടെ നിറത്തെയാണ് ഇളം ചുവപ്പ് വിപ്ലവം എന്നു വിളിക്കുന്നത്… ഗ്രാമങ്ങള്‍ തോറും പശുക്കളെ കശാപ്പ് ചെയ്യുന്നു, രാജ്യത്തെങ്ങും വലിയ കശാപ്പുശാലകള്‍ തുറന്നിരിക്കുകയാണ്… പശുവിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന കര്‍ഷകനോ യാദവനോ കോണ്‍ഗ്രസ് സബ്സിഡി നല്‍കില്ല. പക്ഷേ പശുക്കളെ കൊല്ലാന്‍ ആരെങ്കിലും കശാപ്പുശാല തുടങ്ങിയാല്‍ കോണ്‍ഗ്രസ് അവര്‍ക്ക് സബ്സിഡി നല്കും.”

‘ഇളം ചുവപ്പ് വിപ്ലവം’ ഒരു പ്രധാന വിഷയമാക്കി മാറ്റിയ ഒരു കൂറ്റന്‍-വിജയകരവുമായ-തെരഞ്ഞെടുപ്പ് പ്രചാരണം മോദി ഉണ്ടാക്കിയെടുത്തു. മോദി ഇപ്പോള്‍ നിശബ്ദനാണെങ്കിലും അയാളുടെ കക്ഷി പറഞ്ഞുകൊണ്ടിരിക്കുന്നത് 16 മാസം മുമ്പ് അയാള്‍ പറഞ്ഞ അതേ കാര്യങ്ങളാണ്. രാഷ്ട്രീയ നിരീക്ഷകന്‍ പ്രതാബ് ഭാനു മേത്ത പറഞ്ഞപോലെ, “ഈ വിഷം പടരുന്നതില്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന കാര്യത്തില്‍ മോദിക്ക് സംശയമേതുമില്ല.”

ഞായറാഴ്ച്ച ഉച്ചയോടെ മോദിയുടെ തന്ത്രം വിജയിക്കുമോ എന്നു നമുക്കറിയാം. അതോ ബിഹാറിലെ ദരിദ്രര്‍ അയാളുടെ കള്ളക്കളി തിരിച്ചറിഞ്ഞോ എന്നും. ഫലം എന്തായാലും മോദി തന്റെ ഇളം ചുവപ്പ് വിപ്ലവത്തിന്റെ ഭയാനകമായ രാഷ്ട്രീയത്തിന്റെ കയ്യൊഴിയാനുള്ള ഒരു സൂചനയും കാണുന്നില്ല.

അതുകൊണ്ടാണ് മുഹമ്മദ് അഖ്ലാഖിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി കൊന്ന സമയത്ത്, മോദിയുടെ വിലാപം  ഗായിക ആഷ ഭോണ്‍സ്ലേയുടെ മകന്‍ ഹൃദയാഘാതം വന്നു മരിച്ചതിനെക്കുറിച്ചായത്.  

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍